Features

പൂവരണിയിലെ ജൈവസമൃദ്ധി

പൂവരണി എന്നാല്‍ പൂങ്കാവനമെന്നാണ് അര്‍ത്ഥം. മീനച്ചാല്‍ പഞ്ചായത്തിലെ പൂവരണി ഇപ്പോള്‍ അന്തര്‍ദ്ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത് ജൈവവിത്തുകളുടെ കലവറ എന്ന നിലയിലാണ്. ന്യൂഡല്‍ഹിയില്‍ 2017 നവംബറില്‍ നടന്ന അന്താരാഷ്ട്ര ജൈവകോണ്‍ഗ്രസ്സില്‍ ശ്രദ്ധേയനായ ജോര്‍ജ്ജ് ആന്റണിയുടെ വക്കച്ചന്‍സ് ജൈവവിത്ത് ഫാം കോട്ടയം ജില്ലയിലെ മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നിത്യവും കൊറിയറിലും തപാല്‍ മാര്‍ഗ്ഗവും മികച്ച വിത്തുകള്‍ അയച്ചുകൊടുക്കുന്നുണ്ട് ജോര്‍ജ്ജ് ആന്റണി എന്ന വക്കച്ചന്‍. 


vakkacchan


കേരളത്തില്‍ മാത്രം കാണപ്പെടുന്ന ആനക്കൊമ്പന്‍ വെണ്ടയ്ക്കയുടെ വിത്തുകള്‍ക്കാണ് ഏറെ പ്രിയം. ഒരു മീറ്റര്‍ പയര്‍, നാരില്ലാ പയര്‍, ചതുര പയര്‍, നിത്യ വഴുതന, സലാഡ് വെളളരി, വാളരി പയര്‍ എന്നിവയ്ക്കും വലിയ ഡിമാന്റാണ്. മാരാരിക്കുളം സ്‌പെഷ്യലായ നീല വഴുതനത്തിന് പുറമെ അഞ്ചിനം നാടന്‍ വഴുതിന വിത്തും വിതരണത്തിന് തയ്യാര്‍. പത്തിനം മുളകുകളാണ് എരിവ് പ്രിയന്മാര്‍ക്കായി തയ്യാറാക്കിയിട്ടുളളത്.

നീലക്കാന്താരി, വെളളക്കാന്താരി, പച്ചക്കാന്താരി എന്നിവയുടെ വിത്തുകള്‍ അമിത കൊളസ്‌ട്രോള്‍ ധാരികള്‍ കൂടുതലായി വാങ്ങുന്നതെന്ന് വക്കച്ചന്‍ പറഞ്ഞു. ഉജ്വല മുളക്, പച്ച, വയലറ്റ്, കൊമ്പന്‍ ഇനത്തില്‍പെട്ട കൊണ്ടാട്ടം മുളകുകള്‍, നെല്ലിക്കാമുളക്, മത്തങ്ങാമുളക് എന്നിങ്ങനെ മുളക് വിത്തുകളുടെ കലവറ തന്നെയുണ്ട് വക്കച്ചന്റെ ഫാമില്‍. ഇതിനു പുറമെ തനത് ഇനത്തില്‍ പെട്ട ചീര, പാവല്‍, പടവലം, മത്തന്‍, വാളരി എന്നിവയും. കുറ്റി വാളരിയും വളളി വാളരിയും എന്ന് വാളരിയ്ക്ക് രണ്ട് പിരിവുകള്‍. 

ഔഷധവീര്യം തിരിച്ചറിഞ്ഞതോടെ എയര്‍ പൊട്ടറ്റൊ എന്നറിയപ്പെടുന്ന വളളിയില്‍ പിടിക്കുന്ന അടതാപ്പ് സന്ധികളില്‍ ഫ്‌ളൂയിഡുണ്ടാക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തല്‍. ഇന്ന് ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന സന്ധികളുടെ തേയ്മാനം ഒഴിവാക്കാന്‍ അടതാപ്പ് സഹായിക്കും.


adathaapp


പാലായിലും ഭരണങ്ങാനത്തും വിത്തുകള്‍ വില്പനയ്ക്കുണ്ടെങ്കിലും വീട്ടില്‍ വന്ന് വാങ്ങുന്നവരാണ് അധികവും. 25 വിത്തുകളുളള ഒരു പാക്കറ്റ് 15 രൂപയ്ക്കാണ് വില്‍പന നടത്തുക. അടതാപ്പ് ഒരു കിലോയ്ക്ക് 300 രൂപയാണ് വില. കുംഭമാസത്തിലാണ് അടതാപ്പ് നടേണ്ടതെന്നും വക്കച്ചന്‍ പറയുന്നു. നിത്യവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും മറ്റ് സന്ദര്‍ശകരും വക്കച്ചന്‍സ് ഫാമില്‍ കൃഷി പഠനാര്‍ത്ഥം എത്തുന്ന. പുറമെ സ്‌കൂളുകളിലും റസിഡന്റ്‌സ് അസോസ്യേഷനുകളിലും മറ്റും ക്ലാസ്സെടുക്കാനും വക്കച്ചന്‍ പോകാറുണ്ട്. ഭാര്യ ഷീജാ ജോര്‍ജ്ജാണ് പ്രധാന സഹായി. മൂത്തമകന്‍ റോണി എഞ്ചിനിയറിംഗിന് പഠിക്കുന്നു. ഇളയയാള്‍ ഡോണി കൃഷിയില്‍ താല്‍പര്യമുളളയാളാണ്. പ്ലസ് വണ്ണിന് പഠിക്കുന്ന ഡോണി കോട്ടയം ജില്ലയിലെ മികച്ച കൃഷി വിദ്യാര്‍ത്ഥിയായി തെരെഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുമായിരുന്നു പുരസ്‌കാരമായി കിട്ടിയത്. 

ചിട്ടയായ ജീവിതവും കഠിനാധ്വാനവും ശുദ്ധമായ ഭക്ഷണവും ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് വക്കച്ചന്‍ വിശ്വസിക്കുന്നു. വക്കച്ചന്റെ 95 വയസ്സുളള അപ്പച്ചന്‍ആന്റണിയും 92 വയസ്സുളള മാതാവ് ഏലിയാമ്മയും ഇതിന് ഉദാഹരണമാണെന്ന് വക്കച്ചന്‍ പറയുന്നു. വക്കച്ചന്റെ ഒരു സഹോദരി സിസ്റ്റേഴ്‌സ് ഓഫ് നോര്‍ട്ടല്‍ സാമിന്റെ പ്രതിനിധിയാണ്. സിസ്റ്റര്‍ നേഹ ഡാര്‍ജിലിംഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. മറ്റ് മൂന്നു സഹോദരിമാരും നാല് ജ്യേഷ്ടന്മാരും നെടുങ്കണ്ടം, ചിന്നാര്‍, തൊടുപുഴ പ്രദേശങ്ങളില്‍ കൃഷിയില്‍ വ്യാപൃതരായി ജീവിക്കുന്നു. കൃഷി നല്‍കുന്ന സംതൃപ്തിയില്‍ പ്രകൃതിയോടിണങ്ങിക്കഴിയുന്ന വക്കച്ചന്‍സ് ഓര്‍ഗാനിക് ഫാം സന്ദര്‍ശിക്കാന്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ജോര്‍ജ്ജ് ആന്റണി
വക്കച്ചന്‍സ് ഓര്‍ഗാനിക് സീഡ് ഫാം
പൂവരണി-686577
ഫോണ്‍ - 9447808417, 8547046041

Share your comments