Features

വെട്ടിനിരത്തലിനെതിരെ ആഞ്ഞടിച്ച് കൃഷിയോര്‍മ്മകളുമായി പ്രൊഫ. എം. ലീലാവതി

സാഹിത്യവിമര്‍ശന രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വത്തിനുടമയാണ് പ്രൊഫ. എം. ലീലാവതി. ബാല്യകാലത്തെ തന്റെ കൃഷിയോര്‍മ്മകളെക്കുറിച്ചും അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നു.


കൃഷിയെ ആശ്രയിച്ചുമാത്രം ജീവിച്ചുപോന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. വിത്തും കൈക്കോട്ടും എന്നത് ഒരു വായ്‌മൊഴി മാത്രമല്ല, കേരളീയ ജീവിതത്തിന്റെ അടയാളം തന്നെയായിരുന്നു. ഇക്കാലത്ത് വിത്തെന്താണ്, കൈക്കോട്ടെന്താണ് എന്ന് ഇന്നത്തെ കുട്ടികള്‍ക്കറിയുമോ എന്നതുതന്നെ സംശയമാണ്.


സാധാരണ സവര്‍ണ്ണ സ്ത്രീകളൊന്നും കൃഷിക്കായി ഇറങ്ങില്ലല്ലോ. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് പറമ്പിലെ പയറുകൃഷി സ്ത്രീകളുടേതായിരുന്നു. മണ്ണ് എരുകൂട്ടി നടലും വെണ്ണീറിടലും നനയ്ക്കലുമൊക്കെ സ്ത്രീകളും കുട്ടികളും തന്നെ. വിളഞ്ഞ പയറിന്റെ വിളവെടുപ്പ് ഒരു കൂട്ടായ്മ തന്നെയായിരുന്നു. ഉമ്മറത്ത് കുന്നുപോലെ കൂട്ടിയിട്ട പയര്‍ മൂന്നായി തരം തിരിക്കും. മെഴുക്കുപുരട്ടിയ്ക്കുളളത്, കൊണ്ടാട്ടത്തിനുളളത്, വിത്തിനുളളത് എന്നിങ്ങനെ. കല്ലന്‍പയറും ചെറുപയറുമുണ്ടാവും അതില്‍. നമ്മുടെ വീട്ടിലെ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്നത് അയല്‍വീടുകളില്‍ എത്തിക്കുമായിരുന്നു. കുട്ടികളില്‍ കൃഷിയോടുളള ആഭിമുഖ്യം വളര്‍ത്താന്‍ ആ തലമുറയ്ക്ക് എളുപ്പത്തില്‍ കഴിഞ്ഞു.


കുഞ്ഞുന്നാളിലെ ഓണവും വിഷുവും തിരുവാതിരയും ഇന്നും എന്റെ മനസ്സിലെ മധുരസ്മരണകളാണ്. തിരുവാതിരക്കാലത്ത് ചെറുപഴമായിരുന്നു താരം. പലതരത്തിലുളള ചെറുപഴം. വീട്ടില്‍ നിറയെ കുട്ടികളുണ്ടാവും. കൂടാതെ അയല്‍പക്കത്തെ കുട്ടികളും വരും. അവര്‍ക്കെല്ലാം മുതിര്‍ന്നവര്‍ ഈ ചെറുപഴങ്ങള്‍ നല്‍കുമായിരുന്നു. ചില വിരുതന്മാര്‍ ഈര്‍ക്കിലില്‍ പഴം കോര്‍ത്തു നടന്നിരുന്നത് ഇന്നും ഓര്‍ക്കുന്നു. എനിക്കൊരു കുഞ്ഞു കൈക്കോട്ട് ഉണ്ടായിരുന്നു അന്ന്. പറമ്പിലെ വാഴകള്‍ നനയ്ക്കാനായി അമ്മാവന്‍ തേക്കു കൊട്ട ഉപയോഗിച്ച് വെള്ളം തേകുമ്പോള്‍ അത് വാഴക്കടയ്ക്കലേക്ക് എത്താനായി ഞങ്ങള്‍ കുട്ടികള്‍ ചെറിയ കൈക്കോട്ടുകൊണ്ട് ചാലു കീറി സഹായിക്കും. അന്നൊക്കെ ഒരു പ്രത്യേകതയായി തോന്നിയിട്ടുളളത് കാലാവസ്ഥയും മനുഷ്യനും തമ്മിലുളള ഐക്യമായിരുന്നു. അക്കാലത്ത്, മേടമാസം ഒന്നാംതീയതിയാണോ അന്ന് മഴ പെയ്തിരിക്കും. വിഷുനാളിലെ വിഷുക്കണി വീട്ടിലുളളവര്‍ മാത്രമല്ല, വീട്ടിലെ പശുക്കളേയും കാളകളെയും കാണിക്കുമായിരുന്നു.


നെല്‍ക്കൃഷി നേരിട്ട് ചെയ്തുളള ശീലം എനിക്കില്ല. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കും. മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് ഇടവിളയായി വെളളരിയും കുമ്പളവും നട്ടിരുന്നു. വിളഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ സ്‌കൂളില്‍ പോവുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ വെള്ളരിക്കാ പൂവല്‍ പൊട്ടിച്ചു തിന്നും. ഞങ്ങളോട് ആരും അരുതെന്ന് പറഞ്ഞിട്ടില്ല. സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന വെള്ളരി വിഷുവിന് മുന്‍പായി പറിച്ച് വീട്ടിലെ മേല്‍ക്കൂരയിലെ വളയങ്ങളില്‍ ഓലയില്‍ കെട്ടിഞാത്തിയിടും. ഒരുകൊല്ലം കഴിയാന്‍ വീട്ടിലെ ഈ പച്ചക്കറി മതിയാകുമായിരുന്നു. ഭാവിയില്‍ ആഹാരത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് വിദൂരചിന്തകളില്‍പ്പോലും തോന്നിയിരുന്നില്ല.


കേരളത്തില്‍ ലഭ്യമായിരുന്ന നൂറ്റിച്ചില്വാനം വിത്തുകളെക്കുറിച്ച് ഒരു ലേഖനത്തില്‍ വായിക്കാനിടയായി. പത്തുമാസംകൊണ്ടു വിളയുന്ന ഒരിനം നെല്‍വിത്ത് അതിലൊരുദാഹരണമായിരുന്നു. ഞാനെഴുതിയ 'പൈതൃക കേരളം' എന്ന പുസ്തകത്തില്‍ ഈ വിത്തുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഖേദപൂര്‍വ്വം പറയട്ടെ, അവയിലേറിയപങ്കും വംശനാശം വന്നുപോയിരിക്കുന്നു.


ഇന്ന് പച്ചപുതച്ച പാടങ്ങളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് വനങ്ങളും ഇഷ്ടികക്കളങ്ങളും മാത്രമേ കാണാനുളളൂ. ഇന്ന്, കൃഷിയെന്നത് പറച്ചിലില്‍ മാത്രമായി. മലയാളി കഴിക്കുന്ന ഭക്ഷണം തമിഴ്‌നാടിന്റേയും ആന്ധ്രയുടേയും ഔദാര്യം കൊണ്ടായി. കൃഷിഭൂമി കര്‍ഷകന് എന്ന് മുദ്രാവാക്യം വിളിച്ചുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, കര്‍ഷക ബില്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ജന്മിമാരുടെ കൈവശമുണ്ടായിരുന്ന ഭൂമി ഇടത്തട്ടുകാരുടെ-അതായത് പാട്ടക്കാരുടെ കൈയിലെത്തിച്ചേര്‍ന്നു. അവര്‍ കൃഷിചെയ്യുന്നവരായിരുന്നില്ല. കൃഷി ചെയ്യിക്കുന്നവരായിരുന്നു. ദിവസക്കൂലി കൂടിയപ്പോള്‍ കൃഷി ലാഭകരമല്ലെന്നു തോന്നിയ അവര്‍ ആ ഭൂമി വിറ്റ് കോടിക്കണക്കിനു രൂപ സമ്പാദിച്ചു. മണ്ണില്‍ പണിയെടുത്തിരുന്ന കര്‍ഷകന്റെ കൈയില്‍ ഭൂമി കിട്ടിയില്ല. കര്‍ഷകര്‍ എന്നും പാപ്പരായിത്തന്നെ തുടര്‍ന്നു. ഇത് തിരുത്താന്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനും കഴിഞ്ഞില്ല. സാധിക്കാഞ്ഞിട്ടല്ല, ശ്രമിച്ചില്ല. കാരണം പാട്ടക്കാരില്‍ ഏറിയപങ്കും മുസ്ലീം സമുദായക്കാരും ഈഴവരുമാണ്. അവരുമായുളള ഉരസല്‍ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ എണ്ണത്തെ ബാധിച്ചേക്കാം എന്നതുകൊണ്ടുതന്നെ.


ഭൂമി കിട്ടിയ പാട്ടക്കാരില്‍ ചിലര്‍ അതില്‍ വാഴത്തൈകള്‍ നട്ടു. ഒരു പ്രത്യേക ഘട്ടത്തില്‍ സഖാവ് വി.എസ്. അച്യുതാനന്ദന്‍ 'വാഴ വെട്ടല്‍' സമരം തുടങ്ങിവെച്ചു. ഭൂമി നികത്തുന്നതിനെതിരായി ആരംഭിച്ച ഒരു നല്ല ആശയം തന്നെയായിരുന്നു അതെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, പ്രായോഗികമായി ഒരിക്കലും ആ രീതിയോട് അനുകൂലിക്കാനാകില്ല. വളര്‍ന്നു നില്‍ക്കുന്ന വാഴകള്‍ മുഴുവന്‍ മക്കളുടെ തലവെട്ടുന്ന പോലെ അരിഞ്ഞു വീഴ്ത്തിയാണ് ആ സമരം നടത്തിയത്. അത്രയും കാലം അത് നോക്കി നടത്തിയ കര്‍ഷകന്റെ വേദന ആരും കണ്ടില്ല. ഭൂമി നികത്തി ഇനി വാഴ വെയ്ക്കരുത് എന്ന നിര്‍ദ്ദേശത്തോടെ ഇപ്പോള്‍ വെച്ചവയുടെ വിളവെടുപ്പ് നടത്താനുളള സാവകാശം കൊടുക്കാമായിരുന്നു.


കര്‍ഷക ബില്‍ കൊണ്ട് ആകെയുണ്ടായ ഒരാശ്വാസം കുടിയൊഴിപ്പിക്കല്‍ എന്ന ക്രൂരമായ സമ്പ്രദായം ഇല്ലാതായി എന്നതാണ്. എന്നാല്‍ കുടിയൊഴിപ്പിക്കല്‍ ഇല്ലാതായതുകൊണ്ട് കൃഷിക്ക് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടായില്ല. വളരെ ചുരുക്കം കര്‍ഷകര്‍ക്കു മാത്രമേ കൃഷിഭൂമി സ്വന്തമായി കിട്ടിയുള്ളൂ. അന്ന് ജന്മിമാര്‍ കുടിയൊഴിപ്പിച്ചുവെങ്കില്‍ ഇന്ന് 'അതിവേഗം ബഹുദൂരം' എന്നൊക്കെ പറഞ്ഞ് സര്‍ക്കാര്‍ ആ സ്ഥാനം ഏറ്റെടുത്ത് പാവങ്ങളെ ചൂഷണം ചെയ്യുന്നു. ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുളള കുടിയൊഴിപ്പിക്കല്‍.


കൃഷിയെ സംരക്ഷിക്കുന്നതിനായി ഒരു ചെറിയ നിര്‍ദ്ദേശം പലതവണ ഞാന്‍ ലേഖനങ്ങളില്‍ എഴുതിയിട്ടുണ്ടെങ്കിലും ആരും അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന തരിശുഭൂമിയുടെ കണക്കെടുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തണം. ആ ഭൂമിയില്‍ കൃഷിചെയ്യാന്‍ താല്പര്യമുളള യുവാക്കളെ കണ്ടെത്തി ഭൂവുടമസ്ഥന് ഭൂമി നഷ്ടപ്പെടാത്തവണ്ണം വര്‍ഷാടിസ്ഥാനത്തില്‍ പതിച്ചുനല്‍കണം. ഒരു ചെറിയ വരുമാനം ഭൂവുടമസ്ഥനും കിട്ടത്തക്ക രീതിയിലാവണം അത്. യാതൊരു വക ആദായവും അതുവരെ കിട്ടാതിരുന്ന ഭൂമിയില്‍നിന്ന് സമ്പാദ്യം കിട്ടിത്തുടങ്ങുമ്പോള്‍ കൂടുതല്‍ പേര്‍ ക്രമേണ ഇതിലേക്കെത്തിച്ചേരും. നെല്‍ക്കൃഷിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് തോന്നുന്നു എനിക്ക്. പക്ഷേ, മേല്‍പ്പറഞ്ഞ പദ്ധതി ആസൂത്രണത്തിലൂടെ പച്ചക്കറികളും ധാന്യങ്ങളും നമുക്കിവിടെ വിളയിക്കാം. വിളഞ്ഞ ഉല്പന്നങ്ങള്‍ അതതിടങ്ങളില്‍ വസിക്കുന്നവര്‍ക്ക് കിട്ടത്തക്ക രീതിയില്‍ വില്‍പ്പന നടത്തുന്നതിനായുളള സംവിധാനവും ഒരുക്കണം.


വരും തലമുറ രൂക്ഷമായി നേരിടാന്‍ പോകുന്ന പ്രശ്‌നമാണ് ജലദൗര്‍ലഭ്യം. മഴക്കാലത്ത് ഒലിച്ചുപോകുന്ന വെള്ളം നമ്മുടെ കുളങ്ങള്‍, തോടുകള്‍ എന്നിവ വലുതാക്കി അതില്‍ ശേഖരിച്ചു വെയ്ക്കാനുളള മാര്‍ഗ്ഗങ്ങള്‍ തേടണം. അദ്ധ്വാനിക്കാനായി തമിഴരെയും ബംഗാളികളെയും ആശ്രയിക്കാതെ ദുരഭിമാനം മാറ്റിവെച്ച് നമ്മുടെ ചെറുപ്പക്കാര്‍ തന്നെ ഇതിനായി മുന്നോട്ടുവരണം. യുവതലമുറയെ കാര്‍ഷികസംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ദൈനംദിനാവശ്യങ്ങള്‍ക്കായുളള ഭക്ഷ്യവസ്തുക്കള്‍ ഈ മണ്ണില്‍ തന്നെ ഉല്പാദിപ്പിക്കുന്നതിന് ഇതുകൊണ്ടു സാധിക്കും.


(തയ്യാറാക്കിയത്: ധന്യ സന്തോഷ്)


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox