<
Features

കമ്പുകള്‍ വളരെവേഗം വേര് പിടിപ്പിക്കുന്നതിന് ജൈവ റൂട്ട് ഹോര്‍മോണ്‍

മുറിച്ചുനടുന്ന കമ്പുകളോ വള്ളികളോ ചീഞ്ഞുപോകാതെ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള ഹോര്‍മോണ്‍ ( Root hormone ) ലഭ്യമാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും എന്താണ് ഹോര്‍മോണ്‍ അത് എവിടെ കിട്ടും, എങ്ങിനെ ഉപയോഗിക്കണം എന്നതിനെകുറിച്ച് സംശയം ഉണ്ടാകാം.

മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ രീതിയാണ് കമ്പ് മുറിച്ചുനടുന്നത് . വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. എളുപ്പവും ലളിതവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ ഈ ഹോര്‍മോണ്‍ വിദ്യ. പൗഡര്‍ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ളതും പല പേരുകളില്‍ അറിയപ്പെടുന്നവയുമായ അനേകം ഹോര്‍മോണ്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ നമുക്ക് വളരെയെളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാവുന്ന റൂട്ട് ഹോര്‍മോണുകള്‍ ഏതൊക്കെയാണെന്നും എങ്ങിനെ ഉപയോഗിക്കാമെന്നും പരിചയപ്പെടാം.

rooting

തേന്‍
രണ്ട് ടീസ്പൂണ്‍ ശുദ്ധമായ തേന്‍ ഒരു കപ്പ് വെള്ളത്തില്‍കലക്കി കുപ്പിയില്‍ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാല്‍ അത് നല്ലൊരു റൂട്ട് ഹോര്‍മോണായി മാറും.തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിര്‍പ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം. (തേന്‍ നേരിട്ട് കമ്പില്‍ പുരട്ടിയും നടും)

കരിക്കിന്‍ വെള്ളം -പച്ചച്ചാണകം
ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളത്തില്‍ അഞ്ച് ടീസ്പൂണ്‍ പച്ചചാണകം കലക്കിവെച്ച് തെളിനീര്‍ ഊറ്റിയെടുത്തത് അതില്‍ നടാനുള്ള കമ്പോ വള്ളിയോ 20-30 മിനിറ്റ് മുക്കിവെച്ച ശേഷം മാറ്റി നടാം.

മുരിങ്ങ ഇല സത്ത്
അമ്പത് ഗ്രാം മുരിങ്ങയില ഇരുന്നൂറ് മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം . പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20-30 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ചും സിനിമോന്‍ സ്റ്റിക് പൗഡര്‍ ( കറുവ പട്ട പൊടി ) ഉപയോഗിച്ചും ഹോര്‍മോണ്‍ ഉണ്ടാക്കാം. എന്നാല്‍ മുകളില്‍ വിവരിച്ചവ വളരെ ഗുണമേന്മ ഉള്ളതും ലളിതവുമാണ്.

roots

കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം. നടാനെടുക്കുന്ന തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഈ കമ്പ് അല്ലെങ്കില്‍ വള്ളി 20-30 മിനിറ്റ് മുക്കിവെച്ച ശേഷം ഒരു കപ്പില്‍ നനച്ച് നിറച്ചുവെച്ചിരിക്കുന്ന നടീല്‍ മിശ്രിതത്തില്‍ നടണം ( മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതം.). കമ്പ് നട്ടുവെച്ച കപ്പ് ഒരു ക്ലിയര്‍ പോളിത്തീന്‍ ബാഗ്‌കൊണ്ട് കവര്‍ചെയ്യണം (തെളിഞ്ഞ പ്ലാസ്റ്റിക് കൂട്). 18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം. ഇത് അധികം സൂര്യ പ്രകാശം ഏല്‍ക്കാതെ സിറ്റൗട്ടിലോ റൂമിനുള്ളില്‍ ജനലരികിലോ വെക്കണം.

വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ.

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്. വേര് ഇറങ്ങിയ തൈ ഇളകാതെ മാറ്റി നടാം. റോസ് ഉള്‍പ്പെടെയുള്ള പൂചെടികള്‍ നാരകം പോലെയുള്ള കമ്പ് മുറിച്ച് നടുന്ന ഇനങ്ങള്‍ പച്ചക്കറി ചെടികള്‍ മധുര കിഴങ്ങ് പോലെയുള്ള വള്ളി ചെടികള്‍ അലങ്കാര ചെടികള്‍ എന്നിവക്ക് മാത്രമല്ല ലെയറിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

 


English Summary: Natural Root Hormone

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds