Features

കപ്പകൃഷിയില്‍ നൂറുമേനിയുടെ വിജയഗാഥ

കഴിഞ്ഞ പതിനേഴ് വര്‍ഷമായി കപ്പ കൃഷിയിലൂടെ ലാഭം കൊയ്യുകയാണ് വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശിയായ കുട്ടന്‍ നാടാര്‍ എന്ന കര്‍ഷകന്‍. കോട്ടുകുന്നം 1, കോട്ടുകുന്നം 2, കൊട്ടാരക്കര ഉമ്മന്‍ തുടങ്ങിയ മൂന്ന് വ്യത്യസ്ത ഇനം കപ്പയാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ഒന്‍പത് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, കരിമ്പ് തുടങ്ങിയവ ഉണ്ടെങ്കിലും കപ്പകൃഷിയാണ് ഏറ്റവുധികം. ഏകദേശം അഞ്ചര ഏക്കര്‍ സ്ഥലത്താണ് കപ്പകൃഷി നടത്തുന്നത്. 

കോഴിവളം, ചാണകം കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം തുടങ്ങി പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിപണിയിലെ വില മാറുന്നതിനനുസരിച്ച് ഇടയ്ക്ക് നഷ്ടം സംഭവിക്കാറുണ്ടെങ്കിലും അതൊന്നും ഈ കര്‍ഷകനെ തളര്‍ത്തുന്നില്ല. 

kuttan nadar

ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, നെടുമങ്ങാട് വേള്‍ഡ് മാര്‍ക്കറ്റ്, പ്രാദേശിക ചന്തകള്‍ എന്നിവയിലൂടെയാണ് പ്രധാനമായും കപ്പ വില്‍ക്കുന്നത്. കപ്പയോടൊപ്പം നടാനുള്ള കപ്പതണ്ടും ഇദ്ദേഹം വില്‍ക്കുന്നുണ്ട്. കപ്പ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കുട്ടന്‍ നാടാര്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് അടുക്കളത്തോട്ടത്തിലും ഗ്രോബാഗില്‍ ടെറസിലും കപ്പ നടാമെന്ന് പറയുന്നു. മികച്ച തരം ഗ്രോബാഗില്‍ പഴകിയ കോഴി വളവും ചകിരിച്ചോറും അടങ്ങിയ മണ്ണില്‍ കപ്പ നട്ട് മികച്ച വിളവ് നേടാം. സ്ഥലപരിമിതിയുള്ളവര്‍ക്ക് പോര്‍ച്ചിലും മറ്റും ഇത്തരത്തില്‍ ഗ്രോബാഗ് കപ്പ നട്ട് മികച്ച വിളവുണ്ടാക്കാനാകും. ഗ്രോ ബാഗില്‍ നടുന്ന കപ്പയ്ക്ക് കള പറിക്കേണ്ട ആവശ്യമില്ല. കുറച്ച് വെള്ളം ഒഴിച്ചാല്‍ തന്നെ ദിവസങ്ങള്‍ ഗ്രോ ബാഗില്‍ ദിവസങ്ങള്‍ ഈര്‍പ്പം നിലനില്‍ക്കുന്നതില്‍ ജലക്ഷാമമുള്ളയിടങ്ങളിലും ഇത്തരം കൃഷി അനുയോജ്യമാണ്. 

കപ്പയ്ക്ക് കയ്പ്പ് ഇല്ലാതാക്കാന്‍ കുറച്ച് കമ്മായം രണ്ട് തവണ തണ്ടില്‍ നിന്നും കുറച്ച് അകലെയായി വിതറണം. പന്നി, പെരുച്ചാഴി, എലി തുടങ്ങിയ ജീവികളുടെ ഉപദ്രവവും ഗ്രോ ബാഗ് കപ്പയ്ക്ക് ഉണ്ടാകുന്നില്ലെന്നതും പ്രത്യേകതയാണ്. നനയ്ക്കല്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പരിഗണന ലഭിക്കുന്നതിനാല്‍ ഏതു കാലത്തും ഗ്രോബാഗില്‍ കപ്പ നട്ട് മികച്ച വിളവ് നേടാം. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ധൈര്യമായി ഗ്രോബാഗില്‍ കപ്പ നട്ടു കൊള്ളൂ, മികച്ച വിളവ് ഉറപ്പാണ്.

മലയാളിയുടെ പ്രിയപ്പെട്ട ആഹാരങ്ങളില്‍ ഒന്നാണ് കപ്പ. മരച്ചീനി, പൂള, കൊള്ളി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ് കപ്പ അറിയപ്പെടുന്നത്.  ഭക്ഷ്യക്ഷാമം രൂക്ഷമായ കാലത്ത് കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഒഴിവാക്കിയത് കപ്പക്കൃഷിയായിരുന്നു. എന്നാല്‍ നാട് പുരോഗമിച്ചതോടെ മരച്ചീനിയുടെ പ്രതാപം നഷ്ടമായി. ഒടുവില്‍ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെ മരച്ചീനി വീണ്ടും അടുക്കളകളില്‍ സജീവമായി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മെനുവിലും പ്രധാന ഇനമാണിന്ന് മരച്ചീനി വിഭവങ്ങള്‍. കനകക്കുന്നില്‍ നടക്കുന്ന ദേശീയ കപ്പ മേളയില്‍ കുട്ടന്‍ നാടാരുടെ കപ്പ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ എട്ട് വരെയാണ് മേള.
 

English Summary: kappa mahotsavam

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine