<
Features

വീട്ടിൽ മികച്ച ജൈവകൃഷിയുമായി ലൈസമ്മ

'കൃഷിയിൽ നിന്നും നല്ല വിളവ് കിട്ടിയാൽ ഒരുത്സാഹമൊക്കെയുണ്ട്. പക്ഷേ വേണ്ടത്ര വിളവ് കിട്ടുന്നില്ലെ''ന്ന് തങ്കച്ചന് പരിഭവം. '' ഇത്തവണ നല്ല വിളവ് കിട്ടുമായിരിക്കു''മെന്ന് ഭാര്യ ലൈസമ്മ. കഴിഞ്ഞ വർഷങ്ങളിൽ നല്ല വിളവ് ലഭിച്ചതാണെന്ന് ലൈസമ്മ ഓർക്കുന്നു.  കൃഷിയോടും അവയുടെ പരിപാലനത്തോടുമൊക്കെയാണ് ലൈസമ്മയ്ക്ക് പ്രിയം. അതിനായി ലഭ്യമാക്കാവുന്നിടത്തുനിന്നൊക്കെ  തൈകളും വിത്തുകളും സംഭരിക്കും. കാർഷികമേളകളിൽ നിന്നാണ് കൂടുതലും സംഭരിക്കുക.

കൃഷിയിടം കുറവാണെങ്കിലും ഉള്ള സ്ഥലത്തൊക്കെ ഗ്രോ ബാഗിൽ കൃഷി ചെയ്തു വരുന്നു. പയറും കോവലും വെണ്ടയും പാവയ്ക്കയും ക്യാബേജും കോളിഫ്ലവറും  കൂർക്കയും വഴുതനയും നിത്യവഴുതനയും മുളകും പുതിനയും വരെ ഇവിടെ ഗ്രോ ബാഗിൽ വളരുന്നു. കപ്പളവും ചീരയും ഒക്കെ മണ്ണിൽ വളരുന്നു.വീടിന്റെ ഇടത് വശത്ത് പയർ പന്തലിൽ കയറി. രണ്ട് പയർ ഉണ്ടായി. നിറയെ പൂക്കളും. "നീറ് നല്ലതാണെന്ന് കേട്ടറിഞ്ഞിട്ടാണോ എന്തോ എവിടെ നിന്നാണെന്നറിയില്ല ഇപ്പോഴേക്കും പയറിൽ നീറ് വന്ന് കയറിയി''ട്ടുണ്ടെന്ന് ലൈസമ്മ. ''അയ്യോ ഇനി ആ നീറ് പയറിന്റെ പൂവ് നശിപ്പിക്കുമോ?'' എന്ന ആശങ്കയിൽ ഭർത്താവ് തങ്കച്ചൻ. പയറൊക്കെ പന്തലിൽ കയറും മുമ്പേ കേട് വരും. തുടക്കം മുതലേ നല്ല പരിചരണം നൽകിയാൽ നന്നാകും. ''തൈ നന്നായാൽ കോവൽ നന്നാകു''മെന്നാണ്  ഇവരുടെ അനുഭവം. 

കഴിഞ്ഞ വർഷം നല്ല വിളവ് ലഭിച്ചതാണ്. ഇത്തവണയും ടെറസിൽ കൃഷി ചെയ്യാമെന്ന് കരുതുന്നു. തികച്ചും ജൈവകൃഷി തന്നെ. ഗ്രോ ബാഗിൽ മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയുമൊക്കെ നിറയ്ക്കും. രണ്ടാഴ്ച കൂടുമ്പോൾ വേണ്ട വളവും നൽകും. വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയുമൊക്കെ ഉപയോഗിക്കുന്നുണ്ട്. തുടർ കൃഷിക്കായി ഗ്രോ ബാഗിൽ വിത്തുപാകി കിളിർപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം വീട്ടിലെ മികച്ച കൃഷിക്കുള്ള കെ.എസ്.എസിന്റെ മികച്ച കർഷകയ്ക്കുള്ള അവാർഡ് കിട്ടിയത് അതിരമ്പുഴ സ്വദേശിയായ ലൈസമ്മയ്ക്കാണ്.


English Summary: organic farming at home

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds