Features
കൈതകൃഷിയും മണ്ണ് ജല സംരക്ഷണവും
കൈതകൃഷിയും മണ്ണ് ജല സംരക്ഷണവും
- അഞ്ജലി.സി.സണ്ണി, പിഎച്ച്ഡി വിദ്യാര്‍ത്ഥി, കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് & ടെക്‌നോളജി, തവനൂര്‍, ഇ മെയില്‍- anjalycsunny@gmail.com
മണ്ണും വെള്ളവും രണ്ട് പ്രധാന പ്രകൃതിവിഭവങ്ങളും കാര്‍ഷിക ഉല്‍പാദനത്തിന്റെ അടിസ്ഥാന ഘടകങ്ങളുമാണ്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സമ്മര്‍ദ്ദം ഈ പ്രകൃതിവിഭവങ്ങളുടെ അപചയത്തിലേക്ക് നയിക്കുകയാണ് എന്ന് നിസംശയം പറയാം.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ പോഷിപ്പിക്കുന്നതിന് കാര്‍ഷിക ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് സാധ്യമാകുന്നത് ഫലഭൂയിഷ്ഠമായ ഭൂമിയും കൃഷിക്കായി വെള്ളവും ലഭ്യമാണെങ്കില്‍ മാത്രമാണ്. ഭൂഗര്‍ഭജലത്തിന്റെ അപചയത്തെ മറികടക്കുന്നതിനും മണ്ണൊലിപ്പ് കുറയ്ക്കുന്നതിനും കൃഷിയിടങ്ങളില്‍ പ്രത്യേകിച്ച് തെങ്ങിന്‍ തോപ്പുകളില്‍ അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.
തെങ്ങിന്‍ തടത്തിനു ചുറ്റുമുള്ള അര്‍ദ്ധചന്ദ്ര ബണ്ട് നിര്‍മ്മാണം
50 സെന്റിമീറ്ററില്‍ കൂടുതല്‍ വീതിയും 30 സെന്റിമീറ്റര്‍ ഉയരവുമുള്ള ഒരു ബണ്ട് തെങ്ങിന്‍ തടത്തിന്റെ താഴെ ഭാഗത്ത് നിര്‍മ്മിക്കുക. മുകള്‍ വശത്ത് നിന്നുള്ള മണ്ണ് എടുത്ത് താഴെ വശത്തേക്കു നിക്ഷേപിച്ചു മുകള്‍ ദിശയില്‍ അകത്തേക്ക് അല്പം ചരിവ് നല്‍കിയാണ് ഈ അര്‍ദ്ധചന്ദ്ര ബണ്ട് നിര്‍മ്മിക്കേണ്ടത് . തടം നിര്‍മ്മിക്കുന്നതിനായി കുഴിച്ചെടുത്ത മണ്ണ് ബണ്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഈ ബണ്ടിന്റെ മുകളിലായി 20 സെന്റിമീറ്റര്‍ × 20 സെന്റിമീറ്റര്‍ അകലത്തില്‍ കൈതചക്ക ചെടികള്‍ രണ്ട് നിരയയി വെച്ച് പിടിപ്പിക്കാവുന്നതാണ്.
വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞ്, ആ വെള്ളം തടത്തില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ ഇതിനാല്‍ സാധ്യമാകും. തന്മൂലം പെര്‍കൊലേഷന്‍ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നു. മണ്ണിലേക്ക് കടക്കുന്ന വെള്ളം കൂടുതല്‍ ആഴത്തിലേക്ക് പോയി ഭൂഗര്‍ഭജലശേഖരത്തിലെത്തുന്ന പ്രക്രിയയെ പെര്‍കോലേഷന്‍ എന്ന് വിളിക്കുന്നു. കൈത ചെടിയുടെ വേരുകള്‍ മണ്ണിന്റെ കണങ്ങളെ മുറുകെ പിടിക്കാന്‍ സഹായിക്കും. തന്മൂലം ബണ്ടിന് സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നു. അതോടൊപ്പം കര്‍ഷകന് ഒരു അധിക വരുമാനവും പ്രദാനം ചെയ്യുന്നു. മിതമായ ചരിവുള്ള (15-20%) പ്രദേശങ്ങളില്‍ ഈ രീതി അവലംബിക്കാവുന്നതാണ്.
ചാല് നിര്‍മ്മാണം
രണ്ട് നിര തെങ്ങുകള്‍ക്കിടയില്‍ 50 സെന്റിമീറ്റര്‍ വീതിയും 50 സെന്റിമീറ്റര്‍ ആഴവും സൗകര്യപ്രദമായ നീളവും ഉള്ള ചാലുകള്‍ നിര്‍മ്മിക്കുക. അതിനു ശേഷം ഈ ചാലുകളില്‍ നാളികേര തൊണ്ട് വിവിധ പാളികളായി നിറക്കുക. താഴത്തെ പാളികളില്‍ മുകളിലേക്കും ഏറ്റവും മുകളിലെ പാളിയില്‍ താഴേക്കും അഭിമുഖമായിട്ടാണ് നാളികേര തൊണ്ടുകള്‍ നിറക്കേണ്ടത്. കുഴിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് 30 സെന്റിമീറ്റര്‍ ഉയരവും അനുയോജ്യമായ വീതിയും (> 50 സെ.മീ)ഉള്ള ഒരു ബണ്ട് ചാലിന്റെ താഴേ ഭാഗത്ത് നിര്‍മ്മിക്കുക.
ഈ ബണ്ടിന്റെ മുകളിലായാണ് 20 സെന്റിമീറ്റര്‍ × 20 സെന്റിമീറ്റര്‍ അകലത്തില്‍ കൈത ചെടികള്‍ രണ്ട് നിരയായി വച്ച് പിടിപ്പിക്കേണ്ടത്. മുകള്‍ ഭാഗത്ത് നിന്ന് ഒഴുകുന്ന വെള്ളത്തിനൊപ്പം മണ്ണിന്റെ കണങ്ങളും ചാലുകളില്‍ ശേഖരിക്കപ്പെടുന്നു. ചാലുകളില്‍ നിറച്ചിരിക്കുന്ന നാളികേര തൊണ്ടുകള്‍ ഈര്‍പ്പം നിലനിര്‍ത്തുകയും പിന്നീട് ഈ വെള്ളം വേനല്‍ക്കാലത്ത് സസ്യങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.
മഴക്കുഴി
മഴക്കുഴി നിര്‍മ്മാണത്തിലൂടെ മണ്ണും വെള്ളവും സംരക്ഷിക്കാന്‍ സാധിക്കുന്നു. മഴക്കുഴിയുടെ അളവ് പ്രദേശത്തിന് അനുയോജ്യമായി മാറുമെങ്കിലും, 1.5 മീറ്റര്‍ നീളവും , 0.5 മീറ്റര്‍ വീതിയും , 0.5 മീറ്റര്‍ ആഴവും ഉള്ള കുഴികളാണ് സാധാരണ ആയി കുഴിക്കുക. കുഴിച്ചെടുത്ത മണ്ണുപയോഗിച്ച് കുഴിയുടെ താഴെ ഭാഗത്ത് ഒരു ബണ്ട് നിര്‍മിച്ച് അതിനു മുകളിലായി കൈത ചെടികള്‍ വെച്ചു പിടിപ്പിക്കണം. ഇത് ബണ്ടിനെ ശക്തിപ്പെടുത്തുകയും അതുവഴി മഴക്കുഴിയെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഈ കുഴികളില്‍ നാളികേര തൊണ്ട് നിറച്ചോ നിറക്കാതെയോ ഉപയോഗിക്കാവുന്നതാണ്. മുകള്‍ ഭാഗത്ത് നിന്നും ഒഴുകി വരുന്ന മണ്ണും വെള്ളവും ഈ കുഴികളില്‍ ശേഖരിക്കപ്പെടുന്നു.
English Summary: Protection of soil and water by cultivation of pineapple near bunds,rain harvesting pits and burrows in coconut plantations
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments