<
Features

പഴം – പച്ചക്കറി സംസ്‌കരണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് പത്മിനി ശിവദാസ്

പഴം – പച്ചക്കറി സംസ്‌കരണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് കല്‍പ്പറ്റ മുണ്ടേരി അമൃതയില്‍ പത്മിനി ശിവദാസ്. ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധയാണ് ഈ നാല്‍പത്തെട്ടുകാരി. ഇടിച്ചക്ക, പച്ചച്ചക്ക, പഴച്ചക്ക എന്നിവ ഉപയോഗിച്ച് മുന്നൂറിലധികം ഇനം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ഈ വീട്ടമ്മ ഇന്നു കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പരിശീലക കൂടിയാണ്. 

അടുക്കളയെ മുഖ്യപരീക്ഷണശാലയാക്കി നടത്തിയ ഗവേഷണങ്ങളാണ് അവരെ സംരംഭകരുടെ പരിശീലക എന്ന നിലയിലേക്ക് വളര്‍ത്തിയത്. ഹോം സയന്‍സില്‍ ഡിപ്ലോമയെടുത്തശേഷം ഡോ. എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷൻ്റെ  പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുന്നതിനിടെ നടത്തിയ യാത്രകളിലെ വഴിയോരക്കാഴ്ചകളാണ് പത്മിനിയെ പഴവര്‍ഗങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കുന്നതിനുള്ള ഗവേഷണങ്ങളിലേക്കു നയിച്ചത്. ചക്കയും മാങ്ങയും അടക്കം പോഷകഗുണമേറെയുള്ള പഴവര്‍ഗങ്ങള്‍ തൊടികളില്‍ പഴുത്തുവീണു മണ്ണോടു ചേരുന്നതു കണ്ടപ്പോഴുണ്ടായ മനോവേദനയില്‍ നിന്നായിരുന്നു പത്മിനി എന്ന ഗവേഷകയുടെയും പരിശീലകയുടെയും പിറവി.

ഇടിച്ചക്കയില്‍ നിന്ന് അറുപതും പച്ചയും പഴുത്തതുമായ ചക്കയില്‍ നിന്നു നൂറ്റന്‍പതിലധികം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ പത്മിനിക്കറിയാം.തൻ്റെ അനുഭവപാഠങ്ങള്‍ അവര്‍ പുസ്തക രൂപത്തിലുമാക്കിയിട്ടുണ്ട്. 101 ചക്ക വിഭവങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് ആദ്യ പുസ്തകം. ഇതിനകം ഈ ഗ്രന്ഥത്തിന്റെ മൂന്നു പതിപ്പുകള്‍ ഇറങ്ങി. തേന്‍വരിക്കയും തേന്മാവുമാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ പുസ്തകം. വിഭവങ്ങള്‍ തയ്യാറാക്കുന്നതിനാവശ്യമായ ചേരുവകള്‍, രീതികള്‍ എന്നിവയ്ക്കൊപ്പം ചക്കയുടെയും മാങ്ങയുടെയും ഔഷധഗുണങ്ങളും വിശദീകരിക്കുന്നതാണ് ഗ്രന്ഥം. പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലഭിച്ച നാട്ടറിവുകള്‍ പുസ്തകരചനയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു പത്മിനി പറഞ്ഞു.

വലിയ ശിഷ്യസമ്പത്തിനും ഉടമയാണ് പത്മിനി. കേരളത്തിലെ വിവിധ ജില്ലകളിലും ഗോവ, വിശാഖപട്ടണം എന്നിവിടങ്ങളിലുമായി അയ്യായിരത്തില്‍പരം പേര്‍ക്കാണ് പത്മിനി ഇതിനകം പരിശീലനം നല്‍കിയത്. 40 ലക്ഷം രൂപയുണ്ടെങ്കില്‍ ഇടത്തരം പഴവര്‍ഗ മൂല്യവര്‍ദ്ധിത നിര്‍മ്മാണ യൂണിറ്റ് തുടങ്ങാമെന്നു പത്മിനി പറയുന്നു. മില്‍, ഡ്രയര്‍, പള്‍പ്പര്‍, സീലിംഗ്്, റോസ്റ്റര്‍, കട്ടിംഗ്് മെഷീനുകളും ജനറേറ്റര്‍, ഫ്രീസര്‍ എന്നിവയുമാണ് യൂണിറ്റിലേക്ക് പ്രധാനമായും ആവശ്യം. യന്ത്രങ്ങളും അനുബന്ധ സൗകര്യങ്ങളും പരിചയസമ്പന്നതയും അര്‍പണബോധവുമുള്ള തൊഴിലാളികളും ഉണ്ടെങ്കില്‍ ഓരോ യൂണിറ്റും ലാഭകരമായിരിക്കുമെന്നാണ് പത്മിനിയുടെ അഭിപ്രായം.

ഗ്രാമീണ സംരംഭകരുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കു വിപണി ഒരുക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നും അവര്‍ കരുതുന്നു. ഭര്‍ത്താവ് ശിവദാസും വിദ്യാര്‍ത്ഥികളായ അക്ഷയ, അഭിജിത്ത് എന്നി മക്കളും അടങ്ങുന്നതാണ് കുടുംബം.

English Summary: padmini shivadas success story

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds