Features

കുഞ്ഞു റിയ മണ്ണിൽ കളിക്കുകയല്ല; ജൈവ കൃഷിയിൽ തിരക്കിലാണ്

റിയയും രൂപയും തങ്ങളുടെ കൃഷിത്തോട്ടത്തിൽ
റിയയും രൂപയും തങ്ങളുടെ കൃഷിത്തോട്ടത്തിൽ

കുട്ടികൾ ഫോണിലും കമ്പ്യൂട്ടറിലും സമയം ചെലവഴിക്കുന്ന ഈ കാലത്ത് മണ്ണിലിറങ്ങി വിജയം കൊയ്യുകയാണ് എട്ടാം ക്ലാസുകാരിയായ റിയ ജോസ്. 6-ാം വയസ്സിൽ കൃഷിയിലേക്കിറങ്ങിയ റിയയ്ക്ക് കൂട്ടായി അമ്മ രൂപ ജോസും കൂടി കട്ടക്ക് നിന്നതോടെ മണ്ണിൽ പൊന്നുവിളഞ്ഞു. നഗരജീവിത്തിന്റെ തിരക്കിൽ നിന്നും സ്കൂളിലെ ഹോം വർക്കിൽ നിന്നും സമയം കണ്ടെത്തിയാണ് റിയ മണ്ണിൽ കാലുറപ്പിച്ചിരിക്കുന്നത്. സ്വന്തമായി പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്ന ഈ അമ്മയും മകളും ജീവിത ശൈലിയും ഭക്ഷ്യസുരക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നൽകുന്ന പാഠങ്ങൾ ചെറുതല്ല.

കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെ വിഷാംശമാണ് കൃഷി ചെയ്യാനുള്ള പ്രചോദനം

എറണാകുളം ജില്ലയിലെ കാക്കനാട് സ്വദേശിയായ ചെറിയത്തറ ജിമ്മി ജോസിന്റെയും രൂപ ജോസിന്റെയും മകളാണ് റിയ ജോസ്. കൊൽക്കത്തയിൽ ജനിച്ചു വളർന്ന രൂപ കേരളത്തിലേക്ക് താമസം മാറിയപ്പോഴാണ് സ്വന്തമായി കൃഷി ചെയ്യാം എന്ന ആശയത്തിലേക്ക് എത്തിയത്. കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെ വിഷാംശവും രുചി വ്യത്യാസവുമാണ് കൃഷി ചെയ്യാൻ പ്രചോദനമായത്. റിയ തന്നെയാണ് സ്വന്തമായി കൃഷി ചെയ്യാമെന്ന് പറഞ്ഞ് മുന്നിൽ നിന്നതെന്നാണ് രൂപ പറയുന്നത്. വീടിന്റെ തൊട്ടടുത്ത് തരിശായി കിടന്ന സ്ഥലത്താണ് ആദ്യമായി ഈ മിടുമിടുക്കി കൃഷി ചെയ്യാൻ തുടങ്ങിയത്. ഉപയോഗശൂന്യമായ ഭൂമി കിളക്കുക, വിളകൾ നടുക, വള പ്രയോ​ഗം തുടങ്ങീ എല്ലാ കാര്യങ്ങളും റിയ തന്നെയാണ് ചെയ്യുന്നത്. കൂടെ അമ്മയുടെ സപ്പോർട്ടും കൂടിയായപ്പോൾ എല്ലാം ശുഭം. ആദ്യമായി കൃഷി ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങൾ ഈ കുട്ടികർഷകയും നേരിട്ടിരുന്നു. വിളകളെക്കുറിച്ച് അറിയാനും അതിനെ പരിപാലിക്കൽ, വളം നടുക, വിവിധ കൃഷി രീതി തുടങ്ങിയവയെക്കുറിച്ച് അറിയാനുള്ള അവളുടെ താൽപര്യത്തെ അമ്മയും പ്രോത്സാഹിപ്പിച്ചു. 12-ാം ക്ലാസുക്കാരിയായ സഹോദരി റെയ്ന ജോസിന് കൃഷിയോടുള്ള താൽപര്യത്തിന് ഒട്ടുംകുറവില്ല. പഠനത്തിരക്ക് കാരണം അവധി ദിവസങ്ങിൽ മാത്രമാണ് റെയ്ന സമയം കണ്ടെത്തുന്നത്.

റിയ  തന്റെ വിളകളോടൊപ്പം
റിയ തന്റെ വിളകളോടൊപ്പം

മൺസൂൺ കാലത്തും അവധിയില്ലാത്ത കൃഷി

കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞെന്നൊരു പഴഞ്ചൊല്ല് നിങ്ങൾ കേട്ടിട്ടുണ്ടാകും. മഴക്കാലത്ത് മിക്ക കർഷകരും കൃഷി ചെയ്യാറില്ല. എന്നാൽ റിയയും അമ്മയും കൃഷിക്ക് മൺസൂൺ കാലത്തും അവധി നൽകിയിട്ടില്ല. മഴമറ ഉള്ളതുകൊണ്ട് മഴക്കാലത്തും കൃഷി ചെയ്യാൻ സാധിക്കും. മഴ തകർത്ത് പെയ്യുമ്പോഴും റിയയുടെ കൃഷിയിടത്തിൽ വെണ്ടക്ക, മുളക് തുടങ്ങീ നിരവധി പച്ചക്കറികൾ സുലഭമായി വളരുന്നുണ്ട്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവറുകൾ കൊണ്ടാണ് വിളകളെ മഴയിൽ നിന്ന് സംരക്ഷിക്കുന്നത്. കൂടാതെ ഗ്രോ ബാഗിന്റെ മേൽഭാഗം ഉള്ളിലേക്ക് മടക്കി ചിരട്ടക്കൊണ്ട് ഭാരം വെച്ചും റിയ വിളകളെ സംരക്ഷിക്കാറുണ്ട്. എന്തെങ്കിലും നട്ടുപിടിപ്പിക്കുകായാണ് റിയയുടെ ഇഷ്ട വിനോദം. 6 സെന്റ് വീട്ടുവളപ്പിലും മട്ടുപ്പാവിലുമാണ് അമ്മുടെയും മകളുടെയും കൃഷി. സ്ഥലമുണ്ടായിട്ടും കൃഷി ചെയ്യാത്തവർക്കും സ്ഥലമില്ലെന്ന് പറഞ്ഞ് കൃഷി ചെയ്യാത്തവർക്കും ഉത്തമ മാതൃകയാണിവർ. മട്ടുപ്പാവിൽ ഏകദേശം 150 ഓളം ഗ്രോബാ​ഗിലാണ് ഇവരുടെ കൃഷി. കൂടാതെ വലിയ ചട്ടികളിലും കന്നാസുകളിലും ഫലവൃക്ഷങ്ങളും ഇടംനേടി.

റിയയുടെ കാബേജ് കൃഷി
റിയയുടെ കാബേജ് കൃഷി

കേരളത്തിലെ കാലാവസ്ഥയെ വെല്ലുവിളിക്കുന്ന കൃഷിരീതി

ചീര കൃഷി ചെയ്യാനാണ് റിയയ്ക്ക് കൂടുതൽ താൽപര്യം. സുന്ദരിച്ചീര, പാലക്, വള്ളിച്ചീര, മയിൽപീലിച്ചീര, പാൽചീര, ചായമൻസ, സ്പാനിഷ് ചീര, ശ്രീചീര, പൊന്നാരിവീരൻ, സാമ്പാർച്ചീര, അഗത്തിച്ചീര, ചുവന്നതും പച്ചയും ചീരകൾ തുടങ്ങീ വലിയൊരു കളക്ഷൻ തന്നെ റിയയ്ക്കുണ്ട്. ആറിനം വെണ്ട,മൂന്നിനം തക്കാളി, അഞ്ചിനം വഴുതന, പടവലം, ചുരയ്ക്ക, പീച്ചിൽ, പാവൽ, കോവൽ, നിത്യവഴുതന, കുമ്പളം, നെയ്കുമ്പളം, വെള്ളരി, സാലഡ് വെള്ളരി, വിവിധ ഇനം മുളക് ഇനങ്ങളായ ഇടയൂർ, മാലി, നാഗമിർച്ചി, ബജിമുളക്, തൊണ്ടൻമുളക്, കാന്താരി,ഉണ്ട മുളക് തുടങ്ങീ ഒരുവിതം പച്ചക്കറികളൊക്കെ റിയയുടെ കൃഷിത്തോട്ടത്തിലുണ്ട്. കേരളത്തിലെ കാലാവസ്ഥയെയും വെല്ലുവിളിച്ച് കാബേജ്, കോളിഫ്ലവർ, ബീറ്റ്റൂട്ട്,കാരറ്റ്, ബ്രോക്ലി എന്നിവ കൃഷി ചെയ്ത് വിളയിക്കാനും ഈ കൊച്ചുമിടുക്കിക്ക് സാധിച്ചിട്ടുണ്ട്. പാഷൻ ഫ്രൂട്ട്, ഡ്രോഗൺ ഫ്രൂട്ട്, ലെമൺവൈൻ, സപ്പോട്ട, കസ്റ്റഡ് ആപ്പിൾ, പലതരം ഓറഞ്ചുകൾ, മാവ്, പ്ലാവ് എന്നിവയൊക്കെ ഇവിടെയുണ്ട്.

വിളകൾക്ക് വളപ്രയോഗം നടത്തുന്ന റിയ
വിളകൾക്ക് വളപ്രയോഗം നടത്തുന്ന റിയ

മുന്തിരി വിളയിക്കാൻ കഴിഞ്ഞതാണ് റിയയുടെ ഏറ്റവും പുതിയ സന്തോഷം

മുന്തിരി കേരളത്തിൽ കൃഷി ചെയ്യുന്നവർ കുറവാണ്. എന്നാൽ വെല്ലുവിളകൾ ഏറ്റെടുത്ത് മുന്തിരി വിളയിക്കാനും റിയയ്ക്ക് സാധിച്ചു. ജൂൺ മാസമാണ് മുന്തിരി കൃഷി ചെയ്യാൻ അനുയോജ്യമായ സമയം. എല്ലാ ആഴ്ചയിലും മുന്തിരിക്ക് ജൈവവളങ്ങൾ നൽകുന്നുണ്ട്. വേപ്പിൻപിണ്ണാക്ക് ,ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, വെള്ളത്തിൽ പുളിപ്പിച്ച് നേർപ്പിച്ച് ഒഴിക്കുന്നത്, മീൻ, ഇറച്ചി കഴുകിയ വെള്ളം എന്നിവയാണ്  മുന്തരിക്ക് വളമായി നൽകുന്നത്. മുന്തിരി വളരാൻ കൂടുതൽ വെയിൽ വേണമെന്നാണ് ഈ കുട്ടികർഷക പറയുന്നത്.

കൃഷി ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ

റിയയ്ക്ക് വേണ്ട എല്ലാ സഹായങ്ങളുമായി അമ്മ രൂപയും കൂടെയുണ്ട്. കൂടാതെ മണ്ണ് കിളയ്ക്കാൻ അച്ഛനും കൂടാറുണ്ട്. പുതിയ തരം കൃഷി രീതിയെക്കുറിച്ച് പഠിക്കുന്നതും വളങ്ങളൊക്കെ തയ്യാറാക്കുന്നതും അമ്മയും മകളും കൂടിയാണ്. പഠിക്കാൻ മിടുക്കിയായ റിയ പഠനത്തിനിടയിൽ കിട്ടുന്ന വിശ്രമ വേളകളിലാണ് മണ്ണിലിറങ്ങുന്നത്. കൂടാതെ കൂട്ടുക്കാരെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കാനും ഈ കൊച്ചു മിടുക്കി മറക്കാറില്ല. കൃഷി ചെയ്ത് തുടങ്ങിയതിന് ശേഷം മകൾക്ക് ക്ഷമ,ആത്മവിശ്വാസം,  പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളോട് അനുകമ്പ തുടങ്ങിയ നല്ല ശീലങ്ങൾ വന്നിട്ടുണ്ടെന്നാണ് രൂപ പറയുന്നത്. എന്തായാലും ഈ അമ്മയും മകളും സമൂഹത്തിന് ഒരു മാതൃക തന്നെയാണ്.


English Summary: little children set trend in organic farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds