Features

റംബുട്ടാന്‍ :മലയാളിയുടെ മനം കവര്‍ന്ന മറുനാടന്‍ പഴം

ആരോഗ്യപൂര്‍ണ്ണമായ മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമായ പോഷകങ്ങളാല്‍ സമ്പന്നമായ സംരക്ഷണഭക്ഷണമായിട്ടാണ് പഴങ്ങള്‍ പൊതുവെ അറിയപ്പെടുന്നത്. അത് വിഷസ്പര്‍ശമേല്‍ക്കാതെ, തികച്ചും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കാനായാല്‍ ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിയും. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ ദിനംപ്രതി 125 ഗ്രാം പഴങ്ങള്‍ കഴിക്കണമെന്ന് ഭാരതീയ വൈദ്യശാസ്ത്ര സമിതി നിഷ്‌ക്കര്‍ഷിക്കുന്നു. ഓരോ വീട്ടുവളപ്പിലും പഴവര്‍ഗ്ഗങ്ങള്‍ സമൃദ്ധമായി കൃഷി ചെയ്താല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ നമുക്കു സാധിക്കുകയുള്ളു.

farm


പരമ്പരാഗതമായി നാം കൃഷി ചെയ്തു വരുന്ന സാധാരണ പഴങ്ങള്‍ക്കു പുറമെ, ഈയടുത്തകാലത്തായി കേരളത്തില്‍ പ്രചാരം നേടിയ വളരെയധികം മറുനാടന്‍ പഴങ്ങള്‍ നമ്മുടെ മനസ്സിനേയും വിപണിയേയുമൊക്കെ കീഴടക്കിയെന്ന് പറയാം. വിരുന്നുകാരായെത്തി, പിന്നീട് വീട്ടുകാരായി മാറിയ ഇത്തരം ഉഷ്ണമേഖലാ പഴങ്ങള്‍ കുറെയേറെ കര്‍ഷകരുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ജന്മംകൊണ്ട്, പിന്നീട് കേരളത്തിലേക്ക് അതിഥികളായി എത്തിയ ഇവ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നു പറയാം. വഴിയോര കാഴ്ചകള്‍ക്ക് വിസ്മയാവഹമായ ദൃശ്യവിരുന്നുകള്‍ സമ്മാനിച്ച ഇത്തരം പുത്തന്‍ പഴങ്ങള്‍ക്ക് കേരളത്തില്‍ വമ്പിച്ച കൃഷി സാധ്യതയുണ്ടെന്ന് ഇവിടുത്തെ കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
 
റംബുട്ടാന്‍
 
മറുനാടന്‍ പഴങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവര്‍ഗ്ഗകൃഷിയില്‍ ഒരു പുതുചലനം ഉണ്ടാക്കിയ റംബുട്ടാന്‍ ഇന്ന് വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയില്‍ മുന്നിലാണ്. ആകര്‍ഷകമായ രൂപഭംഗിയും, പഴങ്ങളുടെ വര്‍ണ്ണവിന്യാസത്തില്‍ ശ്രദ്ധേയവുമായ റംബുട്ടാന്‍, തൊടികള്‍ക്ക് ചാരുത നല്‍കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നല്‍കിവരുന്നു.
 
അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയും, അറുപത് മുതല്‍ 90 വരെ അന്തരീക്ഷ ആര്‍ദ്രതയും, വര്‍ഷത്തില്‍ 200 സെ.മീ. വരെ മഴയും റംബുട്ടാന്‍ കൃഷിക്ക് അനുകൂല ഘടകങ്ങളാണ്. നല്ല നീര്‍വാര്‍ച്ചയുള്ള, ധാരാളം ജൈവാംശമുള്ള ഏതുതരം മണ്ണിലും റംബുട്ടാന്‍ നന്നായി വളരുന്നത് കാണാം. തണല്‍ ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത റംബുട്ടാന്‍ നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന തുറസ്സായ സ്ഥലങ്ങളില്‍ മികച്ച വിളവ് ലഭ്യമാകുന്നതായി കാണുന്നു.
 
ഹോംഗ്രോണ്‍ നഴ്‌സറിയുടെ ഗവേഷണവിഭാഗത്തിന്റെ നിരന്തര ശ്രമഫലമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇനങ്ങള്‍ കണ്ടെത്തുകയും, അവയുടെ ഏറ്റവും ഗുണമേന്മയേറിയ നടീല്‍വസ്തുക്കള്‍ ലഭ്യമാക്കുകയും ചെയ്തതുവഴി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും റംബുട്ടാന്‍ കൃഷി വിപുലമാകുകയും ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങള്‍ വിളയുകയും ചെയ്തുവരുന്നു.
 
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് യോജിച്ച റംബുട്ടാന്‍ ഇനങ്ങള്‍
 
N18 




കാപ്‌സ്യൂള്‍ ആകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരവും തനതായ സ്വാദുമുണ്ട്. പാകമായതിനുശേഷവും മൂന്നാഴ്ച വരെ കേടുകൂടാതെ മരങ്ങളില്‍ നിലനില്‍ക്കാനുള്ള കഴിവ് ച18 നെ മറ്റ് ഇനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
 
റോങ്‌റിയന്‍


Rambutan Rongrien

തായ്‌ലന്റില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനം കടുംചുവപ്പ് നിറത്തില്‍ ഗോളാകൃതിയിലുള്ള പഴങ്ങള്‍ നല്‍കുന്നു. സൂക്ഷിപ്പുകാലം നാലുമുതല്‍ അഞ്ച് ദിവസങ്ങള്‍ വരെ. പഴങ്ങള്‍ക്ക് നല്ല മധുരവും ദൃഢതയുമുണ്ട്.
 
സ്‌കൂള്‍ ബോയ്

School Boy

മലേഷ്യയില്‍ ഏറ്റവും പ്രചാരമേറിയ ഈ ഇനം അനാക് സെകോള എന്ന പേരിലും അറിയപ്പെടുന്നു. പെനാങ്ങിലെ ഒരു പുരാതന വിദ്യാലയ വളപ്പില്‍ നിന്നും കണ്ടെത്തിയ ഈ ഇനത്തെ പെട്ടെന്നുതന്നെ തിരിച്ചറിയാം. കായ്കളിലെ രോമങ്ങള്‍ക്ക് നല്ല പച്ചനിറം. ഗോളാകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരവും നീരുമുണ്ട്. സൂക്ഷിപ്പു കാലം റോങ്ങ്‌റിയനോട് തുല്യം.
 
ബിന്‍ജായ്
 
ഇന്തോനേഷ്യന്‍ ഇനമായ ബിന്‍ജായ് ഉയര്‍ന്ന വിളവ് നല്‍കുന്ന ഇനമാണ്. ഗോളാകൃതിയിലുള്ള പഴങ്ങള്‍ക്ക് സൂക്ഷിപ്പുകാലം മറ്റ് ഇനങ്ങളേക്കാള്‍ അല്പം കുറവാണ്. ഉള്‍ക്കാമ്പിന് നല്ല ദൃഢതയും ചെറിയ തോതില്‍ നീരുമുണ്ട്.
 
മഹാര്‍ലിക
 
ഫിലിപ്പൈന്‍സില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനത്തിന് ഉയര്‍ന്ന വിളവ് നല്‍കാനുള്ള കഴിവുണ്ട്. കായ്പിടുത്തം വളരെ കൂടുതലായതിനാല്‍ ഉയര്‍ന്ന തോതിലുള്ള വളപ്രയോഗം ആവശ്യമാണ്. ഉരുണ്ട കായ്കള്‍ക്ക് നല്ല ചുവപ്പുനിറം.
 
മല്‍വാന സ്‌പെഷ്യല്‍

rambutan Malwana

 
ശ്രീലങ്കയില്‍ ഏറ്റവും പ്രചാരമേറിയ ഈ ഇനത്തിന് തനതായ സവിശേഷതകളുണ്ട്. കടുംചുവപ്പ് നിറത്തില്‍ ആകര്‍ഷകമായ പഴങ്ങള്‍ കുലകളായി മരത്തെ ആവരണം ചെയ്ത് കിടക്കുന്നത് മനോഹരമാണ്. മറ്റു ഇനങ്ങളേക്കാള്‍ അല്പം കൂടുതല്‍ നീര് പഴങ്ങളിലുള്ളതിനാല്‍ സൂക്ഷിപ്പുകാലം കുറയും. എങ്കിലും ഉയര്‍ന്ന തോതിലുള്ള വിളവ് വാണിജ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നു.

ഡോ. സണ്ണി ജോര്‍ജ്
ഡയറക്ടര്‍
റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ് 
ഹോംഗ്രോണ്‍ ബയോടെക്
ഫോണ്‍ : 8113966600, 04828-297001

English Summary: Rambutan

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds