Features

കപ്പയിൽ ഉള്ള സയനൈഡ് എങ്ങനെ നീക്കം ചെയ്യാം

tapioca

മരച്ചീനിയിൽ രണ്ടു തരം സയനോജെനിക് ഗ്ലൂക്കോസൈഡുകൾ ആയ ലിനമാറിനും ( linamarin) ലോട്ടാസ്റ്റാർലിനും (lotaustralin) ഉണ്ട്. കപ്പയിൽ ഉള്ള എൻസൈം ആയ linamarase ഇവയെ മാരക വിഷമായ ഹൈഡ്രജൻ സയനൈഡ് (HCN) ആക്കി മാറ്റും. ഹൈഡ്രജൻ സയനൈഡ് ദ്രാവക (ലായക) രൂപത്തിലും, വാതക രൂപത്തിലും മരച്ചീനിയിൽ രൂപപ്പെടും.

കപ്പയിലെ സയനൈഡിന്റെ അളവിന് അനുസരിച്ചു, കയ്പ്പ് കൂടും. ഞങ്ങളുടെ നാട്ടിലൊക്കെ (കറുകച്ചാൽ) എന്റെ ചെറുപ്പത്തിൽ 'കട്ടൻ കപ്പ' എന്നൊരിനം ഉണ്ടായിരുന്നു. കൃഷി ചെയ്യാൻ താരതമ്യേന എളുപ്പം ഉള്ളതും, നല്ല വിളവു കിട്ടുന്നതും ആയ കപ്പയായിരുന്നു ഇത്. പക്ഷെ പാചകം ചെയ്താലും ഇതിനൊരു കയ്പ്പ് ഉണ്ടായിരുന്നു. പല പ്രാവശ്യം വെള്ളത്തിൽ തിളപ്പിച്ചാണ് 'കട്ടൻ കപ്പ' പാചകം ചെയ്തിരുന്നത്. ഇതിന്റെ ഇല തിന്ന് ഒരിക്കൽ വീട്ടിലെ പശു തളർന്നു വീണു. പിന്നെ വെള്ളം ഒക്കെ കൊടുത്ത്, അടുത്ത ദിവസമാണ് അസുഖം മാറിയത്. ഇതിന്റെ ശാസ്ത്രം അറിയില്ലായിരുന്നു. 'അമ്മ പറയുമായിരുന്നു, കപ്പഇല വെയിലത്തു വച്ചാൽ 'കട്ടു (വിഷം)' പോകും എന്ന്. ഇത് ശാസ്ത്രീയമായി ശരിയാണ്, ഹൈഡ്രജൻ സയനൈഡ് വെയിൽ കൊള്ളുമ്പോൾ വലിയ അളവിൽ അന്തരീക്ഷ വായുവിൽ കലർന്നു പോകും. പറഞ്ഞു വന്നത് കപ്പ മധുരമുള്ളതാണോ, കയ്പുള്ളതാണോ എന്നതനുസരിച്ചു അതിലെ സയനൈഡിന്റെ അളവിനെക്കുറിച്ചു ഒരു ഏകദേശ ധാരണയിൽ എത്താം.

കയ്പ്പില്ലാത്ത ഒരു കിലോ കപ്പകിഴങ്ങിൽ ഏകദേശം 20 മില്ലിഗ്രാം സയനൈഡ് കാണും. പക്ഷെ നല്ല കയ്പുള്ള കപ്പകളിൽ ഒരു കിലോഗ്രാമിൽ ഏകദേശം ഒരു ഗ്രാം സയനൈഡ് കാണും. കപ്പയിൽ ഉള്ള 2.5 മില്ലിഗ്രാം സയനൈഡ് മതി ഒരു എലിയെ കൊല്ലാൻ. മലബാർ കപ്പ ഒക്കെ പ്രചാരത്തിൽ ആകുന്നതിനും മുൻപേ 'കട്ടൻ കപ്പ' പ്രചാരത്തിൽ ആകാനുള്ള കാരണം, ഇവ എലികൾ അധികം തിന്നില്ല എന്നതായിരുന്നു.

അപ്പോൾ എങ്ങിനെ കപ്പയിൽ ഉള്ള സയനൈഡ് നീക്കം ചെയ്യാം?

കപ്പ ചെറിയ കഷണങ്ങൾ ആയി നുറുക്കി, വെള്ളത്തിൽ പല പ്രാവശ്യം കഴുകുക. ഹൈഡ്രജൻ സയനൈഡ് വെള്ളത്തിൽ നന്നായി ലയിക്കും.

കൂടാതെ തിളപ്പിക്കുമ്പോൾ ആദ്യത്തെ വെള്ളം ഊറ്റി കളഞ്ഞിട്ട്, ഒരു പ്രാവശ്യം കൂടി പച്ച വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.

ചൂടു കൂടും തോറും ഹൈഡ്രജൻ സയനൈഡിന്റെ വെള്ളത്തിലുള്ള ലേയത്വം (അലിയാനുള്ള കഴിവ്-solubility) കുറയും. അതു കൊണ്ട് രണ്ടാമത് പച്ചവെള്ളത്തിൽ തിളപ്പിക്കുന്നത് ആണ് ഉത്തമം.

വെള്ളം പൂർണ്ണമായും ഊറ്റികളഞ്ഞിട്ടു വേണം ഉപ്പും, അരപ്പും ചേർക്കാൻ. (കപ്പ എണ്ണയിൽ വറുത്താൽ ഹൈഡ്രജൻ സയനൈഡിന്റെ അംശം പോകില്ല എന്നും കൂടി അറിയണം.)

അപ്പോൾ നേരത്തെ പറഞ്ഞല്ലോ, ഉപ്പിട്ടു തിളപ്പിക്കരുത് എന്ന്. ഇതിന്റെ കാരണം എന്താണ്?

രണ്ടു കാരണം ഉണ്ട്. ചൂടു കൂടും തോറും, ഹൈഡ്രജൻ സയനൈഡിന്റെ വെള്ളത്തിലുള്ള ലേയത്വം (അലിയാനുള്ള കഴിവ്-solubility) കുറയും എന്ന് നേരത്തെ പറഞ്ഞല്ലോ? ഒന്നാമത്തെ കാര്യം അതാണ്. ഉപ്പുള്ള (saline conditions) വെള്ളത്തിൽ ഹൈഡ്രജൻ സയനൈഡിന്റെ ലേയത്വം വീണ്ടും കുറയും. രണ്ടാമത്തെ കാര്യം ഉപ്പെന്നാൽ NaCl (സോഡിയം ക്ലോറൈഡ്) എന്ന് അറിയാമല്ലോ? ഹൈഡ്രജൻ സയനൈഡിൽ (HCN) ഉള്ള CN- അതീവ രാസപ്രതിപ്രവര്ത്തനം നടത്താൻ ശേഷിയുള്ളതാണ്. വെള്ളത്തിൽ ലയിച്ച CN- ഉപ്പിലെ NaCl (സോഡിയം ക്ലോറൈഡ്) Na+ മായി രാസപ്രതിപ്രവര്ത്തനം നടത്തി വിഷമായ NaCN ആകാനുള്ള സാദ്ധ്യതയും ഉണ്ട്. വെള്ളത്തിൽ ഒഴുകിപ്പോകാനുള്ള CN- നമ്മൾ ഉപ്പിട്ടു പിടിച്ചു നിർത്തുന്നതെന്തിന്? NaCN ഉം വെള്ളത്തിൽ ലയിക്കുന്നതാണ്. എന്നിരുന്നാലും, കപ്പയുടെ ഉപരിതലത്തിൽ പറ്റി NaCN അകത്തു ചെല്ലാതിരിക്കാനുള്ള സാദ്ധ്യത കൂടി വെള്ളം മുഴുവൻ ഊറ്റിയ ശേഷം ഉപ്പിട്ടാൽ കുറയ്ക്കാം എന്നാണ് എന്റെ അഭിപ്രായം.

എഴുതിയത്: സുരേഷ് സി. പിള്ള


English Summary: How to remove cyanide from tapioca

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine