Features

കൃഷിയും മലയാളസിനിമയും

മണ്ണെറിഞ്ഞാല്‍ പൊന്നുവിളയും മലയാളനാട്ടില്‍ എന്നൊരു ചൊല്ലുണ്ട് കേട്ടിട്ടില്ലേ. ചീരയും വെണ്ടയും വഴുതനേം കുമ്പളോം മത്തനും പടവലോം കറിവേപ്പിലേമൊക്കെ വിളയുന്ന ഒരു പൂങ്കാവനമാണെന്റെ സ്വപ്നം. പറയുന്നത് സന്ദേശമെന്ന സത്യന്‍ അന്തിക്കാട് സിനിമയിലെ മണ്ണുദയഭാനുവാണ്. സിദ്ധിക്കിന്റെ കഥാപാത്രത്തെ ആരും അത്രവേഗം മറക്കാനിടയില്ല. അമ്ലമോ ക്ഷാരമോയെന്ന് മണ്ണ് രുചിച്ച് പറയുന്ന ഉദയഭാനു അങ്ങനെ മണ്ണുദയഭാനുവായി. രാഷ്ട്രീയക്കാരുടെ വാചകക്കസര്‍ത്തുകള്‍ക്കൊടുവില്‍ സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ചാലകശക്തിയുടെ ഉടമസ്ഥത സംവിധായകന്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് ഹരിതകേരളം സ്വപ്നം കാണുന്ന മണ്ണുദയഭാനുവിനാണ്.

കൊയ്ത്തുത്സവങ്ങളും പൊലിപ്പാട്ടുകളുമൊക്കെയായി വളര്‍ന്നുവന്നതാണ് മലയാളക്കരയുടെ സാംസ്‌കാരികത്തനിമ. കാര്‍ഷികവൃത്തിയുമായി അഭേദ്യമായി ചേര്‍ന്നുനിന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികവുമായിരുന്നു. കാര്‍ഷികവൃത്തി പ്രധാന മേഖലയായിരുന്ന നാളുകളില്‍ കലാവിഷ്‌കാരങ്ങളിലും അത് കടന്നുവന്നു. രണ്ടിടങ്ങഴിയും പാട്ടബാക്കിയുമൊക്കെ അങ്ങനെയുണ്ടായതാണ്. കൃഷിയും കര്‍ഷകരും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമൊക്കെ നിരവധി മലയാളസിനിമകളില്‍ കടന്നുവരുന്നുണ്ട്.

തകഴിയുടെ രണ്ടിടങ്ങഴിയെന്ന സിനിമ 1958 ലാണ് റിലീസ് ചെയ്യുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തെക്കുറിച്ചും, ഭൂപരിഷ്‌കരണത്തിനു ശേഷമുള്ള സാമൂഹികാന്തരീക്ഷത്തെക്കുറിച്ചുമെല്ലാം നിരവധി ചിത്രങ്ങളുണ്ടായെങ്കിലും കൃഷിയെ അതിന്റെ ജൈവികമായ സവിശേഷതകള്‍ ചോര്‍ന്നു പോകാതെ പ്രമേയമാക്കിയ സിനിമകള്‍ കുറവാണെന്നുതന്നെ പറയാം.

കോണ്‍ ഐലന്റ് എന്നൊരു ജോര്‍ജിയന്‍ സിനിമയുണ്ട്. ഒരു വെള്ളപ്പൊക്കത്തില്‍ നദിക്കു നടുവില്‍ എക്കല്‍ വന്നടിഞ്ഞുണ്ടാകുന്ന ഫലഭൂയിഷ്ഠമായ ഒരു ദ്വീപീല്‍ ചോളക്കൃഷിയുമായി കഴിഞ്ഞുകൂടുന്ന ഒരപ്പൂപ്പന്റെയും ചെറുമോളുടെയും കഥ. ഒരു വെള്ളപ്പൊക്കത്തില്‍ ഉരുവം കൊള്ളുന്ന ദ്വീപ് അടുത്ത വെള്ളപ്പൊക്കത്തില്‍ അതുപോലെതന്നെ ഒഴുകിപ്പോകും.യഥാര്‍ത്ഥ ചോളച്ചെടികള്‍ നട്ടുപിടിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിത, മുളപൊട്ടല്‍, തെളിവെയിലില്‍ തളിരില വിടര്‍ത്തിയുള്ള വിരിയല്‍, വേരുറച്ച് കരുത്തോടെ തിടംവെക്കുന്ന ഇലകള്‍, യൗവനത്തിന്റെ കരുത്തിലുള്ള തഴപ്പ്, സ്വര്‍ണനിറത്തിലേക്കു മാറിയുള്ള കതിരണിയല്‍, വിളഞ്ഞുപാകമായ ചോളം, കരിഞ്ഞുണങ്ങിയ എരിഞ്ഞടങ്ങല്‍ അങ്ങനെയങ്ങനെ ചിത്രം വികസിക്കുമ്പോള്‍ ഒപ്പം മനുഷ്യരുടെയും കഥ മുന്നോട്ട്. എല്ലാത്തിനും മീതെ വരുന്ന പ്രളത്തില്‍ ഒടുവില്‍ അലിഞ്ഞില്ലാതാകല്‍. പുതിയ വഞ്ചിയില്‍ പുതിയ തീരങ്ങള്‍ തേടിയുള്ള പുതുമുറക്കാരിയുടെ യാത്ര. പുതുതായുണ്ടാകുന്ന ദ്വീപിലെത്തുന്ന പുതിയ താമസക്കാരന്‍ അടുത്ത വിതയ്ക്കുള്ള നിലമൊരുക്കലില്‍ പ്രളയത്തിലമര്‍ന്നു പൊലിഞ്ഞുപോയ മുന്‍ താമസക്കാരന്റെ അടയാളങ്ങള്‍ വീണ്ടെടുക്കുന്നിടത്ത് ഒരു ചക്രവും സിനിമയും പൂര്‍ത്തിയാകുന്നു. ഇതുപോലൊരു സിനിമ നമുക്കുണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. അത്രയേറെയുണ്ട് നമ്മുടെ കാര്‍ഷിക പാരമ്പര്യമെങ്കിലും.

കൃഷി പ്രാധാന്യത്തോടെ കഥാസന്ദര്‍ഭത്തില്‍ കടന്നുവരുന്ന നിരവധി സിനിമകള്‍ നമുക്കുണ്ട്. മേലേടത്ത് രാഘവന്‍നായര്‍ എന്ന വാത്സല്യത്തിലെ കഥാപാത്രത്തെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. പിന്നീട് നാട്ടിന്‍പുറങ്ങളില്‍ പല കര്‍ഷകര്‍ക്കും മേലേടം എന്ന ഇരട്ടപ്പേരു പോലും വീണിട്ടുണ്ട്. ലാല്‍ജോസിന്റെ ആദ്യസിനിമയായ ഒരു മറവത്തൂര്‍കനവില്‍ കൃഷിയാവശ്യത്തിനുള്ള ഉറവ ഒരു പ്രധാന കഥാപാത്രമാണ്. പൊന്തന്‍മാടയിലെ മാടയായി തികഞ്ഞ കര്‍ഷകനായ മമ്മൂട്ടി ഉദ്യാനപാലകനില്‍ പൂക്കളെയും ചെടികളെയുമൊക്കെ സ്‌നേഹിക്കുന്ന വിമുക്തഭടനായ സുധാകരന്‍ നായരായി. ആയിരപ്പറയിലെ ശൗരിയും മികച്ച കഥാപാത്രമായിരുന്നു. രാപ്പകലിലെ കൃഷ്ണന്‍ കാര്യസ്ഥനാണെങ്കിലും കര്‍ഷകന്റെ രൂപഭാവങ്ങള്‍ ഒത്തിണങ്ങിയ കഥാപാത്രമായിരുന്നു.

ഇവിടം സ്വര്‍ഗമാണ്, സ്‌നേഹവീട് എന്നിവയൊക്കെ മോഹന്‍ലാലിന്റെ  കര്‍ഷകകഥാപാത്രങ്ങളുള്ള സിനിമകളായിരുന്നു. കരിമ്പിന്‍പൂവിനക്കരെയെന്ന പദ്മരാജന്‍ കഥയില്‍ ലാലും മമ്മൂട്ടിയുമൊക്കെ കരിമ്പുകര്‍ഷകരായി. നമുക്ക് അത്ര പരിചിതമല്ലാത്ത മുന്തിരിക്കൃഷി കടന്നുവരുന്നതും മറ്റൊരു പദ്മരാജന്‍ സിനിമയിലാണ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. കര്‍ഷകനായല്ലെങ്കിലും കാര്‍ഷിക പരിസരങ്ങളില്‍ ജീവിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ അഭിനയത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മോഹന്‍ലാലെന്ന നടന്‍ അവതരിപ്പിച്ചിട്ടുണ്ട്.  തേന്‍മാവിന്‍കൊമ്പിലെ മാണിക്യനും നരനിലെ മുള്ളന്‍കൊല്ലി വേലായുധനും തുടങ്ങി അടുത്തിടെയിറങ്ങിയ ദൃശ്യത്തിലെ ജോര്‍ജുകുട്ടി വരെ. താഴ്‌വാരത്തിലെ ബാലനോടൊപ്പം കഥയിലെ തിനവിളയുന്ന മലയോരങ്ങളും നാം മറക്കാനിടയില്ല.
സാമൂഹ്യപാഠത്തിലെ  സുരേഷ്‌ഗോപിയും കൊട്ടാരം വീട്ടിലെ അപ്പൂട്ടനായ ജയറാമും ജിലേബിയിലെ ജയസൂര്യയുമൊക്കെ കര്‍ഷകരായിരുന്നു. കലാഭവന്‍ മണിയാണ് കര്‍ഷകനെ അതിഗംഭീരമായി അവതരിപ്പിച്ച മറ്റൊരു നല്ല നടന്‍. കലാഭവന്‍ മണിക്ക് ചേറിലും വയലിലുമൊന്നും അഭിനയിക്കേണ്ടി വന്നില്ലെന്നതാണ് നേര്. ദൈവത്തെയോര്‍ത്ത് എന്ന സിനിമയിലെ ബാലചന്ദ്രമേനോന്റെ അഭിനയം മികച്ചതാകാന്‍ കാരണം അടിസ്ഥാനപരമായി അദ്ദേഹവുമൊരു കര്‍ഷകന്‍ കൂടിയായതുകൊണ്ടാണ്.

കൃഷി പ്രധാനപ്രമേയമായി വരുന്ന സിനിമകളില്‍ വളരെ പ്രാധാന്യമേറിയ ഒന്നായിരുന്നു മഞ്ജുവാര്യരുടെ മടങ്ങിവരവിലൂടെ ശ്രദ്ധേയമായ ഹൗ ഓള്‍ഡ് ആര്‍ യൂ. മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിയില്‍ ഒരു തരംഗംതന്നെ തീര്‍ക്കാനും പിന്നീട് അത്തരം പല ശ്രമങ്ങളുടെയും മുഖമാകാനും മഞ്ജു വാര്യരെ ഈ ചിത്രം സഹായിച്ചു. ഒരു പക്ഷെ നമ്മുടെ കൃഷി രീതികളില്‍ നേരിട്ട് ഇത്രയേറെ ഇടപെടല്‍ നടത്തിയിട്ടുള്ള ഒരു ചിത്രം മറ്റൊന്നില്ലെന്നുതന്നെ പറയാം. മഞ്ജുവാര്യര്‍ കര്‍ഷകത്തൊഴിലാളിയായി നിറഞ്ഞഭിനയിച്ച മറ്റൊരു ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്.

കൃഷി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ സിനിമയിലും കൃഷിയും കൃഷിക്കാരുമൊക്കെയില്ലാതായി. നാഞ്ചിനാട്ടിലെയും പൊള്ളാച്ചിയിലെയുമൊക്കെ പാടങ്ങളാണ് പലപ്പോഴും മലയാളസിനിമയുടെ പശ്ചാത്തലഭംഗിയൊരുക്കുന്നത്. കാര്‍ഷികവൃത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകന്നതോടെ കര്‍ഷകരുടെ ജീവിതവും പ്രശ്‌നങ്ങളുമൊന്നും സിനിമയ്ക്ക് പ്രമേയമാകാതെയായി. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി സുവര്‍ണചകോരം നേടിയ ജയരാജിന്റെ ഒറ്റാല്‍ പോലുള്ള ചില സിനിമകള്‍ അപവാദമാണെങ്കിലും.
സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും നല്ല കര്‍ഷകരാണ് പല താരങ്ങളും. സലീം കുമാറിന്റെ പൊക്കാളിക്കൃഷിയും ശ്രീനിവാസന്റെ ജൈവപച്ചക്കറികളും സത്യന്‍ അന്തിക്കാടിന്റെ പാടങ്ങളുമൊക്കെ  കൃഷിയോടുള്ള അവരുടെ താത്പര്യത്തിന്റെ കൂടി തെളിവാണ്.

തുള്ളലും മുടിയേറ്റും തിരിയുഴിച്ചിലും തെയ്യവും തിറയാട്ടവും മംഗലം കളിയുമൊക്കെയായി പരന്നുകിടക്കുന്ന കേരളത്തിന്റെ തനതുകലാപാരമ്പര്യമാകെ നിറഞ്ഞുനില്‍ക്കുന്നത് ഉര്‍വരതാസങ്കല്‍പമാണ്. നമ്മുടെ നാട്ടുത്സവങ്ങള്‍ പലതും കൊയ്ത്തുത്സവങ്ങള്‍ കൂടിയാണ്. പൊലിയും പറയുമൊക്കെയായി ദേവതാസങ്കല്‍പങ്ങളെ പ്രീതിപ്പെടുത്തിയിരുന്ന ജനതയുടെ കലാവിഷ്‌കാരങ്ങളിലും ഉര്‍വരത ഉയിരൂറിക്കുടിയിരുന്നു. ഏറെ ജനപ്രിയമായ ചലച്ചിത്രമെന്ന കലാരൂപത്തില്‍ പക്ഷെ, കാര്‍ഷികവൃത്തി അത്രമേല്‍ പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കപ്പെട്ടില്ല. സിനിമ താരതമ്യേന പുതിയ കലാവിഷ്‌കാരമായതുകൊണ്ടാവാം. പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകള്‍ നടക്കുന്ന പല രാജ്യങ്ങളിലും അടൂരിന്റെയും അരവിന്ദന്റെയുമൊക്കെ പേരിലറിയപ്പെടുന്ന നാടാണ് കേരളം. നമ്മുടെ തനതായ കൃഷിയോ, കാര്‍ഷികവിളകളോ, കൃഷിഭൂമിയുടെ ടോപ്പോഗ്രഫിയോ, കാര്‍ഷികസംസ്‌കാരവുമായി ബന്ധപ്പെട്ട കലാവിഷ്‌കാരങ്ങളോ ചൂണ്ടിക്കാട്ടാന്‍ തക്ക ഒരു സിനിമ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

Share your comments