Features

പെരേരയുടെ പോളി ഹൗസ് കരവിരുതുകള്‍

പെരേര സൗമ്യനാണ്. മിതഭാഷിയാണ്. എന്നാല്‍ പോളിഹൗസ് കൃഷിയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്. അതി നൂതന സാങ്കേതിക വൈദഗ്ദ്ധ്യം അവകാശപ്പെടുന്ന പോളിഹൗസ് കൃഷി തന്റേതായ രീതിയില്‍ വേണ്ട മാറ്റങ്ങളോടെ എത്ര അനായാസമാണ് പെരേര കൃഷി ചെയ്ത് വിളവെടുക്കുന്നത് എന്നു കാണുമ്പോള്‍ നാം അദ്ഭുതം കൂറിപ്പോകും. അതിസാങ്കേതികത്വത്തിന്റ യാതൊരു വിധ ആശങ്ക കളോ അലോസരമോ പെരേരയുടെ മുഖത്തില്ല. തിരുവനന്തപുരം ജില്ലയില്‍ മുരുക്കുംപുഴയിലാണ്  യാതൊരു വിധ ശബ്ദകോലാഹലങ്ങളുമില്ലാത്ത കോണ്‍സ്റ്റന്റൈന്‍. ജി. പെരേര എന്ന സാക്ഷാല്‍ പെരേരയുടെ കൃഷിയിടം. നേരത്തെ പോളിത്തീന്‍ ഷീറ്റും ക്യാരി ബാഗും പായ്ക്കിങ് കടലാസും ഒക്കെ നിര്‍മ്മിക്കുന്ന ഫാക്ടറിയായിരുന്നു പെരേരയ്ക്ക്. സെന്റ്. ആന്‍ഡ്രൂസ് ജംഗ്ഷനില്‍ ഈ ചെറുകിട വ്യവസായം ഏതാണ്ട് പതിനെട്ട് വര്‍ഷത്തോളം നടത്തി. ഇടക്കാലത്ത് ആളുകള്‍ക്ക് പ്ലാസ്റ്റിക്കിനോട് വല്ലാത്ത അവജ്ഞയുണ്ടാകുന്നത് ഇദ്ദേഹം തിരിച്ചറിഞ്ഞു. ക്യാരി ബാഗുമായിസാധനം വാങ്ങി സൗകര്യപ്രദമായി പോകുന്നവര്‍ പോലും പ്ലാസ്റ്റിക്കിനെ പഴിപറയുന്നതു കേട്ടപ്പോള്‍ പെരേര മനസില്ലാമനസ്സോടെ തന്റെ വ്യവസായ ശാലയ്ക്ക് താഴിട്ടു. പുതിയ ഉപജീവനമാര്‍ഗം തേടിയല്ലേ തീരൂ.

അങ്ങനെയാണ് നാലു വര്‍ഷം മുമ്പ് മുഴുവന്‍ സമയ കൃഷിയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ 70 സെന്റ് സ്ഥലമായിരുന്നു ഏകപ്രതീക്ഷ. പ്രകൃതി ദത്തമായി ഇവിടെയുണ്ടായിരുന്ന ഒരു കുളം നവീകരിച്ച് മീന്‍വളര്‍ത്തലാണ് ആദ്യം തുടങ്ങിയത്. എന്തായാലും വളര്‍ത്തുന്നു. എന്നാല്‍ പിന്നെ സംസ്ഥാന മത്സ്യ പദവിയുളള കരിമീന്‍ തന്നെ ആയാലോ? അങ്ങനെയാണ് കരിമീന്‍ കൃഷിയില്‍ പെരേര സ്‌പെഷ്യലൈസ് ചെയ്യുന്നത്. കരിമീന്‍ വളര്‍ത്താനും ഒപ്പം കരിമീന്‍ കുഞ്ഞുങ്ങളെ പ്രജനനം ചെയ്യാനും തുടങ്ങി. മീന്‍കുളത്തില്‍ ചൈനീസ് നിര്‍മിത എയറേറ്ററും പ്രോട്ടീന്‍ സ്‌കിമ്മറും സ്ഥാപിച്ചു. ഫ്‌ളൈവീല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന എയറേറ്റര്‍ കുളത്തിന്റെ അടിത്തട്ടില്‍ നിന്ന് വെളളം വലിച്ചെടുത്ത് മുകളിലേക്ക് ശക്തമായി തെറിപ്പിക്കുകയാണ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം എയറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മൂന്നു കിലോ വരെ ശുദ്ധമായ പ്രാണവായു (ഓക്‌സിജന്‍) വെളളത്തില്‍ ലയിക്കും. ഇത് മത്സ്യങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതെന്ന് പറഞ്ഞറിയിക്കുക വയ്യ. ഇത്തരം രണ്ട് എയറേറ്ററുകള്‍ പെരേര സ്ഥാപിച്ചിട്ടുണ്ട്. ഇവ മാറി മാറി പ്രവര്‍ത്തിപ്പിക്കും. 

പ്രോട്ടീന്‍ സ്‌കിമ്മര്‍ എന്ന ഉപകരണമാകട്ടെ ജലശുദ്ധീകരണത്തിനുളളതാണ്. കുളത്തിലെ വെളളത്തെ സദാ ചലനാത്മകമാക്കി ശുദ്ധീകരിച്ചു നിര്‍ത്തുകയാണ് ഇതിന്റെ ജോലി. ജീവകങ്ങളും ധാതുലവണങ്ങളും ഉള്‍പ്പെടെയുളള വളര്‍ച്ചാസഹായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ പ്രീമിയം ഫ്‌ളോട്ടിംഗ് ഫിഷ് ഫീഡ്' ആണ് ഇവയുടെ മുഖ്യ ആഹാരം. ഇത് 5 കിലോ വീതം രണ്ടു നേരം കൊടുക്കും. രാവിലെയും വൈകുന്നേരവും. വര്‍ഷത്തില്‍ ഏഴു മാസവും കരിമീന്‍ വിളവെടുക്കാന്‍ കിട്ടും. ഏറ്റവും കുറഞ്ഞത് 200 കിലോ വീതം എല്ലാ മാസവും. മഴക്കാലത്ത് രണ്ടോ മൂന്നോ മാസം ഒഴികെ. ഇക്കാലത്താണ് ഇവയുടെ പ്രജനനം നടക്കുക. തന്റെ ഫാം ഫ്രഷ് കരിമീന്‍ 400 രൂപ തന്ന് വാങ്ങാന്‍ ആളുകള്‍ തിക്കിത്തിരക്കി വരാറുണ്ടെന്ന് ചാരിതാര്‍ത്ഥ്യത്തോടെ പെരേര പറയുന്നു.

കരിമീന്‍ കുളത്തിന്റെ വിസ്തൃതി പോളിഹൗസിനില്ല. വെറും 10 സെന്റില്‍ മാത്രമെ പോളിഹൗസ് കൃഷിയുളളൂ. തക്കാളിയും ക്യപ്‌സിക്കവുമാണ് പോളി ഹൗസിലെ മിന്നും താരങ്ങള്‍. അതും തക്കാളിയുടെ 'അര്‍ക്ക രക്ഷക്' എന്ന മുന്തിയ ഇനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്റെ സന്തതിയാണിത്. ഗുണമേന്മയും വിളവും ഗ്യാരന്റിയുമുളള 10 ഗ്രാം തക്കാളി വിത്തിന് 600 രൂപ വില. ഇവ പ്രോട്രേകളില്‍ പാകി മുളപ്പിച്ച് തൈകളാക്കിയാണ് പോളിഹൗസില്‍ നടുക. 25-30 ദിവസമാകുമ്പോള്‍ തൈ വളര്‍ന്നു കിട്ടും. അടിവളമായി ചാണകവും വേപ്പിന്‍പിണ്ണാക്കും സ്യൂഡോമോണസും വാമും നല്‍കും. ഒരു മാസം കഴിയുമ്പോള്‍ ജൈവവളം നല്‍കാന്‍ തുടങ്ങും. ഇതിനായി പെരേര വിവിധ ജൈവവള ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ജീവാമൃതം ആണ് നല്‍കുക. 30 ദിവസം കഴിഞ്ഞാല്‍ 'നാനോ കാല്‍' എന്ന സൂക്ഷ്മവളം പ്രയോഗിക്കുകയായി. ഇത് 5 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലത്തളിയായി കൊടുക്കും. പിന്നീട് 15 ദിവസം ഇടവിട്ട് തുടര്‍ച്ചയായി തളിക്കും. ചെടികളുടെ ഉത്തമ വളര്‍ച്ചയ്ക്കും പോഷണത്തിനും കാത്സ്യവും മഗ്നീഷ്യവും സള്‍ഫറുമൊക്കെ കലര്‍ന്ന ഈ സൂക്ഷ്മവളം ഏറെ സഹായകമാണെന്ന് പെരേര നിറവിളവിന്റെ പശ്ചാത്തലത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ജൈവ കൃഷിയായതിനാല്‍ രാസസഹായികള്‍ക്കൊന്നും പോളിഹൗസിനുളളില്‍ പ്രവേശനമില്ല. അതുകൊണ്ടു തന്നെ പ്രതിരോധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ആഴ്ചതോറും ടാഗ് ഫോള്‍ഡര്‍ 4-5 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് കീട-രോഗ പ്രതിരോധത്തിന് കരുത്ത് പകരുന്നു. ഇതിലേക്ക് 'ക്ലൗഡ്' എന്ന പശകൂടി ഒരു മില്ലി ചേര്‍ത്ത് തളിച്ചാല്‍ സസ്യഭാഗങ്ങളില്‍ അത് പറ്റിയിരുന്ന് ഫലപ്രാപ്തിയിലെത്തും.


 
''ജൈവകൃഷി ചെയ്യുന്നവര്‍ക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന ഒരു ജൈവ സസ്യ സംരക്ഷക പദാര്‍ത്ഥമാണ് ടാഗ് ഫോര്‍ഡര്‍'' പെരേര പറയുന്നു. തുളളിനനയാണ് പോളി ഹൗസിലെ നനരീതി. വെളളവും വളവും കലര്‍ത്തി ചെടിത്തടത്തില്‍ എത്തിക്കുന്ന 'ഫെര്‍ട്ടിഗേഷന്‍' രീതിയായതിനാല്‍ രണ്ടിനും നഷ്ടമില്ല. ചെടി പൂക്കുമ്പോഴും ജീവാമൃതപ്രയോഗം നിര്‍ബന്ധമായും ഉണ്ടാകും. ഒരു കിലോ ജീവാമൃതം 100 ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ച് 20 ലിറ്റര്‍ വീതം ദിവസവും പോളിഹൗസില്‍ ലഭ്യമാക്കും.

 പെരേരയുടെ സവിശേഷമായ പരിലാളനത്തില്‍ തക്കാളിച്ചെടികള്‍ വിളവെടുപ്പിനൊരുങ്ങുകയായി. പിന്നീടങ്ങോട്ട് അഞ്ചുമാസം തുടര്‍ച്ചയായി വിളവെടുപ്പിന്റെ സമൃദ്ധി തന്നെ . ഒരു ചെടിയില്‍ നിന്ന് 20 കിലോ വരെ തക്കാളി കിട്ടും. തുടുതുടുത്ത തക്കാളികള്‍ പോളിഹൗസിലെ ഇലച്ചാര്‍ത്തിനിടയില്‍ വളര്‍ന്നു മറിഞ്ഞിരിക്കുന്നതു കണ്ടാല്‍ നാം ഏതോ വിദേശരാജ്യത്തെ പോളിഹൗസ് കൃഷിയിടത്തില്‍ എത്തിയെന്നേ പറയൂ. 'പ്ലം ടൊമാറ്റോ' എന്ന് ഓമനപ്പേരിലറിയപ്പെടുന്ന പെരേരയ്ക്ക് തക്കാളി സലാഡിന് ഒന്നാം തരം; വിലയാകട്ടെ കിലോയ്ക്ക് 60 രൂപ വച്ച് എന്തായാലും കിട്ടും; മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ്; ആവശ്യക്കാര്‍ നേരിട്ടു വന്ന് വാങ്ങുകയും പതിവാണ്. ഷോപ്പിങ് മാളുകള്‍ വഴിയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും വില്‍പന സജീവം.

 വയലറ്റും മഞ്ഞയും പച്ചയും നിറമുളള കാപ്‌സിക്കം കൃഷിയിലും പെരേര വിരുതനാണ്. ആയിരം വിത്തിന് 10,000 രൂപ നല്‍കി വിദേശത്തു നിന്ന് വരുത്തുന്ന വിത്തുകളാണ് കൃഷിയിറക്കുന്നത്. 'വിത്തു ഗുണം പത്തു ഗുണം' എന്ന പ്രമാണത്തില്‍ പെരേര തെല്ലും വിട്ടുവീഴ്ചയ്‌ക്കൊരുക്കമല്ല. ഒരു വര്‍ഷം വരെ വിളവ് കിട്ടും. ഒരു ചെടിയില്‍ നിന്ന് 15 കിലോ മുളക് എന്തായാലും ഉറപ്പ്. ചെടി കായ് പിടിക്കാന്‍ 50 ദിവസം വേണം. കിലോയ്ക്ക് 70 മുതല്‍ 100 രൂപ വരെ വിലയുണ്ട്. ഇവിടെയും തക്കാളി കൃഷിയുടെ ചേരുവകള്‍ തന്നെയാണ് ഏറെക്കുറേ.

തുറന്ന സ്ഥലത്തെ കൃത്യതാകൃഷിയും പെരേരയ്ക്ക് നന്നായി വഴങ്ങും. തുളളിനന രീതിയിലുളള ഈ കൃഷിയിടത്തില്‍ കത്തിരി, വെണ്ട, പാവയ്ക്ക, പടവലം എന്നു വേണ്ട എല്ലാം മാറിമാറി കൃഷിയിറക്കുന്നു. സാമാന്യം ഭേദപ്പെട്ട വിളവും നിരന്തരം കിട്ടുന്നു. കൃഷി തുറന്ന ഇടത്തായാലും പോളിഹൗസിലായാലും എല്ലാറ്റിനുമുണ്ട് ഒരു പെരേര ടച്ച്! ഒരു പക്ഷെ അതു തന്നെയാകും സൗമ്യനായ ഈ കൃഷിസ്‌നേഹിയുടെ വിജയ മന്ത്രവും. ഭാര്യ വിനീഷ്യയും നാലു മക്കളുമടങ്ങുന്ന സംതൃപ്ത കുടുംബവും പെരേരയോടൊപ്പം കൃഷികാര്യത്തില്‍ കൂടുക പതിവാണ്. 

''പോളിഹൗസ് കൃഷിയില്‍ മഴ ഒരു പ്രശ്‌നമല്ല.. എന്നാല്‍ തുറന്ന സ്ഥലത്തെ കൃഷിയില്‍ അതൊരു പ്രശ്‌നമാണ്... എങ്കിലും വെളളവും വളവും കൃത്യമായി എത്തിക്കാനായാല്‍ കൃഷി വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല....'' നിറവിളവിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ പെരേര പറയുന്ന വാക്കുകള്‍ക്ക് നേര്‍സാക്ഷ്യങ്ങളുടെ കരുത്തും ദൃശ്യഭംഗിയും ഏറെ.
സുരേഷ് മുതുകുളം
എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം.

English Summary: Poly house story Perera

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox

Just in