MFOI 2024 Road Show
Features

പാല്‍കുടങ്ങള്‍ തച്ചുടച്ച പ്രളയ പര്‍വ്വം

flood in kerala

സാങ്കേതിക വിദ്യകള്‍ക്ക് പ്രവചിക്കാനാവാതെ വന്ന ഒരു പ്രളയത്തെ കേരളം നേരിട്ടു. മൂന്നു ജില്ലകളിലൊഴികെ പ്രകൃതി സമ്പത്തിനും വന്‍ നാശം വിതച്ച് കടന്നുപോയ ആ കെടുതിയില്‍ സമസ്തമേഖലയിലും നാശനഷ്ടമുണ്ടായി. ക്ഷീരമേഖലയും ആ മഹാദുരന്തത്തില്‍ പകച്ചു നിന്നുപോയി.കാലവര്‍ഷകെടുതിയില്‍ കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നത് മലയാളികള്‍ക്ക് പുത്തരിയല്ല. അവിചാരിതമായി എത്തിയ ഈ ദുരന്തം പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക് കുതിച്ച ക്ഷീരമേഖലയില്‍ വരുത്തിവച്ച ആഘാതം വിചാരിക്കുന്നതിനും വിവരിക്കാവുന്നതിനും അപ്പുറമാണ്.ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും നമ്മുടെ നാടിനെ ബാധിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. യാതൊരു മുന്നൊരുക്കവും സാധ്യമാകാതെ വന്ന ഈ ദുരന്തത്തില്‍ വയനാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഉരുള്‍പൊട്ടല്‍ അനേകം തൊഴുത്തുകളും വീടുകളും തകര്‍ത്തു മുന്നേറിയപ്പോള്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ പ്രളയ ജലം മുക്കിക്കളഞ്ഞു. പശുക്കളും എരുമകളും അടക്കം അനേകം വളര്‍ത്തു മൃഗങ്ങള്‍ നഷ്ടമായി. ഉരുള്‍പൊട്ടലുണ്ടായ പലയിടങ്ങളിലും അതിരാവിലെ പശുവിനെ കറക്കുവാന്‍ എഴുന്നേറ്റതിനാല്‍ മനുഷ്യജീവനുകള്‍ രക്ഷപെട്ടെങ്കിലും മൃഗങ്ങള്‍ നഷ്ടമായി. ആലപ്പുഴ ജില്ലയിലെ ബുധന്നൂരില്‍ അയല്‍ക്കാരുള്‍പ്പെടെ ഇരുന്നൂറോളം പേരെ തന്റെ ചെറിയ വഞ്ചിയില്‍ മറുകര എത്തിച്ച ഉദയന്‍ എന്ന ക്ഷീരകര്‍ഷകന്‍ സ്വന്തം പശുക്കളെ രക്ഷിക്കാന്‍ എത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. കെട്ടിയിട്ടിരുന്ന പശുക്കള്‍ വെള്ളത്തി നടിയിലായി ചത്തുകിടക്കുന്ന കാഴ്ച അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. രക്ഷപെടട്ടെ എന്നു കരുതി അഴിച്ചുവിട്ട പശുക്കള്‍ ഒഴുക്കിനെ മറുകടന്ന് തിരിച്ചെത്തി വീട്ടിനുള്ളില്‍ കയറി രക്ഷതേടിയെങ്കിലും വെള്ളം താഴാത്തതിനാല്‍ തളര്‍ന്ന് വീണ് മുങ്ങി ചത്ത മറ്റൊരു കാഴ്ചയും ആ ഗ്രാമത്തില്‍ ഉണ്ടായിരുന്നു.


ലഭ്യമായ സമയത്ത് ഉയര്‍ന്ന പാലങ്ങളിലും റയില്‍പാളത്തിന്റെ വശത്തും വീടിന്റെ ടെറസുകളിലും കയറ്റി നിലനിര്‍ത്തപ്പെട്ടവ മാത്രമാണ് അല്പമെങ്കിലും ഭാഗ്യത്താല്‍ ജീവന്‍ നിലനിര്‍ത്തിയത്. വയറിളക്കം, ശുദ്ധമായ വെള്ളവും ഭക്ഷണവും കിട്ടാതെയുള്ള നിര്‍ജ്ജലീകരണം, വെള്ളത്തില്‍ തുടര്‍ച്ചയായി നിന്നതിനാലുള്ള ന്യൂമോണിയബാധ, കുളമ്പു ചീയല്‍, തൊലി പൊട്ടല്‍, എലിപ്പനി, സര്‍പ്പദംശനം, തുടര്‍ച്ചയായ കറവ മുടക്കത്താലുള്ള അകിടുവീക്കം, ചുമ തുടങ്ങിയവ മിക്ക പശുക്കളെയും ബാധിച്ചു. മനുഷ്യരിലുണ്ടായതി നേക്കാള്‍ കൂടുതല്‍ മാനസികാഘാതവും ഇവയിലുണ്ടായി. മാനസികാഘാതമേറ്റ് ഉല്പാദന ക്ഷമതപോയതും ദിവസങ്ങളോളം കറക്കാഞ്ഞതിനാല്‍ അകിടു വീക്കം വന്ന് ഉല്പാദനമില്ലാതെപോയ പശുക്കളെയും കണ്ണീരോടെ അറവുശാലയിലേക്ക് അയയ്‌ക്കേണ്ട ദുര്യോഗവും കര്‍ഷകര്‍ക്ക് ഉണ്ടായി. ഒന്നു മുതല്‍ എട്ടു കറവ പശുക്കള്‍ വരെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകരും പത്തും പതിനഞ്ചും മുതല്‍ നൂറോളം പശുക്കള്‍ നഷ്ടപ്പെട്ട ഫാമുകളും കേരളത്തിലുണ്ട്. പൂര്‍ണ്ണമായും ഭാഗീകമായും നശിച്ച പതിനായിരകണക്കിനു തൊഴുത്തുകള്‍ ദുരന്തത്തിന്റെ ചിത്രം വ്യക്തമാക്കിത്തരുന്നു.


കേരളത്തിന്റെ കാലി സമ്പത്തിന്റെ നാലിലൊരു ഭാഗമെങ്കിലും നശിച്ച ഈ പ്രളയത്തില്‍ ഒലിച്ചു പോയത് ഹെക്ടര്‍ കണക്കിനു സ്ഥലത്തെ ഫലഭൂയിഷ്ടമായ മണ്ണും ഏക്കര്‍ കണക്കിനു പുല്‍തോട്ടങ്ങളുമാണ്. അനേക ടണ്‍ വൈക്കോലും കാലിതീറ്റയും വെള്ളം കയറി ഉപയോഗശൂന്യമായി. പ്രളയമേഖലയിലെ ക്ഷീരസംഘങ്ങളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും രജിസ്റ്ററുകളും കാലിതീറ്റയും നശിച്ചു. മിക്ക സ്ഥലത്തും പൂര്‍ണ്ണമായോ ഭാഗികമായോ പാല്‍ സംഭരണവിപണന ശ്യംഘല നിശ്ചലമായി.


വൈക്കോലും കാലിതീറ്റയും വെള്ളത്തില്‍ നശിച്ചത് പശുക്കളെ പട്ടിണിയിലാക്കി യെങ്കില്‍ വെള്ളം കയറി നശിച്ച പുല്‍ത്തോട്ടങ്ങള്‍ വറുതിയുടെ നാളുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഏകദേശം 200 കോടി രൂപയുടെ ഭൗതിക നഷ്ടം ക്ഷീരമേഖലയിലുണ്ടായി എന്നാണ് ലഭ്യമായ കണക്കുകള്‍ പ്രകാരം ഉളള പ്രാഥമിക വിലയിരുത്തല്‍. ഉരുക്കള്‍, തൊഴുത്ത്, കാലിത്തീറ്റ, തീറ്റപ്പുല്ല്, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ കണക്കുകളാണിത്. കര്‍ഷകര്‍ക്ക് നഷ്ടമായ തൊഴിലും വരുമാനവും കൂടി കണക്കിലെടുത്തു കൊണ്ടുളള സാമ്പത്തിക വിലയിരുത്തല്‍ വരുമ്പോള്‍ നഷ്ടം ഇതിന്റെ പതിന്മടങ്ങ് ആകും.


ദുരിതത്താല്‍ തളര്‍ന്ന ക്ഷീരമേഖലയുടെ ശാക്തീകരണത്തിനായി ബഹുമാനപ്പെട്ട വകുപ്പു മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ആവിഷ്‌കരിച്ച ക്ഷീരമേഖലാ അതിജീവന പദ്ധതിയുടെ ആദ്യഘട്ടമായി രക്ഷപ്പെട്ട പശുക്കള്‍ക്ക് കാലിത്തീറ്റ, വൈക്കോല്‍, ചോളത്തണ്ട്, പച്ചപ്പുല്ല്, സൈലേജ് എന്നിവ അയല്‍സംസ്ഥാനത്തു നിന്നും മറ്റും വരുത്തി നല്‍കി. വെളളമിറങ്ങാതെയും ഗതാഗതസൗകര്യമില്ലാതെയുമുളള പ്രതികൂല സാഹചര്യങ്ങള്‍ താണ്ടി ഫീല്‍ഡു തല ഉദ്യോഗസ്ഥര്‍ കര്‍ഷക ഭവനിലെത്തി നാശനഷ്ടക്കണക്കുകള്‍ എടുത്ത് അവ നികത്തുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തു.ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്വാശ്രയ-തൊഴിലുറപ്പു പദ്ധതികളിലൂടെ ശിച്ചു പോയ തൊഴുത്തുകളുടെ നിര്‍മാണവും കേടുപാടു സംഭവിച്ചവയുടെ പുനരുദ്ധാരണവും അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് മുന്‍തൂക്കം നല്‍കിയും അവശ്യാധിഷ്ഠിത ധനസഹായ പദ്ധതി വഴി നഷ്ടപ്പെട്ട ഉപകരണങ്ങള്‍ വാങ്ങിയും അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിന് കളമൊരുക്കി. ഉരുക്കളെ നഷ്ടപ്പെട്ടു പോയതിന് നഷ്ടപരിഹാരം നല്‍കുന്നതിനും കര്‍ഷകരെ ക്ഷീരമേഖലയിലേക്ക് തിരികെ എത്തിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി പശുക്കളെ വാങ്ങി നല്‍കുന്നതിനുമുളള പ്രവര്‍ത്തനങ്ങളുമായി ക്ഷീരവികസന വകുപ്പ് മുന്നോട്ടു പോകുന്നു.

Diary sector in Kerala and flood

പൊതുവിലെന്നതുപോലെ ഈ പ്രകൃതി ദുരന്തം നമ്മുടെ ക്ഷീരമേഖലയെയും ചില പാഠങ്ങള്‍ പഠിപ്പിച്ചു. പൊതുവായി വേണ്ടുന്ന മുന്‍കരുതലുകളും കര്‍ഷകര്‍ ചെയ്യേണ്ട ചില ഗൃഹപാഠങ്ങളും തെളിഞ്ഞു വന്നിട്ടുണ്ട്. അവയില്‍ പ്രധാന പ്പെട്ടവയാണ് പശുക്കളുടെ ഇന്‍ഷുറന്‍സും ഉടമസ്ഥരെക്കുറിച്ചുള്ള വിവരശേഖരണവും ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് നടത്തിയ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയിലൂടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഏകദേശം 70-80% പശുക്കളുടെ വിവരങ്ങള്‍ മാത്രമാണ്. പ്രളയകെടുതി ദുരിതം വിലയിരുത്തുന്നതിനും ദുരിതാശ്വാസ വിതരണത്തിനും പ്രസ്തുത വിവരശേഖരണം സഹായിച്ചു എന്നത് ഒരു വസ്തുതയാണ്.
ഉയര്‍ന്ന പ്രീമിയവും അലസതയും ഉരുക്കളെ ഇന്‍ഷ്വര്‍ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ പുറകോട്ടു വലിക്കുന്നു. നഷ്ടപരിഹാര തുക നല്‍കേണ്ടുന്ന ബാദ്ധ്യത യേറുന്നതിനാല്‍ ഈ മേഖലയിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതും ഒരു സത്യമാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്.


ടി.എം. ആര്‍. തീറ്റ പ്രോട്ടീന്‍ തീറ്റ, യൂറിയ-മൊളാസസ് ബ്ലോക്ക് ലിക്കുകള്‍, ഹ്രൈഡ്രോപോണിക് തീറ്റ, സമ്പുഷ്ടവൈക്കോല്‍കട്ട തുടങ്ങിയ നൂതന തീറ്റകള്‍ പശുക്കളെയും കര്‍ഷകരെയും പരിചയപ്പെടുത്തുന്നതിന്റെയും അവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റേയും ആവശ്യകത ഈ പ്രളയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഏതു അടിയന്തിര ഘട്ടത്തിലും ഉരുക്കളിലെത്തുവാനും ഇത്തരം തീറ്റകള്‍ നല്‍കുന്നതിനും ഉള്ള സംവിധാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതുമുണ്ട്. ഉയര്‍ന്ന പാര്‍പ്പിട സംവിധാന ക്രമീകരങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് അമാന്തം പാടില്ല എന്നു സൂചനയും നമ്മളില്‍ എത്തി. വിദേശത്തു പരീക്ഷണാര്‍ത്ഥം നടപ്പാക്കപ്പെടുന്ന ഒഴുകി നടക്കുന്ന (ഫ്‌ളോട്ടിംഗ്) മൃഗസംരക്ഷണ സംവിധാനവും പരീക്ഷിക്കേണ്ടിയിരിക്കുന്നു.

പശുക്കളെ നഷ്ടമായവര്‍ക്ക് പുതിയ ഉരുക്കളെ ലഭ്യമാക്കിയും ക്ഷീരമേഖലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കിയും തൊഴുത്തു നിര്‍മ്മാണവും പുനരുദ്ധാരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയും തീറ്റ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയും സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റ് ഏജന്‍സികളും കൂടെയുണ്ടാകുമ്പോള്‍ തോല്‍വി മറന്ന് മുന്നേറാന്‍ കരുത്തായ നമ്മുടെ കര്‍ഷകര്‍ നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കും എന്നുള്ളതിന് ഒരു സംശയമില്ല.
കാര്‍ഷിക മേഖലയില്‍ ദുരിതകയങ്ങള്‍ മെല്ലെ തുഴഞ്ഞു മുന്നേറി വിജയപാതയിലെത്തിയ നമ്മുടെ കര്‍ഷകര്‍ ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കും എന്നത് കാണാന്‍ പോകുന്ന ഒരു നല്ല ചിത്രമാണ്.'തിരിച്ചെത്തും കരുത്തോടെ, നിറച്ചീടും പാല്‍കുടങ്ങള്‍'' എന്ന ഊര്‍ജ്ജമന്ത്ര ത്തോടെ നമ്മുടെ കര്‍ഷകര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രളയകേരളം വീണ്ടും ഹരിത -ധവള കേരളമായി മാറും എന്ന് അടിവരയിട്ടു പറയാം.


കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനം വരുന്ന പാല്‍ ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പാല്‍ ലഭ്യമാക്കിയിരുന്ന വെറും അഞ്ചു ശതമാനം മാത്രം വരുന്ന ക്ഷീരകര്‍ഷകര്‍ ആയിരുന്നു. അവര്‍ക്കേറ്റ ഈ ആഘാതത്തിന്റെ ഒരു ചെറുചലനം ഉപഭോക്താക്കളിലും എത്തിയിട്ടുണ്ട്. പാലുല്പാദനത്തില്‍ സ്വയം പര്യാപ്തയുടെ പടിവാതിക്കല്‍ എത്തിയിരുന്ന സംസ്ഥാനം വീണ്ടും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.

 ഏ.എന്‍ തോമസ്, (മാവേലിക്കര ഡയറിഫാം ഇന്‍സ്ട്രറാണ് ലേഖകന്‍)
ഫോണ്‍ : 9447464408


English Summary: Impact of flood in diary sector of Kerala

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds