Features

കൃഷിമിത്ര - എന്നെന്നും പരിശുദ്ധിയുടെ പ്രതീകം

krishimitra


പ്രകൃതിയുടെ സ്പന്ദനം അറിഞ്ഞ് ജീവിക്കുന്നവനാണ് കര്‍ഷകന്‍. വിപണിയുടെ ചലനം അറിഞ്ഞ് കാലത്തിനൊത്ത് മുന്നോട്ട് കുതിക്കുന്നവനാണ് കച്ചവടക്കാരന്‍. ഈ രണ്ട് സ്വഭാവസവിശേഷതകളും ഒത്തിണങ്ങി വരുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായി സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാപരമായി ''ജൈവം'' എന്നത് മനസ്സിലും പ്രവര്‍ത്തിയിലും ജീവിതശൈലിയിലും പ്രാവര്‍ത്തികമാക്കിയ ഒരു ജൈവകച്ചവടക്കാരനാണ് ശ്രീ.ബാലചന്ദ്രന്‍ പിള്ള കെ.ജി. കൊട്ടാരക്കര തിരുവനന്തപുരം എം.സി റോഡില്‍ പുലമണ്‍ ഭാഗത്ത്  അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ''കൃഷിമിത്ര'' യിലെ ജൈവവിപണന ഉല്‍പന്നങ്ങളുടെ  വിശ്വാസ്യതയും ഗുണമേന്മയും കേരളത്തിലുടനീളം ഒരു പഴഞ്ചൊല്ലുപോലെ വാമൊഴിയായി മാറിയിരിക്കുന്നു. ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ സൂക്ഷ്മതയോടെ തുടക്കം മുതല്‍ ഒടുക്കം വരെ ഉപ്പു തൊട്ട് കര്‍പ്പൂരം  വരെ ശ്രദ്ധാപൂര്‍വ്വം നീരീക്ഷിച്ചതിന്റെ ഭാഗമായി പച്ചക്കറിയുടെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെയും ഗുണമേന്മ അതേപടി നിലനിര്‍ത്തുന്നു. 

ഇതിനായി ബാലചന്ദ്രന്‍ തന്റെ ഗള്‍ഫ് ജീവിതത്തില്‍ നിന്നുമുള്ള സമ്പാദ്യത്താല്‍ സ്വന്തമായി വാങ്ങിയ ആറര ഏക്കറിലും പാട്ടത്തിന് എടുത്ത നാലേക്കറിലും ജൈവരീതിയില്‍ വിളയിച്ചെടുത്ത 28 ഇനം പച്ചക്കറിയാണ് ഇവിടെ വിപണനത്തിന് എത്തിക്കുന്നത്. കൂടാതെ ഉപഭോക്താവിന്റെ ആവശ്യം മുന്നില്‍കണ്ട് അതിനനുസൃതമായ വിളകള്‍ വിശ്വസ്തരായ കര്‍ഷകരെ കൊണ്ട് കൃഷി ചെയ്യിപ്പിച്ച് അവരില്‍ നിന്ന് അത് യഥാസമയം സ്വരൂപിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നു. പച്ചക്കറികള്‍ ഏതു കര്‍ഷകനില്‍ നിന്നാണ് അതാത് ദിവസം ശേഖരിച്ചത് എന്ന് വ്യക്തമായി അവയ്ക്കു മുകളില്‍ രേഖപ്പെടുത്തുന്നതു വഴി ഉപഭോക്താവിന് കീടനാശിനി വിമുക്തവും ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികളാണ് വാങ്ങിക്കുന്നത് എന്ന് സ്വയം ബോദ്ധ്യമാവുകയും ചെയ്യുന്നു.
പച്ചക്കറിയുടെ ആരോഗ്യം, വിളവ്, സ്വാദ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഗുണമേന്മയുള്ള സങ്കര നാടന്‍ വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.  ഉദാഹരണത്തിന് ശരിയായ നീളവും വലിപ്പവും നിറവും, സ്വാദും ഒത്തിണങ്ങിയ വെണ്ടയ്ക്കായുടെ വിത്തിന് ബേയര്‍ എന്ന ഹൈബ്രിഡ് കമ്പനിയുടെ 'സമ്പ്രാട്ട്' എന്ന ഇനമാണ് ഉപയോഗിക്കുന്നത്.  കൊല്ലത്ത് ആദ്യമായി വെണ്ട വന്‍ തോതില്‍ കൃഷിചെയ്ത് വെണ്ടയ്ക്ക മാര്‍ക്കറ്റ് ഉണ്ടാക്കി കൊടുത്തതില്‍ ബാലചന്ദ്രന്റെ പ്രയത്‌നം എടുത്തു പറയേണ്ടതാണ്. അതുപോലെ തമിഴ്‌നാട്ടില്‍ മാത്രം വിളയൂ എന്നു കരുതിയിരുന്ന അമരയ്ക്ക തന്റെ തോട്ടത്തില്‍ വിജയകരമായി ജൈവരീതിയില്‍ വിളയിച്ച് കൃഷിമിത്ര വഴി വിറ്റഴിക്കുന്നു.

വഴുതന, സലാഡ്കുക്കുമ്പര്‍, വെണ്ട, ചീര, അമര, പപ്പായ, വെള്ളരി, കുമ്പളം, തടിയന്‍കായ,്  മത്തന്‍, പാവല്‍, ചേന, പേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, തക്കാളി, ഉണ്ടമുളക്, കാന്താരി, ചോളം, വള്ളിച്ചീര, പടവലം, ചെറുനാരകം, ജാതി, ചുരയ്ക്ക, മാങ്ങാ, ഇഞ്ചി, ചക്ക എന്നിവ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ കാലാവസ്ഥ അനുസൃതമായി മണ്ണറിഞ്ഞ് കൃഷി ചെയ്യുന്നു. ഏകദേശം 4000 ചുവട് ചേന, 1500 ചുവട് കൂവ  1000 ചുവട് ഇഞ്ചി, 3000 ചുവട് ചീനി, 15000 ചുവട് കോളീഫ്‌ളവര്‍, കാബേജ്, എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിളകളാണ് തോട്ടത്തിലുള്ളത്. 

krishimitra

നൂതന സാങ്കേതിക വിദ്യകളായ ഡ്രിപ്പ് ഇറിഗേഷന്‍, സ്പ്രിംഗ്ലര്‍ സിസ്റ്റം , പോളീഹൗസ് എന്നിവയോടൊപ്പം, ചാണകവും പിണ്ണാക്കും പുളുപ്പിച്ചൊഴിക്കുന്നതു പോലെയുള്ള വിവിധ പാരമ്പര്യ കൃഷിരീതികളും ഇവിടെ അനുവര്‍ത്തിക്കുന്നു. കൂടാതെ മറുനാടന്‍ പച്ചക്കറികളായ സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ചെറിയഉള്ളി, എന്നിവ ''മറുനാടന്‍ ''എന്ന ലേബലില്‍ തന്നെയാണ് വില്പനയ്ക്ക് വയ്ക്കുന്നത്. ഈ സത്യസന്ധതയുടെയും വിശ്വാസ്യതയുപ്രവര്‍ത്തന ഫലമായി കേരള സര്‍വ്വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളേജിലെ അവശിഷ്ട കീടനാശിനി പരിശോധനാ വിഭാഗം  ഓണത്തിന് പച്ചക്കറി വിപണന ശാലകളില്‍ നിന്നെടുത്ത  സാമ്പിളുകളില്‍ ''സേഫ് ടു ഈറ്റ്'' എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൃഷിമിത്രയ്ക്ക് മാത്രം. ഒപ്പം കൊല്ലം ജില്ലയില്‍ 2018 ലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവ് കൂടെയാണ് ശ്രീ.ബാലചന്ദ്രന്‍. 

കര്‍ഷകന്‍ എന്നതിനേക്കാള്‍ ഉപരി ഒരു യഥാര്‍ത്ഥ കച്ചവടക്കാരനിലേക്ക് ബാലചന്ദ്രന്റെ പകര്‍ന്നാട്ടം വെളിപ്പെട്ടത്. പച്ചക്കറിയുടെ അനന്തമായ മൂല്യവര്‍ദ്ധിത വിപണി സാദ്ധ്യതകള്‍ കണ്ടറിഞ്ഞപ്പോഴാണ്. ദിനംപ്രതി മിച്ചം വരുന്ന പച്ചക്കറികള്‍ കൂടുതല്‍ നാള്‍ സൂക്ഷിച്ചു വയ്ക്കുവാനും, ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ പച്ചക്കറി കൊണ്ടാട്ടം എന്ന പുതിയൊരു ഉല്‍പന്നം തയ്യാറാക്കാന്‍ തന്നെ അദ്ദേഹം തുടങ്ങി. പാവയ്ക്ക, പയര്‍, വെണ്ടയ്ക്ക, നെയ്കുമ്പളം, കോവയ്ക്ക എന്നിവയെ ഉപ്പ്, മുളക്, മഞ്ഞള്‍ ശുദ്ധമായ വെളിച്ചെണ്ണ എന്നീ ചേരുവകള്‍ ചേര്‍ത്ത് കൊണ്ടാട്ടമാക്കിയപ്പോള്‍ അതിന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഡിമാന്റുണ്ടായി. കൂടാതെ ഏത്തയ്ക്ക ചിപ്‌സ്, കായ് ഉണക്കിയത്, ചീനി വറ്റല്‍, ചിപ്‌സ്, കൂവപ്പൊടി, എന്നിവയ്ക്കും നല്ല വില്‍പ്പനയുണ്ട്. മായമില്ലാത്ത മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇതിന് ഗോതമ്പ്, മല്ലി, മുളക് എന്നിവ മൈസൂരിലെ ഒരു ജൈവ കര്‍ഷക കൂട്ടായ്മയില്‍ നിന്നും ഞവര അരി, തവിട് അരി, എന്നിവ അഞ്ചാലുംമൂട്ടിലെ 10 ഏക്കറോളം കൃഷിചെയ്യുന്ന ഒരു ജൈവ കര്‍ഷകനില്‍ നിന്നുമാണ് ശേഖരിക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് കര്‍ഷകരില്‍ നിന്ന്  തേങ്ങ  വാങ്ങിച്ച് സ്വന്തമായി ആട്ടിയെടുക്കും. അരിപ്പൊടിയില്‍ നിന്ന് അരിയുണ്ട, ചീണ്ട എന്നിവയും തേങ്ങയില്‍ നിന്ന് തേങ്ങ ചമ്മന്തിയും ഉണ്ടാക്കുന്നു. ജൈവ ശര്‍ക്കരയ്ക്ക് പേരുകേട്ട മറയൂര്‍ ശര്‍ക്കര, കുരുകളഞ്ഞ പുളി, എന്നിവയും, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഉള്ള കമ്പനികളുടെ മികച്ച ഉല്‍പന്നങ്ങളും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാല കൊല്ലം ജില്ല മൊത്തത്തില്‍ എടുത്ത  സാമ്പിളുകളില്‍ മായവും വിഷവിമുക്തവുമായ ശുദ്ധമായ മുളകുപൊടി എന്ന സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത് കൃഷിമിത്രയിലെ മുളകുപൊടിയ്ക്കാണ്. 

രണ്ട് കുടുംബശ്രീ യൂണീററുകള്‍ കൃഷിമിത്രയുടെ വിജയത്തിനു പിന്നില്‍ മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുന്നു. അരിയുണ്ട, ചീണ്ട, തേങ്ങാചമ്മന്തി, വിവിധ പച്ചക്കറി കൊണ്ടാട്ടങ്ങള്‍ എന്നിവയുണ്ടാക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. കൃഷിമിത്രയുടെ മേല്‍നോട്ടത്തിന് പുതുതലമുറയുടെ  പ്രതിനിധിയായി ബാലചന്ദ്രന്‍ പിളളയുടെ മകന്‍ അഡ്വ.കൃഷ്ണചന്ദ്രനും ഉത്‌സാഹപൂര്‍വ്വം എല്ലാ മേഖലകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. തേവലപ്പുറം, പുത്തൂര്‍ പാങ്ങോട്, പവിത്രേശ്വരം , എഴുകോണ്‍ എന്നിവിടങ്ങളിലെ 10 ഏക്കറോളം ഉള്ള കൃഷിഭൂമിയുടെ മേല്‍നോട്ടത്തിനായി മനോജ് എന്ന യുവാവിനെയും മാനേജരായി നിയമിച്ചിട്ടുണ്ട്.

ഇന്ന് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ചെയ്ത ഉല്‍പ്പന്നം എന്ന ലേബലിനപ്പുറം പരിശുദ്ധതയ്ക്കും വിശ്വാസ്യതയ്ക്കും ഗുണമേന്മയ്ക്കും സമൂഹത്തിന്റെ ജൈവ സര്‍ട്ടിഫിക്കേഷന്‍ ഇന്നു കൃഷിമിത്രയ്ക്കുണ്ട്. പ്രമുഖ വൈദ്യനായ മോഹനന്‍ വൈദ്യര്‍ തന്റെ ആശുപത്രിയിലെ രോഗികള്‍ക്ക് ഇവിടുത്തെ പച്ചക്കറി ഉപയോഗത്തിലൂടെ അതിന്റെ ശരിയായ ഗുണ ഫലം ലഭിച്ചുവെന്ന് മനസ്സിലാക്കി ഇന്ന് ഇവിടുത്തെ ഒരു സ്ഥിരം ഉപഭോക്താവാണ്. 'ആഹാരമാണ് ഔഷധം' എന്ന കൃഷിമിത്രയുടെ സൂത്രവാക്യം ഫലവത്താവുകയാണ് ഇവിടെ. 

ഒരു ആഡംബര വിവാഹം നടക്കുന്ന സ്ഥലത്തെ തിരക്ക് പോലെ ആഡംബര കാറുകളില്‍ കുടുംബസമേതം മനസ്സിനും ശരീരത്തിനും ഒരുപോലെ ഇണങ്ങിയ ഇവിടുത്തെ പച്ചക്കറി വാങ്ങിക്കാന്‍ സന്തോഷപൂര്‍വ്വം വരുന്നത് മനോഹരമായ കാഴ്ച്ചയാണ്. ജൈവ പച്ചക്കറിയുടെ യഥാര്‍ത്ഥ സ്വാദ് അറിയാവുന്നവര്‍ എവിടെപ്പോയാലും ഇവിടുത്തെ ഉല്‍പ്പന്നങ്ങളെ വാങ്ങൂ. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍,ആത്മീയ ആചാര്യന്‍മാര്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ മേലുദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിലുളളവര്‍ക്ക് തന്റെ ജൈവ സുരക്ഷിതമായ സമൂഹം എന്ന ചിന്താഗതി പ്രാവര്‍ത്തികമാകുന്നതില്‍ സുസ്സ്മതനായി  വിശാലമായ കാഴ്ച്ചപ്പാടോടെ സുന്ദരവും സുരക്ഷിതവുമായ ജൈവലോകം ഒരുക്കിയെടുക്കുന്നതിന് പുത്തന്‍ കാര്‍ഷിക അറിവും കാര്‍ഷിക ലോക പരിചയവും വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബ്രാലചന്ദ്രന്‍ പിളള.

 

അരുണ്‍, സര്‍ക്കുലേഷന്‍ ഹെഡ് കൃഷിജാഗരണ്‍


Share your comments