<
Features

ജാതികൃഷി : വാര്‍ഷികവരുമാനം 40 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ അരീക്കോട് കരുവാരക്കുണ്ട് റൂട്ടില്‍ ഏകദേശം 38 കി.മീറ്റര്‍ ചെന്നാല്‍ മേലാറ്റൂരായി. ഇവിടെ വഴിയില്‍ ഒരു ചൂണ്ടുപലകയുണ്ട്. കേരളശ്രീ ജാതി നഴ്‌സറി & പ്ലാന്റേഷന്‍ കോവിലകം റോഡ്. മേലാറ്റൂര്‍ വഴിതിരിഞ്ഞ് കോവിലകം റോഡില്‍ ഏകദേശം 150 മീറ്റര്‍ ചെന്നാല്‍ താഴത്തില്‍ മാത്യൂ സെബാസ്റ്റ്യന്റെ വീടും നഴ്‌സറിയും 'ജാതിക്കോയ്മ'യുടെ ദൃഷ്ടാന്തങ്ങളായി വിലസുന്നു.

'കേരളശ്രീ' എന്ന ഇനം ജാതി കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത് പ്രചരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ 'പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്' ലഭിച്ച കര്‍ഷകനാണ് മാത്യൂ സെബാസ്റ്റ്യന്‍. ഒന്നര ലക്ഷം രൂപയും ഒരു കീര്‍ത്തിഫലകവും അടങ്ങുന്ന അവാര്‍ഡ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം കേന്ദ്ര കൃഷി മന്ത്രിയില്‍ നിന്ന് വാങ്ങിയായതിന്റെ നിറവിലാണ് മാത്യൂ സെബാസ്റ്റ്യന്‍. കോഴിക്കോട്ടെ സുഗന്ധവിള ഗവേഷണ കേന്ദ്രമാണ് അവാര്‍ഡിന് മാത്യൂ സെബാസ്റ്റ്യനെ ശുപാര്‍ശ ചെയ്തത്.

ജാതിഗവേഷണത്തിന്റെ ചരിത്രം ഒരു നാള്‍ രേഖപ്പെടുത്തുമ്പോള്‍ മാത്യൂ സെബാസ്റ്റ്യന്റെയും, കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ അദ്ദേഹം കണ്ടെത്തിയ കേരളശ്രീ ജാതിയുടെയും പേരുകള്‍ തങ്കലിപിയില്‍ തന്നെ രേഖപ്പെടുത്തേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഒരു ഗവേഷണകേന്ദ്രം കര്‍ഷക പങ്കാളിത്തത്തോടെ ലോകത്തില്‍ ആദ്യമായാണ് ഒരു ജാതി ഇനം വികസിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പങ്കാളിയായ മാത്യൂ  വ്യത്യസ്തനാകുന്നു. 

നിലമ്പൂരിലെ അറിയപ്പെടുന്ന കുടിയേറ്റ കര്‍ഷകനും രാഷ്ട്രീയ നേതാവുമായ മാത്യൂ സെബാസ്റ്റ്യന്റെ രക്തത്തില്‍ രാഷ്ട്രീയത്തേക്കാള്‍ അലിഞ്ഞു ചേര്‍ന്നതാണ് കൃഷി. കമുകും, ഏലവും ഒക്കെ പരീക്ഷിച്ചശേഷമാണ് ഇദ്ദേഹം ജാതിക്കൃഷിയിലേക്കു തിരിയുന്നത്. മേലാറ്റുരില്‍ നിന്ന് 12 കി.മീറ്റര്‍ ദൂരത്തായി കരുവാരക്കുണ്ടില്‍ കണ്ണോത്തുമലയും കുട്ടമ്പുഴതോടും അതിരിടുന്ന പ്രകൃതിഭംഗി നിറഞ്ഞു തുളുമ്പുന്ന 10 ഏക്കര്‍ സ്ഥലം (കേരള എസ്റ്റേറ്റ്) ഇദ്ദേഹം വാങ്ങിയത് രണ്ടായിരമാണ്ടില്‍. സമുദ്ര നിരപ്പില്‍ നിന്ന് ഉദ്ദേശം 50 മീറ്റര്‍ ഉയരത്തിലുള്ള കേരള എസ്റ്റേറ്റില്‍ എത്താന്‍ കരുവാരുക്കുണ്ടില്‍ നിന്ന് ഉദ്ദേശം 4 കി.മീറ്റര്‍ ജീപ്പില്‍ മലകയറ്റം ബ്രിട്ടീഷുകാരുടെ കാലത്ത് തേയില തോട്ടമായിരുന്നു  എസ്റ്റേറ്റില്‍ അധികഭാഗവും.

nutmeg

തേയില ക്രമേണ റബറിനും കമുകിനും അവസാനമായി കുരുമുളകിനും ജാതിക്കും വഴിമാറിയ ചരിത്രമാണ് ഈ തോട്ടത്തിന് പറയാനുളളത്. കേരള എസ്റ്റേറ്റില്‍ കമുക്, ഏലം തുടങ്ങിയ വിളകള്‍ പരീക്ഷിച്ചെങ്കിലും ജാതിയാണ് തന്റെ തട്ടകം എന്ന് മാത്യൂ സെബാസ്റ്റ്യന്‍ തിരിച്ചറിയുന്നത് 2004 -ലാണ്. കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച 'വിശ്വശ്രീ' ജാതിയെക്കുറിച്ച് വായിച്ചറിഞ്ഞ മാത്യൂ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പെരുവണ്ണാമൂഴി ഫാമിലെത്തി 'വിശ്വശ്രീ' ഉള്‍പ്പെടെ 50-ല്‍പരം ജാതി ഗ്രാഫ്റ്റുകള്‍ കൊണ്ടുപോയി മറ്റു ജാതികള്‍ക്കൊപ്പം കൃഷി ആരംഭിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കൊണ്ടു വന്ന ജാതിഗ്രാഫ്റ്റുകളില്‍ ചിലത് മറ്റുള്ളവയില്‍ നിന്ന് ഏറെ മികവ് പുലര്‍ത്തുന്നതായി കണ്ട മാത്യൂ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിശ്വശ്രീയും മറ്റു നാടന്‍ ജാതിയിനങ്ങളുമായി താരതമ്യം ചെയ്ത് നിരീക്ഷിച്ചതില്‍ നിന്നാണ് 'കേരള ശ്രീ' എന്ന പുതിയ ഇനത്തിന്റെ പിറവി. 'കേരളശ്രീ' എന്ന പേരിനുപിന്നില്‍ കേരള എസ്റ്റേറ്റിലെ 'കേരള'യും വിശ്വശ്രീയിലെ 'ശ്രീ'യും ആണ്.

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായുള്ള നിരന്തര സമ്പര്‍ക്കവും ഗവേഷണകേന്ദ്രം മൂന്‍ ഡയറക്ടറും, ശാസ്ത്രജ്ഞരും കേരള എസ്റ്റേറ്റ് സന്ദര്‍ശിച്ചതുമാണ് തന്റെ ഈ നേട്ടത്തിന് വഴിത്തിരിവായത് എന്ന് മാത്യൂ സെബാസ്റ്റ്യന്‍ പറയുന്നു. ഗവേഷണ കേന്ദ്രവുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു.കരുവാരക്കുണ്ടിലെ കേരള എസ്റ്റേറ്റില്‍ ഏകദേശം 1000 ജാതി മരമുണ്ട്. ഇതിനുപുറമെ കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ വിളകളും. ജാതിയില്‍ 500 എണ്ണം കേരളശ്രീ ഇനം. ഒരു ഹെക്ടറില്‍ നിന്ന് 2500 കിലോ ജാതിക്കായും 500 കിലോ പത്രിയും ആണ് കേരളശ്രീയുടെ സവിശേഷത. ഒരു കിലോ തൂക്കം പത്രിക്ക് 300 ഉണങ്ങിയ പത്രികളും, 1 കിലോ ജാതിക്കായ്ക്ക് 100 കായ്കളും മതി. കായ്കള്‍ നല്ല മുഴുത്തതാണ്. കേരളശ്രീയുടെ പത്രിക്ക് മറ്റു മരങ്ങളുടെ പത്രിയെ അപേക്ഷിച്ച മികച്ച വില ലഭിക്കുന്നു. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്രത്യേകത ഉണ്ടെങ്കിലും ഏപ്രില്‍ മുതലാണ് പ്രധാന വിളവെടുപ്പ്.

സമ്മിശ്രവളപ്രയോഗമാണ് ചെയ്യുന്നത്. ജലസേചനം തോട്ടത്തില്‍ക്കൂടി ഒഴുകുന്ന നീര്‍ച്ചാലുകളില്‍ നിന്നാണ്.ഒരു വര്‍ഷം 10 ഏക്കറില്‍ നിന്ന് വരുമാനം നാല്പത് ലക്ഷം രൂപ. മൂപ്പതു ലക്ഷം ജാതിയുടെ മാത്രം സംഭാവന. മാനേജര്‍ പി.എം.തോമസും അഞ്ച് അന്യസംസ്ഥാനത്തൊഴിലാളികളും ചേര്‍ന്ന് തോട്ടം പരിപാലിക്കുന്നു. ജാതിയുടെ സന്ദേശം നാട്ടുകാരിലെത്തിക്കുന്നത് മാത്യൂ സെബാസ്റ്റ്യന്റെ സംഭാവനകള്‍ പരിഗണിച്ച് ഇദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസിന്റെ 2015-ലെ 'സുഗന്ധശ്രീ' അവാര്‍ഡ്, കരുവാരക്കുണ്ട് പഞ്ചായത്ത് വക മികച്ച കര്‍ഷകനുള്ള അവാര്‍ഡ്, 2015-ലെ ഐ.എ.ആര്‍.ഐ (കഅഞക) ഇന്നൊവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡ്, രൂപത അടിസ്ഥാനത്തിലുള്ള മികച്ച കര്‍ഷകപുരസ്‌കാരം തുടങ്ങിയവ ചിലതുമാത്രം. മാത്യൂവിന് പിന്തുണയുമായി ഭാര്യ സുജിയും  മക്കളായ മഹിനും നെവിനും കൂടെയുണ്ട്. 

ഡോ.ബി.ശശികുമാര്‍
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ് ലേഖകന്‍, ഫോണ്‍: 7034278151, 9447178151

English Summary: nutmeg farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds