ജയിംസിന്റെ സ്വന്തം തേയില
തേയിലച്ചെടിക്ക് പൂന്തോട്ടത്തിലെന്തു കാര്യം - കാര്യമുണ്ട്. പറയാം.കോട്ടയം ജില്ലയില്‍ എലിക്കുളം ചെങ്ങളം കുറ്റിക്കാട്ട് വീട്ടില്‍ ജയിംസ് കെ. തോമസും കുടുംബവുമാണ് എസ്‌റ്റേറ്റ് വിളയായ തേയിലയെ ചെടിയെ പൂന്തോട്ടത്തിലെത്തിച്ചത്. തേയില ജയിംസിനും കുടുംബത്തിനും കാലങ്ങളായുള്ള ശീലമാണ്. ഊര്‍ജ്ജദായിനിയായ തേയില രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. ചര്‍മ്മത്തിന് കാന്തിയും സംരക്ഷണവും ഉറപ്പാക്കുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ തേയില ക്യാന്‍സര്‍ പ്രതിരോധിക്കും. ഒന്നാന്തരം മൗത്ത് വാഷായും തേയില സത്ത് ഉപയോഗിക്കാം. പറഞ്ഞാല്‍ തീരില്ല തേയില വിശേഷങ്ങള്‍. എന്നാലിന്ന് തേയിലയെന്നുകേള്‍ക്കുമ്പോള്‍ അല്പമൊന്ന് ഭയക്കുന്നവരുമുണ്ട്. ഈ ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ രോഗങ്ങളെയും കീടങ്ങളെയും അകറ്റുന്നതിനായി തളിക്കുന്ന രോഗ-കീടനാശിനികളെ കുറിച്ചറിയുമ്പോഴാണ് പേടി.ഈ പേടിയില്‍ നിന്ന് സ്വന്തമായി തേയില ഉണ്ടാക്കിയാലെന്തെന്ന പൂതി ജയിംസിനും കുടുംബത്തിനുമുണ്ടായത്. വീട്ടാവശ്യത്തിനിത്തിരി തേയില, അതും വിഷമില്ലാതെ വീട്ടുമുറ്റത്ത്.
പുതുതായി പണിത വീട്ടുമുറ്റത്ത് തേയിലച്ചെടിക്ക് പൂന്തോട്ടമൊരുങ്ങി. മണ്ണൊരുക്കലായിരുന്നു ആദ്യഘട്ടം. മണ്ണ് നന്നായി കിളച്ച് കട്ട നീക്കി തേയിലത്തോട്ടത്തിന് സമാനമായ ചരിവ് നല്‍കി തയ്യാറാക്കിയെടുത്തു. ചാണകപ്പൊടിയും എല്ലുപൊടിയും ആവശ്യാനുസരണം വളമായി ചേര്‍ത്തു. വാഗമണ്‍ മലനിരകളിലെ തേയിലത്തോട്ടങ്ങളിലുള്ള സുഹൃത്തുക്കളില്‍ നിന്നും തേയിലച്ചെടികള്‍ സ്വന്തമാക്കി. നല്ല സുന്ദരന്‍ ഗ്രാഫ്റ്റ് തൈകള്‍. 2 x 3.5 അടി അകലത്തില്‍ ചെടികള്‍ നട്ടു. പുതയായി ആവശ്യത്തിന് ചകിരിച്ചോര്‍ വിതറി. മണ്ണൊലിപ്പ് കുറയ്ക്കുന്നതിനും ആവശ്യത്തിന് ഈര്‍പ്പം ഉറപ്പാക്കുന്നതിനും കളച്ചെടികളെ അകറ്റുന്നതിനും ഇത് സഹായിച്ചു.
സ്പിംഗ്‌ളര്‍ സിസ്റ്റം സ്ഥാപിച്ച് കാര്യമായി നനച്ചു. ആര്‍ത്തു വളര്‍ന്ന ചെടികള്‍ക്ക് കൃത്യമായ പ്രൂണിംഗ് മഴയ്ക്ക് മുന്‍പേ ഭാര്യ മേഴ്‌സിയും മക്കളായ ജുവലും ജൂവിയും ചേര്‍ന്ന് നടത്തി.ആവശ്യത്തിന് ചാണകപ്പൊടിയും അത്യാവശ്യം രാസവളവും കൃത്യമായി നല്‍കി വര്‍ഷം ഒന്നരയായപ്പോള്‍ വീട്ടിലെ തേയില വേണമെങ്കില്‍ നുള്ളാമെന്ന നിലയിലായി.വീട്ടുകാരെക്കൂട്ടി തളിരിലകള്‍ ശേഖരിച്ച് മിക്‌സിയില്‍ അവല്‍ കുഴക്കുന്ന പരുവത്തില്‍ ചെറുതായൊന്നടിച്ച് നാലുമണിക്കൂര്‍ പാത്രത്തില്‍ വച്ചു. അത്യാവശ്യം പുളിയ്ക്കല്‍ നടക്കുന്നതിനാണീ കൂട്ടിവയ്ക്കല്‍. ഈ സമയം കൊണ്ട് പച്ച തളിരില ബ്രൗണ്‍ നിറമാകും.
തുടര്‍ന്ന് ഒ.ടി.ജി. ഗ്രില്‍ ഓവന്‍ ട്രേയില്‍ ഒരു ഇഞ്ച് കനത്തില്‍ നിരത്തി 120 ഡിഗ്രി സെന്‍ഷ്യല്‍ ചൂട് ഉറപ്പാക്കി വയ്ക്കണം. അരമണിക്കൂര്‍ ഇടവിട്ട് ചെറുതായി ഇളക്കണം. ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ രസികന്‍ തേയില റെഡി.
നാട്ടിന്‍പുറങ്ങളില്‍ ജാതിയ്ക്കയും കുരുമുളകും കപ്പയും ഉണക്കുന്ന ഡ്രയറുകളിലും ഇത്തരത്തില്‍ തേയില ഉണക്കിയെടുക്കാം. സ്വന്തമായി ഒരു ചെറുകിട തേയില ഉണക്കല്‍ യന്ത്രം ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണ് ജയിംസ്.വിഷമില്ലാ ചായ വീട്ടുകാര്‍ക്കൊപ്പം ഉഷാറായി നുകരണമെങ്കില്‍ ജയിംസിനെയും വീട്ടുകാരെയും മാതൃകയാക്കാം. പൂന്തോട്ടത്തിലിത്തിരിയിടം തേയിലച്ചെടിയ്ക്കും മാറ്റി വയ്ക്കാം.
കൂടുതല്‍ വിവരങ്ങള്‍ സ്വന്തം കുറ്റിക്കാടന്‍ തേയില നുകര്‍ന്നുകൊണ്ട് ജയിംസും കുടുംബവും വിശദമായി പറഞ്ഞുതരും.
ഫോണ്‍ : 9207509646, 8802480092
എ.ജെ. അലക്‌സ് റോയ്,
അസി. കൃഷി ആഫീസര്‍, കൃഷിഭവന്‍
എലിക്കുളം, കോട്ടയം
English Summary: James own Tea
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments