Features

അന്നം കാക്കുന്ന കയറ്റുകാരന്മാര്‍

paithrikam

ഇത് കാസര്‍ഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള പിലിക്കോട് ഗ്രാമം. ഇവിടെ കൃഷി സംസ്‌കാരത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് കയറ്റുകാരന്മാര്‍. ഒരുകാലത്ത് നെല്‍വയലുകളും പച്ചക്കറികളും നിറഞ്ഞ അമ്പലങ്ങളും പള്ളിയറകളും ഉള്ള ഗ്രാമമാണ്. പിലിക്കോട് ഗ്രാമത്തിലെ നെല്‍ വയലിന്റെ സംരക്ഷണം എന്നും ഉറക്കമൊഴിഞ്ഞ് ഇമവെട്ടാതെ കാത്തുസൂക്ഷിച്ച ഒരു അച്ചിയാണ് രയരമംഗലത്ത് അച്ചി എന്നാണ് നാട്ടുകാരുടെ വിശ്വാസം.

ഇതിന്റെ ഒരു ഭാഗമാണ് കയറ്റുകാരന്മാര്‍. ഗതകാല കാര്‍ഷിക സമൃദ്ധി മാത്രമല്ല നമ്മെ വിട്ടു പിരിയുന്നത്. ഗ്രാമത്തിലെ നെല്‍വയലുകളെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്നതിനും നോക്കി നടത്തുന്നതിനുമാണ് ഈ സ്ഥാനികര്‍. സ്ഥാനികരെ നിയമിക്കുന്നത് രയരമംഗലത്ത് അച്ചിയാണ്. (പഴയകാലത്ത് മുത്തശ്ശിമാരെ വിളിക്കുന്ന നാടന്‍ ഭാഷയാണ് ആച്ചി എന്നത്). സ്ഥാനികരില്‍ മൂന്നു മണിയാണി സമുദായക്കാരും മൂന്ന് തീയ സമുദായക്കാരും ഉണ്ടാകും. ഇവര്‍ക്ക് അധികാരങ്ങളും അവകാശങ്ങളും അലിഖിത നിയമം വഴി നല്‍കിയിട്ടുണ്ട്. വിശേഷ ദിവസങ്ങളായ വിഷു, നിറ, പുത്തരി, ഓണം കൂടാതെ മറ്റു വിശേഷങ്ങള്‍ക്കും കോടിയും പണവും നല്‍കുന്നു. കൂടാതെ വയലില്‍ വച്ച് കൊയ്ത്തു സമയത്ത് കറ്റയും മെതി സമയത്ത് നെല്ലും നല്‍കും. ഇവരുടെ യുണിഫോം, ആചാരവടി, കൊട്ടംപാള (കവുങ്ങിന്‍ പാളകൊണ്ട് നിര്‍മിച്ച തൊപ്പി), ചൂടിക്കയര്‍ (ചക്രം പോലെ ചുരുട്ടിക്കെട്ടിയത് തോളത്തു ഇട്ടു നടക്കാന്‍), പത്താം നമ്പര്‍ തെരുവന്‍ തോര്‍ത്ത് (മുട്ടോളം എത്തുന്ന തോര്‍ത്തുമുണ്ട്) ഇതാണ് ആചാരക്കാരെ സമൂഹത്തില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന അടയാളങ്ങള്‍. കര്‍ക്കിടകം പതിനെട്ടാം നാളില്‍ ഇവര്‍ നടത്തുന്ന ഉത്സവമാണ് വ്രതാനുഷ്ടാനത്തോടെ രാവിലെ രയരമംഗലത്ത് കുളിച്ചു തൊഴുതു വന്നതിനു ശേഷം വൈകുന്നേരം വീതുകുന്നിന്മുകളില്‍ ഉള്ള മഹാവിഷ്ണു ക്ഷേത്രത്തില്‍ മദ്യം, മത്സ്യം, മാംസം, അവല്‍, മലര്‍, ഇളനീര്‍ എന്നിവ കൊണ്ട് പൂജയും. രാത്രി 12 മണിവരെ പൂജ തുടരും. പൂജയ്ക്ക് ശേഷം കര്‍ക്കിടകത്തിലെ ചേഷ്ടകളെയും പിശാചുക്കളെയും കൂളിയും കലവും ഒഴുക്കല്‍ എന്നിവയും മാരിമാറ്റലും ചെയ്ത ശേഷം ഭക്തജനങ്ങള്‍ക്ക് പ്രസാദം നല്കും. ഉത്സവം ഇതോടെ സമാപിക്കും. കയറ്റുകാരന്മാര്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചാല്‍ ഗ്രാമത്തിലെ അമ്ശാലയില്‍ (അട്ടി) എത്തിക്കുന്നു. അവ നോക്കുന്നതിനു ഗ്രാമ മജിസ്‌ട്രേട്ട് ആയ (ഇന്നത്തെ വില്ലേജ് ഓഫീസര്‍/ഉഗ്രാണി) ആളെ നിശ്ചയിക്കുന്നു. ഉടമസ്ഥന്‍ യഥാവസരം വന്നില്ലെങ്കില്‍ ശിക്ഷയും പിഴയും വിധിക്കും. കന്നുകാലികളെ തിരിച്ചു കിട്ടാന്‍ ഇത് ഒടുക്കിയേ തീരൂ.

നെല്‍കൃഷിക്ക് പഴമക്കാര്‍ മഹാലക്ഷ്മിയുടെ സ്ഥാനമാണ് നല്‍കിയിരുന്നത്. നെല്ലിട്ട കളത്തില്‍ ചെരുപ്പ് ധരിച്ചു നടക്കുവാനോ വിറക് കൊണ്ടുപോകാനോ പാടില്ല എന്നാണ് നിയമം. നഗര സംസ്‌കാരത്തിന്റെ് ഉത്ഭവവും കടന്നു കയറ്റവും വര്‍ദ്ധിച്ചപ്പോള്‍ ഉടഞ്ഞു പോയത് കാര്‍ഷിക സംസ്‌കാരവും സ്‌നേഹവും ബഹുമാനവുമാണ്. ഇനി ഇവയൊന്നും തിരിച്ചു പിടിക്കാന്‍ പുതു തലമുറയ്ക്ക് കഴിഞ്ഞു എന്നു വരില്ല. വയലും പോയി കൃഷിയും കൃഷി ഉപകരണങ്ങളും കന്നുകാലികളും തൊഴുത്തുകളും അട്ടിയും ഒക്കെ ഓര്‍മ്മ മാത്രം. ഇനി മാധ്യമ കൃഷി നിറഞ്ഞു നില്ക്കുന്ന ഒരു അധ്യായമായി മാറ്റപ്പെടുന്ന സമയത്ത് നാട്ടിന്റെ ഒരു സംസ്‌കാരത്തിന്റെ ജനതയുടെ ആചാരത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ മാത്രമാണ് ഇതുവഴി ചെയ്യാന്‍ കഴിയുന്നത്.

എ.വി നാരായണ്‍, ഫോണ്‍: 9745770221


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox