Features

തൃശൂര്‍ കെ.വി.കെ -കര്‍ഷകര്‍ക്കൊരു കൈത്താങ്ങ്

KVK  Trichur

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനത്തോട് ചേര്‍ന്ന് മണ്ണുത്തിയിൽനിന്നും ഒന്നര കിലോമീറ്ററോളം മാറിയാണ് തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക സര്‍വകലാശാലയിലും, മറ്റു കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലും വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ കര്‍ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി കൃഷി വിജ്ഞാന കേന്ദ്രം കൃഷിയിട പരീക്ഷണങ്ങളും, മുന്‍നിര പ്രദര്‍ശന തോട്ടങ്ങളും കര്‍ഷകരുടെ കൃഷിയിടങ്ങളിൽ നടത്തുന്നു. 50 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനം പച്ചക്കറി വിത്തുല്പദനത്തിൽ ശ്രദ്ധ കൊടുത്തിരിക്കുന്നു. പരിശീലനം സിദ്ധിച്ച ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ സ്വയം സഹായക സംഘങ്ങളിലെ സ്ത്രീകളാണ് ശാസ്ത്രീയമായ രീതിയില്‍ വിത്തുത്പാദനം നടത്തുന്നത്. പാവല്‍, പടവലം, പയര്‍ , കുമ്പളം, മത്തന്‍, വെണ്ട, ചീര എന്നിവയുടെ വിത്തുകളാണ് പ്രധാനമായും ഉത്പ്പാദിപ്പിക്കുന്നത്. ഇവ കൃഷി വിജ്ഞാന കേന്ദ്രം നേരിട്ടും, കാര്‍ഷിക സര്‍വ്വകലാശാലയുടെ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും, കര്‍ഷകരിലെത്തിക്കുന്നു. സൂക്ഷ്മ മൂലക മിശ്രിതങ്ങളായ കെ.എ.യു സമ്പൂര്‍ണ മൾട്ടിമിക്സ് വാഴയ്ക്കുള്ള സൂക്ഷ്മ മൂലകക്കൂട്ടായ അയർ എന്നിവ ഇവിടെ വന്‍തോതിൽ ഉല്‍പാദിപ്പിക്കുന്നുണ്ട്. കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ജൈവകീടനാശിനികളായ നന്മ, മേന്മ, ശ്രേയ എന്നിവയും ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ കായീച്ച കെണികള്‍, പുകയില കഷായ കിറ്റ്, ഫിഷ്‌ അമിനോ ആസിഡ് എന്നിവയും വിപണിയിൽ എത്തിക്കുന്നു. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി കേന്ദ്രം വഴി നടപ്പിലാക്കുന്നുണ്ട്. ബിവി 380, ഗ്രാമശ്രീ എന്നീ കോഴി ഇനങ്ങളുടെ കുഞ്ഞുങ്ങളെയും വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നുണ്ട്.

KVK Trichur1

മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി അവയുടെ നിര്‍മ്മാണവും ബന്ധപ്പെട്ട പരിശീലനങ്ങളും കെ.വി.കെയിൽ നടത്തി വരുന്നുണ്ട്. പഴവര്‍ഗ്ഗങ്ങളുടെ സിറപ്പ് , കേക്കുകൾ, അച്ചാറുകള്‍ എന്നിവ തയ്യാറാക്കി വിപണനം ചെയ്യുന്നുണ്ട് . കൂണ്‍കൃഷിയും, കൂണ്‍ വിത്തുല്പാദനവും ഈ കെ. വി.കെ യുടെ മറ്റൊരു പ്രവര്‍ത്തന മേഖലയാണ്. കൂണ്‍കൃഷിയിൽ പരിശീലനവും നല്‍കുന്നുണ്ട്. ആടു വളര്‍ത്തൽ, കോഴി വളര്‍ത്തൽ, തെങ്ങ് കൃഷി, സംയോജിത കൃഷി, വിളകളിലെ രോഗ കീട നിയന്ത്രണ മാര്‍ഗ്ഗങ്ങൾ തുടങ്ങി വിവിധ കാര്‍ഷിക സംബന്ധമായ വിഷയങ്ങളിൽ പരിശീലനം നല്‍കുന്നുണ്ട്.


കൂടാതെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ പരിപാടികൾ നടത്തി വരുന്നു. കാർഷികാധിഷ്ഠിത സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ കെ.വി.കെ വഴി ലഭിക്കുന്നതാണ്. തൃശൂർ ജില്ലയിലെ കർഷകരുടെ ഉന്നമനത്തിനായി വിലയേറിയ പ്രവർത്തനങ്ങൾ കൃഷി വിജ്ഞാന കേന്ദ്രം നടത്തി വരുന്നു. --

ബന്ധപ്പെടേണ്ട നമ്പർ ---

കെവികെ ഓഫീസ് - 0487- 2375855.

ഇമെയില്‍ kvkthrissur@kau.in

ദിവാകരന്‍,തൃശൂര്‍


English Summary: KVK Trichur's node for farmers

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds