Features

കാര്‍ഷികമേഖലയില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യം

കാര്‍ഷിക വികസനവും കര്‍ഷകക്ഷേമവും ലക്ഷ്യമിട്ട് ഒന്‍പത് പദ്ധതികളാണ് 2016 ലെ കേന്ദ്ര ബജറ്റ് വിഭാവന ചെയ്തിട്ടുളളത്. അഞ്ചുവര്‍ഷത്തിനുളളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ച ബജറ്റിലെ പ്രധാനലക്ഷ്യം. കര്‍ഷകരുടെ വരുമാനവും ചെലവും കണക്കാക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ആവശ്യമാണ് എന്നതാണ് ഇവിടെ പ്രധാനം. കര്‍ഷകരുടെയും കുടുംബാംഗങ്ങളുടെയും ജോലി, അവരുടെ ഓവര്‍ടൈം ജോലി, വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില, തൊഴിലാളികളുടെ കൂലി, ചെലവാകുന്ന തുകയുടെ പലിശ, കന്നുകാലികളുടെയും മെഷീനറികളുടെയും തേയ്മാനം, ഭൂമിവാടക, നികുതി തുടങ്ങി ഒരുപാട് ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കൃഷിക്കായി ചെലവിടുന്ന സമയവും മനുഷ്യോര്‍ജ്ജവും കണക്കാക്കേണ്ട മറ്റ് ഘടകങ്ങളാണ്. മറ്റ് ഏത് തൊഴിലിനേക്കാളധികം മനുഷ്യോര്‍ജ്ജം ഉപയോഗിച്ചുളള തൊഴിലാണ് കൃഷി. എന്നാല്‍ ഇത് വേണ്ടവിധം അക്കൗണ്ട് ചെയ്യപ്പെടുന്നില്ല. ബാങ്കിലും മറ്റ് മേഖലകളിലും ചെലവിടുന്ന തുകയുടെ പലിശയും ചെയ്യുന്ന ജോലിയുടെ സമയമനുസരിച്ചുളള ശമ്പളവും ഉറപ്പാക്കിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ കൃഷിയിലെ വരുമാനം ഇരട്ടിയാകും എന്ന് ധനമന്ത്രി പറയുമ്പോള്‍ പ്രത്യക്ഷ ചെലവുകള്‍ മാത്രം കണക്കാക്കി വരുമാനം നിശ്ചയിക്കുന്നത് ശരിയായ രീതിയല്ല. അതുകൊണ്ടുതന്നെ നെറ്റ് ഇന്‍കം എന്നതിനു പകരം ഗ്രോസ് ഇന്‍കം കണക്കാക്കിത്തന്നെ കണക്കെടുപ്പ് നടത്തേണ്ടതുണ്ട്.


ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ റോബര്‍ട്ടിന്റെ 2016 ലെ പഠനപ്രകാരം ഇന്ത്യയുടെ 2015 ലെ ജി.ഡി.പി 2,090,706,000 ഡോളറാണ്. ഇതില്‍ കാര്‍ഷികമേഖലയുടെ സംഭാവന 16.1 ശതമാനമാണ്. അതായത് 336,603,666 ഡോളര്‍. ശരാശരി 1.33 ഹെക്ടര്‍ വലുപ്പമുളള 138 ദശലക്ഷം ഫാമുകളുടെ സംഭാവനയാണിത്. ഈ ഫാമുകളില്‍ പണിയെടുക്കുന്നത് ഏകദേശം 725 ദശലക്ഷം മനുഷ്യരാണ് എന്നതാണ് പ്രധാനം. ഇത് മൊത്ത ജനസംഖ്യയുടെ 58 ശതമാനമാണ്. ഇവരുടെ ഒരുവര്‍ഷത്തെ വരുമാനം വെറും 30,615 രൂപയാണ് എന്നുകാണാം. ഇവര്‍ സസ്യഭുക്കുകളാണെങ്കില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (കഇങഞ) കണക്കുപ്രകാരം ഭക്ഷണത്തിന് കുറഞ്ഞത് 70 രൂപ നിത്യവും ചെലവാക്കേണ്ടതുണ്ട്. അതായത് അടിസ്ഥാന ഭക്ഷണത്തിനായുളള ചെലവ് 25,550 രൂപയാണെന്നര്‍ത്ഥം. അപ്പോള്‍ ഒരു കര്‍ഷകന്റെ വരുമാനത്തില്‍ ബാക്കിയുണ്ടാവുക 5065 രൂപ മാത്രം. ഭക്ഷണത്തിനും ഭക്ഷണേതര കാര്യങ്ങള്‍ക്കുമുളള ചെലവിന്റെ ശാസ്ത്രീയമായ അനുപാതം 1:4.5 എന്നാണെന്നിരിക്കെ ഭക്ഷണത്തിന് 25,550 രൂപ ചെലവഴിക്കുന്ന ഒരാള്‍ക്ക് ഭക്ഷണേതര പ്രവര്‍ത്തനങ്ങള്‍ക്കായി 1,14975 രൂപ ലഭ്യമാകേണ്ടതുണ്ട്. അതായത് ഒരു കര്‍ഷകന് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ലഭിക്കേണ്ട തുക 1,40,525 രൂപയാണെന്നു കാണാം. ഈ കണക്കനുസരിച്ച് ഇപ്പോള്‍ കര്‍ഷകന് കിട്ടുന്ന ശരാശരി അവന്റെ ആവശ്യങ്ങള്‍ക്കുളളതിന്റെ 21.7 ശതമാനം മാത്രമാണ് എന്നതാണ് സത്യം. ഇന്ത്യന്‍ കര്‍ഷകന്‍ എത്രമാത്രം വിഷമകരമായ ജീവിതസാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് ഈ കണക്ക് വെളിപ്പെടുത്തുന്നു.
ഇന്ത്യ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും അടുത്ത 50 വര്‍ഷത്തേക്കെങ്കിലും കാര്‍ഷികമേഖലയുടെ പ്രാധാന്യം കുറയാന്‍ പോകുന്നില്ലെന്ന് വ്യക്തം. ഈ സാഹചര്യം മുന്നില്‍ കണ്ടു വേണം കര്‍ഷകന്റെ വരുമാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിവെയ്ക്കാന്‍.


ഒരു രാജ്യത്തിനും അവയുടെ ജനങ്ങളെ കാരീയിംഗ് കപ്പാസിറ്റിക്ക് മുകളില്‍ സഹായിക്കാന്‍ കഴിയില്ല. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഭൂമി വര്‍ദ്ധിക്കില്ല എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ. രാജ്യത്തിന്റെ 66 മുതല്‍ 75 ശതമാനം വരെ വനമാകണമെന്നതും പ്രകൃതിനിശ്ചയമാണ്. അതിനര്‍ത്ഥം 25-34 ശതമാനം ഭൂമിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയൂ എന്നാണ്. എത്ര ഫലഭൂയിഷ്ഠമായ ഭൂമിക്കും ഉല്പാദനത്തിന് ഒരു പരിധിയുണ്ടാകും. അതുകൊണ്ടുതന്നെ ജനസംഖ്യാനിയന്ത്രണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ജനസംഖ്യയിലെ ഭൂരിപക്ഷവും കൃഷിയെ ആശ്രയിക്കുന്ന അവസ്ഥയും ഒരു നാടിനും താങ്ങാവുന്നതല്ല. വികസിത രാഷ്ട്രങ്ങളില്‍ ഇവരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെയാണെന്നു കാണാം. ഒരു രാജ്യത്തിന്റെ കരുത്തും നിലനില്‍പ്പും ആ നാടിന്റെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ആവശ്യത്തിന് ഭക്ഷണം കുറഞ്ഞ ചെലവില്‍ നല്‍കുക, വിശപ്പും ദാരിദ്ര്യവും ഇല്ലാത്ത ജനതയ്ക്ക് താങ്ങാവുക എന്നതാണ് പ്രധാനം. എങ്കില്‍ മാത്രമേ പൗരന്റെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കാന്‍ കഴിയൂ. ഭക്ഷണം കുറവുളള ഒരു നാടിനും പുരോഗതി കൈവരിക്കാന്‍ കഴിയില്ല. പുരോഗതിക്ക് പ്രാഥമിക ഉല്പാദനം മാത്രമല്ല, അവയുടെ പ്രോസസിംഗും മൂല്യവര്‍ദ്ധനവും ആഭ്യന്തര ഉപയോഗവും കയറ്റുമതിയും പ്രാധാന്യമുളള വിഷയങ്ങളാണ്. ഉല്പന്നങ്ങളുടെ മൂല്യം നിശ്ചയിക്കാനും വിലയിടാനും ഫുഡ് പ്രോസസിംഗ് പ്രധാനമാണ്. പ്രോസസിംഗ് മൂല്യം വര്‍ദ്ധിപ്പിക്കുകയും ഷെല്‍ഫ് ലൈഫ് കൂട്ടുകയും ചെയ്യും. ഉല്പന്നങ്ങള്‍ പ്രോസസ് ചെയ്തു മൂല്യവര്‍ദ്ധന വരുത്തുന്നില്ലെങ്കില്‍ അത് ഉല്പാദിപ്പിക്കാതിരിക്കുന്നതിന് തുല്യമാണെന്നു കാണാം.


കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. അല്ലെങ്കില്‍ അവര്‍ രിക്കലും കൃഷിയില്‍ ഉറച്ചുനില്‍ക്കില്ല. നഷ്ടമാകുന്ന ഒരു തൊഴിലിലും ആരും തുടരാന്‍ ആഗ്രഹിക്കില്ല. പോഷകം നിറഞ്ഞ ഭക്ഷണവും ഭക്ഷണേതര സൗകര്യങ്ങളും ഒരു കര്‍ഷകന് ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഭക്ഷണത്തിന് ചെലവാകുന്ന ഓരോ രൂപയ്ക്കുമൊപ്പം ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് 4.5 രൂപ ലാഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മാന്യമായ ജീവിതം നയിക്കുന്നു എന്നുപറയാന്‍ കഴിയൂ. അല്ലെങ്കില്‍ അത് അടിമയുടെ ജീവിതം പോലെ മാത്രമേ ആവുകയുളളൂ. പ്രകൃതിയ്ക്കു മാത്രമല്ല, കാര്‍ഷികേതര സമൂഹത്തിനും അടിമയായി അവന്‍ മാറും. ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ കര്‍ഷകന്റെ വരുമാനത്തെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയൂ.
കാര്‍ഷിക വികസനത്തിന് ചില കടുത്ത നടപടികള്‍ അനിവാര്യമാണ്. ഇപ്പോള്‍ കൃഷിഭൂമി തുണ്ടുകളായി മാറാന്‍ പ്രധാനകാരണം പൈതൃക സ്വത്തവകാശമാണ്. നമ്മുടെ നിയമപ്രകാരം മാതാപിതാക്കളുടെ സ്വത്തില്‍ മക്കള്‍ക്ക് തുല്യ അവകാശമാണുളളത്. ഈ വിഷയത്തില്‍ അനുഗുണമായ ചില മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ചൈന ഇത് വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. ഭൂമിയില്‍ തുല്യാവകാശം നല്‍കി ഭൂമി ഭാഗിച്ചു നല്‍കുന്നതിനു പകരം ഒരാള്‍ക്ക് മാത്രം അവകാശം നല്‍കുന്ന സമ്പ്രദായം നിലവില്‍ വരുന്നത് ഭൂമിയ്ക്ക് ഗുണകരമാകും. ഇപ്പോള്‍ ഇന്ത്യയിലെ കോടതികളിലെ കേസുകളില്‍ മുക്കാലും വസ്തുവുമായി ബന്ധപ്പെട്ടതാണ് എന്നതും ശ്രദ്ധേയം. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുടുംബത്തിനും ഒരു ചെറിയ കൃഷിയിടം കൊണ്ട് ജീവിക്കാന്‍ കഴിയില്ല. കൃഷിക്ക് അനുഗുണമായ ഭൂമിയില്‍ മാത്രമെ കൃഷി ചെയ്യാവൂ എന്നതാണ് മറ്റൊരു കാര്യം. 20 ശതമാനത്തിലേറെ ചരിവുളള ഭൂമിയില്‍ സീസണല്‍ കള്‍ട്ടിവേഷന്‍ നടത്തരുത്. 20 നും 33.3 ശതമാനത്തിനും ഇടയില്‍ ചരിവുളളിടത്താണ് പെരിണിയല്‍ ക്രോപ്‌സ് കൃഷി ചെയ്യുക. 33.3 ശതമാനത്തില്‍ കൂടുതലാണ് ചരിവെങ്കില്‍ പെരിണിയല്‍ വനമാക്കി മാറ്റുക. ഇത്തരത്തിലുളള ഭൂമിയുടെ ഉപയോഗം മണ്ണ്-ജല സംരക്ഷണത്തിന് അത്യാവശ്യമാണ്. പ്രകൃതി സന്തുലനത്തിനും ജല സൈക്കിള്‍, ഓര്‍ഗാനിക് സൈക്കിള്‍ എന്നിവയ്ക്കും ഇത് ഉപകരിക്കും. ഇപ്പോള്‍ ഏത് ഭൂമിയും കൃഷിക്ക് എന്നതാണ് സമീപനം. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി എന്ന രാഷ്ട്രീയ അജണ്ട പ്രകാരം എവിടെയും ഭൂമി പതിച്ചു നല്‍കുന്നത് സന്തുലിതാവസ്ഥയെ അപായപ്പെടുത്തും എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വീടിനായി ഭൂമി നല്‍കുംപോലെ കൃഷിക്ക് ഭൂമി നല്‍കുന്ന രീതി ശാസ്ത്രീയമല്ല തന്നെ. കാര്‍ഷികവൃത്തിക്കായി ഭൂമി എന്നത് മൗലികാവകാശമായി മാറുന്നത് ഉചിതമല്ല.


ഭൂമിയുടെ സ്വകാര്യ കൈവശാവകാശം എടുത്തുകളയുകയും ഉപയോഗിക്കാനുളള അവകാശം മാത്രം നിലനിര്‍ത്തുകയും ചെയ്യുന്നതാണ് ഉചിതം. ഭൂമി ദേശസാത്കരിക്കുകയും കൃഷി, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് ഭാഗിച്ച് നല്‍കുകയും ചെയ്യുന്ന രീതി പരീക്ഷിക്കേണ്ടതുണ്ട്. കൃഷിയില്‍ താല്പര്യമുളളവര്‍ക്ക് മാത്രം ഭൂമി അനുവദിച്ചു നല്‍കുക. ഇപ്പോള്‍ നല്ല പങ്കും താല്പര്യമില്ലാതെയാണ് ഈ മേഖലയില്‍ നില്‍ക്കുന്നത്. ഒരു ചെറിയ തൊഴില്‍ കിട്ടിയാല്‍ പോലും കൃഷി ഉപേക്ഷിക്കുന്നവരാണ് അധികവും. മനുഷ്യാധ്വാനം അടിസ്ഥാനമാക്കിയുളള കൃഷിരീതി തുടരുക ഇനി അസാധ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഓരോ പ്രദേശത്തും ഭൂമി, കാര്‍ഷിക കാലാവസ്ഥാ മേഖല അടിസ്ഥാനമാക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വിനിയോഗിക്കാന്‍ കഴിയണം. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം ഭൂമി കൃഷിക്കാര്‍ക്ക് ലീസില്‍ കൈമാറുവാന്‍. അടിസ്ഥാന സൗകര്യങ്ങളായ ട്രാന്‍സ്‌പോര്‍ട്ട്, കമ്യൂണിക്കേഷന്‍, ആശുപത്രി, സ്‌കൂള്‍, ബാങ്ക് തുടങ്ങിയവ ഈ മേഖലയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയണം. ഫാം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സാക്ഷരരായ കുടുംബങ്ങള്‍ക്ക് വേണം ഭൂമി അനുവദിച്ച് നല്‍കാന്‍. അതില്‍ ജാതി, മതം തുടങ്ങിയ വേര്‍തിരിവുകള്‍ വരാന്‍ പാടില്ല. അവര്‍ക്ക് ഭൂമിക്ക് മുകളില്‍ പ്രയോഗാവകാശം മാത്രമെ നല്കാന്‍ പാടുളളൂ. അത് വില്‍ക്കാനോ വിഭജിക്കാനോ അവിടെ നിര്‍മ്മാണം നടത്താനോ അനുവദിക്കരുത്.
കൃഷിക്കാവശ്യമായ എല്ലാ വസ്തുക്കളും ഊര്‍ജ്ജവും കര്‍ഷകന്റെ ഫാമില്‍ എത്തിച്ചുകൊടുക്കാന്‍ സംവിധാനമുണ്ടാകണം. ഇതിനായി പ്രാദേശിക സഹകരണസംഘങ്ങള്‍ രൂപീകരിക്കണം. കര്‍ഷകന്റെ ഉല്പന്നം നല്ല വില നല്‍കി വാങ്ങി പ്രോസസ് ചെയ്യുന്നതും മാര്‍ക്കറ്റ് ചെയ്യുന്നതും സഹകരണ മേഖലയോ മറ്റ് ഏജന്‍സികളോ ആകണം.


കര്‍ഷകന്‍ എട്ടു മണിക്കൂറേ ഫാമില്‍ പണിയെടുക്കുന്നുളളൂ എന്നുറപ്പാക്കണം. ബാക്കിസമയം വ്യക്തിപരവും സാമൂഹികവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. മണ്ണ് പരിശോധന, ശാസ്ത്രീയമായ ഉഴല്‍, സസ്യസംരക്ഷണം എന്നിവ ഉറപ്പാക്കണം. കൃഷിവകുപ്പും സഹകരണ സംഘവും ഇതിന് മുന്‍കൈ എടുക്കണം. ഏറ്റവും പുതിയ അഗ്രോണമിക് പ്രാക്ടീസുകള്‍ പോലും കര്‍ഷകര്‍ അറിയേണ്ടതുണ്ട്. അതിനായി കര്‍ഷകര്‍ക്ക് ഇടയ്ക്കിടയ്ക്ക് മികച്ച പരിശീലനം നല്‍കണം. മികച്ച വിളവുല്പാദനം കൃഷിവകുപ്പിന്റെയും ഗവേഷണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാകണം. ഗ്രാമം, പഞ്ചായത്ത്, ജില്ല, സംസ്ഥാനം എന്ന നിലയില്‍ ഉല്പാദനം സംബന്ധിച്ച പദ്ധതി തയ്യാറാക്കേണ്ടതും കൃഷിവകുപ്പാകണം. കര്‍ഷകര്‍ അതിനനുസരിച്ച് എട്ടുമണിക്കൂര്‍ ജോലി എടുക്കുന്ന സംവിധാനമാണ് നാടിനാവശ്യം. വിളയുടെ വിജയവും പരാജയവും മൊത്തം സമൂഹത്തിന്റേതാണ്. മറിച്ച് ഇന്നത്തെ നിലയിലുളള കര്‍ഷകന്റെ ബാധ്യതയാണ് എന്ന രീതി മാറണം. എന്നാല്‍ പ്രവര്‍ത്തനത്തില്‍ വലിയ പിഴവുണ്ടാക്കുന്ന കര്‍ഷക കുടുംബങ്ങളില്‍ നിന്നും ഭൂമി തിരികെ വാങ്ങി മറ്റൊരു കുടുംബത്തിന് നല്കാനും സര്‍ക്കാരിന് അവകാശമുണ്ടായിരിക്കണം.


നിലമൊരുക്കി, വിത്തിറക്കി കൊയ്ത്ത് വരെയുളള എല്ലാ ഘട്ടങ്ങളിലും കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കാന്‍ പ്രാദേശിക സമിതികള്‍ക്ക് കഴിയണം. ഉല്പന്നം ഫാമില്‍ നിന്ന് നേരിട്ട് എടുക്കാനുളള സംവിധാനവും സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം. അവ സൂക്ഷിക്കുക, പ്രോസസ് ചെയ്യുക, മാര്‍ക്കറ്റ് ചെയ്യുക തുടങ്ങിയവ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകണം. ഇതിനായി തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഉപയോഗിക്കുകയും വേണം.


കൃഷിക്കാരന് മാന്യമായ ജീവിതം നയിക്കാനും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കാനും കഴിയുന്ന മാസശമ്പളം ഉറപ്പാക്കണം. മറ്റെല്ലാ മേഖലയിലുമെന്ന പോലെ കര്‍ഷകരുടെ ശമ്പളം ഉറപ്പാക്കാന്‍ കൃഷിവകുപ്പിന് കഴിയണം. ഗ്രാമപഞ്ചായത്ത് തലത്തിലെ കര്‍ഷകര്‍ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഒരൊറ്റ യൂണിറ്റായി മുന്നോട്ടു പോകാന്‍ സഹകരണപ്രസ്ഥാനം മുന്‍കൈ എടുക്കണം. ഉല്പന്നങ്ങളുടെ പ്രാഥമികതല പ്രോസസിംഗ് എങ്കിലും പ്രാദേശികമായി നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അതിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് ലഭിക്കുകയുളളൂ. മൂല്യവര്‍ദ്ധന കൂടി നടത്താന്‍ കഴിഞ്ഞാല്‍ അത് ഏറെ പ്രയോജനം കര്‍ഷകര്‍ക്ക് നല്‍കും. ഉല്പന്നങ്ങള്‍ പുറത്തുളള ഏജന്‍സികളോ ബഹുരാഷ്ട്ര കമ്പനികളോ വാങ്ങുന്നത് സഹകരണസംഘത്തില്‍ നിന്നാകണം. അപ്പോള്‍ കര്‍ഷകന്റെ വിലപേശല്‍ ശക്തി വര്‍ദ്ധിക്കുന്നതായി കാണാം. കൃഷിക്കായുളള ഏതെങ്കിലും വിധത്തിലുളള കരാറുകള്‍ ഉണ്ടാകുകയാണെങ്കില്‍ അതും കര്‍ഷകസമിതികള്‍ വഴി മാത്രമാകും. അതുവഴി ആ പ്രദേശത്തെ കര്‍ഷകര്‍ക്ക് തന്നെ അവിടത്തെ പ്രകൃതി സ്രോതസ്സ്, മാര്‍ക്കറ്റിംഗ് എന്നിവയിലും നേരിട്ട് ഇടപെടാന്‍ കഴിയും. ഇതിലൂടെ ചെറുകിട -ഇടത്തരം കര്‍ഷകര്‍, വലിയ ഭൂവുടമകള്‍ എന്ന വേര്‍തിരിവും ഒഴിവാക്കാം.
മുകളില്‍ പറഞ്ഞ പദ്ധതി നടപ്പിലാവണമെങ്കില്‍ ദേശീയതലത്തില്‍ നാല് അടിസ്ഥാന നടപടികള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് ജനസംഖ്യയാണ്. ജനസംഖ്യാ നിയന്ത്രണം നടന്നില്ലെങ്കില്‍ കര്‍ഷകരുടെ ഉല്പന്നങ്ങളും വളര്‍ത്തുമൃഗങ്ങളും എത്ര വര്‍ദ്ധിച്ചാലും ഉദ്ദേശിച്ച ഫലം നല്‍കില്ല. അറുപതുകളില്‍ കൃഷിസങ്കേതങ്ങളിലും വിത്തിലും ശാസ്ത്രീയത കൊണ്ടുവന്ന് ഒരു വലിയ കുതിപ്പ് നടത്താന്‍ നമുക്ക് കഴിഞ്ഞു. ഇപ്പോള്‍ അത്തരമൊരു രണ്ടാം വിപ്ലവത്തിന് സമയം പാകമായിരിക്കയാണ്. ഇതിന് ആദ്യം വേണ്ടത് വിദ്യാഭ്യാസം നേടിയ തൊഴിലാളികളാണ്. സാങ്കേതിക മികവ് അവര്‍ക്ക് നല്‍കേണ്ടതുണ്ട്. ജനസംഖ്യാനിയന്ത്രണവും മികച്ച വിദ്യാഭ്യാസവും എന്നതാവണം നമ്മുടെ മുദ്രാവാക്യം.
ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കപട സാക്ഷരരെയാണ് സൃഷ്ടിച്ചിട്ടുളളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷ, ശാസ്ത്രം, കണക്ക് എന്നിവയില്‍ ഏറ്റവും കുറഞ്ഞ അറിവു പോലും ലഭ്യമാക്കാന്‍ അതിന് കഴിയുന്നില്ല. ശരിക്കും പറഞ്ഞാല്‍ അവര്‍ സാക്ഷരരോ ന്യൂമറേറ്ററോ ആയി എന്നു പറയാന്‍ കഴിയുന്നില്ല. ഇത് രണ്ടും നേടാന്‍ കര്‍ഷകര്‍ക്ക് കഴിയണം. അതല്ലെങ്കില്‍ പുതിയ സാങ്കേതികവിദ്യകള്‍, പുതിയ അറിവുകള്‍, വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍, പ്രോസസിംഗ്, സംഭരണം, മാര്‍ക്കറ്റിംഗ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍, വിത്ത്, വളം, തൈകള്‍, തൊഴില്‍, സാമ്പത്തികം, കീടനാശിനി തുടങ്ങിയവയുടെ അളവ് എന്നിവ ബോദ്ധ്യമാവുകയില്ല. പരമ്പരാഗത കൃഷിയിടത്തിലെ നിലം ഉഴുന്ന കാളകളുടെ ജീവിതം പോലെയാകും, നിരക്ഷരമായ ജീവിതം. കര്‍ഷകനെ ഫാം മാനേജരും കൃഷിയെ കച്ചവടവുമായി കാണുന്ന കാലമാണ് ഇനി വേണ്ടത്. അതിന് മികച്ച വിദ്യാഭ്യാസം അനിവാര്യമാണ്. മണ്ണിനെക്കുറിച്ചും വിളകളെക്കുറിച്ചും ജലത്തെക്കുറിച്ചുമെല്ലാം സാമാന്യജ്ഞാനം കര്‍ഷകനുണ്ടാകണം. മൃഗങ്ങളുടെ ബീജസങ്കലനത്തില്‍ പോലും പരമ്പരാഗത രീതികള്‍ മാറണം. അതിന് കര്‍ഷകര്‍ക്ക് പ്ലാന്റ് ആന്‍ഡ് അനിമേഷന്‍ സയന്‍സില്‍ അറിവുണ്ടാകണം.


കൃഷി ഒരു സാങ്കേതിക വിഷയമായി മാറിയതോടെ കര്‍ഷകന്റെ നൈപുണ്യവികസനവും അനിവാര്യമായിരിക്കുന്നു. ഇന്ന് അത്തരമൊരു സാഹചര്യം നിലവിലില്ല. വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ നൈപുണ്യവികസനം സാധ്യമാകൂ. ജൈവമാലിന്യം പ്രോസസ് ചെയ്യുന്നതിനും സാങ്കേതിക മികവ് ആവശ്യമാണ്. ഇപ്പോള്‍ നല്ലൊരളവും കത്തിച്ച് കളയുകയോ ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്. ഇത് പ്രകൃതിക്കും ദോഷം ചെയ്യുന്നു. എന്നാല്‍ ഈ ജൈവമാലിന്യം പ്രയോജനപ്പെടുത്തിയാല്‍ രാസവസ്തു പ്രയോഗം കുറയ്ക്കാനും മണ്ണിനെ പുഷ്ടിപ്പെടുത്താനും കഴിയും. നമ്മുടെ രാജ്യം സൗരോര്‍ജ്ജവും ജൈവമാലിന്യവും കൊണ്ട് സമ്പന്നമാണ്. കാലികളില്‍ നിന്നും ലഭിക്കുന്ന മൂത്രം ജൈവ യൂറിയയാണ് എന്ന തിരിച്ചറിവ് നമുക്കാവശ്യമാണ്. മൂത്രം പാഴാക്കി വലിയ വിലകൊടുത്ത് യൂറിയ വാങ്ങുന്ന രീതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ജൈവമാലിന്യ മാനേജ്‌മെന്റ് ഇന്നിന്റെ അനിവാര്യതയാണ്. മാലിന്യം സമ്പത്താണ് എന്ന് കര്‍ഷകന്‍ മനസ്സിലാക്കേണ്ടതുണ്ട്. ജൈവമാലിന്യത്തില്‍ നിന്നും ധനസമ്പാദനത്തിനുളള ഒരു സംസ്‌കാരം രാജ്യത്ത് വളര്‍ന്നുവരണം. മുകളില്‍ സൂചിപ്പിച്ച മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും മുന്‍കൈ എടുത്തില്ലെങ്കില്‍ കര്‍ഷകര്‍ എന്നും അധഃസ്ഥിതരായി തുടരുന്ന സാഹചര്യമുണ്ടാകും. ഇത് മാറാതെ എങ്ങനെ ധനമന്ത്രിക്ക് കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയും. അവരുടെ വരുമാനം ഇരട്ടിയാവണമെങ്കില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകണം. ഭൂമി ഉപയോഗം, ധനവിനിയോഗം, യന്ത്രവത്കരണം, ആധുനികവത്കരണം, മൂല്യവര്‍ദ്ധന, ഉല്പന്ന സംഭരണം, പ്രോസസിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയിലുണ്ടാകുന്ന വലിയ മാറ്റത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കിയാലേ ധനമന്ത്രിയുടെ സ്വപ്നം സഫലമാകൂ എന്നതില്‍ സംശയമില്ല. അതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് സഹകരിക്കാന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും. സര്‍ക്കാരും തയ്യാറാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

ഡോ. കെ.ടി. ചാണ്ടി, സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കൃഷിജാഗ്‌രണ്‍


Share your comments