മുറ്റത്തൊരു പാഷന്‍ ഫ്രൂട്ട്

മുഖ്യവിളകളോടൊപ്പം ചെയ്യാവുന്ന ഒരു ഇടവിള പഴവർഗ്ഗമാണ് ഫാഷൻ ഫ്രൂട്ട്. കേരളത്തിൽ ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്, മുസ്സോളിങ്ങ, സർബത്തുംകായ എന്നീ പേരുകളിലും പാഷൻ ഫ്രൂട്ട് അറിയപ്പെടുന്നു. ഉൾഭാഗം ചാറുള്ളതും ധാരാളം വിത്തുകൾ അടങ്ങിയതുമാണിവയുടെ കനികൾ. തെക്കേ അമേരിക്കയിൽ ഉത്ഭവിച്ചു ലോകം മുഴുവൻ വ്യാപിച്ചൊരു ഫല സസ്യമാണിത്.
പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യാനുത്തമം മഞ്ഞയിനമാണെങ്കില്‍ കുന്നിൻപ്രദേശങ്ങൾക്കുത്തമം പര്‍പ്പിളാണ്. ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് പാഷൻ ഫ്രൂട്ട് നന്നായി വളരുന്നത്. വള്ളികൾ മുറിച്ചു നട്ടും വിത്തുകളുപയോഗിച്ചും പാഷൻ ഫ്രൂട്ട് വളർത്താം. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ് ഫലം തരുന്നത്. വിത്തുകളുപയോഗിക്കുമ്പോൾ രണ്ടു ദിവസ്സം വെള്ളത്തിൽ കുതിർത്ത് വച്ചിട്ട്. കിളിർത്ത് രണ്ടാഴ്ച കഴിഞ്ഞു പൊളി ബാഗിലേക്കു മാറ്റാം. ഏഴടി ഉയരത്തിൽ പന്തലിട്ടു പടർത്തുന്നതാണ് കൂടുതൽ പ്രയോജനപ്രദം.
പാഷന്‍ ഫ്രൂട്ട് കൃഷിരീതി ഇങ്ങനെയാണ്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഉത്തമം. രണ്ടുമാസത്തിലൊരിക്കല്‍ 150 ഗ്രാം പൊട്ടാഷും 50 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റും ചേര്‍ക്കുന്നത് ഉത്പാദനം കൂട്ടും.
തൈകൾ നട്ട് ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും. മേയ്-ജൂണ്‍, സെപ്തംബർ- ഒക്ടോബർ കാലങ്ങളിലാണ് കായ്ക്കുന്നത്. മണ്ണില്‍ നട്ട് ടെറസ്സില്‍ പന്തലിട്ടാല്‍ വീടിനകത്ത് നല്ല കുളിര്‍മ കിട്ടും. ഒപ്പം നല്ല ഉത്പാദനവും.
ജ്യൂസിനും ജെല്ലിക്കും സ്‌ക്വാഷുമുണ്ടാക്കാനും അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങളുടെ പ്രത്യേകത.
Share your comments