Features

ദിലീപും മന്‍മോഹന്‍ സിംഗും പഞ്ചാബി ഹൌസും  

1998 ലെ ഓണക്കാലത്ത്  പ്രദര്‍ശനത്തിനുവന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് പഞ്ചാബി ഹൌസ്. കടക്കെണിയിലകപ്പെട്ട ഉണ്ണി എന്ന ചെറുപ്പക്കാരന്‍ , സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഊമയായി അഭിനയിക്കുകയും സമ്പന്നമായ ഒരു പഞ്ചാബി കുടുംബത്തില്‍ തൊഴിലെടുക്കാന്‍ എത്തിപ്പെടുകയും ചെയ്യുന്നതാണ് കേന്ദ്രകഥ. തുടര്‍ന്ന് ആ കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നതും ഡ്രാമയും മെലോഡ്രാമയും ഒക്കെയായി കഥ നീളുന്നതുമാണ് പഞ്ചാബി ഹൌസ്  എന്ന കുടുംബ -കോമഡി ചിത്രത്തിന്‍റെ പ്രത്യേകത. ദിലീപ് കേന്ദ്രകഥാപാത്രമായ ഉണ്ണിയായി രംഗത്തുവരുന്ന ചിത്രത്തില്‍ ദിലീപിന് പുറമെ കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ലാല്‍,തിലകന്‍, ജനാര്‍ദ്ദനന്‍, മോഹിനി തുടങ്ങിയ വലിയ താരനിരയുമുണ്ട്. റാഫി മെക്കാര്‍ട്ടിന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രം "ചുപ് ചുപ് കെ" എന്ന പേരില്‍ പ്രിയദര്‍ശന്‍ 2002 ല്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റവും ചെയ്തിരുന്നു.

punjabi house

ഇതൊരു കഥയാണെങ്കില്‍ തമിഴ് നാട്ടിലെ മന്‍മോഹന്‍ സിംഗിന്‍റെ പഞ്ചാബി ഹൌസ് ഒരു യാഥാര്‍ത്ഥ്യമാണ്. ചുട്ടുപൊള്ളുന്ന തമിഴ് നാട് ഗ്രാമത്തില്‍ പൊന്നുകൊയ്യുന്ന കഥ. രാമനാഥപുരം ജില്ലയിലെ കമുദി താലൂക്കില്‍ വളാണ്ടി ഗ്രാമത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ അകാല്‍ ഫാം. അകാല്‍ എന്നാല്‍ മരണമില്ലാത്തത് എന്നര്‍ത്ഥം.

കാര്‍ഷിക മേഖലയിലെ കയ്പ്പും പുളിപ്പും അറിഞ്ഞവര്‍ ഇപ്പോള്‍ മധുരം പങ്കുവയ്ക്കുകയാണവിടെ. പതിറ്റാണ്ടുകളായി പഞ്ചാബ് ഗ്രാമങ്ങളില്‍ ഗോതമ്പും ബാസ്മതിയും കൃഷി ചെയ്തുവന്ന കൂട്ടരാണ് മന്‍മോഹനും സുഹൃത്തുക്കളും. കൃഷിയുടെ വലിയ കുതിപ്പുകള്‍ക്കു ശേഷം  പിന്നെ ഇറക്കമായി. കാലം തെറ്റിയ മഴയും വേനലുമൊക്കെയായി കൃഷിയിടങ്ങള്‍ നശിച്ചു. രാസവളങ്ങളുടെ അമിത ഉപയോഗം കാരണം മണ്ണിന്‍റെ പുഷ്ടി ഇല്ലാതായി. സാമ്പത്തിക തകര്‍ച്ചയായിരുന്നു ഫലം. അവരുടെ കൃഷി ഉപദേശകന്‍ ഉത്തരാഖണ്ഡിലെ കാര്‍ഷിക കോളേജില്‍ ഡയറക്ടറായിരുന്ന ഗരുജി ബാബാ ഇക്ബാല്‍ സിംഗായിരുന്നു. അദ്ദേഹം രാമേശ്വരത്തെ ഗുരുദ്വാര സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തി അവരെ ഇങ്ങനെ ഉപദേശിച്ചു, "നിങ്ങള്‍ ഇനി പഞ്ചാബില്‍ കൃഷി നടത്തണ്ട. തമിഴ് നാട്ടില്‍ പോയി ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യൂ. അവിടെ ഭൂമിക്ക് വിലയും കുറവാണ്, വളക്കൂറുള്ള മണ്ണുമാണ്. "

manmohan singh
 
ജീവിതം മാറ്റി മറിച്ച ഉപദേശം. 2007 ലാണ് അവര്‍ വളാണ്ടിയില്‍ എത്തുന്നത്. ഒരു ട്രസ്റ്റ്  രജിസ്റ്റര്‍ ചെയ്ത് ഏക്കറിന് പതിനായിരം രൂപ നിരക്കില്‍ നാനൂറേക്കര്‍ ഭൂമി വാങ്ങിയാണ് കൃഷി തുടങ്ങിയത്. "ചതുപ്പും കാടുമായി കിടന്ന പ്രദേശം ആശങ്കയോടെയാണ് ഞങ്ങള്‍ വാങ്ങിയത്. നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന അവസ്ഥയിലായിരുന്നതിനാല്‍ റിസ്ക് എടുക്കുവാന്‍ എല്ലാവരും ഒരുക്കമായിരുന്നു. ജലലഭ്യത ഉറപ്പാക്കിയാണ് ഭൂമി വാങ്ങിയത്. ഭൂഗര്‍ഭ ജലം സമൃദ്ധം, ശുദ്ധവുമാണ്", മന്‍മോഹന്‍ കുറച്ചുജലമെടുത്ത് കുടിച്ചുകൊണ്ടു പറഞ്ഞു. ഏഴിനം ഫലവൃക്ഷങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുത്തത്. മാവ്, പേര,നെല്ലി,പപ്പായ, സപ്പോട്ട, തെങ്ങ് ,നാരകം. മധുര കാര്‍ഷിക കോളേജിലെ ഡോക്ടര്‍ അറുമുഖം നല്‍കിയ ഉപദേശങ്ങള്‍ മണ്ണ് മെച്ചപ്പെടുത്താനും കൃഷിക്കും ഏറെ ഉപകരിച്ചു. തമിഴ് നാട് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും വലിയ പ്രോത്സാഹനമാണ് നല്‍കിയത്. ആദ്യമൊക്കെ പ്രദേശവാസികള്‍ വേണ്ടത്ര താത്പ്പര്യം കാട്ടിയില്ലെങ്കിലും ഇപ്പോള്‍ അവരും ഒപ്പമുണ്ട് എന്ന് മന്‍മോഹന്‍ പറയുന്നു. പഞ്ചാബിലും ഉത്തര്‍ പ്രദേശിലും നിന്നുവന്ന പതിനഞ്ച് ആളുകളാണ് സ്ഥിരം തൊഴിലാളികള്‍. ദിവസവേതനത്തില്‍ പ്രദേശവാസികളും ജോലിക്ക് വരാറുണ്ട്.

orchid

അറുപത്തി അഞ്ച് ഏക്കറിലാണ് മാവിന്‍ തോട്ടം. ഹമാം പസന്ത്, ബംഗനപ്പള്ളി, അല്‍ഫോണ്‍സ, മല്ലിക,രത്ന എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇരുപത് ഏക്കറിലാണ് നെല്ലി ഉള്ളത്. കൃഷ്ണയും കാഞ്ചന്‍-എന്‍എ -7 മാണ് കൃഷി ചെയ്യുന്നത്. ഏറ്റവും വലിയ തോട്ടങ്ങള്‍ പേരയുടേതാണ്. ലഖ്നൌ -49 എന്ന ഹൈബ്രിഡ് വെറൈറ്റിയാണ് തോട്ടത്തിലാകെയും. ഇരുപത് കുഴല്‍ കിണറുകള്‍ സ്ഥാപിച്ചിട്ടുള്ളതില്‍ പതിമൂനെണ്ണം നന്നായി പ്രവര്‍ത്തിക്കുന്നതായി മന്‍മോഹന്‍ പറഞ്ഞു. ഇവ സോളാര്‍ പമ്പിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ കിണറിലേക്ക് പമ്പ് ചെയ്ത് എത്തിച്ചശേഷം തുള്ളിനന സമ്പ്രദായത്തിലാണ് ജലഉപഭോഗം. പ്രധാന വിളകള്‍ക്ക് പുറമെ നാട്ടുബദാമും കശുമാവും പ്ലാവും ഈന്തപ്പനയും കസ്റ്റാര്‍ഡ് ആപ്പിളും പച്ചക്കറിയുമൊക്കെ കൃഷിയുടെ ഭാഗമാണ്. പത്ത് പശുക്കളുടെ ഒരു കാലിത്തൊഴുത്തും ഇവിടെയുണ്ട്. ഓര്‍ഗാനിക് കൃഷിയാണ് ഭാവിയില്‍ ലക്ഷ്യമിടുന്നതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. ദര്‍ശന്‍ സിംഗ്, ശരബ്ജിത് സിംഗ്, ജസ്പാല്‍ സിംഗ്, ഗുരുദേവ് സിംഗ് എന്നിവരാണ് പ്രധാന സൂപ്പര്‍വൈസര്‍മാര്‍. ദര്‍ശന്‍ സിംഗാണ് സീനിയര്‍ മോസ്റ്റ്.അദ്ദേഹം തമിഴ് നന്നായി സംസാരിക്കും. കുടുംബമായി താമസിക്കുന്ന ദര്‍ശന്‍റെ മക്കള്‍ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലാണ് പഠിക്കുന്നത്.

well with solar pump

ഫാം ടൂറിസം ആസ്വദിക്കുന്നവര്‍ക്ക് ഒരു ദിവസം ചിലവഴിക്കാന്‍ ഉതകുന്ന ഇടമാണ് അകാല്‍ ഫാം. മധുരയില്‍ നിന്നും കരപ്പാട്ടി, തിരുച്ചില്ലി, കമുദി വഴി വളാണ്ടിയിലെത്താം. കമുദി-വളാണ്ടി റോഡ് മോശമാണ്. ഒറ്റ വാഹനം പോകുന്നതുമാണ്. കുറച്ചു പ്രയാസപ്പെട്ട് എത്തുമ്പോള്‍ അത് സന്തോഷം ഇരട്ടിപ്പിക്കും എന്നതാണ് അനുഭവം." ആദ്യമൊക്കെ മാര്‍ക്കറ്റിംഗ് ബുദ്ധിമുട്ടേറിയ വിഷയമായിരുന്നു. പഴങ്ങള്‍ പിക്അപ് വാനിലാക്കി മധുരയിലും മറ്റും കൊണ്ടുപോയാണ് വിറ്റിരുന്നത്. ഇപ്പോള്‍ ഓര്‍ഡര്‍ അനുസരിച്ച് നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥ", മന്‍മോഹന്‍ പറഞ്ഞു. പപ്പായ സീസണില്‍ ദിവസം മൂന്ന്-നാല് ടണ്‍ വരെ ഉണ്ടാകും, സിംഗ് പറഞ്ഞു.

mango orchid

മികച്ച ആതിഥ്യമാണ് ഞങ്ങള്‍ക്ക് അകാല്‍ ഫാമില്‍ ലഭിച്ചത്. പരമക്കുടി സബ്കളക്ടര്‍ വിഷ്ണു ചന്ദ്രന്‍റെ  പരിചയപ്പെടുത്തലും ദേവക്കോട്ടൈ സബകലക്ടര്‍ ആശ അജിത്തിന്‍റെ സാന്നിധ്യവും അതിന് കാരണമായിരിക്കാം. കടുത്ത ചൂടിനെ അതിജീവിച്ച്  എത്തിയ ഉടന്‍ കരിക്കിന്‍വെള്ളം, ഒപ്പം മാങ്ങയും പേരയ്ക്കയും. അത് കഴിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ അകാല്‍ ഫാമിന്‍റെ ചരിത്രം വിശദീകരിച്ചു . ഇതിനെ തുടര്‍ന്ന് ഫാം സന്ദര്‍ശനം.മടങ്ങിവന്ന ശേഷം അവിടത്തെ ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയും തുടര്‍ന്ന് നിലത്ത് പായ വിരിച്ച് , ചമ്രം പടിഞ്ഞിരുന്നുള്ള ഉച്ചഭക്ഷണം. ചപ്പാത്തി, പരിപ്പുകറി,തൈര്, മെഴുക്കുപുരട്ടി, മോര് എന്നിവയ്ക്കു പുറമെ മാങ്ങ,പേരയ്ക്ക, ചെറുപഴം എന്നിവയായിരുന്നു വിഭവങ്ങള്‍. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് ഗ്രീന്‍ടീ. എല്ലാം നിറഞ്ഞ മനസോടെ , തികഞ്ഞ രുചിയോടെ, പുഞ്ചിരിയോടെയും. ആതിഥ്യമര്യാദയുടെ ഉച്ചസ്ഥായി. നാല് മണിക്ക് യാത്ര പറഞ്ഞിറങ്ങുമ്പോഴും സൂര്യന്‍ കത്തിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ചെറിയ ക്ഷീണം തോന്നി, അപ്പോഴും നിറഞ്ഞ ഊര്‍ജ്ജത്തോടെ അവര്‍ യാത്രയയ്ക്കാന്‍ ഗേറ്റുവരെ വന്നു. കൈവീശി യാത്ര പറയുമ്പോള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു, അകാല്‍ എന്നാല്‍ കാലാതീതമെന്നാണ്. ഈ ഫാമും അങ്ങിനെ നിലനില്‍ക്കട്ടെ എന്ന് മനസ് മന്ത്രിച്ചു.

( യാത്രാ സംഘം- വി.ആര്‍.അജയ കുമാര്‍, ബി.ശശിധരന്‍ നായര്‍, വിനീത.എസ്.നായര്‍, ബാലചന്ദ്രന്‍, ഗീത ബാലചന്ദ്രന്‍, ആശ അജിത്,വി.ആര്‍.  അജിത് കുമാര്‍ )

- വി.ആര്‍.അജിത് കുമാര്‍

Share your comments