Features

ജ്യോതി- തിരുവേഗപ്പുറയുടെ കൈപ്പുണ്യം

നിളയുടെ കൈവഴികളില്‍ പ്രധാനിയായ തൂതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രശാന്ത സുന്ദരമായ തിരുവേഗപ്പുറ ഗ്രാമത്തിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. വളാഞ്ചേരിയില്‍ നിന്ന് ആറു കിലോമീറ്റര്‍ പട്ടാമ്പി- വളാഞ്ചേരി റോഡില്‍ യാത്ര ചെയ്താല്‍ തിരുവേഗപ്പുറയായി.

പതിനാലാം നൂറ്റാണ്ടില്‍ തന്നെ നിലവിലുളള ചരിത്ര പ്രസിദ്ധമായ ശങ്കരനാരായണക്ഷേത്രത്തിന്റെ നാട്. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്താണിത് സ്ഥിതിചെയ്യുന്നത്. തൂതപ്പുഴയുടെ തീരത്താണ് ഈ ശിവക്ഷേത്രം. ഇവിടുത്തെ വൈക്കത്തഷ്ടമിയും ശിവരാത്രിയും ആഘോഷങ്ങള്‍ പണ്ടേ പുകള്‍പെറ്റത്. 

തിരുവേഗപ്പുറക്ഷേത്രത്തിലെ ശിവലിംഗം ഹിമാലയപര്‍വതത്തില്‍ നിന്ന് ഗരുഢന്‍ കണ്ടെടുത്തു എന്നാണ് ഐതിഹ്യം. ഹിമാലയത്തില്‍ നിന്ന് ഗരുഢന്‍ ശിവലംഗവുമായി കൃത്യസമയത്ത് എത്തിയാലെ മുഹൂര്‍ത്തത്തിനു തന്നെ പ്രതിഷ്ഠ നടത്താന്‍ കഴിയുകയുളളൂ. മുഹൂര്‍ത്തമാകട്ടെ അടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. 'വേഗം പറക്കണം' എന്ന് പറന്നു വരുന്ന ഗരുഢനോട് പറഞ്ഞുവത്രേ. അങ്ങനെയാണ് ഈ ശിവക്ഷേത്രത്തിന് 'തിരു വേഗം പറ' എന്നതു ലോപിച്ച് 'തിരുവേഗപ്പുറ' ആയതും തിരുവേഗപ്പുറം ക്ഷേത്രം പേരെടുത്തതും.

തൂതപ്പുഴ കടന്ന് മലപ്പുറം ജില്ല വിട്ട് പാലക്കാട് ജില്ലയിലേക്കുളള പ്രവേശനകവാടമാണ് തിരുവേഗപ്പുറ. നയനമനോഹരമായ പ്രകൃതി ദൃശ്യങ്ങളും സസ്യലതാദികളും നിറഞ്ഞ തനി വളളുവനാടന്‍ ഗ്രാമം. ലോകപ്രസിദ്ധമാന്ത്രികനായിരുന്ന പ്രൊഫ. വാഴക്കുന്നത്തിന്റെയും ചെണ്ടമാന്ത്രികനായ രാമപ്പൊതുവാളിന്റെയും ശാകുന്തളം പരിഭാഷകനായ ചെറുളിയില്‍ കുഞ്ഞുണ്ണി നമ്പീശന്റെയും നോബല്‍ സമ്മാനജേതാവായ പ്രൊഫ. സി.വി രാമന്റെ പ്രധാന ശിഷ്യനായിരുന്ന ഡോ. ടി.എം.കെ നെടുങ്ങാടിയുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ ഗ്രാമം.

തൂതപ്പുഴയുടെ തീരത്ത് തിരുവേഗപ്പുറയിലെ കക്കാട്ടുമനയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ഉച്ച തിരിഞ്ഞിരുന്നു. ധന്യവും പ്രശാന്തഗംഭീരവുമായ മഹാദേവക്ഷേത്രത്തിനു മുന്നിലൂടെയാണ് മനയിലെത്തുക. കൃത്യമായി പറഞ്ഞാല്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് മോതിരമ്പറ്റ കക്കാട് മന. 

കക്കാട്ടുമനയുടെ അകത്തളങ്ങളില്‍ നിന്ന് സ്വാദൂറുന്ന പ്രകൃതിദത്തമായ വിവിധതരം അച്ചാറുകളുടെയും കറിപ്പൊടികളുടെയും കൊണ്ടാട്ടങ്ങളുടെയും സ്വത സിദ്ധമായ സുഗന്ധം സദാ ഉയരുന്നു. പ്രകൃതി തന്നെ ഒരുക്കിയ ഒരു വിസ്മയ സുഗന്ധ വിരുന്ന്: അനന്യസാധാരണമായ ഈ സ്വാദിന്റെയും സുഗന്ധത്തിന്റെയും അകംപൊരുള്‍ തേടിയായിരുന്നു ഇത്തവണ എന്റെ യാത്ര.

ഇനി അല്പം ഫ്‌ളാഷ്

തിരുവേഗപ്പുറയ്ക്കടുത്ത് മൂര്‍ക്കനാട് പഞ്ചായത്തിലാണ് കക്കാട് മനയുടെ മൂലസ്ഥാനം. ഇവിടെ നിന്നാണ് ഇന്നത്തെ മനയുടെ പൂര്‍വികര്‍ 75 വര്‍ഷം മുന്‍പ് തിരുവേഗപ്പുറയിലെത്തുന്നതും. ഇവിടെ സ്ഥിരതാമസമാക്കുന്നതും. അഴകപ്പുറ മനയില്‍ നിന്നാണ് ഇന്ന് കാണുന്ന സ്ഥലവും മനയും ഇവര്‍ വാങ്ങിയത്. ഇവിടുത്തെ വാസുദേവന്‍ നമ്പൂതിരിക്കും ഉമാദേവി അന്തര്‍ജ്ജനത്തിനും  രണ്ട് ആണ്‍മക്കള്‍. ഒരാള്‍ ഫോട്ടോഗ്രാഫറാണ്- പേര് ഹരി. രണ്ടാമത്തെയാള്‍. രണ്ടു ദശാബ്ദം മുമ്പ് ഒറ്റപ്പാലം പാലപ്പുറത്ത് കീഴാനല്ലൂര്‍ മനയിലെ ജ്യോതിയെയാണ് ഹരി വേളി കഴിച്ച് കക്കാട് മനയിലേക്ക് കൊണ്ടുവരുന്നത്. പുരാണ മഹത്വം ഏറെ പറയാനുണ്ടായിരുന്ന കക്കാട്ടുമനയിലേക്ക് ജ്യോതിയുടെ വരവോടെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു. ബി.കോം ബിരുദധാരിയായ ജ്യോതിക്ക് നേരത്തെ വളാഞ്ചേരി മുത്തൂറ്റ് ബാങ്കില്‍ ജോലിയുണ്ടായിരുന്ന. അമ്മയ്ക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. 

ഭര്‍ത്താവ് ഹരിയുടെ അച്ഛന്‍ പരേതനായ വാസുദേവന്‍ നമ്പൂതിരി കടുമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു. കച്ചവടത്തിനു വേണ്ടിയായിരുന്നില്ല അതെങ്കിലും കേട്ടും അറിഞ്ഞും പലരും വളരെ താല്പര്യത്തോടെ കടുമാങ്ങ വാങ്ങാന്‍ മനയില്‍ വന്നിരുന്നു. അന്ന് മനയില്‍ പശുക്കള്‍ ഉണ്ടായിരുന്നു. ശുദ്ധമായ പശുവിന്‍ നെയ്യ് ഉരുക്കി കുപ്പിയില്‍ ആക്കി കൊടുക്കുന്ന പതിവുമുണ്ടായിരുന്നു. നമ്പൂതിരിയാണ് ഈ കൈപ്പുണ്യം യഥാര്‍ത്ഥത്തില്‍ കൈമാറിയത് മരുമകളായ ജ്യോതിയ്ക്കായിരുന്നു. 

വീട്ടുജോലി കഴിഞ്ഞ് വീണു കിട്ടുന്ന ഇടവേളകളില്‍ ജ്യോതിയും കടുമാങ്ങ തയ്യാറാക്കുന്നതിലും മറ്റും സഹായിക്കുന്നത് നമ്പൂതിരിക്കും അന്തര്‍ജ്ജനത്തിനും വലിയ ആശ്വാസമായി. അങ്ങനെയാണ് കുറേശ്ശെ ഇത് വിപുലീകരിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് പുതിയൊരു പ്രശ്‌നം. കടുമാങ്ങ മാത്രമായാല്‍ മുതലാകില്ലല്ലോ. നിത്യവരുമാന മാര്‍ഗ്ഗമാകണമെങ്കില്‍ വിപുലീകരിക്കാതെ തരമില്ല. 

' അങ്ങനെയാണ് ഞങ്ങള്‍ ഇത് വിപുലീകരിക്കുന്നത്....'  ജ്യോതി തുടര്‍ന്നു. 'സത്യത്തില്‍ ഇതൊക്കെ തയ്യാറാക്കുന്നതില്‍ അച്ചന് ഒരു പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു... എന്നാല്‍ അച്ഛന്‍ ഇതൊന്നും എങ്ങുനിന്നും പ്രത്യേകം പഠിച്ചിട്ടുമില്ല. എങ്ങോട്ടും പരിശീലനത്തിനു പോയിട്ടുമില്ല.' 

Jyothi

ഭാര്യ ഉമാദേവി അന്തര്‍ജ്ജനത്തിന്റെ കണക്കുകളായിരുന്നു വാസ്തവത്തില്‍ നമ്പൂതിരി അച്ചാറിനും മറ്റും ഉപയോഗിച്ചിരുന്നത്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 
'പാരമ്പര്യത്തനിമ നിലനിര്‍ത്തണം എന്ന് രണ്ടാള്‍ക്കും വലിയ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടു തന്നെ യാതൊരു വിധ രാസപദാര്‍ത്ഥങ്ങളും സംരക്ഷകങ്ങളും ഞങ്ങള്‍ ഉപയോഗിച്ചിരുന്നില്ല.അന്നും സത്യസന്ധത മാത്രമാണ് എന്നും ഇവിടുത്തെ മുതല്‍ക്കൂട്ട്.'

മലയാളിത്തനിമ നഷ്ടപ്പെടാത്ത വിഭവങ്ങള്‍ ആയിരിക്കണം തയ്യാറാക്കേണ്ടത്. അതും യാതൊരു വിധ കൃത്രിമ പദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ. മനയുടെ പേരിനും പെരുമയ്ക്കും ചേരാത്ത ഒരു ഉല്പന്നവും ഇവിടെ തയ്യാറാക്കാനോ ഇവിടെ നിന്ന് പുറത്ത്ു പോകാനോ പാടില്ല.

' ഇക്കാര്യം അച്ഛന് വലിയ നിര്‍ബന്ധമായിരുന്നു.' അങ്ങനെ വേളി കഴിച്ചെത്തിയ വീട്ടില്‍ രുചിക്കൂട്ടുകളുടെ ആകര്‍ഷകമായ ലോകത്തേക്ക് വലതുകാല്‍ വച്ചു കയറിയ ജ്യോതി ഭര്‍ത്തൃപിതാവായ നമ്പൂതിരിയുടെ മരണശേഷവും അദ്ദേഹത്തിന്റെ കൈപ്പുണ്യം കൈമോശം വരാതെ പിന്തുടര്‍ന്നു. ഒപ്പം അമ്മ ഉമാദേവി അന്തര്‍ജ്ജനവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് മിക്കവാറും രണ്ടു പേരുണ്ടാവും സ്ഥിരമായി. സീസണാകുമ്പോള്‍ എത്ര പേര്‍ ചെയ്താലും തീരാത്ത വിധം ജോലി വന്നു കയറും. ്അപ്പോള്‍ കൂടുതല്‍ പേരെ സഹായത്തിനു വയ്ക്കും. അങ്ങനെയാണ് കക്കാട്ടുമനയുടെ രുചിഭേദങ്ങള്‍ ഇന്ന് പുറം ലോകമറിയുന്നത്. 

thiruveegapuraവിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ അന്തര്‍ജ്ജനത്തിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. കറിപ്പൊടിയ്ക്കായാലും അച്ചാറിനായാലും എല്ലാം ചേരുവകള്‍ പണ്ടത്തെ കണക്കിലാണെടുക്കുക. ഇതിന് 'കണ്ണളവ്' എന്നാണ് പറയുക. കുറച്ച് ഉല്‍പന്നങ്ങള്‍ മാത്രം തയ്യാറാക്കുമ്പോള്‍ ഈ 'കണ്ണളവ്' മതിയാകും. നാഴിയും ഉരിയും ഇടങ്ങഴിയും. എന്നാല്‍ ഉല്‍പന്നങ്ങളും ആവശ്യക്കാരും ക്രമാനുഗതമായി വര്‍ദ്ധിച്ചതോടെ 'കണ്ണളവി' ന്റെ സ്ഥാനം ഗ്രാമും കിലോഗ്രാമും ഒക്കെ അപഹരിക്കാന്‍ തുടങ്ങി. 

അന്തര്‍ജ്ജനത്തിന്റെ അച്ഛനമ്മമാരും വളളുവനാടന്‍ നമ്പൂതിരിമാരുടെ ഇഷ്ടവിഭവങ്ങളായ കടുമാങ്ങയും അടമാങ്ങയും ഉലുവായ് മാങ്ങയും ഒക്കെ ധാരാളം ഉണ്ടാക്കുക പതിവായിരുന്നു. അതിനൊക്കെ അന്ന് സാമാന്യം നല്ല ഡിമാന്റും ആയിരുന്നു. ഒരര്‍ത്ഥത്തില്‍ ഈയൊരു പാരമ്പര്യവും കക്കാട് മനയുടെ രുചിഭേദങ്ങള്‍ക്ക് ശക്തമായ അടിത്തറ പാകി എന്നു പറയുന്നതാവും ഏറെ ശരി. ഇന്നിപ്പോള്‍ ജ്യോതിയും അന്തര്‍ജ്ജനവും ചേര്‍ന്നാല്‍ മലയാളിത്തനിമയുടെ കൊതിയൂറുന്ന രുചിഭേദങ്ങള്‍ എത്രയെങ്കിലും ഇവിടെ നിത്യവും പിറക്കുന്നു. 

മാങ്ങയുടെ തന്നെ വകഭേദങ്ങളും കടുമാങ്ങ, ചെത്ത് മാങ്ങ, ഉണക്കിയ മാങ്ങ കൊണ്ട് തയ്യാറാക്കുന്ന എരിമാങ്ങ, മൂത്തമാങ്ങ ഒന്നിച്ചെടുത്ത് ഉലുവായ് മാങ്ങ, അടമാങ്ങ, ഉപ്പുമാങ്ങ തുടങ്ങിയവ ഒരു വശത്ത്.വറുത്ത നാരങ്ങ, വറുത്ത നെല്ലിക്ക, വെളുത്തുളളി, ജാതിക്ക അച്ചാറുകള്‍; കടുകുനെല്ലിക്ക വേറെ. സാമ്പാര്‍ പൊടി, രസപ്പൊടി, ചട്ണിപൊടി, ചമ്മന്തിപ്പൊടി ഒരു ഭാഗത്ത്. വിവിധതരം കൊണ്ടാട്ടങ്ങളുടെ ഒരു മേളമാണിവിടെ. ഇതില്‍ കപ്പ, പയര്‍, എടയൂര്‍ മുളക് കൊണ്ടാട്ടങ്ങളും ഉണ്ണിത്തണ്ട് കൊണ്ടാട്ടം, അരിക്കൊണ്ടാട്ടം, ചക്കക്കൊണ്ടാട്ടം എന്നിവ വേറെ. കൂടാതെ അരിപ്പപ്പടവും ചക്കപ്പപ്പടവും, ചക്കവരട്ടിയുമുണ്ട്.

jyothi Pickle

' വിശ്വസ്തരായ കര്‍ഷകരില്‍ നിന്നാണ് സാധനങ്ങള്‍ എപ്പോഴും വാങ്ങാറ്.....' ജ്യോതി പറയുന്നു. അന്നും ഇന്നും വ്യാപകമായ വില്പനയൊന്നുമില്ല മൂന്നു നാലു കടകളില്‍ മാത്രമാണ് സ്ഥിരമായി വിഭവങ്ങള്‍ നല്‍കുന്നത്. ബാക്കിയൊക്കെ ഇതിന്റെ സ്വാദും മേന്മയും ഗുണവും നമ്മയും കേട്ടറിഞ്ഞ് നേരിട്ട് ഇവിടെത്തന്നെ വാങ്ങാനെത്തുന്നവരാണ് ഏറെയും. 
വിഭവങ്ങളില്‍ കടുമാങ്ങയ്ക്ക് ആവശ്യക്കാരേറെ. പലപ്പോഴായി ഏതാണ്ട് ആയിരം കിലോയോളം കടുമാങ്ങ തയ്യാറാക്കാറുണ്ട്. 

' ലഭ്യതയും സീസണും നോക്കിയാണിത് ചെയ്യുക. ഉദാഹരണത്തിന് 50 കിലോ നല്ല മാങ്ങ കിട്ടിയാല്‍ കടുമാങ്ങ ഇടും. പിന്നെ കിട്ടുന്നത് പിന്നാലെ ഇടും. ഇങ്ങനെ ഓരോന്നും പ്രത്യേകം തീയതി എഴുതി വലിയ ഭരണികളില്‍ നല്ലെണ്ണത്തുണികൊണ്ട് കെട്ടി മൂടി സൂക്ഷിക്കുകയാണ് പതിവ്. പൂപ്പലുണ്ടാകുകേയില്ല' . 250 കിലോ നാരങ്ങ, 300 കിലോ നെല്ലിക്ക എന്നിവയും തയ്യാറാക്കാറുണ്ട്. ആദ്യം തയ്യാറാക്കുന്ന ഉല്‍പന്നങ്ങളാണ് ആദ്യം പരുവമാകുക. ആവശ്യക്കാര്‍ക്ക് ആദ്യം കൊടുക്കേണ്ടതും ഇതു തന്നെ. 100 കിലോ എങ്കിലും കൊണ്ടാട്ടം ചെലവാകും.

ജ്യോതിയുടെ ഭര്‍ത്താവ് ഹരി പ്രഗത്ഭനായ ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. പാരമ്പര്യത്തിന്റെ കൈപ്പുണ്യവും രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന വളളുവനാടിന്റെ തനിമയാര്‍ന്ന സ്വാദും ചേരുവകളാക്കി ജ്യോതി കക്കാട്ടുമനയില്‍ പൈതൃകരുചിയുടെ ഒരു പുതിയ ലോകം തീര്‍ക്കുകയാണ്. വിവരണവും തയ്യാറിപ്പു രീതികളും അറിഞ്ഞപ്പോള്‍ കക്കാട്ടുമനയുടെ വിഭവങ്ങള്‍ വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. തനതായ സ്വാദും സുഗന്ധവും നിറഞ്ഞ ഉല്പന്നങ്ങള്‍ വാങ്ങി യാത്ര പറയുമ്പോള്‍ നേരം വൈകിയിരുന്നു. അപ്പോഴേക്കും അടുത്ത തയ്യാറിപ്പിനുളള കൂട്ടുകള്‍ ഒരുക്കാനുളള തിരക്കിലായി ജ്യോതിയും ഉമാദേവി അന്തര്‍ജ്ജനവും.  

സുരേഷ് മുതുകുളം, എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox