<
Features

കാര്‍ഷിക സര്‍വ്വകലാശാല ഹൈടെക് ഗവേഷണ പരിശീലന കേന്ദ്രം: വേണം ഒരു കൈത്താങ്ങ്

r

അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും അനേകം പുരസ്‌കാരങ്ങല്‍ നേടി ശ്രദ്ധേയമായ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഹൈടെക് ഗവേഷണ പരിശീലന കേന്ദ്രം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. കൃഷി ഇടങ്ങള്‍ തീരെ കുറവുള്ള കേരളത്തില്‍ അപ്രതീക്ഷിത മഴയും കടുത്ത കാലാവസ്ഥാ വ്യതിയാനവുമാണ് നാമിന്നു കാണുന്നത്. ഇതിനെ അതിജീവിച്ച് കൃഷി മുന്നോട്ടുപോകണമെങ്കില്‍ ഹൈടെക് കൃഷിരീതിയില്‍ ഗവേഷണവും പരിശീലനവും അനിവാര്യമാണ്. ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഹൈടെക് കൃഷിക്ക് കഴിയും. ഈ രംഗത്ത് മുന്‍പേ പറക്കുന്ന പക്ഷിയായിരുന്നു ഡോക്ടര്‍ സുശീല. അവര്‍ പരിശീലനം നല്‍കിയവരാണ് കേരളത്തില്‍ ഭൂരിപക്ഷം ഹൈടെക് കര്‍ഷകരും. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും സര്‍വ്വകലാശാലയും തുടക്കത്തില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ്. സര്‍വ്വകലാശാലയുടെ കാമ്പസിലാണ് സ്ഥാപനം നിലനില്‍ക്കുന്നതെങ്കിലും ഡോക്ടര്‍ സുശീലയുടെ ശമ്പളം നല്‍കുന്നതിനപ്പുറം സര്‍വ്വകലാശാലയുടെ യാതൊരു സഹായവും ഇപ്പോള്‍ സ്ഥാപനത്തിന് ലഭിക്കുന്നില്ല. സര്‍ക്കാരുകളും നിസംഗതയോടെയാണ് ഈ സ്ഥാപനത്തെ നോക്കിക്കാണുന്നത്.

ഡോക്ടര്‍ സുശീലയുടെ അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കാന്‍ ഒരു അഗ്രികള്‍ച്ചര്‍ എന്‍ജിനീയറെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുക എന്നതാണ് ഈ സ്ഥാപനം നിലനില്‍ക്കാന്‍ അടിയന്തിരമായി ചെയ്യേണ്ടത്.പരിശീലന കേന്ദ്രം നിലനിര്‍ത്തിക്കൊണ്ടു പോകാനും ഗവേഷണവും പരിശീലനവും വ്യാപിപ്പിക്കാനും ആവശ്യമായ ഫണ്ടും അനുവദിക്കേണ്ടതുണ്ട്. ഇപ്പോള്‍ കേന്ദ്രത്തില്‍ തൊഴിലെടുക്കുന്നവരുടെ ശമ്പളവും എസ്റ്റാബ്ലിഷ്‌മെന്റ് ചിലവുകളും പരിശീലത്തില്‍ നിന്നും ലഭിക്കുന്ന ഫീസ് ഉപയോഗിച്ച് നടത്തിക്കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ബുദ്ധിയും അധ്വാനവും ക്രിയാത്മകമായി വിനിയോഗിക്കേണ്ട ഒരു ഗവേഷക ദൈനംദിനചിലവുകള്‍ നടത്തി സ്ഥാപനം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ആധിയിലാണെങ്കില്‍ ക്രിയേറ്റിവിറ്റി എത്രമാത്രം നഷ്ടമാകും എന്ന് അഞ്ചുവര്‍ഷം മുന്നെ സ്ഥാപനം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് മനസിലാവും.

 

ഹൈടെക് കേന്ദ്രത്തിന്റെ പിറവി

2011 ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പന്ത്രണ്ടാം പദ്ധതിയിലേക്ക് വിവിധ വകുപ്പുകളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. ജല മാനേജ്‌മെന്റ് ഗവേഷണ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ സുശീല ജോലി ചെയ്തിരുന്നത്. സൂക്ഷ്മജലസേചന ഫെര്‍ട്ടിഗേഷനിലെ നൂതന സംവിധാനങ്ങളായിരുന്നു ആസൂത്രണ ബോര്‍ഡ് ചെയ്യാനാഗ്രഹിച്ചത്. എന്നാല്‍ കേരളത്തില്‍ ഹൈടെക് കൃഷി കൊണ്ടുവരണം എന്ന് ഡോക്ടര്‍ സുശീല നിര്‍ദ്ദേശിച്ചു. കേരളത്തിന് ഹൈടെക് ഫാം ആവശ്യമില്ല എന്നതായിരുന്നു ആദ്യ പ്രതികരണം.കൃഷിഭൂമി കുറയുന്ന,മഴ കൂടുന്ന, കാലാവസ്ഥ പ്രവചനാതീതമാകുന്ന കേരളത്തിന് ഹൈടെക് തന്നെയാണ് ആവശ്യം എന്ന വാദത്തില്‍ സുശീല ഉറച്ചു നിന്നു. പത്ത് വര്‍ഷം മുന്‍പ് ജോലി ചെയ്യാന്‍ തമിഴ്‌നാട്ടുകാരുണ്ടായിരുന്നു. അവര്‍ക്ക് സര്‍ക്കാര്‍ എല്ലാം സൗജന്യമായി നല്‍കിയതോടെ അവര്‍ വരാതായി. ഇപ്പോള്‍ ബംഗാളികളുടെ വരവായി. അവര്‍ക്കും സൗജന്യമായി എല്ലാം ലഭിച്ചു തുടങ്ങിയാല്‍ കേരളത്തില്‍ ആര് കൃഷി ചെയ്യും.തൊഴിലാളികളുടെ അഭാവം കൊണ്ടുതന്നെ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളം കൃഷിയില്ലാ സംസ്ഥാനമായി മാറും എന്നവര്‍ വാദിച്ചു.

ആ വാദം ഫലം കണ്ടു. ആസൂത്രണ ബോര്‍ഡ് ഹൈടെക് ഗവേഷണ പരിശീലനത്തിന് എട്ടു ലക്ഷം രൂപ അനുവദിച്ചു. 1.2 ലക്ഷം രൂപ ഇത് സംബ്ബന്ധിച്ച പുസ്തകം പ്രസിദ്ധീകരിക്കാനും ബാക്കി തുക കേന്ദ്രം തുടങ്ങാനും. സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെകും അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗില്‍ എംടെകും ഹൈടെക് കള്‍ട്ടിവേഷനില്‍ പിഎച്ച്ഡിയുമുളള ഒരു ഗവേഷകയുടെ ആത്മവിശ്വാസത്തിന് കിട്ടിയ അംഗീകാരമായിരുന്നു അത്. തുടര്‍ന്ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ദേശീയ വര്‍ക്ക് ഷോപ്പില്‍ ദേശീയ തലത്തില്‍ പ്രഗത്ഭരായ കൃഷി ശാസ്ത്രജ്ഞന്മാരും ഉന്നത ഉദ്യോഗസ്ഥരും കര്‍ഷകരും മാനുഫാക്ചറേഴ്‌സും പങ്കെടുത്തു. വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എം.മാണി കേരളം കാര്‍ഷിക മേഖലയില്‍ നടത്തുന്ന വലിയൊരു കാല്‍വയ്പ്പാണിത് എന്നഭിപ്രായപ്പെട്ടു. കൃഷിയിലും കേരളം ഇന്ത്യയ്ക്ക് മാതൃകയാവാന്‍ പോവുകയാണ് എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. തുടര്‍ന്ന് ദൂരദര്‍ശനും രണ്ടു ദിവസം നീണ്ടുനിന്ന സെമിനാര്‍ നടത്തി. കേരളത്തിന്റെ ബജറ്റില്‍ ഹൈടെക് ഫാമിംഗിന് നല്ലൊരു തുകയും മാറ്റിവച്ചു.

 

പദ്ധതികള്‍ താളം തെറ്റുന്നതെങ്ങിനെ

ഇതുവരെയും എല്ലാം ഭംഗിയായി മുന്നോട്ടുപോയി. എന്നാല്‍ പോളി ഫാമിന്റെ നിര്‍മ്മാണത്തിന് 75% സബസിഡി നിശ്ചയിച്ചതോടെ കാര്യങ്ങള്‍ അവതാളത്തിലായി. പിന്നെ എല്ലാ കണ്ണുകളും സബ്‌സിഡിയില്‍ മാത്രമായി. നിര്‍മ്മാണ കമ്പനികളും ധാരാളമായി രംഗത്തെത്തി. സുശീലയുടെ പദ്ധതി വളരെ വ്യത്യസ്തമായിരുന്നു. ആദ്യം ഒന്നോ രണ്ടോ ജില്ലയിലെ ഒന്നോ രണ്ടോ ബ്ലോക്കുകളില്‍ 25 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത്് പോളി ഹൗസ് ഫാമിംഗ് തുടങ്ങുക. ഇവിടെ കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുക. അവരെ മാസ്റ്റര്‍ പരിശീലകരാക്കി സാവധാനത്തില്‍ ഹൈടെക് കൃഷി വ്യാപിപ്പിക്കുക. എന്നാല്‍ ഒരു ജനകീയ സര്‍ക്കാരിന്റെ പദ്ധതി പ്രവര്‍ത്തനം എപ്പോഴും കടലില്‍ കായം കലക്കിയ മാതിരിയാവും. ഇവിടെയും അതുതന്നെ സംഭവിച്ചു. 75% സബ്‌സിഡി പ്രഖ്യാപിച്ച പോളി ഹൗസുകള്‍ ഒരു പഞ്ചായിത്തില്‍ മൂന്ന് എന്ന നിലയില്‍ വീതിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഇത് ഹൈടെക് കൃഷിയെ കുറിച്ച് ധാരണയുള്ളവര്‍ക്കോ ആഗ്രഹമുള്ളവര്‍ക്കോ അല്ല ലഭിച്ചത് എന്നതാണ് ദാരുണം. പോളിഫാം നിര്‍മ്മിക്കാനായി സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും പ്രൊഫഷണലായിരുന്നില്ല. പോളിഫാം ക്രമേണ കണ്‍വെര്‍ട്ട് ചെയ്ത് തൊഴുത്തോ കാര്‍ പോര്‍ച്ചോ ആക്കാം എന്നു കരുതിയവരും അങ്ങിനെ ചെയ്തവരും പോലുമുണ്ടായി. മറ്റെല്ലാ കൃഷികളുമുണ്ട്, ഒപ്പം ഇതുകൂടിയായാല്‍ കൃഷി അവാര്‍ഡ് ലഭിക്കാം എന്നു കണക്കുകൂട്ടിയവര്‍, പബ്‌ളിസിറ്റിക്കായി പോളി ഹൗസ് തുടങ്ങിയവര്‍, അങ്ങിനെ നിരവധി. പോളിഫാം സ്ട്രക്ചറില്‍ ഗവേഷണം നടത്തിയ സുശീല നല്‍കിയ സ്‌പെസിഫിക്കേഷനെല്ലാം കമ്പനികളുടെ സൗകര്യാര്‍ത്ഥം മാറ്റി. ഉദ്യോഗസ്ഥരും മാനുഫാക്ചറേഴ്‌സും അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തിയ ഫാമുകള്‍ മോശമായ നിര്‍മ്മാണത്തിന് ഉദാഹരണങ്ങളായിരുന്നു. ഇതിന്റെ ഇവാലുവേഷന്‍ കമ്മറ്റിയിലും പോളിഫാമിനെകുറിച്ച് അറിവില്ലാത്തവരായിരുന്നു അംഗങ്ങള്‍. ചുരുക്കത്തില്‍ 95% ഫാമുകളും തെറ്റായ നിര്‍മ്മാണരീതിയിലുള്ളവയായി. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ മാത്രം കൃഷി ചെയ്യേണ്ടിടത്ത് ഏഴുമീറ്റര്‍ വരെ വള്ളികള്‍ പടര്‍ത്തിവിട്ട ദുരവസ്ഥ നേരിട്ടു കാണേണ്ടിവന്നു സുശീലയ്ക്ക്.

 

സബ്‌സിഡി

ഏതൊരു പദ്ധതിയും പരാജയപ്പെടുന്നത് സബ്‌സിഡി തെറ്റായ നിലയില്‍ നടപ്പിലാക്കുന്നതുകൊണ്ടാണ്. നന്നായി കൃഷി ചെയ്യുന്നവര്‍ സബ്‌സിഡിക്കായി കാത്തിരിക്കില്ല. സബ്‌സിഡി വാങ്ങുന്നവര്‍ നന്നായി കൃഷി ചെയ്യുകയുമില്ല. കൃഷിയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇതാണ് സത്യമായ അനുഭവം. ആദ്യ കാലത്ത് വളരെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പശുക്കളെ നല്‍കിയിരുന്നു. എന്നാല്‍ അവയ്ക്ക തീറ്റ കൊടുക്കാനുളള പണമില്ലാത്തതിനാല്‍ അവര്‍ക്കവരെ പോറ്റാന്‍ കഴിഞ്ഞില്ല. പിന്നീട് പശുക്കളെ പോറ്റാനുള്ള സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്കാണ് പശുക്കളെ നല്‍കിയത്. ഇവിടെയും 75% സബ്‌സിഡിക്കു പകരം 20% സബ്‌സിഡി നല്‍കി ബാക്കി പ്രൊഡക്ഷന്‍ ബേസ്ഡ് സബ്‌സിഡി ആക്കിയിരുന്നെങ്കില്‍ ഒരു പരിധിവരെയെങ്കിലും വിജയിച്ചേനെ. അനര്‍ഹരുടെ തള്ളിക്കയറ്റം കുറയ്ക്കാന്‍ കഴിഞ്ഞേനെ. ഒരു ഫാമില്‍ നിന്നും ഒരു ടണ്‍ ഉത്പ്പാദിപ്പിക്കുന്നവന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സബ്‌സിഡി രണ്ട് ടണ്‍ ഉത്പ്പാദിപ്പിക്കുന്നവന് ലഭിക്കും എന്നു വരുമ്പോള്‍ കൃത്യമായ മേല്‍നോട്ടമുണ്ടാവും. ഇന്ത്യയെപോലുള്ള ഇടങ്ങളില്‍ സബ്‌സിഡി പൂര്‍ണ്ണമായും ഒഴിവാക്കുകയോ പ്രൊഡക്ഷന്‍ ബേസ്ഡ് സബ്‌സിഡി കൊണ്ടുവരുകയോ ചെയ്യുന്നതാണ് അഭികാമ്യം.

പണം ഈടാക്കി മാത്രം പരിശീലനം

സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പരിശീലനങ്ങള്‍ പലപ്പോഴും പ്രഹസനങ്ങളായി മാറാറുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി പോകുമ്പോള്‍ മൂന്നിലൊന്നു പേരും പിരിഞ്ഞു പോകും. പിന്നെ ചായ കഴിയുന്നതോടെ കുറേപേര്‍ പോകും,ഊണു കഴിഞ്ഞാല്‍ പകുതിയിലേറെ പേരും പോയിട്ടുണ്ടാകും. രണ്ടു ദിവസത്തെ പരിശീലനമാണെങ്കില്‍ ഇന്നു വന്നവര്‍ നാളെയുണ്ടാവില്ല, പുതിയ ആളുകള്‍ വരും. ഇതില്‍ പലരും വരുന്നത് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കൊണ്ടു മാത്രമായിരിക്കും. ആദ്യമൊക്കെ ഹൈടെക് പരിശീലനവും സൗജന്യമായിരുന്നു. 35-40 പേര്‍ക്കുളള പരിശീലനത്തിന് 500 അപേക്ഷകരുണ്ടാവും. ഇതില്‍ ഭൂരിപക്ഷവും വെറുതെ സമയം ചിലവഴിക്കാന്‍ വന്നവരാണ് എന്നു കണ്ടെത്തിയതോടെയാണ് ഫീസ് ഈടാക്കി മാത്രം പരിശീലനം എന്ന സമീപനം കൈക്കൊണ്ടത് . ഇത് വലിയ വിജയമായി.

ഹൈടെക് കിച്ചന്‍ ഗാര്‍ഡന്‍,അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് , ടെറേറിയം, ടയര്‍ ഗാര്‍ഡനിംഗ്, ബയോഫെര്‍ട്ടിലൈസര്‍ നിര്‍മ്മാണം, ബയോ പെസ്റ്റിസൈഡ് നിര്‍മ്മാണം,ഹൈടെക് മഷ്‌റൂം കള്‍ട്ടിവേഷന്‍ എന്നിവയിലാണ് കേന്ദ്രം പ്രധാനമായും പരിശീലനം നല്‍കുന്നത്.ഇതുവരെ 1260 പരിശീലനങ്ങള്‍ നല്‍കി കഴിഞ്ഞു . അക്വാപോണിക്‌സും ഹൈഡ്രോപോണിക്‌സും ജനകീയമാക്കുന്നതില്‍ കേന്ദ്രം നിര്‍ണ്ണായക പങ്ക് വഹിച്ചു. സ്ഥാപനത്തില്‍ നടക്കുന്ന പരിശീലനത്തിന് സാധാരണക്കാര്‍ മാത്രമല്ല വളരെ വിദ്യാഭ്യാസമുള്ളവരും ചെറുപ്പക്കാരും വരുന്നുണ്ട്. അടുക്കളത്തോട്ട പരിശീലനത്തിന് 1000 രൂപ, അക്വാപോണിക്‌സിനും ഹൈഡ്രോപോണിക്‌സിനും 3000 രൂപ, ടെറേറിയയം (ചെറിയ ഗ്ലാസ്പാത്രത്തില്‍ ഗാര്‍ഡന്‍ സെറ്റു ചെയ്യുന്ന രീതി ) 1000രൂപ, ഹൈടെക് മഷ്‌റൂം കള്‍ട്ടിവേഷന്‍- 500 രൂപ, ബയോ ഫെര്‍ട്ടിലൈസര്‍ -500 രൂപ, ബയോ പെസ്റ്റിസൈഡ് -500 രൂപ. അക്വാപോണിക്‌സില്‍ 40ലേറെ പരിശീലനം നടന്നു. ഒരു മാസം നീളുന്ന പ്രായോഗിക പരിശീലനവും നല്‍കാറുണ്ട്. ഇത് സൗജന്യമാണ്. ഈ കാലം പരിശീലന കേന്ദ്രത്തിലെ പ്രധാന ജോലികളെല്ലാം അവര്‍തന്നെ നിര്‍വ്വഹിക്കും. ഒന്നോ രണ്ടോ ജോലിക്കാര്‍ മാത്രമെ കാണുകയുള്ളു. അക്വാപോണിക്‌സ് യൂണിറ്റ് സെറ്റ് ചെയ്യുന്നതില്‍ പൂര്‍ണ്ണ പരിശീലനത്തിന് ഒരു മാസം ആവശ്യമാണ്.

ഏതൊരു കൃഷിയിലേക്ക് ഇറങ്ങുന്നവരും ഒരു പരിശീലനം എടുക്കേണ്ടത് അനിവാര്യമാണ്. യൂ ട്യൂബിലും മറ്റും കൃഷി കണ്ട് നമുക്കും തുടങ്ങാം എന്നു കരുതുന്നത് അബദ്ധമാണ്. അക്വാപോണിക്‌സ് കൃഷിക്കിറങ്ങുന്നയാള്‍ 3000 രൂപയുടെ പരിശീലനം നേടുന്നതോടെ ഒന്നുകില്‍ 3 ലക്ഷം ലാഭിക്കാം അല്ലെങ്കില്‍ 30 ലക്ഷം ലാഭിക്കാം എന്നതാണ് പ്രൊഫസര്‍ നല്‍കുന്ന സന്ദേശം. തെറ്റുകള്‍ ഒഴിവാക്കി കൃഷി ചെയ്യാം എന്നതിനാലാണ് മൂന്നു ലക്ഷത്തിന്റെ കണക്ക്. പരിശീലനം കഴിയുമ്പോള്‍ തനിക്കിത് കഴിയിെല്ലന്നു കണ്ടെത്തി പിന്മാറുമ്പോള്‍ കിട്ടുന്ന ലാഭമാണ് മുപ്പത് ലക്ഷം. അക്വാപോണിക്‌സ് യൂണിറ്റ് ചെയ്തുകൊടുക്കുന്നവര്‍ എല്ലാം കാര്യങ്ങളും പറഞ്ഞുകൊടുക്കില്ല. എന്നാല്‍ പരിശീലന കേന്ദ്രം ടെക്‌നോളജി, വാട്ടര്‍ ട്രീറ്റ്‌മെന്റ്,കൃഷി രീതി , ന്യുട്രീഷന്‍ മാനേജ്‌മെന്റ് , വാട്ടര്‍ ക്വാളിറ്റി തുടങ്ങി എല്ലാ പാരമീറ്റേഴ്‌സും നന്നായി പഠിപ്പിക്കുന്നു. കാമ്പസ് സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്കും ഡമോണ്‍സ്‌ട്രേഷന്‍ ചെയ്യണമെങ്കില്‍ പണം ഈടാക്കും. സന്ദര്‍ശകരുടെ വലിയ തിരക്ക് കുറയ്ക്കാനും എസ്റ്റാബ്ലിഷ്‌മെന്റ് ചിലവ് കണ്ടെത്താനും ഇത് അനിവാര്യമാണ്. വ്യക്തികള്‍ക്ക് 100 രൂപയും ഗ്രൂപ്പിന് 400 രൂപയുമാണ് ഈടാക്കുന്നത്.

 

പരീക്ഷണങ്ങള്‍, വിജയങ്ങള്‍

ഇന്റഗ്രേറ്റഡ് ഫാമിംഗ് യൂണിറ്റും വെര്‍ട്ടിക്കല്‍ ഫാമിംഗും വിജയകരമായി ചെയ്യാന്‍ കേന്ദ്രത്തിന ് കഴിഞ്ഞിട്ടുണ്ട്. വെര്‍ട്ടിക്കല്‍ ഫാമിംഗില്‍ ഒരു മള്‍ട്ടി ടയര്‍ ഗ്രോബാഗില്‍ 35-40 പച്ചക്കറി ചെടികള്‍ വരെ നട്ടുപിടിപ്പിക്കാന്‍ കഴിയും. നടുക്കുളള പൈപ്പില്‍ കിച്ചന്‍ വേസ്റ്റ് കമ്പോസ്റ്റു ചെയ്യുന്ന നിലയിലും ഇത് ചെയ്യാന്‍ കഴിയും. ഇതു വഴി ആവശ്യത്തിന് വെര്‍മി വാഷും വെര്‍മി കമ്പോസ്റ്റും ലഭിക്കും. കമ്പോസ്റ്റിംഗ് സൗകര്യമുളള വെര്‍ട്ടിക്കല്‍ ഫാമിംഗ് വീട്ടിലെ ജൈവമാലിന്യത്തെ പ്രയോജനപ്പെടുത്താനും വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുണ്ടാക്കാനും സഹായിക്കുന്നു. ടെറസിലോ 3-4 സെന്റ് ഭൂമിയില്‍ താമസിക്കുന്നവര്‍ക്കോ ഇത് വിജയകരമായി ചെയ്യാന്‍ കഴിയും. മീനും പച്ചക്കറിയും ഇഷ്ടപ്പെടുന്ന മലയാളിക്ക് , കേരള കാലാവസ്ഥയില്‍ ഏറ്റവും അനുയോജ്യമായ കൃഷിരീതിയാണ് അക്വാപോണിക്‌സ്. മുട്ടയും ചിക്കനും കൂടി ആവശ്യമുള്ളവര്‍ക്ക് ഇന്റഗ്രേറ്റഡ് ഫാമിംഗാണ് അനുയോജ്യം. ഇന്റഗ്രേറ്റഡ് ഫാമിംഗില്‍ 20-25 കോഴികളെയും ആയിരം മീനിനെയും മള്‍ട്ടി ടയര്‍ ഗ്രോ ബാഗില്‍ 30-35 ചെടികള്‍ വീതമുളള 10 യൂണിറ്റും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയും. ആദ്യകാലത്ത് ഹൈടെക് ഫാം കാണാന്‍ വരുന്നവരുടെ വലിയ തിരക്കായിരുന്നു എന്ന് സുശീല ഓര്‍ക്കുന്നു.

ഒരു ദിവസം 250 കിലോ വരെ സാലഡ് വെള്ളരി പറിച്ചെടുത്തിരുന്നു. തക്കാളി,വെണ്ട, നാലര മീറ്റര്‍ വരെ ഉയരത്തില്‍ പോയി പൂക്കുന്ന ഉജ്ജ്വല മുളക്, വിവധ നിറത്തിലുള്ള കാപ്‌സിക്കങ്ങള്‍, കാരറ്റ്,ബീറ്റ്‌റൂട്ട്, ചൈനീസ് കാബേജ്,സവാള അങ്ങിനെ കാഴ്ചയുടെ വൈവിധ്യമായിരുന്നു കാമ്പസ്. തൃശൂരില്‍ ആദ്യമായി കാബേജും ക്വാളി ഫ്‌ളവറും കൃഷി ചെയ്തതും ഹൈടെക് ഫാമിലാണ്. അതും 2003 ല്‍. വൈബ്രേറ്റു ചെയ്യിക്കുന്ന ഇടത്ത് വിളവുകൂടും എന്ന കണ്ടെത്തലില്‍ നിന്നാണ് ടൈം സെറ്റു ചെയ്ത പോളിനേറ്റര്‍ ഘടിപ്പിച്ച പരീക്ഷണം നടപ്പിലാക്കിയത്.ഫിഷ് ഫീഡ് കം ഓപ്പറേറ്റര്‍ റഗുലേറ്ററുമൊക്കെ പുത്തന്‍ കണ്ടുപിടുത്തങ്ങളായിരുന്നു. 10 ചതുരശ്ര അടി, 20 ചതുരശ്ര അടി ഒക്കെയുളള പോളി കിച്ചനുകളും വിജയകരമായിരുന്നു. ഇവയില്‍ യഥാക്രമം 150, 250 പച്ചക്കറികള്‍ വരെ നടാന്‍ കഴിയും. അഗ്രോ സര്‍വ്വീസ് സെന്ററുകാര്‍ക്ക് പരിശീലനം നല്‍കിയെങ്കിലും പോളികിച്ചനും വേണ്ടത്ര പ്രചാരത്തിലെത്തിയിട്ടില്ല. ഹൈഡ്രോപോണിക്‌സില്‍ ഡച്ചു ബക്കറ്റ് സിസ്റ്റം, ന്യുട്രിയന്റ് ഫിലിം ടെക്‌നോളജി ,ഡീപ്പ് വാട്ടര്‍ കള്‍ച്ചര്‍ ഒക്കെയും വിജയകഥകളാണ്. ഫോഡര്‍ കള്‍ട്ടിവേഷനും വിജയകരമായി നടപ്പാക്കി. ടയറിലും ബിയര്‍കുപ്പിയിലും പ്ലാസ്റ്റിക് കുപ്പിയിലുമെല്ലാം കൃഷിയും ഉദ്യാനവും സെറ്റു ചെയ്യുന്ന പരിശീലനവും ഇവിടെ നല്‍കുന്നു.

 

അക്വാപോണിക്‌സിന്റെ വ്യാപാര സാധ്യത

അക്വാപോണിക്‌സ് കുടുംബയൂണിറ്റ് എന്ന നിലയില്‍ വലിയ വിജയമാണ്. കൊമേഴ്‌സ്യലായി വിജയിക്കണെമങ്കില്‍ ആളുകളുടെ ആറ്റിട്യൂഡ് മാറണം. 400 രൂപയുടെയും നാലായിരം രൂപയുടെയും ഷര്‍ട്ടില്‍ നിന്നും നാലായിരത്തിന്റെ ഷര്‍ട്ടു വാങ്ങുന്നവരും തക്കാളി വാങ്ങാന്‍ വരുമ്പോള്‍ കിലോയ്ക്ക 100 രൂപ വിലയുളള തക്കാളി വാങ്ങാതെ പത്തു രൂപയുടേതാണ് വാങ്ങുക. ഗുണമേന്മ മനസിലാക്കി വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചാലെ അക്വാപോണിക്‌സ് വിജയിക്കൂ. അക്വാപോണിക്‌സിലും ഹൈഡ്രോപോണിക്‌സിലെ പോലെ മികച്ച സ്ഥാപനങ്ങളുടെ ജൈവവളങ്ങള്‍ നല്‍കുന്ന പരീക്ഷണങ്ങളും നടത്തി വിജയിച്ചിട്ടുണ്ട്. അതും പ്രോത്സാഹിപ്പിക്കുന്നുണ്ട് ഗവേഷണ കേന്ദ്രം.

മൈക്രോ ഗ്രീന്‍
നാളത്തെ പോഷകാഹാരം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് മൊക്രോ ഗ്രീന്‍. യൂറോപ്പിലും മറ്റും വലിയ പ്രാധാന്യം നേടിയ മൈക്രോഗ്രീന്‍ മലയാളിയുടെ തീന്‍മേശയിലെത്താന്‍ ഇനിയും കാലമെടുക്കും. സാധാരണ പച്ചക്കറിയുടെ ഏകദേശം നാല്‍പ്പതിരട്ടി വരെ ഗുണം ഇതില്‍ നിന്നും ലഭിക്കും. ക്യാന്‍സറിനെ പോലും പ്രതിരോധിക്കാന്‍ ഇതിന് കഴിയും. മൈക്രോ ഗ്രീന്‍ ഒരു കിലോയ്ക്ക് 750 മുതല്‍ 1200 രൂപവരെ വിലയുണ്ട്. കാബേജും പയര്‍വര്‍ഗ്ഗങ്ങളുമൊക്കെ മൈക്രോഗ്രീനാക്കി മാറ്റാം. 7 മുതല്‍ 14 ദിവസം വരെ കഴിയുമ്പോള്‍ ഇവ ഹാര്‍വെസ്റ്റ് ചെയ്യാം.

ഇനി എന്ത് ?

എട്ട് അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍,25 ദേശീയതല അംഗീകാരങ്ങള്‍ , ഐസിഏആറിന്റെ വ്യക്തിഗത പുരസ്‌ക്കാരം അങ്ങിനെ നേട്ടങ്ങള്‍ ഏറെയാണെങ്കിലും വിസ്മരിക്കപ്പെടുന്ന സ്ഥാപനമായി ഇത് മാറുകയാണോ ? സര്‍ക്കാരിന്റെയും സര്‍വ്വകലാശാലയുടെയും ശ്രദ്ധ പതിഞ്ഞാല്‍ ദേശീയ തലത്തില്‍തന്നെ ഏറ്റവും മികച്ച ഹൈടെക് പരിശീലന കേന്ദ്രമാക്കി ഇതിനെ ഉയര്‍ത്താം. അന്യ സംസ്ഥനങ്ങളില്‍ നിന്നും നിത്യേന വരുന്ന ഫോണ്‍കാളുകള്‍ നല്‍കുന്ന സന്ദേശം അതാണ്. ഗൂഗിളില്‍ ഹൈടെക് ഗവേഷണ-പരിശീലന കേന്ദ്രത്തെ കുറിച്ച് തിരക്കുന്ന ഏതൊരാള്‍ക്കും ആദ്യം ലഭിക്കുന്ന റഫറന്‍സും ഈ കേന്ദ്രത്തിന്റേത് തന്നെ എന്നത് ലോക ഭൂപടത്തില്‍ ഇത്തിരിപോന്ന ഈ സംവിധാനത്തിന്റെ പ്രാധാന്യമാണ് വെളുവാക്കുന്നത്.

ജനാധിപത്യവും പദ്ധതികളും

ജനാധിപത്യം ദീര്‍ഘദൃഷ്ടിയോടെ ഒന്നിനെയും സമീപിക്കില്ല. ഏറിയാല്‍ അഞ്ചു വര്‍ഷം , അതിനപ്പുറത്തേക്ക് നോട്ടമെത്താറില്ല. പത്തു വര്‍ഷം മുതല്‍ 25 വര്‍ഷം വരെ എങ്കിലും നീളുന്ന ഒരു വിഷന്‍ നമുക്കുണ്ടാവണം. സര്‍ക്കാര്‍ പദ്ധതികളില്‍ ഭൂരിപക്ഷവും ഉത്ഘാടനത്തോടെ ഉപേക്ഷിക്കപ്പെടുകയാണ്. പലതിനും ബാല്യം കടക്കാന്‍ കഴിയാറില്ല. അതിനെകുറിച്ച് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചിന്തക്കാറുമില്ല. ഉദ്യോഗസ്ഥര്‍ക്കും ഇതുതന്നെയാണ് ആശ്വാസം. ഈ രീതിക്ക് മാറ്റമുണ്ടാകുമെന്നും ഹൈടെക് ഗവേഷണ-പരിശീലന കേന്ദ്രംപോലെ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഹൈടെക് ഗവേഷണ പഠന കേന്ദ്രം മേധാവി ഡോക്ടര്‍.പി.സുശീലയുടെ ഇമെയില്‍ -suseela1963palazhy@gmail.com മൊ- 9961533547


English Summary: Kerala Agricultural Unuversity Hi-tech Researcg and Training Unit needs urgent support

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds