Features

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

louis

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്നും കിട്ടുന്ന ചില്ലറയറിവുകളും ചേര്‍ത്ത് യാഥാര്‍ത്ഥ്യത്തിലൂന്നിയ പുതിയൊരു കൃഷിമുറ കണ്ടെത്തും. ഇതാവും ശരിയുടെ കൃഷിരീതി. ഈ പുതുരീതി കൃഷിയിടത്തില്‍ നിരന്തരം വിജയങ്ങള്‍ തന്നെയാകും കര്‍ഷകര്‍ക്ക് സമ്മാനിക്കുക.സ്വയം ഉരുത്തിച്ചെടുക്കുന്ന ഈ നവീന കൃഷിമുറകള്‍ സഹകര്‍ഷകര്‍ക്ക് പകരുന്നതിലും ചിലര്‍ക്ക് നല്ല താല്പര്യമുണ്ടാകും. കോട്ടയം ജില്ലയില്‍ മുണ്ടക്കയം പുഞ്ചവയല്‍ ഒറവാറന്‍തറ വീട്ടില്‍ ലൂയിസ് തോമസ് ഈ ഗണത്തില്‍പെടുന്നു. അതുകൊണ്ട് തന്നെ നാട്ടുകാരുടെ കൃഷിപുസ്തകം കൂടിയാകുന്നു ലൂയിസ്.
ലൂയിസ് എന്ന അന്‍പത്തിരണ്ടുകാരന്‍ കൃഷിതുടങ്ങിയിട്ട് വര്‍ഷം 38 പിന്നിടുന്നു. പിതാവിന്റെ കൂടെ ചെറുപ്പത്തില്‍ പുരയിടത്തിലെ അല്ലറ ചില്ലറ പണിയിലാണ് തുടക്കം. സ്വന്തമായുള്ളത് 40 സെന്റ് പുരയിടം മാത്രം. എന്നാല്‍ പന്ത്രണ്ടരയേക്കറിലാണ് ആകെ കൃഷി. പാട്ടക്കൃഷിയാണെന്ന് മാത്രം.

സ്വന്തം പുരയിടത്തില്‍ തെങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട, പേര, ചേന, ചേമ്പ്, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, പച്ചക്കറിവിളകള്‍ എന്നിവയ്‌ക്കെല്ലാം കൃത്യമായും ഇടംകൊടുത്തിരിക്കുന്നു. റബ്ബറിന്റെ ആദ്യ മൂന്നുവര്‍ഷ തൈതോട്ടം പാട്ടത്തിനെടുത്താണ് പന്ത്രണ്ടേക്കറിലെ കൃഷി.വാഴയാണ് പ്രധാന കൃഷി. നാടന്‍ നേന്ത്രവാഴ, ക്വിന്റല്‍വാഴ, സ്വര്‍ണ്ണമുഖിവാഴ എന്നീ ഇനങ്ങള്‍. ഇടവിളയായി കാച്ചില്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, കുറ്റിപ്പയര്‍, ചീര എന്നിവയും.മണ്ണറിഞ്ഞ് കൃഷി: കൃഷിഭവന്റെ നിര്‍ദ്ദേശാനുസരണം ശാസ്ത്രീയ മണ്ണുപരിശോധന നടത്തിയാകും കൃഷിയ്ക്ക് തുടക്കമിടുക. മഴയ്ക്ക് മുന്നോടിയായി കൃത്യ അകലത്തില്‍ കുഴിയെടുത്ത് മണ്ണിളക്കി കുഴിയൊന്നിന് 150 ഗ്രാം ഡോളമൈറ്റ് ആദ്യം നല്‍കും. തുടര്‍ന്ന് 10 ദിവസത്തിന് ശേഷം 200 ഗ്രാം എല്ലുപൊടി ചേര്‍ത്തിളക്കി കുഴി വിത്തുനടുന്നതിന് പരുവപ്പെടുത്തും. രോഗ-കീടബാധകളില്ലാത്ത വാഴവിത്തുകള്‍ ശേഖരിച്ച് സ്യൂഡോമോണസ്, വാം ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്തിളക്കിയ ചാണകപ്പാലില്‍ മുക്കി തണലത്തുണക്കിയെടുത്തതിനെ ശരിയായി കുഴിയില്‍ നട്ടുപിടിപ്പിക്കും.

Louis

രോഗമകറ്റാന്‍ ഉലുവ - കരിഞ്ചീരകമിശ്രിതം


വാഴയെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന കുറുനാമ്പ് രോഗം പ്രതിരോധിക്കാന്‍ ഉലുവ-കരിഞ്ചീരക മിശ്രിതം 20 ഗ്രാം വീതം ചുവട്ടില്‍ ചേര്‍ക്കും. 10 കി.ഗ്രാം ഉലുവ, 1 കി.ഗ്രാം. കരിഞ്ചീരകം എന്നിവ ഉണക്കി മില്ലില്‍ പൊടിച്ചെടുത്താണ് മിശ്രിതം തയ്യാറാക്കുക. ആവശ്യമെങ്കില്‍ നട്ട് മൂന്നുമാസത്തിനുശേഷവും ഈ മിശ്രിതം ഒരാവര്‍ത്തികൂടി നല്‍കും. കുറുനാമ്പ് രോഗത്തിനെതിരെ ഈ അത്ഭുത മിശ്രിതം ഫലവത്താണെന്ന് ലൂയിസും സഹകര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു.

വാഴയ്ക്കുവേണം ഇടയകലം


റബ്ബര്‍ കാലായില്‍ വാഴക്കൃഷി ചെയ്യുമ്പോള്‍ ശരിയായ ഇടയകലം നല്‍കുന്നതാണ് നല്ലതെന്ന് കര്‍ഷകപക്ഷം. ഒരേക്കറില്‍ ശരാശരി 300 വാഴകള്‍ക്കേ ഇടം നല്‍കൂ. കൂടാതെ ഇടവിളകള്‍ക്കും സ്ഥലമുണ്ട്. ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തരാതരം കൃഷിചെയ്യും.

ആവരണവിള കുറ്റിപ്പയര്‍


വാഴത്തോട്ടത്തില്‍ ഇടവിളക്കിടയില്‍ ഒരിഞ്ചുസ്ഥലം പോലും പാഴാക്കാതെ കുറ്റിപ്പയറാകും കൃഷി ചെയ്യുക. നാടന്‍ കുറ്റിപ്പയറിന് വിപണിയില്‍ കിലോഗ്രാമിന് 60 രൂപാ വരെ വിലയുണ്ട്. ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് ഒലിച്ചുപോകുന്നത് ഒഴിവാക്കാം. അന്തരീക്ഷത്തിലെ നൈട്രജന്‍ വലിച്ചെടുത്ത് മണ്ണില്‍നല്‍കുന്ന സ്വഭാവം പയര്‍ച്ചെടികള്‍ക്കുള്ളതിനാല്‍ നൈട്രജന്‍ വളങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുകയുമാകാം. വിളവെടുപ്പ് പൂര്‍ത്തിയായ പയര്‍ച്ചെടി കൃഷിയിടത്തില്‍ പുതയാക്കാം.

ചീരയാണ് ലൂയിസ് പരീക്ഷിക്കുന്ന മറ്റൊരു ആവരണ ഇടവിള. കുറഞ്ഞദിവസത്തിനുള്ളില്‍ വിളവെടുക്കാം. വിഷമില്ലാ ചീരയ്ക്ക് കിലോഗ്രാമിന് 40 രൂപ ഉറപ്പെന്ന് ലൂയിസ് പറയുന്നു. ചീര വിളഞ്ഞ മണ്ണില്‍ വാഴ നന്നായി വളര്‍ന്ന് വരുമെന്നും ലൂയിസ് സാക്ഷ്യപ്പെടുത്തുന്നു.

അത്യാവശ്യത്തിന് മാത്രം രാസവളം


മണ്ണ് പരിശോധനപ്രകാരം അത്യാവശ്യത്തിനു മാത്രം രാസവളം നല്‍കുന്ന രീതിയാണ് ലൂയിസ് അനുവര്‍ത്തിക്കുന്നത്. കൃഷിവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കും. മുതിര്‍ന്ന കര്‍ഷകരെ കൃഷിയിടം കാണിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കും.
കനത്ത മഴയില്ലാത്ത സമയത്ത് ചാണകപ്പൊടി, കോഴിവളം എന്നിവ ആവശ്യാനുസരണം നല്‍കും. ഏറ്റവും വിലക്കുറവുള്ളതും എന്നാല്‍ അവശ്യ സൂക്ഷ്മമൂലകങ്ങളടക്കം സമൃദ്ധവുമാണ് കോഴിവളം. ഇടയ്ക്ക് ഉണങ്ങിപൊടിഞ്ഞ ആട്ടിന്‍ കാഷ്ഠം നല്‍കി വേരിന്റെ വളര്‍ച്ച കൂട്ടും.


വേനല്‍ക്കാലത്ത് പുത


വാഴയ്ക്ക് വേനല്‍ക്കാലത്ത് പുതയിടീല്‍ നിര്‍ബന്ധം. പിണ്ടിപ്പുഴുവിനെതിരെ പുകയില, വേപ്പെണ്ണ, ബാര്‍സോപ്പ് മിശ്രിതം തടയില്‍ ബ്രഷ് ചെയ്ത് പിടിപ്പിച്ചശേഷം പഴയ പത്ര ക്കടലാസുകള്‍ ചുറ്റിപിടിപ്പിക്കുന്നത് ചൂട്-കീടബാധയ്‌ക്കെതിരെ ഫലപ്രദമെന്ന് കര്‍ഷകന്‍ പറയുന്നു.


കാലമറിഞ്ഞ് കൃഷി  


കൃത്യമായ സമയത്ത് മാത്രമെ കൃഷിയിറക്കാവൂ. കൃഷിപ്പണിക്കിറങ്ങുന്നതും സമയം നോക്കിവേണം. ചൂടുകൂടുതലുള്ള ഉച്ചസമയം ഒഴിവാക്കിയാണ് ലൂയിസ് കൃഷിയിട പണികള്‍ക്കിറങ്ങുക. രാവിലെ 5.30 ന് തുടങ്ങി 9.30 വരെ ആദ്യഘട്ട പണികഴിഞ്ഞാല്‍ പിന്നെ വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെയാകും ജോലി സമയം. രാവിലെയും വൈകുന്നേരവും കൃത്യമായി കൃഷിയിടത്തില്‍ പണിക്കെത്തുന്നതിനാല്‍ കൃഷിയിടത്തിലെ മറ്റു പണിക്കാരും കൂടുതല്‍ ഉഷാറോടെ പണിയെടുക്കും.

Louis

 

ശരിയായ കൃഷി-മികച്ച വിളവ്

ലൂയിസിന്റെ കൃഷിത്തോട്ടത്തില്‍ കാര്യങ്ങളെല്ലാം ചിട്ടപ്പടിയാണ്. 20 രൂപ നല്‍കി നാടന്‍ ഏത്തന്‍ ടിഷ്യുകള്‍ച്ചര്‍ വിത്തു നട്ടാല്‍ 9-ാം മാസം കുലവരും. 12-ാം മാസം ശരാശരി 18 കിലോയുള്ള കുല മുറിയ്ക്കാം. ക്വിന്റല്‍ വാഴവിത്തിന് 25 ആണ് വില. 10-ാം മാസം കുലവരും 13-ാം മാസം 30 കിലോയുള്ള കുല വെട്ടിയെടുക്കാം. സ്വര്‍ണ്ണമുഖി വിത്തിന് 40 രൂപയാണ് വില. 11-ാം മാസം കുലയ്ക്കും 14-ാം മാസം 40 കിലോയുള്ള വാഴക്കുല വിളവെടുക്കാം. സീസണും വിപണിയും നോക്കി കൃഷിയിറക്കുന്നതിനാല്‍ മികച്ച വില ഉറപ്പാക്കാം.


നെല്ലാണ് ജീവന്‍


കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ലൂയിസ് കരനെല്‍ക്കൃഷി ആദായകരമായി കൃഷിചെയ്യുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കരനെല്‍ക്കൃഷി വ്യാപനപദ്ധതിയായ മകരക്കൊയ്ത്തില്‍ തുടങ്ങി കൃഷിവകുപ്പിന്റെ കരനെല്‍ക്കൃഷി പദ്ധതിപ്രകാരമുള്ള നെല്‍ക്കൃഷിവികസന പദ്ധതികളിലെല്ലാം ലൂയിസ് സജീവമായി പങ്കെടുക്കുന്നു. ലൂയിസിന്റെ കരനെല്‍പാടത്തെ ബമ്പര്‍ വിളവ് കണ്ട് പഴമക്കാരും പുതുതലമുറക്കാരും ഒരുപോലെ അത്ഭുതം കൂറുന്നത് ചരിത്രം.
പാഷന്‍ഫ്രൂട്ട് ഇന്നിന്റെ വിളവരുംകാലം വിഷമില്ലാ പഴങ്ങളുടേതാകുമെന്ന് ലൂയിസ് പറയുന്നു. സംസ്ഥാനഫലമായ ചക്കയ്‌ക്കൊപ്പമോ അതിലുപരിയോ വിപണനസാധ്യതയുള്ളതാണ് പാഷന്‍ഫ്രൂട്ട്. ലൂയിസിന്റെ പാഷന്‍ഫ്രൂട്ട് പന്തലില്‍ നിന്നും പറിച്ചെടുക്കുന്ന പഴങ്ങള്‍ കിലോഗ്രാമിന് 80 രൂപാ നിരക്കില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുക.പരിചരണം, രോഗ-കീടബാധ എന്നിവയില്‍ കുറവുള്ള ഈ വിളയെ കര്‍ഷകര്‍ കൂടുതല്‍ പരിഗണിക്കണമെന്ന് കര്‍ഷകപക്ഷം.


വിഷമില്ലാ വിളകള്‍ക്ക് വിലയേറും


തന്റെ കൃഷിയിടത്തില്‍ നിരനിരയായി പിടിപ്പിച്ചിട്ടുള്ള റെഡ്‌ലേഡി പപ്പായ, നാടന്‍ പപ്പായ, ആകാശ വെള്ളരി എന്നിവയ്‌ക്കെല്ലാം നല്ല ഡിമാന്റാണ്. പപ്പായ കിലോഗ്രാമിന് 30 രൂപയ്ക്കും ആകാശവെള്ളരി 35 രൂപയ്ക്കുമാണ് വില്‍ക്കുക. വാഴച്ചുണ്ട്, ചേമ്പിന്‍താള്‍, മത്തയില, മത്തന്‍പൂവ് എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരുണ്ടെന്നതാണ് കാര്യം.
വിപണിയറിഞ്ഞ് കൃഷി വിപണിയെറിഞ്ഞാവണം കൃഷിയെന്ന് ഈ മാതൃകാ കര്‍ഷകന്‍ പറയും. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി നേരിട്ടാവണം വിപണനം, കര്‍ഷകരുടെ സ്വന്തം വിപണികള്‍, എക്കോ ഷോപ്പുകള്‍ എന്നിവയെയും പരിഗണിക്കണം.

കൃഷിയിടം - നിരന്തര പഠനസ്ഥലം
സ്വന്തം കൃഷിയിടം കര്‍ഷകന് നിരന്തരം പുതു അറിവുകള്‍ പകരുന്നയിടമെന്ന് ലൂയിസ് പറയുന്നു. ലൂയിസ് തന്റെ നിരന്തര നിരീക്ഷണങ്ങളിലൂടെ നേടിയ കൃഷിയറിവുകള്‍ സഹകര്‍ഷകര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും പകര്‍ന്നു നല്‍കുക സാധാരണം. അതിനാല്‍ തന്നെ ഈ മാതൃകാ കര്‍ഷകന്റെ കൃഷിയിടങ്ങള്‍ കണ്ടുപഠിക്കാന്‍ കുട്ടികള്‍ കൂട്ടമായെത്തുന്നതും.

കുടുംബത്തെകൂട്ടി കൃഷി


കൃഷി എന്നത് ഒരു ജീവിത സംസ്‌കാരമാണ്. വീട്ടുകാരെയും കഴിയുമെങ്കില്‍ കൂട്ടുകാരെയും നാട്ടുകാരെയും കൂട്ടിയാകണം കൃഷിയിടത്തിലെത്തേണ്ടത്. ലൂയിസ് ഇക്കാര്യത്തില്‍ ഒരു മാതൃകയാണ്. ഭാര്യ ബിന്‍സിയും മകള്‍ അക്കുമരിയയും കൃഷിയിടത്തില്‍ സജീവം. കൂട്ടുകാരും നാട്ടുകാരും ഈ മാതൃകാ കര്‍ഷകന് പിന്തുണയുമായി ഒപ്പമുണ്ട്.
ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലൂയിസിനെ തേടിയെത്തിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ ആത്മയുടെ കോട്ടയം ജില്ലാതല പുരസ്‌കാരം, ദീപിക പത്രത്തിന്റെ മികച്ച യുവകര്‍ഷക അംഗീകാരം തുടങ്ങി ഒരുപിടി അംഗീകാരങ്ങള്‍. കൃഷിയറിവുകള്‍ പങ്കുവെയ്ക്കാന്‍ ലൂയിസ് സദാ ഒരുക്കമാണ്.

ഫോണ്‍. 9446123705, 9526437660.

എ.ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍, കൃഷിഭവന്‍, ചെല്ലാനം, എറണാകുളം ജില്ല.
ഫോണ്‍: 9446275112, 920776215


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox