Features

'ഉപ്പു മുതല്‍ കര്‍പ്പൂരം വരെ' എല്ലാം വാങ്ങി മടങ്ങാം, മുണ്ടക്കയം നാട്ടുചന്തയിലേക്ക് പോരൂ...

കോട്ടയത്തുനിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താൽ മുണ്ടക്കയത്തേക്ക് എത്താം. മുണ്ടക്കയം നാട്ടുചന്ത പുനർജനിച്ചത് നേരിട്ട് കാണാം. തനി നാടൻ സാധനങ്ങൾ ന്യായവിലയ്ക്ക് വാങ്ങാം. കാലത്തിൻ്റെ വേഗത്തിൽ മണ്മറഞ്ഞ നാട്ടുചന്തയെ മറക്കാത്ത പഴയതലമുറയ്ക്ക് ആവേശവും പുതുതലമുറയ്ക്ക് പുതുമയുമാണ് നാട്ടുചന്ത. നാൽപതിലേറെ വർഷം മുമ്പ‌് ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയായ മുണ്ടക്കയത്ത‌് പ്രവർത്തിച്ച ചന്തയാണ‌് പഴയ പ്രൗഢി വീണ്ടെടുക്കുന്നത‌്.

വിഷം നിറഞ്ഞ പച്ചക്കറികളും എന്തിനേറെ 'ഈച്ച പോലും തിരിഞ്ഞു നോക്കാത്ത നല്ല പിടയ്ക്കുന്ന മീനും' ഇവിടെ കിട്ടില്ല. വലിയ ടാങ്കിലെ നല്ല ജീവനുള്ള മീൻ തന്നെ ഇവിടെ കിട്ടും. കവർ പാലും കിട്ടില്ല. പാൽ അവിടെവച്ചുതന്നെ കറന്നുവാങ്ങാം. ഉണ്ണിയപ്പം ഉണ്ടാക്കുന്നത‌് കണ്ടുകൊണ്ട‌് ഉണ്ണിയപ്പം കഴിക്കാം. മീൻ വാങ്ങിക്കൊടുത്താൽ അവിടെ വച്ചുതന്നെ കറിവച്ചു തരും. വിഭവങ്ങളുടെ ശുദ്ധി പരമാവധി ഉറപ്പിക്കാനായി എല്ലാം 'ലൈവായി ഉണ്ടാക്കാൻ' സൗകര്യമൊരുക്കിയിരിക്കുന്നത‌്.

മുണ്ടക്കയം ഫാർമേഴ‌്സ‌് ക്ലബിൻ്റെ നേതൃത്വത്തിലാണ‌് 'പഴയപുത്തൻചന്ത' കല്ലേപ്പാലം ജങ‌്ഷനിൽ പുനഃസൃഷ്ടിച്ചത‌്. നാടിൻ്റെ ഒത്തൊരുമയുടെ നേർകാഴ്ച തന്നെ. ദേശീയപാതയുടെ ഓരത്ത‌് കല്ലേപ്പാലം ജങ‌്ഷനിൽ, സിപിഐ എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി ഓഫീസിനു സമീപത്താണ‌് ചന്ത ആരംഭിച്ചിരിക്കുന്നത‌്.

market

കർഷകർക്ക് തങ്ങളുടെ കാർഷികോൽപന്നങ്ങൾ നല്ല വിലയ്ക്ക് വിൽക്കുന്നതിനും പൊതുജനങ്ങൾക്ക് ഇത് വാങ്ങുന്നതിനുമുള്ള സൗകര്യം ഈ നാട്ടു ചന്തയിലുണ്ടാകും. ജൈവ പച്ചക്കറി, മായം കലരാത്ത ആറ്റുമീൻ, കായൽ മത്സ്യം, മറയൂർ ശർക്കര, മാർത്താണ്ഡം കരിപ്പെട്ടി, നാടൻകോഴി, ചക്കിലാട്ടിയ വെളിച്ചെണ്ണ, മായം കലരാത്ത മസാലപ്പൊടികൾ, ഉണക്കമീൻ, നാടൻ കപ്പകൾ, ചട്ടി, കലം,കൊട്ട, വട്ടി, വാക്കത്തി, കറി കത്തി, വിവിധ തരം അച്ചാറുകൾ, തേൻ, തേൻ ഉൽപ്പന്നങ്ങൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങി ഒരു വീട്ടുക്കർക്കാവശ്യമായ എല്ലാ സാധനങ്ങളും ഈ നാട്ടു ചന്തയിൽ ഉണ്ടാക്കും.

വലിയ ടാങ്കിനുള്ളിൽ ജീവനുള്ള വലിയ മീനുകളെയാണ‌് വിൽപനക്കായി ചന്തയിൽ എത്തിച്ചിരിക്കുന്നത‌്. തൊണ്ടിൻപുറമുള്ള തേങ്ങ ഓർഡർ പ്രകാരം പൊതിച്ചു നൽകുവാനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. ചന്തയിൽ പങ്കെടുക്കാനെത്തുന്നവർക്ക് തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവുണ്ടാകും. ഓർഡർ അനുസരിച്ച് ശുദ്ധമായ പശുവിൻ പാൽ സ്ഥലത്തുവെച്ച് തന്നെ കറന്നെടുത്തു വിൽക്കുവാനും പരിപാടിയുണ്ട്. ഇവിടെ വിൽപ്പനയ്ക്കായി വെച്ചിരിക്കുന്ന മീൻകാട്ടികൊടുത്താൽ അപ്പോൾ തന്നെ വെട്ടി വൃത്തിയാക്കി ചട്ടിയിൽ കറി വെച്ചു നൽകും. ഇടനിലക്കാർ ഇല്ലാതെയും തറവാടക നൽകാതെയും കച്ചവടം നടത്താൻ അവസരം ലഭിച്ചതിൽ കച്ചവടക്കാരും സന്തുഷ്ടരാണ‌്. എല്ലാ ഞായറാഴ‌്ചയും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. നാട്ടുചന്തയുടെ ഉദ‌്ഘാടനം ജൂലൈ ഒന്നിന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ‌് നിർവഹിച്ചു.

mundakkayam

 

 മുണ്ടക്കയം പഴയ കാര്‍ഷികസംസ്‌കൃതി തിരിച്ചുകൊണ്ടുവരികയാണ് നാട്ടുചന്തയുടെ ഉദ്ദേശമെന്ന് കെ ജെ തോമസ് പറഞ്ഞു. ഇന്നത്തെ പ്രധാന ആവശ്യം ശുദ്ധവും വിഷരഹിതവുമായ ഭക്ഷണം ലഭിക്കുക എന്നതാണ്. പണ്ടുകാലത്തെ നാട്ടുചന്തയില്‍ വിഷമില്ലാത്ത പച്ചക്കറികളും മറ്റുല്‍പന്നങ്ങളും ലഭിച്ചിരുന്നു. പാക്കറ്റ് ഭക്ഷണമാണ് ഇന്ന് ആളുകള്‍ കൂടുതലായി ശീലിക്കുന്നത്. ഈ ശീലം മാറണം. രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാത്ത ഭക്ഷണം കിട്ടാനുള്ള സാഹചര്യമാണ് നമുക്ക് വേണ്ടത്. നാട്ടുചന്ത ഇക്കാര്യത്തില്‍ വലിയ മാതൃകയാണ്. ഇതിന് രാഷ്ട്രീയഭേദമന്യെ എല്ലാവരുടെയും പിന്തുണയുമുണ്ട്. ചന്ത കുടുതല്‍ വിപുലമാക്കണം. മുണ്ടക്കയത്തിന് മാത്രമല്ല, മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും ഏറെ ഗുണപ്രദമാണ് നാട്ടുചന്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്തംഗം കെ രാജേഷ് അധ്യക്ഷനായിരുന്നു. 


English Summary: Mundakkayam local market

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox