Features

ഉദാഹരണം രാമചന്ദ്രന്‍

ramachandran

നമ്മുടെ നാടിനാവശ്യമായ വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ മനസ്സുണ്ടെങ്കില്‍ നമുക്കു തന്നെ ഉത്പ്പാദിപ്പിക്കാവുന്നതേയുള്ളു എന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ആനാകോട് ഗോകുലം വീട്ടിലെ റ്റി. രാമചന്ദ്രന്‍ നായര്‍. 
രാമചന്ദ്രന്‍നായര്‍ അങ്ങനെയാണ് കഴിയുന്നതേ പറയൂ, പക്ഷേ പറയുന്നത് പ്രവൃത്തിപഥത്തിലെത്തിച്ചിരിക്കും. മുന്‍പ് പട്ടാളത്തിലായിരുന്നു പണി. പക്ഷേ പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് കൃഷിയോടുണ്ടായിരുന്ന സ്‌നഹം ഉപേക്ഷിച്ചില്ല.  

പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് എപ്പോഴും കൃഷിയെന്ന അവസ്ഥയിലെത്തിയപ്പോഴാണ് രാമചന്ദ്രന്‍നായരുടെ കൃഷിയിലെ മികവ് നാടറിഞ്ഞത്. ''നാടിനു വേണ്ടത് മനസ്സുണ്ടെങ്കില്‍ നാട്ടിലൊരുക്കാം - ഉദാഹരണം രാമചന്ദ്രന്‍നായര്‍'' എന്ന് നാട്ടുകാര്‍ പറഞ്ഞു തുടങ്ങിയത് അങ്ങനെ!

രാമചന്ദ്രന് നാലേക്കറാണ് സ്വന്തമായുള്ളത്. രണ്ടേക്കറില്‍ ഇന്നും റബ്ബറിനെ കൈവിട്ടിട്ടില്ല. സകുടുംബം കൃഷിപ്പണികള്‍ ചെയ്യാനായാല്‍ റബ്ബര്‍ ഇന്നും വലിയ കുഴപ്പമൊന്നും വരുത്തില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം. 

തോട്ടത്തില്‍ നിന്നും മണ്ണൊലിപ്പ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പ്ലാറ്റ്‌ഫോം ശരിയായി ഒരുക്കി - ആവശ്യത്തിന് മഴക്കുഴികളും നിര്‍മ്മിച്ചാല്‍ പറമ്പില്‍ കിട്ടുന്ന മഴവെള്ളം അവിടെത്തന്നെ താഴും. കൃഷിയുടെ അടിസ്ഥാന ഘടകം മണ്ണിനെയും ജലത്തെയും അറിയുക - മാനിക്കുക എന്നതാണെന്ന് രാമചന്ദ്രന്‍ പറയുന്നു. 

ബാക്കിയുള്ള രണ്ടേക്കറിലാണ് ഭക്ഷ്യവിളകള്‍ കൊണ്ടൊരു വിപ്ലവം തന്നെ ഇദ്ദേഹം സൃഷ്ടിച്ചത്. വാഴയെന്നാല്‍ തിരുവനന്തപുരം ജില്ലയുടെ ഇഷ്ട ഇനമായ കപ്പവാഴയെന്ന ചുവന്ന പൂവന്‍ തന്നെയാണ് താരം. നേന്ത്രന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, റോബസ്റ്റ എന്നിവയ്‌ക്കെല്ലാം ഇടമുണ്ടിവിടെ. 

ചുവന്ന പൂവന്‍ ശരിയായി പരിചരിച്ചാല്‍ തിരികെ തരിക കമനീയ കാഴ്ചയും മടിശ്ശീല നിറയെ പണവുമെന്ന് രാമചന്ദ്രന്‍. മണ്ണൊരുക്കി കുമ്മായം അഥവാ ഡോളമൈറ്റ് ചേര്‍ത്ത് പുളിരസം മാറ്റി വേണം വാഴവിത്ത് വയ്ക്കുവാന്‍. ലക്ഷണമൊത്ത വിത്തു മാത്രമെ നടീലിന് ഉപയോഗിക്കാവൂ. 

അടിവളമായി ചാണകപ്പൊടിയില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തത് നല്‍കും. പിന്നെ ശാസ്ത്രീയ വളപ്രയോഗ രീതികള്‍ അവലംബിക്കും. ഏഴാം മാസം കുലയ്ക്കുന്ന വാഴ പത്താംമാസം വിളവെടുക്കാം. ശരിയായ വിളവ് കിട്ടിയാല്‍ 40 കിലോ വരെയാകും തൂക്കം. കിലോയ്ക്ക് 40 മുതല്‍ 60 വരെയാണ് വിപണിവില. നല്ലൊരു കുല വിറ്റ് രണ്ടായിരത്തിന്റെ ഒരു നോട്ട് പോക്കറ്റില്‍ തിരുകുന്നത് വലിയകാര്യമൊന്നുമല്ല. ചുരുക്കത്തില്‍ കപ്പവാഴയെന്നത് വാഴയിനങ്ങളിലെ രാജകുമാരന്‍ തന്നെയെന്ന് രാമചന്ദ്രന്‍ ഉറപ്പിച്ചുപറയും. 

ചെങ്കദളിയോടിത്തിരി സ്‌നേഹം കൂടുതലെങ്കിലും എല്ലായിനം വാഴകള്‍ക്കും കൃഷിയിടത്തിലിടമുണ്ട്. പച്ചക്കറി വിളകള്‍ ശാസ്ത്രീയമായി തന്നെ പരിചരിക്കുന്നതിനാല്‍ വിളസമൃദ്ധി ഉറപ്പ്. ചീര, പയര്‍, വെള്ളരി, വഴുതന, കത്തിരി, പച്ചമുളക്, മത്തന്‍ തുടങ്ങി ഏതാണ്ടെല്ലായിനവും കൃഷിയിടത്തിലുണ്ട്. വി.എഫ്.പി.സി.കെ. മംഗലയ്ക്കല്‍, പൂവച്ചല്‍ കൃഷിഭവന്‍ എന്നിവയില്‍ നിന്നുള്ള മാതൃകാ ഉദ്യോഗസ്ഥരായ കൃഷ്ണകുമാറും, മുഹമ്മദ് നൗഷാദും കൃഷിയറിവുകളും സഹായ പദ്ധതികളുമായി ഒപ്പമുള്ളത് ആശ്വാസമെന്ന് രാമചന്ദ്രന്‍നായര്‍. 

പരമ്പരാഗത കൃഷിയറിവുകളും ശാസ്ത്രീയ കൃഷിമുറകളും സമന്വയിപ്പിക്കുന്നതില്‍ മടികാണിക്കരുത്. വിത്തു മുതല്‍ വിപണിവരെ ശ്രദ്ധിച്ച് കണ്ണുതുറന്ന് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമെ വിജയപഥത്തിലെത്തുകയുള്ളുവെന്ന് ഇദ്ദേഹം പറയുന്നു. 
ഇടത്തട്ടുകാരെ പരമാവധി ഒഴിവാക്കി കൃഷിയിടത്തില്‍ നേരിട്ടും, ബാക്കിയുള്ളവ വി.എഫ്.പി.സി.കെ.യുടെ മംഗലയ്ക്കല്‍, പട്ടകുളം, ചൂണ്ടുപലക ശാഖകളിലുമാണ് കൈമാറ്റം ചെയ്യുക. 

കറവപ്പശുക്കള്‍, നാടിനിണങ്ങിയ ആടിനങ്ങളുടെ മദര്‍ യൂണിറ്റ്, മുട്ടക്കോഴി, താറാവ് തുടങ്ങിയവയെല്ലാം ഈ കൃഷിയിടത്തിന് അലങ്കാരമേകുന്നു. ശുദ്ധമായ പശുവിന്‍പാല്‍ വീട്ടിലെത്തി നേരിട്ട് വാങ്ങാനാണ് നാട്ടുകാര്‍ക്കിഷ്ടം. വില ലിറ്ററിന് 46 നല്‍കും. നാടന്‍ കോഴിമുട്ട എട്ടു രൂപ നിരക്കിലാണ് വില്‍പന. പൊരുന്നയിരിക്കുന്ന നാടന്‍ കോഴിയിനങ്ങളെ കാലങ്ങളായി കൂടെ കൂട്ടിയിട്ടുള്ളതിനാല്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു നല്‍കാറുമുണ്ട് രാമചന്ദ്രന്‍. 

എല്ലാ വിളകളും ഒരുപോലെ പരിഗണിക്കുന്ന രാമചന്ദ്രന്‍ നാട് മറന്ന നെല്‍ക്കൃഷിയെ തിരിച്ചെത്തിക്കുന്നതിന്റെ ആലോചനയിലാണ്. ത്രിതല പഞ്ചായത്തുകളും കര്‍ഷക കൂട്ടായ്മകളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണമെന്ന് കര്‍ഷകപക്ഷം. 
രാമചന്ദ്രന്‍ ഒറ്റയ്ക്ക് നേടിയതല്ല നേരിന്റെ ഈ കൃഷിസമൃദ്ധി. അതിരാവിലെ ഒപ്പം കൃഷിയിടത്തിലെത്തുന്ന ഭാര്യ കലാകുമാരി, മിലിട്ടറിയിലാണ് ജോലിയെങ്കിലും അവധിക്കാലത്ത് കൃഷിയില്‍ സജീവമാകുന്ന മക്കളായ രാഹുല്‍, ഗോകുല്‍ ഉറച്ചപിന്തുണയുമായി ഒപ്പമുള്ള കൂട്ടുകാരും നാട്ടകാരുമൊക്കെ ചേരുമ്പോഴാണ് ഏതു രംഗത്തുമെന്നപോലെ കൃഷിയിലും വിജയം സാധ്യമാകുകയെന്ന് രാമചന്ദ്രന്‍നായര്‍ എന്ന ഹരിതവിപ്ലവകാരി പറയും. 

''മനസ്സുണ്ടെങ്കില്‍ നാടിന് വേണ്ടത് നാട്ടില്‍ വിളയിക്കാം - ഉദാഹരണം രാമചന്ദ്രന്‍'' എന്ന് ആനാകോട് നിവാസികള്‍ പറയുന്നത് വെറുതെയല്ല. സംശയമുളളവര്‍ക്ക് വിളിക്കാം. ഫോണ്‍: 9497784355.

എ.ജെ. അലക്‌സ് റോയ്, അസി. കൃഷി ഓഫീസര്‍, കൃഷിഭവന്‍, എലിക്കുളം, കോട്ടയം ജില്ല. 


Share your comments