മാമ്പഴത്തിലെ കുറ്റിയാട്ടൂര്‍പ്പെരുമ ; ഭൗമസൂചിക ഇനി ഈ ഗ്രാമത്തിന് സ്വന്തം
മലബാറില്‍ മാങ്ങയുടെ പേരില്‍ പ്രശസ്തമായൊരു ഗ്രാമമുണ്ട്. കണ്ണൂരിലെ കൂറ്റിയാട്ടൂര്‍. സ്വദേശിയും വിദേശിയുമായി മാമ്പഴങ്ങള്‍ എത്രയുണ്ടായാലും മാമ്പഴക്കാലമായാല്‍ ഇവിടത്തെ കടകളില്‍ ഏവരും ചോദിച്ചെത്തുന്നത് കുറ്റിയാട്ടൂര്‍ മാങ്ങ തന്നെയാണ്.
സാധാരണ മാങ്ങയുടേതിനെക്കാള്‍ വലിപ്പമുളള ഈ മാങ്ങയ്ക്ക് പഴുത്തു കഴിഞ്ഞാല്‍ സ്വാദേറെയാണ്. വര്‍ഷങ്ങളായി കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദക കമ്പനിയും കൃഷി ഉദ്യോഗസ്ഥരും നടത്തിയ പരിശ്രമങ്ങളാണ് കുറ്റിയാട്ടൂര്‍ മാങ്ങയെ ഇപ്പോള്‍ ഭൗമസൂചിക പദവിയിയിലേക്ക് എത്തിച്ചിരിക്കുന്നത്. കുറ്റിയാട്ടൂര്‍ ഗ്രാമത്തിലെ നിരവധി കുടുംബങ്ങളുടെ ജീവിതോപാധി കൂടിയാണ് ഈ മാമ്പഴം.
മൂവായിരത്തിലധികം മാമ്പഴകര്‍ഷകര്‍ ഇവിടെയുണ്ട്. മാമ്പഴക്കാലമായാല്‍ ഉത്സവക്കാലത്തിന്റെ പ്രതീതിയാണ് ഈ ഗ്രാമത്തിന്. കുറ്റിയാട്ടൂരിനെക്കൂടാതെ സമീപ പഞ്ചായത്തുകളായ മയ്യില്‍, കൊളച്ചേരി, കൂടാളി, മുണ്ടേരി എന്നിവിടങ്ങളിലും കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദിപ്പിക്കുന്നുണ്ട്.ഭൗമസൂചിക പദവിയ്ക്കായുളള ശ്രമങ്ങളുടെ ഭാഗമായി 2015 മുതല്‍ കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദക കമ്പനിയെന്ന പേരില്‍ കര്‍ഷകരുടെ സംരംഭവും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
മാങ്ങയുടെ സംസ്‌ക്കരണവും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ നിര്‍മാണവുമാണ് ഇതിന്റെ ഭാഗമായി ഇവിടെയുളളത്. ഉയര്‍ന്ന ഉത്പാദനക്ഷമതയും ദ്രുതവളര്‍ച്ചയുമെല്ലാം ഈ മാങ്ങയുടെ സവിശേഷതകളാണ്. മിതമായ ചൂടും തണുപ്പുമുളള കാലാവസ്ഥയാണ് കുറ്റിയാട്ടൂര്‍ മാവിന് കൂടുതല്‍ നല്ലത്. ഡിസംബര്‍ ആദ്യം തന്നെ മാവുകള്‍ പൂത്തുതുടങ്ങും. ഫെബ്രുവരി, മാര്‍ച്ച് മാസമാകുന്നതോടെ മൂപ്പെത്തുന്ന മാങ്ങകള്‍ പറിച്ചെടുത്ത് പഴുപ്പിച്ചതിന് ശേഷമാണ് വിപണിയിലേക്കെത്തിക്കുക. മേയ് തുടക്കത്തോടെ വിളവെടുപ്പ് പൂര്‍ണ്ണമാകും. തികച്ചും ശാസ്ത്രീയവും ജൈവികവുമായ രീതിയിലാണ് മാമ്പഴം പഴുപ്പിക്കുക. ഇതിനായി കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും തുല്യമായെടുത്ത് തട്ടുകളായി ക്രമീകരിക്കും. നന്നായി മൂപ്പെത്തിയ മാങ്ങ നാല് ദിവസങ്ങള്‍ക്കുളളില്‍ പഴുക്കും.
കാലങ്ങള്‍ പഴക്കമുളള മാവുകള്‍ കുറ്റിയാട്ടൂര്‍ ഗ്രാമത്തിലെ പഴയ തറവാറുകളില്‍ ഇപ്പോഴും കാണാം. കുറ്റിയാട്ടൂരില്‍ ധാരാളമായി ഉണ്ടായിരുന്ന ഈ മാങ്ങ ഇരിക്കൂറിലെ അങ്ങാടിയില്‍ പണ്ട് എത്തിച്ചിരുന്നത് ഒരു നമ്പ്യാര്‍ ആയതിനാല്‍ നമ്പ്യാര്‍ മാങ്ങ എന്ന പേരിലും കുറ്റിയാട്ടുൂര്‍ മാങ്ങ അറിയപ്പെടുന്നുണ്ട്. നീലേശ്വരത്ത് നിന്നാണ് ഈ മാവ് കുറ്റിയാട്ടൂരില്‍ എത്തിയതെന്ന് പറയപ്പെടുന്നു. കുറ്റിയാട്ടൂരിലെ വേശാല എന്ന സ്ഥലത്ത് കാവില്ലത്ത് നമ്പൂതിരിയാണ് ഇതിന്റെ വിത്ത് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ വേശാല മാങ്ങ എന്നും ഇതറിയപ്പെടാറുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മാവുമായി ബന്ധപ്പെട്ട നിരവധി ചില നാട്ടറിവുകൾ
കാരാട്ടെ മാമ്പഴം...നല്ല രുചിയുള്ള നാടൻ മാമ്പഴം
English Summary: kuttiyattoor mango and geographical indication tag
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments