Features

തലസ്ഥാനം ഒരുങ്ങുന്നു; കനകോത്സവം ഏപ്രില്‍ 5 മുതല്‍

kanokotsan
തിരുവനന്തപുരം: അവധിക്കാലം വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഉത്സവമാക്കാനായി കനകക്കുന്ന് ഒരുങ്ങുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ 15 വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന 'കനകോത്സവ'മാണ് വമ്പന്‍ ആഘോഷങ്ങളൊരുക്കി കാണികളെ കാത്തിരിക്കുന്നത്. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടിന്റെ ചരിത്രാഖ്യാനമായ ദേശീയ മാധ്യമ എക്‌സിബിഷന്‍ ഏപ്രില്‍ 5 ന് വൈകിട്ട് 6 മണിക്ക് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. സിനിമാതാരങ്ങളുടെ നൃത്തോല്‍സവം, ദേശീയ പക്ഷിമൃഗ പ്രദര്‍ശനം, ചക്ക മഹോല്‍സവം, മാമ്പഴ ഫെസ്റ്റ്, വാഴ മഹോത്സവം, അലങ്കാര മല്‍സ്യ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സ്‌പോ, ബാലഭാസ്‌ക്കര്‍ സ്മാരക ബാന്‍ഡ്ഡി.ജെ മല്‍സരങ്ങള്‍, ദേശീയ ഫോട്ടോഗ്രാഫി മല്‍സരം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് കനകോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. 

ആകാശവാണിയുടെയും,  വിഎസ്എസ്‌സിയുടെയും സ്റ്റാളുകള്‍ വ്യത്യസ്തത പുലര്‍ത്തും. കൂടാതെ ഇന്ത്യന്‍ ആര്‍മിയുടെ സ്റ്റാള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജും ശ്രീ ചിത്ര മെഡിക്കല്‍ സെന്ററും അണിയിച്ചൊരുക്കുന്ന മെഡിക്കല്‍ എക്‌സ്‌പോ തുടങ്ങിയവ കാഴ്ചക്കാര്‍ക്കു പുതിയ അനുഭവമാകും. ഇതിനു പുറമേ മാധ്യമ ഫോട്ടോ  കാര്‍ട്ടൂണ്‍ എക്‌സിബിഷനുകളും ഒരുക്കുന്നുണ്ട്. 

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈബര്‍ ഡോം ഒരുക്കുന്ന സ്റ്റാള്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും അവയുടെ വ്യാപ്തിയെക്കുറിച്ചും വിശദമാക്കും. പോലീസ് മ്യൂസിയം പുനരാവിഷ്‌കരിക്കും. നിയമസഭ, ഇലക്ഷന്‍ കമ്മീഷന്‍, ദുരന്ത നിവാരണ അതോറിറ്റി, വനം, പുരാവസ്തു, തപാല്‍ തുടങ്ങിയ വിഭാഗങ്ങളുടെ പവലിയനും അറിവും ആനന്ദവും പകര്‍ന്നു നല്‍കുന്നതാകും. വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കലാകാലങ്ങളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ബി.എസ്.എന്‍.എല്‍ പവലിയന്‍ മറ്റൊരാകര്‍ഷണമാവും. വര്‍ത്തമാന പത്രങ്ങള്‍ അച്ചടിച്ചിരുന്ന കല്ലച്ച് മുതല്‍ ആധുനിക അച്ചടി സംവിധാനങ്ങള്‍ വരെ പരിചയപ്പെടുത്തുന്ന മാധ്യമ ചരിത്ര പ്രദര്‍ശനം, അഖിലേന്ത്യാ ഫോട്ടോഗ്രഫി മത്സരം, കാലത്തിന്റെ സ്പന്ദനമുള്‍ക്കൊള്ളുന്ന കലാവിരുന്നുകള്‍ എന്നിങ്ങനെയുള്ള പരിപാടികളാണ് മേളയിൽ ഉണ്ടാകുക. 
 
പക്ഷി  മൃഗ  മത്സ്യ പ്രദര്‍ശനം
 
അത്യപൂര്‍വ്വവും വിസ്മയകരവുമായ ഇരുനൂറിലേറെ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനവും  വിപുലമായ അക്വാ ഷോയും ഒരുക്കിയിട്ടുണ്ട്.
 
തെരഞ്ഞെടുപ്പ് ചൂട് കനകക്കുന്നിലും
 
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി വി പാറ്റ് സംവിധാനമുള്‍പ്പെടെ പരിചയപ്പെടുത്തുന്ന ഇലക്ഷന്‍ കമ്മീഷന്റെ പവലിയന്‍ കൂടാതെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഫോട്ടോ വാക്ക്, സ്ഥാനാര്‍ത്ഥികളുമായി മുഖാമുഖം, എന്നിവയുമുണ്ട്. വാര്‍ത്താ ചാനലിലെ പ്രമുഖ അവതാരകരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ചാനലുകളിലെ ആക്ഷേപ ഹാസ്യ രാഷ്ട്രീയ പരിപാടികള്‍ക്ക് കനകക്കുന്ന് വേദിയാകും.  
 
മുതുകാടും ദിവ്യ ഉണ്ണിയും വീല്‍ചെയര്‍ ഡാന്‍സും
 
മജീഷ്യന്‍ മുതുകാട് നയിക്കുന്ന രണ്ടര മണിക്കൂര്‍ നീളുന്ന മുതുകാട് നൈറ്റ്, ദിവ്യ ഉണ്ണിയുടെയും ശാരദാ തമ്പിയുടെയും നൃത്തം, മജീഷ്യന്‍ സാമ്രാജിന്റെ ബോംബ് എസ്‌കേപ്പ്, ഇന്ദ്ര അജിത് അവതരിപ്പിക്കുന്ന മെഴുകുതിരി മാജിക്, ഡല്‍ഹിയിലെ ആമാദ് സെന്റര്‍ അവതരിപ്പിക്കുന്ന വീല്‍ചെയര്‍ ഡാന്‍സ്, കോമഡി ഉത്സവം, പൂതപ്പാട്ട്, ലെനിന്‍ സ്മൃതി ഗാനമേള എന്നീ കലാപരിപാടികള്‍ കനകോത്സവത്തില്‍ അരങ്ങേറും. മാജിക് പ്ലാനറ്റില്‍ നിന്നുള്ള തെരുവ് മാന്ത്രികരുടെ മിന്നും പ്രകടനങ്ങള്‍ നിത്യേന അരങ്ങേറും. 

നാഷണല്‍ ഫോട്ടോഗ്രഫി മത്സരം
 
അകാലത്തില്‍ വേര്‍പിരിഞ്ഞ മാധ്യമ ഫോട്ടോഗ്രാഫര്‍മാരായ എസ്. എസ്. റാമിന്റെയും എസ്. ഹരിശങ്കറിന്റെയും പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആര്‍. എസ്. അയ്യര്‍, സുജിത് വാസുദേവ് എന്നിവരാണ് വിധികര്‍ത്താക്കള്‍.

ബാലഭാസ്‌കര്‍ സ്മാരക ബാന്‍ഡ് മത്സരം
 
ബാലഭാസ്‌കറിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ബാന്‍ഡ് മത്സരത്തിലേക്ക് ലഭിച്ച 48 എന്‍ട്രികളില്‍ നിന്ന് ജൂറി തിരഞ്ഞെടുത്ത 10 ടീമുകള്‍ ഏപ്രില്‍ 5 മുതല്‍ 15 വരെ കനകക്കുന്നിലെ സ്‌റ്റേജില്‍ മാറ്റുരയ്ക്കും. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കും

Share your comments