Features

രാം കാന്ത് മൂല്‍

മലയാളിക്ക് തീരെ പരിചിതമല്ലാത്ത ഒരിനം കിഴങ്ങുവര്‍ഗ്ഗമാണ് രാം കാന്ത് മൂല്‍. ഒരു പക്ഷെ കിഴങ്ങു വര്‍ഗ്ഗമാണോ  തീര്‍ത്ത് പറയാന്‍ കൃഷി ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരു ഭക്ഷണ പദാര്‍ത്ഥം എന്നും പറയാം. കാച്ചിലും ചേനയും മരച്ചീനിയും ചേമ്പും സ്ഥിരഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളിയെ അത്ഭുതപ്പെടുത്തുന്ന ഒരു ഭക്ഷ്യവസ്തുവാണ് മൃദംഗത്തിന്റെ ആകൃതിയും വലുപ്പവുമുള്ള രാം കാന്ത് മൂല്‍. ഇളം മഞ്ഞയും തവിട്ടുനിറവും ഇടകലര്‍ന്ന പുറഭാഗവും നിറരഹിതമായ ഉള്‍ഭാഗവുമാണ് ഇതിനുള്ളത്. സാധാരണമായി മണ്ണിനടിയില്‍ പിടിക്കുന്ന പല വിഭവങ്ങളും പച്ചയ്ക്ക് കഴിക്കാന്‍ കൊള്ളുന്നവയല്ല. എന്നാല്‍ കാരറ്റ് ഇതില്‍ നിന്നും വ്യത്യസ്തമാണ്. മധുരമുള്ളതുകൊണ്ട് നമ്മള്‍ അത് കഴിക്കുന്നു. മൂലി എന്ന വെളുത്ത ഇനം റാഡിഷ് കയ്പ്പുളളതാണെങ്കിലും ഔഷധഗുണമുള്ളതിനാല്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. രാം കാന്ത് മൂല്‍ കാരറ്റിന്റെ ഒരു മെഗാപതിപ്പാണെന്നു പറയാന്‍ കഴിയും. ഇത് വളരെ നേര്‍ത്ത അളവില്‍ ചെത്തിയെടുത്താണ് ആളുകള്‍ വില്‍പ്പന നടത്താറുള്ളത്. വളരെ നേര്‍ത്ത ത്രികോണാകൃതിയിലുള്ള കഷണങ്ങള്‍ക്ക് പത്ത് രൂപയാണ് വില. മധുരവും തണുപ്പുമുള്ള ഈ കിഴങ്ങ് ഔഷധമൂല്യമുള്ളതാണ് എന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അനേകമാളുകള്‍ ഇത് വാങ്ങാനായി തിരക്ക് കൂട്ടുന്നത് കാണാം.
 
രാം കാന്ത് മൂലിന്റെ വിശ്വാസ ചരിത്രം ഇങ്ങനെയാണ്. ശ്രീരാമനും ലക്ഷ്മണനും സീതയും പതിനാലുവര്‍ഷത്തെ വനവാസക്കാലത്ത് പ്രധാനമായും ഭക്ഷിച്ചിരുന്ന കിഴങ്ങുവര്‍ഗ്ഗമാണ് രാം കാന്ത് മൂല്‍. ഇതിന്റെ ഔഷധവീര്യമാണ് അവരെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തിയത്. ശ്രീശൈലം, ചിത്രകൂടം, കാമദ്ഗിരി പര്‍വ്വതം എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കാണുന്നത്. ആദിവാസികളാണ് പ്രധാനമായും ഇതിന്റെ വില്‍പ്പനക്കാര്‍. വലിയ കാര്‍ഷിക മേളകള്‍ നടക്കുന്നിടത്ത് ഇവര്‍ കാന്ത് മൂല്‍ വില്‍പ്പനക്കാരായി എത്തിച്ചേരും. 

ദാര്‍വാര്‍ഡ് കാര്‍ഷിക സര്‍വ്വകലാശാലയിലെ കൃഷിമേളയിലാണ് ഞാന്‍ ഇത് കാണുകയും സ്വാദറിയുകയും ചെയ്തത്. എന്നോടൊപ്പം കൃഷി ജാഗരണ്‍ മാനേജിംഗ് എഡിറ്റര്‍ എം.സി.ഡൊമിനിക്കുമുണ്ടായിരുന്നു. എന്താണ് രുചി എന്നറിയാനുള്ള ആകാംഷയും ഒപ്പം വയറിന് കേടുണ്ടാക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു. കടമുറിച്ച തെങ്ങില്‍ നിന്നൂറി വരുന്ന ദ്രാവകത്തിന്റെ രുചിയാണ് എനിക്കനുഭവപ്പെട്ടത്. കാട്ടില്‍ നിന്നും ഇത് ശേഖരിക്കുന്ന ആദിവാസികള്‍ ഒരിക്കലും ഇത് ലഭിക്കുന്ന ഇടം വ്യക്തമാക്കാറില്ല. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞര്‍ക്ക് പിടികൊടുക്കാത്ത ഒരു ചെടിയായി രാം കാന്ത് മൂല്‍ നിലനില്‍ക്കുന്നു. 
 
1980 കളിലാണ് ശാസ്ത്രജ്ഞര്‍ ഇതിന് പിന്നാലെ കൂടിയത്. പത്ത് വര്‍ഷത്തോളം അന്വേഷണം നീണ്ടു. വലിയ പ്രചാരം നല്‍കിയെങ്കിലും ഉറവ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കച്ചവടക്കാരില്‍ നിന്നും കഷണങ്ങള്‍ ശേഖരിച്ച് കോലാപ്പൂര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിനോക്കി. ഇത് Agave americana (അഗേവ് അമേരിക്കാനാ) വര്‍ഗ്ഗത്തിലുള്ളതാണ് എന്നായിരുന്നു അനുമാനം. അഗേവ് മെക്സിക്കോയില്‍ മദ്യം വാറ്റിയെടുക്കാന്‍ ഉപയോഗിക്കുന്ന ഒരിനം ചെടിയാണ്. 30 വര്‍ഷത്തോളം നിലനില്‍ക്കുന്ന ഈ ചെടിയുടെ പൂവിടുന്ന തണ്ട് പൂവിടും മുന്‍പ് മുറിക്കുമ്പോള്‍ ഊറി വരുന്ന മധുരവെള്ളം ഫെര്‍മെന്റ് ചെയ്താണ് മദ്യമുണ്ടാക്കുന്നത്. അഗേവിനെ സെന്‍ട്രി പ്ലാന്റ്, സെഞ്ചുറി പ്ലാന്റ് ,അമേരിക്കന്‍ കറ്റാര്‍ വാഴ എന്നൊക്കെ വിളിക്കാറുണ്ട്. ഒരു അലങ്കാര ചെടിയായി മാറിയിട്ടുള്ള ഇതിനോട് സാമ്യമുള്ളതാണ് രാം കാന്ത് മൂല്‍ എന്നായിരുന്നു ഡിഎന്‍എ പരിശോധന ഫലം.
 
അനാട്ടമി പഠനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതൊരു പ്രത്യേകതരം ഏകകാണ്ഡ സസ്യമാണൊണ്. എന്നാല്‍ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഏകകാണ്ഡ സസ്യങ്ങള്‍ക്ക് അഡ്വെന്റീഷ്യസ് വേരുകളാണ് , നാരായ വേര് കാണുകയില്ല എന്നതാണ്. Agave americana യുമായി ഇതിന് കൂടുതല്‍ സാമ്യം കാണുുണ്ടെങ്കിലും പരീക്ഷണം ഇപ്പോഴും തുടരുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ യാത്ര പോകുമ്പോള്‍ ക്ഷേത്രപരിസരത്ത് ഒരു പക്ഷെ നിങ്ങള്‍ രാം കാന്ത് മൂല്‍ കണ്ടേക്കാം. അപ്പോള്‍ അതൊു രുചിച്ചുനോക്കാന്‍ മടിക്കേണ്ടതില്ല. 

- വി .ആർ . അജിത് കുമാർ  , കൃഷി ജാഗരൺ 

Share your comments