ഇവര്‍ ഇനങ്ങളില്‍ മിന്നും താരങ്ങള്‍

കേരളത്തിലെ കൃഷിഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഈറ്റില്ലമായ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വിളകളുടെ ചില മികച്ച ഇനങ്ങള്‍ നമുക്ക് പരിചയപ്പെടാം.
കുരുത്തോലപ്പയറില്‍ 'ഗീതിക'
കുരുത്തോലപ്പയറിന്റെ ഒരു മികച്ച ഇനമാണ് 'ഗീതിക'. ഏതാണ്ട് 50-55 സെന്റീമീറ്റര്‍ നീളം വരുന്ന തടിച്ച മാംസളമായ ഇളം പച്ചപ്പയര്‍. ഒരു കിലോയില്‍ 30-40 പയര്‍ ഉണ്ടാകും. ഓരോ കായിലും ഏകദേശം 20 വിത്തുകളും. ചെടിയുടെ വിളദൈര്‍ഘ്യം 106 ദിവസമാണ്. വിത്തുപാകി 40-45 ദിവസമാകുമ്പോള്‍ പുഷ്പിക്കും. ഹെക്ടറിന് ശരാശരി വിളവ് 27.6 ടണ്‍. ഇല മുരടിക്കല്‍രോഗം, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ പ്രതിരോധശേഷിയുണ്ട്.
വെള്ളായണി കാര്‍ഷിക കോളേജിലെ ഡോ. മഞ്ജുവും സഹപ്രവര്‍ത്തകരുമാണ് ഈ മികച്ച ഇനം ഉത്പാദിപ്പിച്ചത്. ഫോണ്‍: 9447376343
സലാഡ് വെള്ളരിയില്‍ 'ശുഭ്ര'
വെളുപ്പു നിറം കലര്‍ന്ന ഇളം പച്ച കായ്കള്‍ - ഇതാണ് 'ശുഭ്ര' എന്ന സലാഡ് വെള്ളരിയുടെ (കക്കിരി) പ്രത്യേകത. ശുഭ്രയുടെ ചെടി ഏതാണ്ട് മൂന്നു മീറ്റര്‍ വരെ നീളത്തില്‍ വളരും. വിത്തുപാകി ശരാശരി 40 ദിവസം കൊണ്ട് ആണ്‍ പൂക്കളും 45 ദിവസം കൊണ്ട് പെണ്‍ പൂക്കളും വിരിയാന്‍ തുടങ്ങും. വിത്തുപാകി 56-60 ദിവസം മതി ആദ്യ വിളവെടുപ്പിന്. ഒരു ചെടിയില്‍ നിന്ന് ശരാശരി 275 ഗ്രാം തൂക്കം വരുന്ന 55 കായ്കള്‍ കിട്ടും. സലാഡ് വെള്ളരിക്ക് ഉപയോഗം വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് കേരളത്തില്‍ വളര്‍ത്താന്‍ യോജിച്ച 'ശുഭ്ര'യ്ക്ക് ശുക്രദശയാണ് എന്ന കാര്യത്തില്‍ സംശയമില്ല.തൃശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ പച്ചക്കറി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. ടി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഫോണ്‍: 9447300743
തക്കാളിയില്‍ 'മനുപ്രഭ'
തക്കാളിക്കൃഷിയുടെ നിത്യപ്രശ്‌നമായ ബാക്ടീരിയല്‍ വാട്ടരോഗം ചെറുക്കാനും സാമാന്യം വലിയ കായ്കള്‍ തരാനും കഴിവുള്ള ഒരു പുതിയ ഇനം തക്കാളിയാണ് 'മനുപ്രഭ'. 68 സെന്റീമീറ്ററാണ് ചെയിയുടെ ഉയരം. കായ്കള്‍ക്ക് ആദ്യം വെള്ളനിറവും പഴുക്കുമ്പോള്‍ കടും ചുവപ്പു നിറവുമാകും. കായുടെ ശരാശരി തൂക്കം 60 ഗ്രാം. വിത്തുപാകി ശരാശരി 56 ദിവസം കൊണ്ട് പുഷ്പിക്കം. 94 ദിവസമാകുമ്പേഴേക്കും വിളവെടുക്കാം.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണൂത്തി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. സി. നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ഈ ഇനം വികസിപ്പിച്ചത്. ഫോണ്‍: 9495634953
സുവര്‍ണ തണ്ണിമത്തന്‍ 'സ്വര്‍ണ'
വിത്തില്ലാത്ത മഞ്ഞനിറമുള്ള തണ്ണിമത്തനാണ് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ 'സ്വര്‍ണ'. കായ്കള്‍ക്ക് പച്ച നിറമാണ്. ഇതില്‍ ഇളം പച്ച വരകളുമുണ്ടാകും. മൂത്ത കായ്ക്ക് ശരാശരി 43 സെന്റീമീറ്റര്‍ ചുറ്റളവും 3.18 കിലോഗ്രാം തൂക്കവുമുണ്ടാകും. വിത്തുപാകി 50 ദിവസമാകുമ്പോള്‍ പെണ്‍ പൂക്കള്‍ വിരിയും. 98-102 ദിവസം ആദ്യ വിളവെടുപ്പ്. ഒരു ചെടിയില്‍ നിന്ന് മൂന്ന് നാല് കായ്കള്‍ കിട്ടും.
വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഡോ. ടി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ ഇനം വികസിപ്പിച്ചത്. ഫോണ്‍: 9447300743
വരിക്കപ്ലാവില്‍ 'സിന്ദൂര്‍'
സിന്ദൂരനിറത്തില്‍ ആകര്‍ഷകമായ സ്വാദും സുഗന്ധവുമുള്ള വരിക്കച്ചക്കയാണ് 'സിന്ദൂര്‍'. ചുളകള്‍ക്ക് ഇടത്തരം വലിപ്പം. വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കും. ജനുവരി-ഫെബ്രുവരിയും, ജൂലൈ-ആഗസ്റ്റിലും ഏഴു മുതല്‍ 19 കിലോഗ്രാം വരെ തൂക്കമുള്ള ഇതിന്റെ ചക്കയില്‍ ശരാശരി 190-200 ചുളകളുണ്ടാകും. ഒരു കിലോഗ്രാം ചക്കയില്‍ നിന്ന് ശരാശരി 285 ഗ്രാം ചുള കിട്ടും. തിരിവീണ് 100-110 ദിവസം കൊണ്ട് ചക്ക വിളവെടുക്കാം. പച്ചച്ചക്കയുടെ ചുളകള്‍ പാകം ചെയ്യാനും നന്ന്. എന്നാല്‍ വറ്റലുണ്ടാക്കാന്‍ അത്ര നന്നല്ല.
കൊട്ടാരക്കര സദാനന്ദപുരം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ. റജീനയുടെ നേതൃത്വത്തിലാണ് ഈ ഇനം കണ്ടെത്തിയത്. ഫോണ്‍: 9496329187
കൈക്കൊതുങ്ങുന്ന കുമ്പളം 'താര'
വീട്ടാവശ്യത്തിന് യോജിച്ച ചെറിയ കായ്കള്‍ ഉണ്ടാക്കുന്ന പുതിയ ഒരിനം കുമ്പളമാണ് 'താര'. കായ്ക്ക് ശരാശരി രണ്ടര കിലോ തൂക്കം മാത്രമേയൂള്ളൂ. വിത്തുപാകി 60-75 ദിവസം ആദ്യ വിളവെടുപ്പ് നടത്താം. നാലരമാസമാണ് വിളദൈര്‍ഘ്യം. വേനല്‍ക്കാലത്തും മഴയത്തും ഒരുപോലെ കൃഷി ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്.
പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എ.എല്‍. ജ്യോതി, ഡോ. എം.സി. നാരായണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഇനം തയാറാക്കിയത്. ഫോണ്‍: 9447393701
Share your comments