Features

ചിപ്പിക്കൂണ്‍ അനായാസം വളർത്താം


ഔഷധ ഗുണത്തിലും പോഷക ഗുണത്തിലും രുചിയിലും മണത്തിലുമെല്ലാം വളരെ മുൻപന്തിയിൽ  നില്‍ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൂണ്‍. പുരാതനകാലം മുതല്‍ കൂണിനെ ഭക്ഷണത്തിനായ് ഉപയോഗിച്ചിരുന്നതായി പല പുരാണ ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെനാട്ടില്‍ മഴക്കാലത്തും തണുപ്പുകാലത്തും യഥേഷ്ടം ലഭിച്ചിരുന്നകൂണ്‍ ഇന്നിപ്പോള്‍ ശാസ്ത്രീയമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന കാര്യം എല്ലാവർക്കും  അറിയാവുന്നതാണ്.

ചെറിയതോതിലും വന്‍തോതിലും  കൂണ്‍ മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ഉത്പാദിപ്പിച്ചുവരുന്നു. ഒരു കിലോ കൂണിന്റെയും  വില 300 രൂപ മുതല്‍ 500 രുപ വരെ എത്തിയിരിക്കുന്നു. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി കാന്‍സറിനെ വരെ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള കഴിവ് കൂണിനുണ്ടെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇതുകരണം എത്ര വലിയ വിലകൊടുത്തും കൂണ്‍ വാങ്ങാന്‍ ആരും തയാറാണ്. ഇതൊക്കെയാണെങ്കിലും മാര്‍ക്കറ്റില്‍ അത്രകണ്ട് സുലഭമല്ല എന്നതാണ് ദുഃഖസത്യം. 40 വര്‍ഷത്തിലേറെക്കാലമായി കൂണ്‍ കൃഷിരംഗത്ത് സജ്ജീവമായി നില്‍ക്കുന്ന പരമേശ്വരന്‍ വീട്ടാവശ്യത്തിനുള്ള കൂണ്‍ കൃഷിക്ക് ഒട്ടധികം ലഘു കാര്‍ഷിക മുറകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വീട്ടില്‍ പച്ചക്കറികൃഷിചെയ്യുന്നതിനേക്കാ
ള്‍ ലാഘവത്തോടുകൂടി ഈ അത്ഭുതവസ്തുവിനെ വീട്ടിനുള്ളിലെ ബഡ്‌റീമില്‍ പോലും ഉത്പാദിപ്പിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

ഇതിനായി ഒരുചെറിയ പ്ലാസ്റ്റിക് കവറും ഒരു കവര്‍വിത്തും (spawn) കുറച്ചു വൈക്കോലും മാത്രം മതി. വൈക്കോലിന് പകരം ഉണങ്ങിയ വാഴയിലയും വാഴക്കയ്യും ഉപയോഗിക്കാം. പ്ലാസ്റ്റിക് കവറിന് പകരമായി മിനറല്‍വാട്ടറിന്റെ ബോട്ടിലും ചെറിയ പ്ലാസ്റ്റിക് ബക്കറ്റും ഉപയോഗിക്കാം. ബോട്ടിലിലാണണെങ്കില്‍ വൈക്കോലിനെ രണ്ടു സെന്റീമീറ്റര്‍ നീളത്തില്‍ മുറിക്കണം. ആദ്യമായി ആവശ്യമുള്ള വൈക്കോലിനെ (ഇതിനെ മാധ്യമം എന്നു പറയും)10-12 മണിക്കൂര്‍ പച്ചവെള്ളത്തില്‍ താഴ്ത്തിവച്ച് കുതിര്‍ക്കുക. എന്നിട്ട് ഇതിനെ അധിക വെള്ളം വാര്‍ന്നുപോകാനായി ഒരു പലകമേലോ മറ്റേതെങ്കിലും പ്രതലത്തിലോ മണ്ണു പുരളാതെ വൃത്തിയുള്ള സ്ഥലത്ത് അല്പസമയം വയ്ക്കുക. എന്നിട്ട് അണുവിമുക്തമാക്കുന്നതിനായി ഒരു പാത്രത്തില്‍ നാലോ അഞ്ചോ ലിറ്റര്‍ വെള്ളമെടുക്കുക (പാത്രത്തിന്റെ കാല്ഭാഗം) ഇതിനുള്ളില്‍ വെള്ളം തോര്‍ന്ന വൈക്കോലിനെ എടുത്തിട്ട ശേഷം പാത്രം നന്നായി അടച്ചു വയ്ക്കുക. ഒരു മണിക്കൂര്‍ തീ കത്തിക്കുക. ആവി വന്നുതുടങ്ങിയാല്‍ തീയുടെ അളവ് പകുതിയായി കുറയ്ക്കുക (ഗ്യാസും ഉപയോഗിക്കാം). വൈക്കോല്‍ കുറവാണെങ്കില്‍ ഒരു മണിക്കൂറിന് പകരം 45 മിനിട്ട് ചൂടാക്കിയാല്‍ മതി. 12 മണിക്കൂര്‍ ചൂടാക്കിക്കഴിഞ്ഞാല്‍ തീ കെടുത്തി അര മണിക്കൂറിനുശേഷം ഡെറ്റോള്‍ കൊണ്ട് തുടച്ച ഒരു പ്രതലത്തില്‍ (മേശമേലോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിക്കാം) വെയില്‍ കൊള്ളിക്കാന്‍ പാടില്ല. അണു വിമുക്തമാക്കിയ വൈക്കോലിനെ ഈ പ്രതലത്തില്‍ എടുത്ത് വിതറിയിടുക. കൂടെക്കൂടെ ഇളക്കിയിടണം. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് വൈക്കോല്‍ എടുത്ത് പിഴിഞ്ഞു നോക്കിയാല്‍ വെള്ളം തുള്ളിതുള്ളിയായി വീഴാതിരിക്കുകയും അതേ സമയം വൈക്കോലില്‍ ചെറുതായി ഈര്‍പ്പം ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ് പാകം. ഈ അവസ്ഥ വരെ വൈക്കോല്‍ ഉണക്കുക.

ഇനി കൃഷി ആരംഭിക്കാം. കൈകള്‍ ഡെറ്റോള്‍ വെള്ളത്തില്‍ കഴുകിയശേഷം സുതാര്യമായ ഒരു പ്ലാസ്റ്റിക് കവര്‍ എടുതക്കുക. 25 സെന്റീമീറ്റര്‍ വീതിയും 50 സെ.മീ നീളവുമുണ്ടായിരിക്കണം. ഈ അളവില്‍ കുറച്ച് വ്യത്യാസങ്ങളുണ്ടായാലും കുഴപ്പമില്ല. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന സുതാര്യമായ ഏതു കവറും ഡെറ്റോള്‍ കൊണ്ട് കഴുകി ഉണക്കി ഉപയോഗിക്കാവുന്നതാണ്. അടുത്തതായി ഗുണമേന്മയുള്ള കൂണ്‍ വിത്ത് കാര്‍ഷിക സര്‍വകലാശാലയിലും കൃഷി വിജ്ഞാന കേന്ദ്രത്തിലും ചില സ്വകാര്യ സ്ഥാപനങ്ങളും ഉത്പാദിപ്പിച്ച് നല്‍കുന്നുണ്ട്. ഇവിടെ നിന്നും ആവശ്യമുള്ള വിത്ത് വാങ്ങുക. ഇതില്‍ നിന്ന് ഒരു കവര്‍ കൂണ്‍ വിത്തെടുത്ത് വൃത്തിയുള്ള പാത്രത്തിലോ പേപ്പറിലോ പുകിതി ഭാഗം എടുത്ത് പരസ്പരം ഒട്ടിയിരിക്കുന്ന ധാന്യത്തെ കൈകൊണ്ട് ഞെരുടി വേര്‍തിരിച്ച് നാലോ അഞ്ചോ തുല്യഭാഗങ്ങളായി ഭാഗിച്ച് വയ്ക്കുക. ഇനി പ്ലാസ്റ്റിക് കവറിന്റെ ചുവടറ്റം ഒരു നൂല്‍ കൊണ്ടോ റബ്ബര്‍ ബാന്റുകൊണ്ടോ കൂട്ടി കെട്ടി റൗണ്ട് ആകൃതിയില്‍ ആക്കുക. 

അടുത്തതായി പാകപ്പെടുത്തിയ വൈക്കോലിനെ ആറു സെന്റീമീറ്റര്‍ വീതിയിലും 15 സെന്റീമീറ്റര്‍  ചുറ്റളവിലും (നാലു വിരല്‍ ഉയരം, ഒരു ചാണ്‍ ചുറ്റളവ്) ചുമ്മാടുപോലെ ചുറ്റിവയ്ക്കുക. ഇതില്‍ നിന്നും ഒരു ചുമ്മാടിനെ എടുത്ത് കവറിനുള്ളില്‍ ഏറ്റവും താഴെ അറ്റം വരെ ഇറക്കിവച്ച് നന്നായി അമര്‍ത്തുക. ഈ ചുമ്മാടിന് മുകളില്‍ കവറുമായി ചേര്‍ന്നുവരുന്ന അരികിലൂടെ ചുറ്റും ഒരു ഭാഗം വിത്തെടുത്ത് തുല്യ അളവില്‍ ഇടുക. കവര്‍ മേശയുടെ പുറത്തോ മറ്റോ വച്ചുവേണം ചെയ്യാന്‍. രണ്ടാമത്തെ ചുമ്മാടിനും വിത്തിനും മുകളില്‍ മെല്ലെ താഴ്ത്തി ഇറക്കിവെച്ച് മെല്ലെ അമര്‍ത്തുക. രണ്ടാം ഭാഗം വിത്ത് ആദ്യം ചെയ്തപോലെ കുറേശെ എടുത്ത് ചുമ്മാടിന് പുറത്ത് അരികില്‍ ചുറ്റിനും ഇടുക. ബാക്കിയുള്ള ചുമ്മാടുകള്‍ ഓരോന്നായി ഇറക്കിവച്ച് വിത്തിട്ട് കവര്‍ നിറയും വരെ ആവര്‍ത്തിക്കുക. പിന്നീട് കവറിന്റെ മുകളറ്റം നൂല്‍കൊണ്ട് കൂട്ടിക്കെട്ടുക. ഇതിനെ ബെഡ് അല്ലെങ്കില്‍ കൂണ്‍തടം എന്നാണ് പറയുന്നത്. ഇനി മൂന്നു മി.മീ. ചുറ്റളവുള്ള ഒരു ആണിയോ കമ്പിയോ ഈര്‍ക്കിലോ ഡെറ്റോളില്‍ കഴുകിയശേഷം ബെഡിന്റെ നാലു വശത്തും പലസ്ഥലങ്ങളിലായി 20മുതല്‍ 30 ദ്വാരങ്ങള്‍ കുത്തിയുണ്ടാക്കുക. മുന്‍കൂട്ടി ദ്വാരം ഇട്ടശേഷം ബെഡ് നിര്‍മിക്കാവുന്നതുമാണ്. ബാക്കിയിരിക്കുള്ള പകുതി കൂൺ വിത്ത്  ഇതുപോലെ മറ്റൊരു ബെഡ് കൂട്ടി അന്നുതന്നെ ചെയ്യേണ്ടതാണ്.

തയാറാക്കിയ ഈ ബഡുകളെ വൃത്തിയുള്ളതും തണുപ്പുള്ളതും അല്പം ഇരുട്ടുള്ളതും ചൂടുകുറഞ്ഞതുമായ സ്ഥലത്ത് സൂക്ഷിക്കണം. ഉദാ: ഗ്യാസ് മാത്രം ഉപയോഗിക്കുന്ന അടുക്കളയുടെ സ്ലാബിനടിയില്‍, മേശയുടെ അടിയിലോ കസേരയുടെ കീഴിലോ, കട്ടലിന്റെ കീഴിലോ, നേരിയ ഒരു കോട്ടണ്‍ തുണിയോ, തോര്‍ത്തോ കൊണ്ട് മൂടിവയ്ക്കുക. ഉറുമ്പും എലിയും നശിപ്പിക്കാതെ സൂക്ഷിക്കണം.കൂടാതെ പ്ലാസ്റ്റിക് ചരടുകൊണ്ട് ഉറിയുണ്ടാക്കി കെട്ടിത്തൂക്കിയും ഇടാം. നീളമുള്ള ഉറിയായാല്‍ ഒന്നിലധികം ബെഡുകള്‍ ഒരു ഉറിയില്‍ തൂക്കിയിയാമെന്ന മെച്ചവുമുണ്ട്.

ബെഡ് ഉണ്ടാക്കി രണ്ടുമൂന്നു ദിവസം കഴിയുമ്പോള്‍ നിരീക്ഷിക്കേണ്ടതാണ്. ചെറിയ വെള്ളനിറം വൈകകോലില്‍ പടര്‍ന്നുകയറുന്നതു കാണാം.ഇത് കൂണിന്റെ തന്തുക്കളാണ് ഇപ്രകാരം 15 മുതല്‍ 18 ദിവസം വരെ ബെഡുകളെ സൂക്ഷിക്കുക. ഈ സമയംകൊണ്ട് വയ്‌ക്കോല്‍ കാണാന്‍ കഴിയാതാകും. ഇനി ഏതുസമയവും കൂണ്‍ പ്രതീക്ഷിക്കാം. അടുത്തതായി ബ്ലേഡ് ഡെറ്റോളില്‍ കഴുകിയശേഷം ഒരിഞ്ച് നീളത്തില്‍ ബെഡിന്റെ നാലു വശത്തും അവിടവിടെയായി ചെറിയ കീറലുകളുമ്ടാക്കുക. ഇനി ദിവസവും രാവിലെയും വൈകുന്നേരവും ചെറുതായി പച്ചവെള്ളം തളിച്ചു കൊടുക്കണം (സ്‌പ്രേ ആകാം). ഈ സമയം മൂടിയിട്ടിരുന്ന തുണി ആവശ്യമില്ല. പരം വെള്ളത്തില്‍ മുക്കിയ ഒരു തോര്‍ത്ത് അഴകെട്ടി ഇട്ടുകൊടുത്താല്‍ നല്ലത്. ഒരാഴ്ചയ്ക്കുള്ളില്‍ ബെഡില്‍ കൂണ്‍ മൊട്ടുകള്‍ പ്രത്യക്ഷപ്പെടും. ഇനി രണ്ടു ദിവസം കൂടി ചെറുതായി വെള്ളംതളിച്ചാല്‍ മതി. പകരം തുണി നനച്ചിടുക. വെള്ളം തളിനിര്‍ത്തുക. മൊട്ടുകള്‍ ചെറുപയര്‍ വലിപ്പം ആയാല്‍ മൂന്നു നാലു ദിവസത്തിനകം വിടര്‍ന്ന് വലുതാകും. ഉടന്‍ തന്നെ മൂടോടുകൂടി ഒരു വശത്തേക്ക് കറക്കി പറിച്ചെടുക്കുക. എന്നിട്ട് വീണ്ടും ബ്ലേഡ് കൊണ്ട് ഏതാനും കീറലുകള്‍ ഉണ്ടാക്കി ബെഡിനെ പഴയസ്ഥലത്തുതന്നെ വച്ച് വെള്ളം തളി ആവര്‍ത്തിക്കുക.

അടുത്ത 10 ദിവസത്തിനുശേഷം വീണ്ടും കൂണ്‍ മുളച്ചുവരും. അവയേയും മേല്പറഞ്ഞപോലെ പറിച്ചെടുത്തശേഷം വെള്ളം തളി നടത്തിക്കൊണ്ടിരിക്കുക. മുന്‍പു പറഞ്ഞതുപോലെ ഈ ബെജുകളെ പരിചരിച്ചുകൊണ്ടിരുന്നാല്‍ ഏകദേശം 50 ദിവസം വരെ ഇടയ്ക്കിടയ്ക്ക് ചെറിയതോതില്‍ കൂണ്‍ ലഭിച്ചുകൊണ്ടിരിക്കും. വിളവെടുപ്പുകഴിഞ്ഞ ബെഡുകളെ സൂക്ഷിക്കാതെ ഉടന്‍ തന്നെ വളമായി ചെടികള്‍ക്ക് ഉപയോഗിക്കാം. അനുകൂല കാലാവസ്ഥയുണ്ടായാല്‍ (ഉദ: മഴക്കാലം) 15 ദിവസമാകുന്നതിനു മന്‍പുതന്നെ ഇട്ടുകൊടുത്തു ദ്വാരത്തില്‍ക്കൂടി കൂണ്‍ മുളച്ചുവരും. അങ്ങനെ സംഭവിച്ചാല്‍ ഈ കൂണിനെ നാല-അഞ്ച് ദിവസമാകുമ്പോള്‍ പറിച്ചെടുത്തശേഷം കീറലുകള്‍ ഉണ്ടാക്കി വെള്ളം തളിനടത്തുക.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox