<
Features

പനിക്കൂര്‍ക്ക; ഒരു മൃതസഞ്ജീവനി

പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന്‍ കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാ രോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്‍ക്ക .  ഇലയാണ് പ്രധാന ഔഷധ ഭാഗം. 

ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.രൂപഭാവത്തില്‍ കൂര്‍ക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്‍റെ ചുവട്ടില്‍ കിഴങ്ങുകള്‍ ഉണ്ടാകില്ല. പക്ഷെ ഇലകള്‍ സുഗന്ധപൂരിതമായ ബാഷ്പശീല തൈലങ്ങളാല്‍ സമ്പുഷ്ടമായിരിക്കും.കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. ‘കര്‍പ്പൂരവല്ലി’, ‘കഞ്ഞിക്കൂര്‍ക്ക’ എന്ന പ്രാദേശികമായി അറിയപ്പെടുന്നു.

ചൂടിനെ ഒരു പരിധിവരെ അതിജീവിയ്ക്കുവാനുളള ശേഷിയള്ള സസ്യത്തിന്റെ ഇലയും തണ്ടുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍.പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും.പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര്‍ കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക.

പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്‌നാദി കഷായം, വാകാദിതൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ഒരു പ്രാവശ്യം നട്ടു പിടിപ്പിച്ചാല്‍ പരിചരണങ്ങള്‍ ഒന്നുമില്ലെങ്കിലും നന്നായി പടര്‍ന്നു വളരുകയും അനേക വര്‍ഷങ്ങള്‍ നശിക്കാതെ പുതുമയോടും കരുത്തോടും നില്‍ക്കുകയും ചെയ്യും.ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. മോരുകാച്ചുമ്പോള്‍ രണ്ടോമൂന്നോ ഇലയിട്ടാല്‍ രുചിയും, മണവും വര്‍ദ്ധിക്കുമെന്നു മാത്രമല്ല ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.

English Summary: panikoorkka

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds