MFOI 2024 Road Show
Features

കൂണ് മുളയ്ക്കും കാലം

mushroom

മെരുക്കാന്‍ പറ്റാത്തൊരു കാട്ടുപോത്തിനെപോലെയാണ് കാലം. കാലത്തിന് തോന്നിയ വഴിയെ സഞ്ചരിക്കുന്നു. പ്രപഞ്ചത്തെയും പ്രപഞ്ചവാസികളെയും തന്റെ വരുതിയില്‍ നിര്‍ത്തി കൂടെകൊണ്ടുപോകുന്നു.കാലത്തിന്റെ പിന്നറകളിലേക്ക് ഓര്‍മ്മയുടെ ഊന്നുവടിയുമായി നടക്കുമ്പോള്‍ പത്തറുപത് വര്‍ഷങ്ങള്‍ക്ക് പുറകിലുള്ള മേലുകാവിലാണ് ഞാനെത്തുന്നത്. താഴത്തുപെരിങ്ങാലിയും കാരോട്ട് പെരിങ്ങാലിയും വടക്കന്‍മേടും കോലാനിയും തെക്കുംഭാഗവും വടക്കും ഭാഗവുമായി വേര്‍തിരിഞ്ഞിരിക്കുന്ന മേലുകാവ് ഗ്രാമം. കരോട്ട് പെരിങ്ങാലിയിലെ വാഴമൂത്തുവീടിന്റെ ചുറ്റുമുണ്ടായിരുന്ന കാപ്പിത്തോട്ടത്തിലാണ് എന്റെ കൂണോര്‍മ്മ ഉണരുന്നത്.

ഇരുട്ട് മുറിയിലെ വൈയ്‌ക്കോല്‍ കിടക്കയില്‍ കൂണ്‍ കൃഷി നടത്തുന്ന വിദ്യയോ പതിവോ അന്നും ഇന്നും മേലുകാവിലില്ല.മേലുകാവുകാര്‍ക്ക് കൂണ്‍ കൊടുത്തിരുന്നത് ഭൂമി ദേവി തന്നെയായിരുന്നു. കര്‍ക്കിടകമാണ് കൂണ്‍മാസം. അന്നത്തെ കര്‍ക്കിടകമെന്നു പറഞ്ഞാല്‍ രണ്ട് രണ്ടര കര്‍ക്കിടകമാണ്. തുള്ളി മുറിയാതെ പെയ്യുന്ന മഴ. വീശിയടിക്കുന്ന ശീതക്കാറ്റ്. പഞ്ഞകര്‍ക്കിടകമെന്നാണ് പറഞ്ഞിരുന്നത്. മഴമൂലം ജോലിക്ക് പോകാന്‍ പറ്റാത്ത ദിവസങ്ങള്‍ അനവധി.ആളുകളുടെ കൈയ്യില്‍ പണമില്ല. അങ്ങിനെ ആകപ്പാടെ മൗഢ്യം നിറഞ്ഞ മാസമായിരുന്നു അന്നത്തെ കര്‍ക്കിടകം. കാപ്പിക്കുരുവായിരുന്നു അന്ന് മേലുകാവുകാരുടെ മുഖ്യവരുമാനമാര്‍ഗ്ഗം. എല്ലാവരുടെയും വീടുകള്‍ക്കു ചുറ്റും കാപ്പിത്തോട്ടമുണ്ടാകും.ചെറുകിട തോട്ടങ്ങള്‍. അരയേക്കറും മുക്കാലേക്കറും ഒരേക്കറും രണ്ടേക്കറും ,അങ്ങിനെയങ്ങിനെ. അറുപതും എഴുപതും വര്‍ഷങ്ങളുടെ പഴക്കം പറയുന്ന കാപ്പിമരങ്ങളാണുണ്ടായിരുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് കാപ്പിക്കുരു പറിക്കുന്നത്. കാപ്പിയില്‍ കയറി ശിഖരങ്ങള്‍ തോട്ടികൊണ്ടു ചായ്ച്ച് ,ഉലച്ച് കാപ്പിക്കുരു പറിക്കുന്നത് ഒരഭ്യാസം തന്നെയായിരുന്നു.

പറിച്ച കാപ്പിക്കുരു പാറയിലൊ പരമ്പിലോ ചിക്കിയുണക്കി കുത്തിയെടുത്ത് കാപ്പിപരിപ്പാണ് വിറ്റിരുന്നത്. അന്ന് കോഫിബോര്‍ഡുള്ള കാലമാണ്, ഇന്ത്യന്‍ കോഫി ബോര്‍ഡ്.കോഫി ബോര്‍ഡിന്റെ ഡിപ്പോയിലെ കാപ്പിക്കുരു കൊടുക്കാന്‍ പാടുള്ളു. കാപ്പിക്കുരു തൂക്കമനുസരിച്ച് കോഫി ബോര്‍ഡില്‍ കൊടുത്താല്‍ കര്‍ക്കിടകത്തില്‍ ബോണസ് കിട്ടുമായിരുന്നു. മന്നായിരുന്നു അന്നത്തെ ഒരു തൂക്കം.മൂന്ന് റാത്തലായിരുന്നു ഒരു മന്ന്. അന്ന് ബോണസ് വലിയൊരാശ്വാസമായിരുന്നു. കോഫി ബോര്‍ഡ് കാപ്പി കയറ്റി അയയ്ക്കുമ്പോള്‍ ബോര്‍ഡിന് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം കാപ്പി കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കുകയായിരുന്നു ബോണസിലൂടെ കോഫി ബോര്‍ഡ് ചെയ്തിരുന്നത്.

കൂണുകളാണല്ലോ കഥാതന്തു. ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കാപ്പി മരങ്ങല്‍ പറമ്പിനെപ്പോഴും തണലായിരുന്നു. കാപ്പിയുടെ ചകിരിനാരുപോലെയുള്ള മുകള്‍ വേരുകള്‍ സിരാപടലംപോലെ പടര്‍ന്നു കിടക്കുന്നതിനാല്‍ മണ്ണൊലിപ്പ് ഉണ്ടാകുകയില്ല. കാപ്പികരിയിലകള്‍ നിലം മൂടി ഭൂമിക്കൊരു പുതപ്പുപോലെ കിടക്കും. മകരമഞ്ഞിന്റെ പുലര്‍കാല കുളിരിനെ മേലുകാവുകാര്‍ നേരിട്ടിരുന്നത് കാപ്പികരിയിലകള്‍ അടിച്ചുകൂട്ടി തീയിട്ട് തീ കാഞ്ഞുകൊണ്ടായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന കരിയിലക്കൂനകള്‍ക്ക് ചുറ്റും മൂടിപ്പുതച്ച് കുട്ടിച്ചാത്തന്മാരെപോലെ തീ കാഞ്ഞിരിക്കുന്ന കുട്ടിപ്പട്ടാളം എല്ലാ വീടുകളുടെയും കാപ്പിത്തോട്ടങ്ങളിലെ കാഴ്ചതന്നെയായിരുന്നു. ഈ കാപ്പിത്തോട്ടത്തിന്റെ ചില ഭാഗങ്ങളിലായിരുന്നു കൂണുകള്‍ മുളച്ചിരുന്നത്. തിന്നാന്‍ കൊളളാവുന്ന നാല് തരം കൂണുകളാണ് അന്ന് മേലുകാവില്‍ ഉണ്ടായിരുന്നത്. പാവക്കൂണ്‍,പെരുംകൂണ്‍,ഉപ്പുകൂണ്‍,അരിക്കൂണ്‍. അതിരാവിലെ കൂണുകള്‍ കാപ്പിത്തോട്ടത്തില്‍ മുളച്ച് നില്‍ക്കും. കൂണ് പറിക്കാന്‍ കൊട്ടയുമായി ഓട്ടം പിടിക്കുന്നത് കുട്ടിപട്ടാളമായിരിന്നു.

ഉപ്പ് കൂണ്‍
ഉപ്പ് കൂണ്‍

പാവക്കൂണ്‍

നിവര്‍ത്തുപിടിച്ച കുടപോലെ മണ്ണില്‍ പാവക്കൂണ്‍ മുളച്ച് നില്‍ക്കും. വിരിഞ്ഞു നില്‍ക്കുന്ന കൂണിന്റെ നടുക്ക് മുകളിലായി മുഴച്ചുനില്‍ക്കുന്ന മൊട്ട്‌പോലൊരു ഭാഗമുണ്ട്. ഇളം കറുപ്പല്ല,ചാരവുമല്ലാത്ത നിറം.ഒരു വലിയ പപ്പടത്തേക്കാളും വട്ടം പാവക്കൂണിനുണ്ടാകും. നേര്‍മ്മയുള്ളൊരു തൊലി കൂണിന്റെ കുടഭാഗത്തെ പൊതിഞ്ഞിരിക്കും. കൂണിന്റെ തണ്ടിന് കൂടിപ്പോയാല്‍ പത്ത് പതിനൊന്ന് ഇഞ്ച് വരെ ഉയരം വരും. മുളയ്ക്കാന്‍ തുടങ്ങിയാല്‍ ഒരു ഭാഗത്ത് കൂട്ടമായും ഒറ്റ തിരിഞ്ഞും മുളയ്ക്കും. അതിരാവിലെ തന്നെ കൂണ്‍ പറിച്ചെടുക്കണം. കൂണിന് ആയുസ് കുറവാണ്. പെട്ടെന്ന് പുഴു കയറും. പറിച്ചെടുത്താലുടന്‍ വെള്ളത്തിലിടും. ചീത്തയാകാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. കൂണിന്റെ നേര്‍ത്ത ചര്‍മ്മം നീക്കി തണ്ടിലെ മണ്ണുളള ഭാഗം മുറിച്ചുകളഞ്ഞ് , തണ്ടിന്റെ പുറംതൊലിയും പൊളിച്ച് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. തേങ്ങ, വറ്റല്‍ മുളക്,അസാരം കുരുമുളകുപൊടി,അല്‍പം മഞ്ഞള്‍പൊടി,പാകത്തിന് ഉപ്പ്, വേണമെങ്കില്‍ ലേശം കറിമസാല എന്നിവയാണ് ചേരുവകകള്‍. ഇവ വറുത്തരച്ച് കറിവച്ചാല്‍ ബഹുകേമം. വറക്കാതെയും കറി വയ്ക്കാം. പാവക്കൂണ്‍ കഴുകി വൃത്തിയാക്കി അല്പം ഉപ്പും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വാഴയിലയില്‍ പൊതിഞ്ഞ് കനലില്‍ ചുട്ടെടുക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ കഴിയില്ല. കഴിച്ചുതന്നെ അറിയണം. ചുടീല്‍ പ്രയോഗം പാവക്കൂണില്‍ മാത്രമെ പറ്റുകയുള്ളു.

പെരുംകൂണ്‍

കൂമ്പിനില്‍ക്കുന്ന താമരമൊട്ടിന്റെ ഏകദേശരൂപമാണ് പെരുംകൂണിന്. മുളയ്ക്കാന്‍ തുടങ്ങിയാല്‍ ഒരു പ്രദേശം മുഴുവന്‍ മുളയ്ക്കും. ചിലപ്പോള്‍ പെരുംകൂണ്‍ പറിച്ചുമടുത്തുപോകും. തണ്ടിന് പത്ത്-പതിനൊന്നിഞ്ച് നീളം വരും. വെളുത്ത നിറമാണ് പെരുംകൂണിന്. കൂണുകളുടെയെല്ലാം പാചകരീതി ഒരുപോലെയാണ്. പെരുംകൂണ്‍ കൂടുതല്‍നേരം വേവിക്കണം. പന്നിയിറച്ചിക്കും പെരുകൂണിനും തൊണ്ണൂറു നാഴികയാണ് വേവ് എന്ന് കാര്‍ന്നോമ്മാര് പറഞ്ഞുകേട്ടിട്ടുണ്ട്. നന്നായി വെന്തില്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ഉപ്പ് കൂണ്‍

പെരുകൂണ്‍ പോലെയാണ് ഉപ്പുകൂണിന്റെ ആകൃതിയും.വലിപ്പം പെരുംകൂണിനോളം വരില്ല. ഉപ്പുകൂണും നന്നായി വേവിക്കണം.

പെരുംകൂണ്‍
പെരുംകൂണ്‍

അരിക്കൂണ്‍

മുല്ലപ്പൂവിന്റെ നിറവും ചെത്തിപ്പൂവിന്റെ മട്ടും മാതിരിയും. അതാണ് അരിക്കൂണ്‍. മുളക്കാന്‍ തുടങ്ങിയാല്‍ ഒരു പ്രദേശം മുഴുവന്‍ അരിക്കൂണ്‍ മുളച്ചു നില്‍ക്കും.ഒറ്റനോട്ടത്തില്‍ ഭൂമിദേവി പൂത്തുലഞ്ഞ് നില്‍ക്കുകയാണെന്നു തോന്നും. നേര്‍ത്ത തണ്ടേ അരിക്കൂണിനുള്ളു. നിലംപറ്റെ മുളച്ചു നില്‍ക്കും. പറിച്ചെടുത്ത് വൃത്തിയാക്കി മറ്റ് കൂണ്‍കറികള്‍ വയ്ക്കുന്നപോലെ പാചകം ചെയ്യാം. തോരനാക്കിയും അരിക്കൂണ്‍ കഴിക്കാം. പാവക്കൂണിന്റെയത്രയും വേവ് മതി. അരിക്കൂണ്‍ മുളക്കുന്നതിന്റെ ലക്ഷണം തലേദിവസമെ അറിയാം. ചിതല്‍പുറ്റുപോലെ മണ്ണില്‍ കുരുകുരാന്ന് വെളുത്തുകണ്ടാല്‍, അടുത്ത ദിവസം രാവിലെ അരിക്കൂണ്‍ മുളയ്ക്കുമെന്ന് തിട്ടം. ഉപ്പു പരലുകള്‍ വിതറിയതുപോലെ ഒറ്റ നോട്ടത്തില്‍ തോന്നും. അരിക്കൂണിന്റെ മുളപൊട്ടിത്തുടങ്ങുന്നതാണത്. ഇത് കണ്ടാല്‍ കാര്‍ന്നോമ്മാര് പറഞ്ഞിരുന്നത് കൂണ്‍ ഉപ്പിട്ടിട്ടുണ്ടെന്നായിരുന്നു.

ഇന്ന് മേലുകാവിലെ പറമ്പുകളില്‍ തിന്നാന്‍ കൊളളാവുന്ന കൂണുകള്‍ മുളയ്ക്കുന്നത് അപൂര്‍വ്വമായിരിക്കുന്നു. അതിന്റെ ഒരു പ്രധാന കാരണം അപ്രത്യക്ഷമായ കാപ്പിത്തോട്ടങ്ങളാണ്. റബ്ബര്‍ കൃഷിയുടെ ബാധ കയറിയ മേലുകാവുകാര്‍ കാപ്പിവെട്ടി നിരത്തി റബ്ബര്‍ വച്ചു. ഏതാണ്ട് മുപ്പത് നാല്‍പ്പത് വര്‍ഷം മുന്‍പുണ്ടായ കാര്‍ഷിക പരിഷ്‌ക്കാരമാണ്. മണ്ണിന്റെ രാസഘടനയില്‍ വന്ന മാറ്റവും കൂണുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാവാം. പോരാത്തതിന് ഇക്കാലത്തെ കര്‍ക്കിടകത്തില്‍ പെയ്യുന്ന മഴയുടെ തോതും കുറഞ്ഞല്ലൊ.

' എല്ലാം കൊണ്ടും നെല്ലാപ്പാറ കേറി എന്റെ നാത്തൂനേ' എന്നു മേലുകാവിലെ ഒരു ചേടത്തി പണ്ട് പറഞ്ഞതുപോലെയാണിപ്പോള്‍ മേലുകാവിലെ കൃഷികാര്യങ്ങള്‍.ആരോട് പറയാന്‍.

(മേലുകാവില്‍ വടക്കുംഭാഗത്തെ ഒരു പാറക്കെട്ടാണ് നെല്ലാപ്പാറ. ഇതിന്റെ മുകല്‍പരപ്പില്‍ കയറുന്നത് വലിയ പാട് തന്നെ)

എന്‍.എസ്.ഐസക് ,

മുന്‍ ആകാശവാണി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍,

മൊ-9446211818


English Summary: Mushrooms

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds