Features

ഇനി പാലിനും എ.ടി.എം!

ഇനി പാലിനും എ.ടി.എം!
ഹര്‍ഷ വി.എസ്.
സ്വന്തം പണം നിക്ഷേപകന് ഏതു സമയവും പിന്‍വലിക്കാം എന്നതാണ് എ.ടി.എം കൗണ്ടറുകള്‍ നാടൊട്ടുക്ക് വ്യാപകമാകുവാന്‍ പ്രധാന കാരണം. എന്നാല്‍ പണം പിന്‍വലിക്കുന്നതിനേക്കാള്‍ വേഗം എ.ടി.എമ്മില്‍ നിന്ന് പാല്‍ ലഭ്യമാകുമെന്നു വന്നാലോ? പറഞ്ഞു വരുന്നത് ഏതു സമയവും പാല്‍ ലഭ്യമാക്കുന്ന എ.ടി.എം (അി്യ ഠശാല ങശഹസ) അഥവാ മില്‍ക്ക് വെന്‍ഡിങ് മെഷീനുകളെക്കുറിച്ചാണ്. നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ പാല്‍, മികച്ച ഗുണനിലവാരത്തില്‍ സദാ ലഭിക്കുവാന്‍ വഴിയൊരുക്കുന്നു എ.ടി.എം.
ഇന്ത്യയില്‍ ആദ്യം എ.ടി.എം മുഖേന പാല്‍ നല്‍കിയത് ഗുജറാത്തിലെ ആനന്ദില്‍ അമൂല്‍ ആയിരുന്നു. 2014 ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആദ്യത്തെ മില്‍ക്ക് എ.ടി.എം-ന് ശേഷം, ഒട്ടും താമസിക്കാതെ കേരളത്തിലും എ.ടി.എം എത്തിച്ചേര്‍ന്നു. കേരളത്തില്‍ പ്രതിദിനം പാല്‍ സംഭരണം ഏറ്റവുമധികമുള്ള ക്ഷീര സംഘമായ സുല്‍ത്താന്‍ബത്തേരി ക്ഷീരോത്പാദക സഹകരണ സംഘമാണ് ഹൈ-ടെക് ഡയറി ജില്ലയായ വയനാട്ടില്‍ മില്‍ക്ക് എ.ടി.എം-ന് തുടക്കം കുറിച്ചത്. 3,65,000 രൂപ മുതല്‍മുടക്കിയാണ് രാപകല്‍ ഭേദമില്ലാതെ, ഉപഭോക്താക്കള്‍ക്ക് പാല്‍ ലഭ്യമാക്കുവാന്‍ മില്‍ക്ക് എ.ടി.എം സുല്‍ത്താന്‍ബത്തേരി ടൗണില്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ഷീര വികസന വകുപ്പ് 1,20,000 രൂപ സബ്‌സിഡി നല്‍കി ഒരു കൈത്താങ്ങുമായി.
കാഴ്ചയില്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ പോലെ സുന്ദരം. ഉള്ളില്‍ പാല്‍ കേടുകൂടാതെയിരിക്കുവാന്‍ ശീതീകരണസൗകര്യവുമുണ്ട്. പരമാവധി 140 പാക്കറ്റ് വരെ ഒരു സമയം എ.ടി.എമ്മില്‍ സൂക്ഷിക്കാം. 20 രൂപ മെഷീനില്‍ നിക്ഷേപിച്ചാല്‍ അര ലിറ്റര്‍ പാലിന്റെ പാക്കറ്റ് പുറത്തുവരും. പാലും തൈരും പാക്കറ്റുകളിലാക്കി മെഷീനില്‍ നിറച്ചിരിക്കുന്നു. ഉപഭോക്താവ് ആവശ്യമുള്ള ഉത്പന്നം തെരഞ്ഞെടുത്ത്, കോഡ് നമ്പര്‍ അമര്‍ത്തി പണം നിക്ഷേപിച്ചാല്‍ ഡെലിവറി പോയിന്റില്‍ പാലോ തൈരോ കിട്ടിയിരിക്കും. സുല്‍ത്താന്‍ ബത്തേരി സംഘം എ.ടി.എം പ്രവര്‍ത്തനം സദാസമയവും നിരീക്ഷണം നടത്തുന്നതിനാല്‍ പ്രവര്‍ത്തന മികവ് ഏറിയയിരിക്കുന്നു.
മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ അഥവാ എ.ടി.എം സ്ഥാപിക്കുന്നത് വഴി ഗുണമേന്മയുള്ള ശീതീകരിച്ച പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു. പണം നിക്ഷേപിച്ചാല്‍ പാല്‍ ലഭിക്കുന്ന മെഷീനുകള്‍ക്കു പുറമെ, പണമടച്ച് ലഭ്യമാക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകളും ഇന്ന് ലഭ്യമാണ്. ഉപഭോക്താവ് തന്നെ പാല്‍ ശേഖരിക്കേണ്ട പാത്രവുമായി ചെന്ന് ടോക്കണ്‍/കാര്‍ഡ് ഉപയോഗിച്ച് പാല്‍ വാങ്ങുന്ന എ.ടി.എമ്മുകള്‍ക്ക് പ്രധാനമായും ഒരു നേട്ടമുണ്ട്. 'പ്ലാസ്റ്റിക്' എന്ന വിപത്തിനെ ഒഴിവാക്കാനുള്ള ശ്രമം എന്ന നേട്ടം. ഇത്തരത്തില്‍ പാല്‍ പമ്പ് ചെയ്ത് ലഭിക്കുന്ന മെഷീനുകളില്‍ തൈര്, മറ്റ് ക്ഷീരോത്പന്നങ്ങള്‍ എന്നിവ ലഭ്യമാകില്ല. റസിഡന്‍ഷ്യല്‍ ഏറിയകൡ ഇത്തരം മെഷീനുകള്‍ വ്യാപകമാക്കുന്നത് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാനും സഹായിക്കും.
നാടിന്റെ ഗന്ധമുള്ള പാല്‍ 'വയനാട് മില്‍ക്ക്' എന്ന പേരില്‍ വില്‍ക്കുന്ന സുല്‍ത്താന്‍ബത്തേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് സ്വന്തമായി പാസ്ചുറൈസിങ് പ്ലാന്റും തൈര്, നെയ്യ്, പേട, സംഭാരം തുടങ്ങിയ പാല്‍ ഉത്പന്നങ്ങളുടെ നിര്‍മാണവുമുണ്ട്. പ്രതിദിനം ശരാശരി 27000 ലിറ്റര്‍ പാല്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന ഈ ക്ഷീരസംഘത്തിന് വയനാടിന് പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഉയര്‍ന്ന ഡിമാന്റോടെ വിപണിയുണ്ട്. ഇവിടുത്തെ എ.ടി.എം മെഷീന്റെ ചുവടുപിടിച്ച് മറ്റ് ക്ഷീരസംഘങ്ങളും എ.ടി.എം സ്ഥാപിക്കുവാന്‍ താത്പര്യപ്പെടുന്നുമുണ്ട്.
ഒരു ചായ കുടിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം നല്ല പാലും ലഭ്യമാകണമെങ്കില്‍ ഇത്തരം എ.ടി.എം മെഷീനുകള്‍ തന്നെ വേണം. സാധാരണക്കാരനും വളരെ എളുപ്പം ഉപയോഗിക്കാവുന്ന ലളിതമായ രൂപകല്പനയാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുള്ളത്. സംസ്ഥാനത്ത് ആദ്യമായി എ.ടി.എം സ്ഥാപിച്ച് പാല്‍ വിപണനം നടത്തിയ ക്ഷീരസംഘം എന്ന ഖ്യാതി ഇപ്പോള്‍ സുല്‍ത്താന്‍ ബത്തേരിക്ക് സ്വന്തം. പാലിന്റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ മില്‍ക് വെന്‍ഡിങ് മെഷീനും കാലത്തിന്റെ അനിവാര്യതയാണ്.
വയനാട് ക്ഷീരവികസന ഓഫീസറാണ് ലേഖിക
ഫോണ്‍: 9447001071


Share your comments