Features

സമ്മിശ്രം,ജോസേട്ടന്റെ ക്യഷിത്തോട്ടം

Jose

ക്യഷിയിടത്തിലേക്ക് ചാഞ്ഞു കിടക്കുന്ന അയല്‍പക്കത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്നും തന്റെ ജാതി മരങ്ങള്‍ നല്ല വിളവ് തരുന്നത് ശ്രദ്ധയില്‍പെട്ട ജോസേട്ടന്‍ മറ്റൊന്നും ആലോചിച്ചില്ല, ജാതി മരങ്ങള്‍ക്കിടയില്‍ ഒഴിവായിക്കിടക്കുന്ന സ്ഥലത്ത് റബ്ബര്‍ തൈകള്‍ വെയ്ക്കാന്‍ തീരുമാനിച്ചു. റബ്ബറും ജാതിയും ഇടകലര്‍ത്തിയ ക്യഷി ചെയ്ത് തന്റെ തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് കൂടരഞ്ഞി വാലുമണ്ണില്‍ ഏബ്രഹാം എന്ന ജോസേട്ടന്‍. ജാതിയും റബ്ബറും മാത്രമല്ല തെങ്ങും കവുങ്ങും കുരുമുളകും വാഴയും പുതുതായി നട്ട് തുടങ്ങിയ വാനിലയും മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍, മാവ്, പേര, സപ്പോട്ട, ചാമ്പ മുതലായ ഫലവ്യക്ഷങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നു ഇദ്ദേഹത്തിന്റെ ഈ സമ്മിശ്രക്യഷിത്തോട്ടത്തില്‍.

ക്യഷിഭവനില്‍ നിന്ന് കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കിലും ക്യഷിയില്‍ നിന്ന് ഒരു വിരമിക്കല്‍ ആഗ്രഹിക്കുന്നില്ല ജോസേട്ടന്‍. മക്കളെ ക്യഷി ഏല്പ്പിച്ച് വിശ്രമ ജീവിതം നയിക്കുന്നവരെപ്പോലെയല്ല ഇദ്ദേഹം .ഇന്നും ഈ കര്‍ഷകന്റെ കൈകളുടെ കരുത്ത് ചോര്‍ന്നിട്ടില്ല. പതിനേഴാമത്തെ വയസ്സില്‍ പിതാവിനൊപ്പം കര്‍ഷകനായി ക്യഷിയിടത്തില്‍ ഇറങ്ങിയ ജോസേട്ടന്‍ അറുപത്തിയൊന്‍പതാം വയസ്സിലും തന്റെ മൂന്നേക്കര്‍ ക്യഷിയിടത്തില്‍ കര്‍മ്മനിരതന്‍. പുലര്‍ച്ചെ ക്യഷിയിടത്തിലേക്കിറങ്ങുന്ന ശീലത്തിന് മാറ്റവും വന്നിട്ടില്ല. ശാസ്ത്രീയമായ രീതിയിലാണ് അദ്ദേഹംക്യഷിയിടമൊരുക്കിയിരിക്കുന്നത്. രണ്ടോ മൂന്നോ വിളകളില്‍ ഒതുങ്ങാതെ പരമാവധി വിളകള്‍ ചെയ്യാനും പരിശ്രമിച്ചിരിക്കുന്നു. എല്ലാക്കാലത്തും വരുമാനം ലഭിക്കുന്നതിനായി ഇടവിളകളായി പച്ചക്കറികളും കിഴങ്ങു വിളകളും ക്യഷി ചെയ്തു വരുന്നു.

ജാതിയും റബറും മിശ്രവിളകള്‍

പതിനഞ്ചു വര്‍ഷത്തോളം പ്രായമുളള ജാതിക്കിടയില്‍ പത്തു വര്‍ഷം പ്രായമുളള റബ്ബര്‍ മരങ്ങള്‍, ക്യഷിത്തോട്ടത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.ക്യഷിയിടത്തിലെ ജാതിമരങ്ങള്‍ കായ്ച്ചു കിടക്കുന്നത് കാണിച്ച് വിവരിക്കുമ്പോള്‍ ജോസേട്ടന്റെ മുഖത്ത് സന്തോഷവും ആവേശവും അലയടിക്കുന്നുണ്ടായിരുന്നു. തന്റെ ക്യഷി രീതി ശരിയാണെന്ന് നിറഞ്ഞ് കായ്ച്ചു കിടക്കുന്ന ശിഖരങ്ങള്‍ കാണിച്ചു കൊണ്ട് അദ്ദേഹം പറയുന്നു.

എട്ട് മീറ്റര്‍ അകലത്തില്‍ ജാതി തൈകള്‍ നട്ട് അതിനിടയില്‍ ഒരു റബ്ബര്‍ തൈ എന്ന രീതിയില്‍ ഒരു നിരയും അടുത്ത നിരയില്‍ റബ്ബര്‍ തൈകള്‍ മാത്രവും അതിനടുത്ത നിരയില്‍ ആദ്യം ചെയ്ത പോലെ തന്നെ ജാതിയും റബ്ബറും ഇടകലര്‍ത്തിയും എന്ന രീതിയിലാണ് ഇവിടെ ക്യഷി ചെയ്തിരിക്കുന്നത്. ആവശ്യമായ അകലം നല്കിയാല്‍ റബ്ബര്‍ മരത്തിന്റെ തണല്‍ ജാതിക്ക്യഷിയ്ക്ക് അനുയോജ്യമാക്കാമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ താന്‍ നട്ട ജാതിമരങ്ങള്‍ക്കിടയിലൂടെ റബ്ബര്‍ തൈകള്‍ നട്ടു. ആവശ്യമായ അകലം നല്‍കിയുളള ക്യഷിയായതിനാല്‍ ജാതി മരങ്ങളുടെ വളര്‍ച്ചയില്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല ,വിളവ് നല്ല രീതിയില്‍ ലഭിക്കുന്നുമുണ്ട്. വിളകള്‍ തമ്മില്‍ ഏറ്റവും അനുയോജ്യമായ അകലം പത്ത് മീറ്ററിലേക്ക് കൊണ്ടു വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

അനേക വര്‍ഷം പഴക്കമുളള ജാതി മരങ്ങള്‍ വീടിനു താഴ്ഭാഗത്ത് ഉണ്ട്. ഇവയില്‍ ചിലത് കഴിഞ്ഞ പ്രളയകാലത്ത് ഇലപൊഴിഞ്ഞ് ഉണങ്ങിപ്പോയി. അവയ്ക്ക് പകരം തൈകള്‍ നട്ടു വരുന്നു. ക്യഷിയിടത്തില്‍ തൈകളടക്കം നൂറ്റി മുപ്പത്തിയഞ്ച് ജാതികളുണ്ട്. അതില്‍ വലിയ ജാതി മരങ്ങള്‍ എണ്‍പത്തിയേഴ്. പാലായില്‍ നിന്ന് ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് കൊണ്ട് വന്ന് വെച്ച മരങ്ങള്‍ വീടിനു മുന്‍പിലുണ്ട്. ജാതിക്ക്യഷിയെക്കുറിച്ച് കര്‍ഷകര്‍ ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. വലിയ ചെലവില്ലാത്ത ക്യഷിയാണ് ജാതിയുടേത്. വളപ്രയോഗത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വിളവെടുപ്പിന് തൊഴിലാളികളെ ആവശ്യമില്ലതാനും. ഒരു സ്ഥിര വരുമാനം എന്ന നിലയില്‍ വളരെയധികം കര്‍ഷകന് ധൈര്യമായി ആശ്രയിക്കാവുന്ന കൃഷിയാണ് ജാതിയുടേത്.ഒറ്റത്തവണ നട്ടാല്‍ ആയുഷ്‌കാലം വിളവ് തരുന്ന വേറെ വിളയില്ല തന്നെ. മറ്റൊരു സുഗന്ധവിളയും കര്‍ഷകന് ഇങ്ങനൊരു ആനുകൂല്യം നല്കുന്നില്ല. ആദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പത്താമത്തെ കൊല്ലം മുതല്‍ 'ഇവന്‍' നല്ല കാഫലം നല്കും. ആ നിലയ്ക്ക് കര്‍ഷകര്‍ തങ്ങളുടെ ക്യഷിയിടത്തില്‍ ജാതിക്ക്യഷി ചെയ്യുന്നതാണ് മെച്ചം എന്ന് ജോസേട്ടന്‍ പറയുന്നു.

നാലു കിലോ ജാതിപത്രി നിറച്ചു വച്ചിരിക്കുന്ന ഒരു ഭരണി അടുക്കളയില്‍ നിന്നെടുത്ത് കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, നല്ല ജലാംശമുള്ള മണ്ണാണെങ്കില്‍ വര്‍ഷത്തില്‍ ഏറിയ ദിവസങ്ങളിലും വിളവെടുക്കാം. സീസണ്‍ അനുസരിച്ച് വിളവില്‍ വ്യത്യാസം വരാമെങ്കിലും ജാതി ഒരു നഷ്ടമുള്ള ക്യഷിയല്ല. നനവില്ലാത്ത പറമ്പാണെങ്കില്‍ കായുണങ്ങിപ്പോകും. വെള്ളം കെട്ടി നില്ക്കുന്ന സ്ഥലത്ത് ക്യഷി പാടില്ല , മരം നരച്ച് നില്ക്കും, ചീഞ്ഞും പോകും. രാവിലെകളില്‍ പൊട്ടിക്കീറിയ ജാതി പത്രി ശേഖരിച്ച് ഉണക്കണം, വൈകുന്നേരം പെറുക്കാം എന്നു കരുതിയാല്‍ ചീഞ്ഞു പോകും. മഴക്കാലത്ത് ജാതി പത്രി അലുമിനിയം ഡിഷിലും ജാതിക്കാ കമ്പി വലയിലുമിട്ട് അടുക്കളയിലെ കനല്‍ച്ചൂടില്‍ ഉണക്കും. മഴയില്ലാത്തപ്പോള്‍ നാലു മണിക്കൂര്‍ വെയില്‍ കിട്ടിയാല്‍ ഉണക്ക് പാകമാകും.

ടെറസ്സ് ഒരു ക്യഷിത്തോട്ടം

കൂടരഞ്ഞി ക്യഷിഭവനില്‍ നിന്ന് പച്ചക്കറി വികസന പദ്ധതിയില്‍ അനുവദിച്ച് കിട്ടിയ മഴമറയുണ്ട് ഇവിടെ. അത് സ്ഥാപിക്കുന്നതിന് ക്യഷിയിടത്തിന്റെ ഭാഗം പാഴാക്കിക്കളയണ്ട എന്ന് തീരുമാനിച്ചു . വെറുതെ കിടക്കുന്ന ടെറസ്സില്‍ മഴമറ സ്ഥാപിച്ചു. മുകളിലേക്ക് കയറാന്‍ ജി ഐ പൈപ്പ് കൊണ്ടുള്ള കോണിയും സ്ഥാപിച്ചു. ടെറസ്സില്‍ ഭാവിയില്‍ ചോര്‍ച്ച വരാതിരിക്കാന്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ വാട്ടര്‍ പ്രൂഫ് ചെയ്തു.

നൂറോളം ഗ്രോബാഗുകളില്‍ ഇവിടെ ക്യഷി ആരംഭിച്ചു. എല്ലാത്തരം പച്ചക്കറികളും ക്യഷി ചെയ്യുന്നുണ്ടിവിടെ. ശൈത്യകാല വിളകളായ കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, സ്‌ട്രോബറി എന്നിവ ഗ്രോബാഗിലും കാരറ്റ് മണ്ണ് നിറച്ച ബെഡ്ഡിലുമായി ക്യഷി ചെയ്യുന്നു. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുമുകളില്‍ ചാണകവും മറ്റ് ജൈവവളങ്ങളും ചേര്‍ത്ത് മണ്ണ് നിറച്ചാണ് ബെഡ്ഡ് തയ്യാറാക്കിയത്. ഒരു വീട്ടിലേക്കാവശ്യമുളളതില്‍ കൂടുതല്‍ വിളവ് ലഭിക്കുന്നുണ്ട്. മഴമറയ്ക്കും ടെറസ്സിനും അലങ്കാരമായി കുറ്റിക്കുരുമുളക് ചട്ടിയിലും ഗ്രോബാഗിലും ഒരു തോട്ടമായിത്തന്നെ വളര്‍ത്തുന്നുണ്ട്. മഴമറയായതിനാല്‍ ഇവിടെ എല്ലാസമയത്തും പച്ചക്കറികളുണ്ടാകുന്നു.

കുറ്റിക്കുരുമുളക് അഴകാണ്

മഴമറയിലെ ഒരു ഭാഗം ചട്ടിയിലും ഗ്രോബാഗിലുമായുള്ള കുറ്റിക്കുരുമുളക് ചെടികളാണ്. എഴുപത് എണ്ണമുണ്ട് .കരിമുണ്ടയും പന്നിയൂര്‍ ഇനത്തില്‍പ്പെട്ടവയുമാണവ. മുഴുവനും കൊളുബ്രിനം ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്തവയാണ്. ഇപ്പോള്‍ എല്ലാ കുറ്റിക്കുരുമുളകും സ്വന്തമായാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. ചാണകവും എല്ലുപൊടിയും ചകിരിച്ചോറും മണ്ണും ഇവയോടൊപ്പം തരിമണലും ചേര്‍ന്ന മിശ്രിതമാണ് ചട്ടിയില്‍ നിറയ്ക്കുക. നല്ല വളര്‍ച്ചയാണ് കുറ്റിക്കുരുമുളകിനുള്ളത്. കുറ്റിക്കുരുമുളക് ഒരേ സമയം ക്യഷിയിടത്തിന് അലങ്കാരവും വരുമാനവുമാണ് . വീടിന്റെ മുറ്റത്ത് ചട്ടികളില്‍ ഇലച്ചെടികളും മറ്റും അലങ്കാരമായി വെയ്ക്കുന്നതിന് പകരം കുറ്റിക്കുരുമുളക് വെയ്ക്കുന്നത് അഴകും ആദായവും നല്‍കുന്നു.

സമ്മിശ്രക്ക്യഷി

ഒരു രാഷ്ട്രീയക്കാരനായി അധികകാലം പ്രവര്‍ത്തിച്ചുവെങ്കിലും ഇദ്ദേഹത്തിന് ക്യഷിയോടാണ് കൂടുതല്‍ മമത. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്യുന്നു. തെങ്ങിലും പ്ലാവിലുമായി കരിമുണ്ടയുടേയും പന്നിയൂരിന്റേയും കുരുമുളക് വള്ളികള്‍ കയറ്റി വിട്ടിരിക്കുന്നു. അവയ്ക്ക് ചാണകം ആണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. കൊടി വെച്ച് കെട്ടുക ,മരങ്ങളുടെ എരമ്പ് വെട്ടുക എന്നിങ്ങനെ എല്ലാക്കാലത്തും ഈ ക്യഷിയിടത്തില്‍ പണികളുണ്ട്. തെങ്ങിനും കുരുമുളകിനും കുമ്മായപ്രയോഗം നടത്തിയിട്ടാണ് വളപ്രയോഗം .ചാണകം കൂടാതെ എല്ലുപൊടിയാണ് ജൈവവളമായി ഉപയോഗിക്കുന്നത്. പൊട്ടാഷ് മാത്രമാണ് രാസവളമായി ഉപയോഗിക്കുന്നത്. ക്യഷിയിടം ഫലസമ്യദ്ധമാക്കുന്നത് വിവിധ വിളകളാണ്, എങ്കിലും കായ്ച്ച് തുടങ്ങിയ ഏഴ് മാങ്കോസ്റ്റീന്‍ മരങ്ങള്‍ ഇദ്ദേഹത്തിന് സന്തോഷവും മാനസിക സംത്യപ്തിയും നല്കുന്നു.

പശു വളര്‍ത്തലും അതിനായുള്ള തീറ്റപ്പുല്‍ക്ക്യഷിയും കോഴിയും താറാവും മത്സ്യക്ക്യഷിയും തേനീച്ചവളര്‍ത്തലുമൊക്കെയായി ഒരു മികച്ച സമ്മിശ്രക്ക്യഷിത്തോട്ടമാണ് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. കൂടരഞ്ഞി ക്യഷിഭവന്‍ ആത്മ സംയോജിത ക്യഷിത്തോട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന് സഹായം അനുവദിച്ചിട്ടുണ്ട്. എല്ലാക്കാലത്തും കുറഞ്ഞത് രണ്ടു പശുക്കള്‍ ഉണ്ടാവും ഇപ്പോള്‍ പശുക്കള്‍ കൂടാതെ രണ്ടു കിടാക്കളുമുണ്ട്. അതിനാല്‍ ക്യഷിയിടത്തിലേക്കാവശ്യമായ ജൈവവളം വേറെ അന്വേഷിക്കേണ്ടി വരുന്നില്ല. രണ്ടായിരം രൂപ വിലവരുന്ന ആറ് കല്‍ഗങ്ങളാണ് ഇപ്പോഴിവിടുത്തെ പുതിയ അതിഥികള്‍. കോഴിയും താറാവുമൊക്കെയായി ഇരുപത്തിയഞ്ചെണ്ണമുണ്ട്. ചെറുതേനീച്ചപ്പെട്ടികള്‍ മുപ്പതെണ്ണവും. ചെറുതേനീച്ചക്കോളനികള്‍ ചിരട്ടയുപയോഗിച്ചാണ് ഉണ്ടാക്കിയെടുക്കുന്നത്. പെട്ടിയുപയോഗിച്ചാല്‍ പൊത്തിലിരിക്കുന്ന തേനീച്ചകള്‍ കയറാന്‍ ആറുമാസമെടുക്കും. എന്നാല്‍ ചിരട്ടയിലേക്ക് ഒന്നര മാസം കൊണ്ട് തേനീച്ച കയറും.

'ക്യഷിക്കാരന്‍ വിത്തും തൈയും നട്ടു പോരുക മാത്രമല്ല ചെയ്യേണ്ടത്,ക്യത്യ സമയത്ത് വളമിട്ട് അവയെ പോറ്റണം, കുട്ടികളെ പോലെ പരിപാലിക്കണം. രണ്ടു ദിവസം കൂടുന്തോറും അവയുടെ അടുത്ത് ചെല്ലണം. നല്ല വിളവ് ലഭിക്കാന്‍ മനുഷ്യസാമീപ്യം വിളകള്‍ക്കാവശ്യമാണ്, ക്യഷിക്കാരന്‍ വിളകള്‍ക്ക് ഒപ്പമുണ്ടാകണം'. ഒരു ക്യഷിക്കാരന്‍ എങ്ങനെയായിരിക്കണം എന്ന് പറയുകയാണ് ജോസേട്ടന്‍ ,ഒപ്പം തന്റെ ക്യഷിയിടത്തില്‍ അത് പ്രവര്‍ത്തികമാക്കുകയും.


ഏബ്രഹാം വാലുമണ്ണില്‍ ഫോണ്‍ 9847122182

-മിഷേല്‍ ജോര്‍ജ്ജ് പാലക്കോട്ടില്‍,

കൃഷി അസിസ്റ്റന്റ് ,കൃഷി ഭവന്‍,

കൂടരഞ്ഞി,കോഴിക്കോട്


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox