<
Features

സമൃദ്ധി സന്തോഷം സ്വാശ്രയത്വം ഇത് കിഴക്കമ്പലം മാതൃക

Kitex group Chairman


വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെയും വികസനവാദികളായ നേതാക്കളെയും മാറ്റിനിര്‍ത്തി ട്വന്റി 20 ക്രിക്കറ്റ് സ്റ്റൈലില്‍ ഒരു പുതിയ വികസന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് കിഴക്കമ്പലം. നാം ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന നാട്ടിന്‍പുറത്തിന്റെ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും വിഷമില്ലാത്ത ഭക്ഷണവും മാത്രമല്ല, എല്ലാവരും ഒരേപോലെ സമൃദ്ധിയിലേക്ക് നയിക്കാനും ഉതകുന്ന സമത്വത്തിന്റെ വികസന സ്വപ്നം. അന്ന-കിറ്റൈക്‌സ് സ്ഥാപകനായ ശ്രീ. എം.സി. ജേക്കബ്ബാണ് ഇതിന് വിത്തിട്ടത്. ഇപ്പോള്‍ ഇതിന് സാരഥ്യം വഹിക്കുന്നത് മകനും ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ. സാബു എം ജേക്കബ്ബാണ്. അദ്ദേഹം ട്വന്റി 20 എന്ന സ്വപ്നപദ്ധതിയെക്കുറിച്ച് കൃഷിജാഗരണ്‍ മാസികയോട് വിശദീകരിക്കുന്നു.
? എം.സി. ജേക്കബ്ബ് കേരളത്തിലെ ആദരണീയനായ ഒരു വ്യവസായ പ്രമുഖനായിരുന്നു. അദ്ദേഹത്തില്‍ നിന്ന് പുതുതലമുറയിലേക്കുള്ള മാറ്റം എങ്ങനെ വിലയിരുത്തുന്നു.

വ്യവസായം വളരുന്നതോടൊപ്പം ഗ്രാമവും കൂടി വളരണം എന്നതായിരുന്നു ഞങ്ങളുടെ പിതാവിന്റെ ആഗ്രഹം. അദ്ദേഹം ആഗ്രഹിച്ച ഗ്രാമവികസനം തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.  

? ഭക്ഷ്യസുരക്ഷ, ജൈവകൃഷി മേഖലയിലേക്ക് എങ്ങനെയാണ് ഈ വ്യവസായ സ്ഥാപനം എത്തിയത്. സ്വാധീനിച്ച ഘടകങ്ങള്‍.

വ്യവസായം എന്നുള്ളത് മാത്രമല്ല, എല്ലാ മേഖലകളുടെയും വികസനം ലക്ഷ്യമാക്കുന്നു. ഗ്രാമവികസനം എന്നു പറയുമ്പോള്‍ കൃഷി മാത്രമല്ല, അടിസ്ഥാനസൗകര്യവികസനം, റോഡ് വികസനം, തോട് വികസനം, ഭക്ഷ്യസുരക്ഷ, നല്ല വീട് എല്ലാം ഉള്‍പ്പെടുന്നതാണ്. കൃഷി ഗ്രാമവികസനത്തിന്റെ ഒരു ഭാഗമാണ്. മനുഷ്യന്റെ അടിസ്ഥാനം കൃഷിയാണ്. ആദ്യകാലങ്ങളില്‍ കൃഷിയില്‍ നന്നാണ് മനുഷ്യന്‍ തുടങ്ങിയത്. എന്നാല്‍ കൃഷിയില്‍ നിന്ന് വ്യാവസായികമായി മനുഷ്യന്‍ മാറിയപ്പോള്‍ നെല്‍പ്പാടങ്ങള്‍ നികത്തി. കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. കൃഷിപ്രദേശങ്ങള്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞു. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. വെള്ളം കുറഞ്ഞു, മാലിന്യം കൂടി, വായുമലിനീകരണം കൂടി. ഇത് മനുഷ്യന്റെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തി. പണ്ട് മനുഷ്യന്‍ പ്രകൃതിയയോട് ഇണങ്ങി ജീവിച്ചിരുന്ന കാലത്ത് രോഗങ്ങള്‍ കുറവായിരുന്നു. ഇന്ന് നമ്മള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. കൃഷി നിര്‍ത്തി ആളുകള്‍ കൃത്രിമജീവിതത്തിലേക്ക് പോയി. അത് ജീവിതസാഹചര്യം മാറ്റി, രോഗങ്ങള്‍ കൂടി. ഞങ്ങള്‍ വികസനം കൊണ്ടുവരുന്നതോടൊപ്പം തന്നെ ആ പഴയ കാലത്തിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുപോകാന്‍ കൂടി ശ്രമിക്കുകയാണ്. തോടുകള്‍ നന്നാക്കുക, കുളങ്ങളും പാടങ്ങളും പുനഃസ്ഥാപിക്കുക, തരിശുഭൂമികളിലെല്ലാം കൃഷിയിറക്കി പഴയ രീതിയിലേക്ക് തിരിച്ചുപോവുക. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അതുകൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ടാകും. ഈ അടുത്തകാലത്ത് നോക്കിയാല്‍ തവളകള്‍, പരല്‍ പോലുള്ള ചെറുമീനുകള്‍ തുടങ്ങി അപ്രത്യക്ഷമായ പല ജീവികളും ഇവിടെ തിരിച്ചുവന്നതായി കണ്ടുതുടങ്ങി. പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍ ഇത്തരം ജീവികളുടെ അതിജീവനത്തിനു കൂടിയാണ് നമ്മള്‍ കാരണമാകുന്നത്. അതെല്ലാം നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ നല്ല രീതിയിലുള്ള മാറ്റം വരുത്തും. തവളകള്‍ നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റമാണ് വരുത്തുക എന്ന് നമ്മള്‍ വിചാരിക്കാം. പക്ഷേ കൊതുകിനെ നശിപ്പിക്കാന്‍ തവളകള്‍ക്ക് കഴിയും. ചെറുമീനുകള്‍ വെള്ളം ശുദ്ധീകരിക്കും. പക്ഷേ നമ്മള്‍ ചെയ്ത ഏറ്റവും വലിയ പ്രകൃതിചൂഷണം കണക്കില്ലാത്ത രീതിയില്‍ കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങളാണ്. പ്രകൃതിയെ നശിപ്പിച്ച് മണ്ണെടുത്തത് ചൂഷണമാണ്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ, ഉള്ളതുവച്ച് വീണ്ടും പഴയ നല്ല നാളുകളിലേക്ക്, അമ്പത് വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നു നമ്മുടെ ഭൂമി ആ രീതിയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയാണ്. 

 

? ജനകീയാസൂത്രണവും കഞ്ഞിക്കുഴി പഞ്ചായത്തിന്റെ മാതൃകയും സ്വാധീനിച്ചിട്ടുണ്ടോ

ഒരു പദ്ധതിയുടെ വിജയം കണക്കാക്കുന്നത് എത്രപേര്‍ ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയാണ്.  ഇവിടെ ഞങ്ങള്‍ 5000 പേരിലാണ് പരീക്ഷിച്ചത്. അടുക്കളത്തോട്ടങ്ങള്‍ നോക്കാന്‍ താല്പര്യം വേണം. മാത്രമല്ല, മനുഷ്യര്‍ എല്ലാവരും വളരെ തിരക്കിലാണ്. അതുകൊണ്ടുതന്നെ അതിവിടെ വിജയിച്ചില്ല. അങ്ങനെ വന്നപ്പോള്‍ ഞങ്ങളത് പിന്‍വലിച്ചു. അതിന് പകരമായി ചെറിയ തോട്ടങ്ങള്‍ മുതല്‍ രണ്ടു മുതല്‍ നാല് ഏക്കര്‍ വരെയുള്ള വലിയ തോട്ടങ്ങളില്‍ കൂട്ടായ്മയോടെ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചു. വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യുമ്പോഴുള്ള ഗുണം നമുക്ക് അതിനെ കുറച്ചുകൂടി സഹായിക്കാന്‍ പറ്റും. എന്തെങ്കിലും കീടബാധയുണ്ടായാല്‍ തന്നെ എല്ലാ വീടുകളും കയറിയിറങ്ങുന്നതിനു പകരം ഈ ഒരു തോട്ടത്തില്‍ പോയാല്‍ മതി. ഇതാണ് കുറച്ചുകൂടി വിജയകരമായി ഞങ്ങള്‍ക്ക് തോന്നിയത്. പിന്നെ മീന്‍കുളങ്ങള്‍ കൃത്രിമമായി വളര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബ്രോയ്‌ലര്‍ ചിക്കന്‍ ഉണ്ടാക്കുന്നതുപോലെ. ഒരു കോഴി 140 ദിവസം കൊണ്ടാണ് വളര്‍ച്ച പ്രാപിക്കേണ്ടത്. പക്ഷേ 40 ദിവസം കൊണ്ട് ഹോര്‍മോണ്‍ കൊടുത്താണ് അതിനെ വളര്‍ത്തുന്നത്. ആ ഇറച്ചി കഴിക്കുന്നതുകൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല, ഒരുപാട് ദോഷങ്ങള്‍ ശരീരത്തിന് ഉണ്ടാക്കുന്നു. ഇതുതന്നെയാണ് മീനിന്റെയും പ്രശ്‌നം. ഒരു ചെറിയ സ്ഥലത്ത് കുഴിയെടുത്ത് ടാര്‍പായ ഇട്ട് വളര്‍ത്തിയെടുക്കുന്ന മീനിന് ഒരു ഗുണവുമില്ല. കൊടുക്കുന്ന ഭക്ഷണമാകട്ടെ ഹോര്‍മോണ്‍ കലര്‍ന്നതും. മീന്‍ സ്വാഭാവികമായി വളരണം. ഞങ്ങളുടെ കൃഷി രീതി പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലാണ്. മീന്‍വളര്‍ത്തലില്‍ മുശി, കാരി, വരാല്‍ പോലുള്ള നാടന്‍ മീനുകളെയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. കാരണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം അതാണ്. അവ കഴിച്ചാല്‍ രോഗങ്ങളൊന്നും വരികയുമില്ല. അവയ്ക്ക് കൊടുക്കുന്ന ഭക്ഷണവും നാടനാകണം. വരാല്‍ വളര്‍ത്തുന്നതിനു മുന്‍പ് ആ കുളം ഞങ്ങള്‍ സജ്ജീകരിക്കും. ആദ്യം അതില്‍ പായല്‍ വളര്‍ത്തും. പിന്നീട് അതില്‍ ചെറിയ മത്സ്യങ്ങളെ വളര്‍ത്തും. ഈ ചെറിയ മീനുകള്‍ പായല്‍ തിന്ന് ജീവിക്കുന്നവയാണ്. പിന്നീട് അതില്‍ വരാലിനെ ഇടും. വരാല്‍ ഈ ചെറുമീനുകളെ തിന്നും. അതുപോലെ കോഴിക്ക് കൊടുക്കുന്ന ഭക്ഷണം ഗോതമ്പ്, ചോളം, സോയാബീന്‍, വിറ്റാമിന്‍ എല്ലാം ചേര്‍ത്തതാണ്. തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുമായി സഹകരിച്ച് അവര്‍ തന്ന ചേരുവയാണ് കോഴിത്തീറ്റ. വീട്ടുമുറ്റത്ത് അഴിച്ചിട്ടു വളര്‍ത്തുന്നതുപോലെ കോഴിക്ക് ഓടിക്കളിച്ച് നടക്കാന്‍ പറ്റിയ തരത്തിലാണ് കോഴിക്കൂട് നിര്‍മ്മിക്കുന്നതാണ്. കോഴി വളര്‍ത്തുന്ന കൂട്ടില്‍ അറക്കപ്പൊടിയും മറ്റുമിട്ട് നിലം ഒരുക്കുന്നു. കുറച്ചുകഴിഞ്ഞാല്‍ കോഴിയുടെ വേസ്റ്റും മറ്റും അതില്‍ നിറയും. അതെടുത്ത് ചെടിക്ക് വളമാക്കും. അതുപോലെ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷിചെയ്തു തുടങ്ങിയപ്പോള്‍ ധാരാളം പുക്കളുണ്ടായി അങ്ങനെ തേനീച്ച വളര്‍ത്തല്‍ തുടങ്ങി. അതായത് എല്ലാം ഒന്നിന്റെ ഉപോല്പന്നമായി ബന്ധപ്പെടുത്തി കൊണ്ടുപോകുന്നു. 

? എന്തുകൊണ്ട് കിഴക്കമ്പലം മാത്രം. പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടോ

അങ്ങനെയല്ല. ആദ്യം ഇതൊരു മാതൃകാ പഞ്ചായത്തായി മാറ്റുക. ഇത് ഞങ്ങളുടെ ഗ്രാമമാണ്. ഞങ്ങളുടെ വ്യവസായങ്ങള്‍ ഇവിടെയാണ്. അതുകൊണ്ട് കിഴക്കമ്പലം തിരഞ്ഞെടുത്തു. ആദ്യം ഇവിടത്തെ  വികസനം പൂര്‍ത്തിയാക്കുക. അതിനുശേഷം അതിന്റെ ഗുണദോഷങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ തന്നെയാണ് ലക്ഷ്യം. ഇന്ന് പല സ്ഥലത്തും ഞങ്ങളുടെ മാതൃക പിന്തുടരുന്നുണ്ട്. 
kizhakkambalam
? മഴവെള്ള സംഭരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ബയോഗ്യാസ്, മാലിന്യത്തില്‍ നിന്ന് വളം അതെക്കുറിച്ച്.

കഴിഞ്ഞ രണ്ടുവര്‍ഷമായി വെള്ളത്തിന് ഇവിടെ ബുദ്ധിമുട്ടില്ല. എറണാകുളം ജില്ല മുഴുവന്‍ വറ്റിവരണ്ടപ്പോഴും ഇവിടെ വെള്ളം ധാരാളമായിരുന്നു. കാരണം തോട് വൃത്തിയാക്കുമ്പോള്‍ തന്നെ തടയണകളിട്ടു. ഓരോ 200 മീറ്ററിലുമായി 140 തടയണകള്‍ ഇടാനാണ് പദ്ധതി. അതില്‍ 40 എണ്ണം പൂര്‍ത്തിയായി. ഒപ്പം പ്രകൃതിദത്തമായ കുളങ്ങളെല്ലാം കെട്ടി സംരക്ഷിക്കുകയാണ്. ഇവിടെ കൃഷിക്കുള്ള വെള്ളത്തിനും കുടിവെള്ളത്തിനും ഒരു പ്രശ്‌നവും വരില്ല. അത്രയും കൃത്യമായി ഞങ്ങളത് സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ മഴവെള്ളസംഭരണിയും ഓരോ വീടുകളിലും നിര്‍ബ്ബന്ധമായും സ്ഥാപിക്കും. മാലിന്യനിര്‍മ്മാര്‍ജ്ജനം വലിയ ഒരു പദ്ധതിയാണ്. അതിനായി വീടുകളിലെല്ലാം ബയോഗ്യാസ് സംവിധാനം ഏര്‍പ്പെടുത്തും. പക്ഷേ, ഏതൊരു പദ്ധതിക്കും ചെയ്യാവുന്നതിന്റെ പരിധിയുണ്ട്. കാരണം ബയോവേസ്റ്റ് മാത്രമേ നമുക്ക് ഇങ്ങനെ ചെയ്യാനാകൂ. ബാക്കിയുള്ളവ ശേഖരിക്കാനുള്ള വണ്ടികള്‍ വേണം, സംസ്‌ക്കരിക്കാനുള്ള സംവിധാനം വേണം. കേരളത്തിലുള്ള ഒരു പ്രശ്‌നം ഇത്തരത്തിലുള്ള ഒരു സംസ്‌കരണ സംവിധാനം എന്നുപറയുമ്പോള്‍ തന്നെ ആളുകള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങും. മാലിന്യസംരക്ഷണത്തിനായി ക്ലീന്‍ കിഴക്കമ്പലം എന്ന ഒരു പദ്ധതി ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതായത് ഓരോ വാര്‍ഡുകളും അവിടെയുള്ളവര്‍ തന്നെ വൃത്തിയാക്കുക. മിക്ക ഞായറാഴ്ചകളിലും ഓരോ വാര്‍ഡിലും 200-300 പേരാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. റോഡും തോടുമെല്ലാം അവര്‍ വൃത്തിയാക്കുന്നു. പുല്ല് വെട്ടി കാട് വെട്ടി വൃത്തിയാക്കും. റോഡെല്ലാം വൃത്തിയാക്കി വശങ്ങള്‍ ടൈല്‍ ഇടാന്‍ പോവുകയാണ്. 

? മറ്റു കൃഷികള്‍?

കിഴക്കമ്പലത്തെ ആയുര്‍ഗ്രാമമാക്കി മാറ്റുക എന്ന വലിയൊരു പദ്ധതിയുണ്ട്. 2019 ല്‍ അതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ പച്ചമരുന്നുകള്‍ കൃഷിചെയ്യാന്‍ പോകുന്നു. ചുരുങ്ങിയത് 5-10 സെന്റ് ഉണ്ടാകണം. ഒരു വീടിന് ഒരു മരുന്നുചെടിയാണ് കൊടുക്കുക. ഉദാഹരണം പത്തു സെന്റ് സ്ഥലമുള്ള വീട്ടുകാര്‍ കുറുന്തോട്ടിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആ വീട്ടിലെ പത്ത് സെന്റിലും കുറുന്തോട്ടി മാത്രമായിരിക്കും കൃഷി. അങ്ങനെ ലാഭകരമായ രീതിയില്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. അത് അവര്‍ക്ക് ഒരു സൈഡ് വരുമാനമാകണം. 
കരിമ്പ് കൃഷിചെയ്യാന്‍ പോകുന്നു. ഒപ്പം ശര്‍ക്കര നിര്‍മ്മാണ യൂണിറ്റും ആരംഭിക്കുന്നു. ഇത് ഇരട്ടി ലാഭമാണ് കര്‍ഷകന് നേടിക്കൊടുക്കുക. കൃഷിയെ സംബന്ധിച്ച് ഒരിഞ്ചു സ്ഥലം പോലും തരിശായി കിടക്കാന്‍ പാടില്ല എന്നതാണ് നയം. അതുകൊണ്ടാണ് കരിമ്പുകൃഷി കൊണ്ടുവരുന്നത്. കേരളത്തില്‍ ആരും കരിമ്പുകൃഷി ചെയ്തിട്ടില്ല. കാരണം. ഇവിടെ ഒരുപാട് പാടങ്ങള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളുണ്ട്. അവിടെ നെല്ല് കൃഷി ചെയ്യാന്‍ പറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ ചെയ്യാവുന്ന ഒരു കൃഷി ഇതാണെന്ന് കണ്ടെത്തി. അതോടൊപ്പം ആട്ഗ്രാമം പദ്ധതി, കോഴിഗ്രാമം പദ്ധതി മുല്ലക്കൃഷി പദ്ധതി തുടങ്ങി നിരവധിയുണ്ട്. പദ്ധതിപ്രകാരമുള്ള ഏത് കൃഷിയും ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും അവ വിപണിയില്‍ എത്തിക്കാനുള്ള സംവിധാനം വരെ ഞങ്ങള്‍ ചെയ്ത് കൊടുക്കും. 

? ഭക്ഷ്യസുരക്ഷാ വിപണിയില്‍ കൊണ്ടുവരുന്ന ഉല്പന്നങ്ങള്‍ ഇവിടെ തന്നെ ഉല്പാദിപ്പിക്കുന്നതാണോ.

 
ഇവിടെ ആളുകള്‍ എന്തുകൊണ്ട് കൃഷി ചെയ്യുന്നില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഞങ്ങള്‍ ആദ്യം കൃഷിക്ക് വാഴക്കന്ന് കൊടുത്തു ആരും തൊട്ടില്ല. വീടിന്റെ മൂലയില്‍ കിടന്ന് അത് നശിച്ചു. കാരണം ഒരു കന്ന് കുഴിച്ചുവയ്ക്കാന്‍ ആളെ വിളിക്കണം. അയാള്‍ക്ക് കൂലി കൊടുക്കണം. പിന്നീട് അതിനു വരുന്ന ചെലവുകള്‍ വഹിക്കണം. അതവര്‍ക്ക് ലാഭമുണ്ടാക്കില്ല. ഇത് മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ വീടുകളില്‍ പോയി അവ കുഴിച്ച് വച്ച് കൊടുത്തു. അങ്ങനെ രണ്ടുലക്ഷം വാഴക്കന്നുകളാണ് വച്ചത്. ആദ്യം വച്ചത് ഞാലിപ്പൂവന്‍ ആയിരുന്നു. അതെല്ലാം ഏതാണ്ട് ഒരേസമയം കുലച്ചു. അത് വിപണിയെ ബാധിച്ചു. സാധനം അധികമായി. കര്‍ഷകന് ചെലവായ പൈസ പോലും തിരിച്ചുപിടിക്കാന്‍ പറ്റിയില്ല. വിപണിയില്‍ പഴം വാങ്ങാന്‍ ചെല്ലുന്ന ഒരാള്‍ക്ക് അത് കിട്ടുന്നത് 60 രൂപയ്ക്കാണ്. എന്നാല്‍ കര്‍ഷകന് കിട്ടുന്നത് 20 ല്‍ താഴെ രൂപയും. അങ്ങനെ വന്നപ്പോള്‍ ഞങ്ങള്‍ ഇടപെട്ടു. ഒരു കിലോയ്ക്ക് 30 രൂപ വില നിശ്ചയിച്ച് കര്‍ഷകന് കൊടുത്തു. അതേ വിലയ്ക്ക് തന്നെ സാധനം വിപണിയില്‍ വിറ്റു. ആര്‍ക്കും നഷ്ടമില്ല. 60 രൂപ കൊടുത്ത് വാങ്ങുന്ന പഴം 30 രൂപയ്ക്ക് കിട്ടിയപ്പോള്‍ ജനങ്ങള്‍ക്കും സന്തോഷം. 30 രൂപ കിട്ടിയ കര്‍ഷകനും സന്തോഷം. അവര്‍ക്ക് മുടക്കുമുതലിനേക്കാളും രണ്ടിരട്ടി ലാഭം കിട്ടി. അത് ഞങ്ങളുടെ ഒരു വഴിത്തിരിവായിരുന്നു. ഇന്ന് ഞങ്ങള്‍ എല്ലാ സാധനങ്ങളും അങ്ങനെയാണ് കര്‍ഷകരില്‍ നിന്ന് എടുക്കുന്നത്. മാര്‍ക്കറ്റ് വിലയേക്കാളും കൂടിയ വില കര്‍ഷകന് കൊടുക്കും. കര്‍ഷകന് ഇരട്ടിലാഭം കിട്ടുന്ന വിലയാണ് ഞങ്ങള്‍ കൊടുക്കുന്നത്. ആ എടുക്കുന്ന വിലയ്ക്കു തന്നെ സാധനം ഞങ്ങള്‍ വിപണിയില്‍ വിറ്റഴിക്കും. അതോടൊപ്പം കര്‍ഷകര്‍ക്ക് പ്രകൃതിദുരന്തം മൂലം നഷ്ടം വന്നാല്‍ ഉടന്‍തന്നെ അതിന്റെ നഷ്ടപരിഹാരം ഞങ്ങള്‍ കൊടുക്കും. അത് ഒരു മനഃശാസ്ത്രപരമായ നീക്കമായിരുന്നു. അതുകൊണ്ടുതന്നെ അത് വിജയിച്ചു. 

? ഗാന്ധിജിയുടെ ഗ്രാമസ്വരാജും കിഴക്കമ്പലവും താങ്കള്‍ എങ്ങനെ താരതമ്യം ചെയ്യുന്നു

അദ്ദേഹം പറഞ്ഞതിന്റെ പരിപൂര്‍ണ്ണമായ നിര്‍വ്വഹണമാണ് ഇവിടെ നടത്തുന്നത്. അദ്ദേഹം പറഞ്ഞ, സ്വപ്‌നം കണ്ട ഗ്രാമസ്വരാജ് ഇതുതന്നെയാണ്. ഗ്രാമങ്ങളെയും അവിടത്തെ ജനങ്ങളെയും സ്വയംപര്യാപ്തരാക്കുക. 

? കിഴക്കമ്പലം ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളെയും സ്വയംപര്യാപ്തരാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. എത്രത്തോളം വിജയിച്ചു.

പല മേഖലകളില്‍ നിന്നും ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്ന്. ഒരടിപോലും മുന്നോട്ട് വയ്ക്കാനാവാത്ത സാഹചര്യം വന്നു. പഞ്ചായത്ത് തന്നെ നേരിട്ട് എതിര്‍ത്തു. അത്തരമൊരു അവസ്ഥ വന്നപ്പോള്‍ അതിനെ നേരിടാന്‍ തുടങ്ങി. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഭരണം പിടിച്ചെടുത്തു. എന്നാല്‍ തന്നെയും രണ്ട് രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അവരുടെ പ്രാധാന്യം നഷ്ടപ്പെട്ടപ്പോള്‍ എതിര്‍പ്പ് തുടങ്ങി. എല്ലാ തലങ്ങളില്‍ നിന്ന് എതിര്‍പ്പ്. ഉദ്യോഗസ്ഥതലങ്ങളില്‍ നിന്ന് എതിര്‍പ്പ്. രാഷ്ട്രീയക്കാരുടെ എതിര്‍പ്പ്. ഇപ്പോള്‍ ഞങ്ങള്‍ അതിനെ മറികടന്നിരിക്കുന്നു. ഞങ്ങള്‍ക്ക് ഓരോന്നിനും വ്യക്തമായ കണക്കുകളുണ്ട്. വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നു. റോഡ് വീതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാം നടക്കുന്നു. ഓരോ പദ്ധതിയുടെയും അവസാനഘട്ടത്തിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. അതെല്ലാം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. 

? ഇനി വൈവിദ്ധ്യവത്കരണത്തിന്റെയും വികാസത്തിന്റെയും പദ്ധതികള്‍ എന്തൊക്കെ. 

കാര്‍ഷികമേഖല മാത്രമല്ല. എല്ലാ മേഖലകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കും. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വേണം മുന്നോട്ട് പോകാന്‍. അതിന് എല്ലാ മേഖലകളുടെയും വികസനം ആവശ്യമാണ്. ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ സന്തുലിതമായ ഒരു വികസനമാണ് ലക്ഷ്യം. 

English Summary: In cinversation with Kitex Group Chairman

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds