<
Features

വയനാട് ഒരുങ്ങുന്നു :പണം കൊയ്യും ലിച്ചിയുടെ വ്യാപനത്തിന്  

നിത്യഹരിത വൃക്ഷങ്ങളിൽ ലിച്ചിയുടെ പങ്ക് വലുതാണ്. വിറ്റാമിൻ  സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം ആരോഗ്യത്തിന് ഉണർവ് നൽകുന്നതോടപ്പം പകർച്ചവ്യാധികൾ ഒരുപരിധിവരെ നിയന്ത്രിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ചൈന ജന്മദേശമായ ലിച്ചി ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രധാനമായി കൃഷി ചെയ്തുവരുന്നു. വളരെ കുറഞ്ഞ പരിചരണവും രോഗ കീടബാധ്യത കുറവാണെന്നതും ലിച്ചിയുടെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നതും ഇല ഞെരുക്കമുള്ളതുമായ നിത്യഹരിത സസ്യമാണിത്. കടും പച്ച നിറമുള്ള ഇലകളിൽ തളിരിലകൾക്ക് ചെമ്പ് നിറമാണ്. ശരാശരി മുപ്പത് എണ്ണം വരെ ഉണ്ടാകുന്ന ഈ ഫലത്തിന്റെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടും. അകത്ത് മുന്തിരി പോലുള്ള വിത്തുമാണ് ഇതിനുള്ളത്. വിത്തിന് ചുറ്റുമുള്ള കഴമ്പിന് നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാർത്ഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു 'ലിച്ചിയുടെ നിറത്തെ ആസ്പദമാക്കിയാണ് വിളവെടുപ്പ് നടക്കുന്നത്.പക്ഷെ ദൂരെ സ്ഥലങ്ങളിലേക്ക് അയക്കാനായി പാതി നിറമെത്തിയ കായകളാണ് വിളവെടുക്കുന്നത്. കയറ്റുമതിക്കായി ഒരുക്കുന്ന ഫലത്തെ ഇലകൾ, കടലാസു കഷ്ണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തിൻ കൂടുകളിൽ നിറക്കുന്നു. ഇങ്ങനെ നിറക്കുന്ന ഇവ രണ്ട് വർഷം വരെ സൂക്ഷിക്കുന്നു . സാൻപിൻഡേ സിയേ കുടുംബത്തിൽപ്പെട്ട  ലിച്ചിയുടെ ശാസ്ത്രീയ നാമമാണ് ലിച്ചി ചിനെൻസിസ്.

കേരളത്തിലെ സാധ്യത

യൂറോപ്യൻ ആണെങ്കിലും കേരളത്തിന്റെ  പഴവർഗ വിപണിയിൽ ഏറെ മൂല്യമുള്ളതും, പ്രിയമേറിയതുമാണ് ലിച്ചി. റബൂട്ടാന്റെയും, മാംഗോസ്റ്റിന്റെയും കുടുംബത്തിൽപ്പെടുന്ന ലിച്ചിയുടെ കൃഷി കേരളത്തിൽ വ്യാപകമായിട്ടില്ല.എന്നാൽ കേരളത്തിലെ വയനാട്ടിലെയും ഇടുക്കിയിലെയും മിതശീതോഷ്ണ കാലാവസ്ഥ അനുയോജ്യമായ ഫല വൃക്ഷമാണിത്.നിറയെ കായ്ക്കുന്ന ഈ വൃക്ഷത്തിൽ നിന്നും പണം കൊയ്തെടുക്കാം. കേരള കാർഷിക സർവ്വകലാശാലയുടെ വയനാട് അമ്പലവയൽ പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ പഴത്തോട്ടത്തിൽ പത്തോളം ലിച്ചി മരങ്ങൾ ഉണ്ട്.ഇതിൽ നിന്നും വർഷാവർഷം മൂന്നു ലക്ഷത്തോളം രൂപയുടെ ലിച്ചി പഴങ്ങളാണ് വിളവെടുക്കുന്നത്. കൽപ്പറ്റക്കടുത്ത   മേപ്പാടി റോസ് ഗാർഡനിലെ കുരുവിള ജോസഫ് എന്ന കർഷകൻ കഴിഞ്ഞ നാല് പതിറ്റാണ്ടായി ലിച്ചിയിൽ നിന്നും വരുമാനമുണ്ടാക്കുന്ന കർഷകനാണ്.  ഇത് കൂടാതെ ചെറുകിട ഉത്പാദകരും ജില്ലയിലുണ്ട്. ശരാശരി ഇരുനൂറ് മുതൽ മുന്നൂറ് രൂപയോളമാണ് ഇന്നത്തെ ലിച്ചിയുടെ വിപണി വില.സംസ്കരിച്ച പഴസത്തിന് അതിലുമേറെ വിലയുണ്ട്'. ഈ കൃഷിയിലൂടെ കർഷകർക്ക് മുതൽ മുടക്കില്ലാതെ വർഷത്തിൽ നല്ലൊരു  ആദായം ലഭിക്കും.

കൃഷിരീതി

നല്ല നീർവാഴ്ചയും വളക്കൂറുമുള്ള മണ്ണാണ് ലിച്ചിക്കനുയോജ്യം. വിത്ത് തൈകൾ നടുന്നതിനായി തിരഞ്ഞെടുക്കാം പക്ഷെ അവയ്ക്ക് മാതൃവൃക്ഷത്തിന്റെ  ഗുണങ്ങൾ കാണാറില്ല. കൂടാതെ കായ്ഫലം നൽകുന്നതിന് അഞ്ച് വർഷം മുതൽ പതിനഞ്ച് വർഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃവൃക്ഷത്തിന്റെ കൊമ്പ് വായുവിൽ പതിവെച്ച് എടുത്താൽ തൈകൾക്ക് മാതൃവൃക്ഷത്തിന്റെ ഗുണവും രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ കായ്ക്കുകയും ചെയ്യും. മൂന്ന് മീറ്റർ നീളവും നാലര മീറ്റർ വീതിയുള്ള തടങ്ങളിലാണ് ലിച്ചിനടുന്നത്. തൈകൾ തമ്മിൽ പത്ത് മീറ്റർ മുതൽ പന്ത്രണ്ട് മീറ്റർ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടിൽ പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും. വർഷത്തിൽ രണ്ടുതവണ  ജൈവവള പ്രയോഗം നടത്തുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുകയും കൊമ്പുകൾ കോതി കൊടുക്കുന്നത് കായ്ഫലം കൂട്ടാനും സഹായിക്കുന്നു.

 വിളവെടുപ്പ്

കായ്കൾക്ക് പൂർണ്ണ നിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി പാതി നിറമെത്തിയ കായ്കളാണ് വിളവെടുക്കുന്നത്. അഞ്ച് വർഷം പ്രായമായ മരത്തിൽ നിന്നും അഞ്ചൂറ് ലിച്ചി പഴങ്ങൾ വരെ വിളവെടുക്കാവുന്നതാണ്. ഇരുപത് വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 4000 മുതൽ 5000 എണ്ണം വരെ കായ്കൾ ലഭിക്കാറുണ്ട്.

സംവരണം

വിളവെടുപ്പിനു ശേഷം മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെ മാത്രമേ സ്വതസിദ്ധമായ നിറം നിലനിർത്താൻ സാധിക്കുകയുള്ളൂ. ഇലകൾ, കടലാസു കഷ്ണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ച്ച വരെ നിറം മങ്ങാതിരിക്കും. എന്നാൽ  നനവ് ഏൽക്കാത്തതും ശീതികരിച്ചതുമായ സംഭരണികളിൽ രണ്ട് വർഷം വരെ സൂക്ഷിക്കാവുന്നതാണ്. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സുക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെ സൂക്ഷിക്കാവുന്നതാണ്.

പ്രദേശത്തിനനുസരിച്ച് വ്യത്യസ്തമായ കാലാവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ മാറിമാറി വരുന്ന സീസണിൽ വിളവെടുക്കാൻ കഴിയുന്ന ലിച്ചി കൃഷി കർഷകർക്ക് ഏതു കാലത്തും എവിടെയും പരീക്ഷിക്കാം എന്നാണ് കാർഷിക വിദക്തരുടെ അഭിപ്രായം ഉൽപാദനത്തിൽ വ്യത്യസ്തത നിറച്ച് വിപണിയിൽ അനന്തമായ സാധ്യതകൾ ലക്ഷ്യമിടുകയാണ് ലിച്ചി.

പ്രത്യേക കാർഷിക മേഖലയായി തിരഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിൽ പത്ത് പഞ്ചായത്തുകൾ ഫലവർഗ്ഗ ഗ്രാമങ്ങളാക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ഫലവർഗ്ഗ ഗ്രാമങ്ങളിലെ പത്ത് പ്രധാന ഫലങ്ങളിൽ ഒന്ന് ലിച്ചിയാണ്.
യു.അഹല്യ

English Summary: litchi fruit at Wayanadu

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds