Features

കടങ്കഥയിലെ കൃഷിയും വിളയും

crops and farming

കൃഷിയും വിളയും- കടങ്കഥകളിലൂടെ

രസകരമായ കടങ്കഥകളിലൂടെ കൃഷിയെയും വിളകളെയും പരിചയപ്പെടാം…

തെങ്ങിനെ കുറിച്ചുള്ള കടങ്കഥകൾ

അടിക്കു കൊടുത്താല്‍ മുടിക്കു കാണാം– തെങ്ങ്

ആനക്കൊമ്പില്‍ നെടിയരി- തെങ്ങിന്‍ പൂക്കുല

ഒരമ്മയുടെ മക്കളെല്ലാം മുക്കണ്ണന്മാര്‍- തേങ്ങ

ഒരു കുന്തത്തിന്മേല്‍ ആയിരം കുന്തം- തെങ്ങോല

കണ്ണോളം വെള്ളമുണ്ട്, മുങ്ങി കുളിക്കാന്‍ വെള്ളമില്ല- കരിക്ക്

കണ്ണുണ്ട്, അസ്ഥിയുണ്ട്, മാംസമുണ്ട്, രോമമുണ്ട്, മനുഷ്യനല്ല, മൃഗമല്ല, പക്ഷിയല്ല- തേങ്ങ

കാടുവെട്ടി, തോടുവെട്ടി, പാറ വെട്ടി വെള്ളം കണ്ടു- നാളികേരം

പച്ചച്ചൊരു മുരിക്കിന്‍ പെട്ടി, പെട്ടി നിറയെ ചപ്പും ചവറും, ചെപ്പിനകത്തുനിറയെ കുപ്പി, കുപ്പിയിലൊക്കയോരോവിധ ഗുളിക- തേങ്ങ

മല പിറന്ന ഭൂമിയില്‍ ഇല കവിഞ്ഞ മരത്തിന്റെ പേരു പറയാത്തവര്‍ക്കായിരം കടം- തെങ്ങ്

പുളിമരത്തെ കുറിച്ചുള്ള കടങ്കഥകൾ

ആനയെ തളയ്ക്കാന്‍ തടിയുണ്ട്, കടുകു പൊതിയാനിലയില്ല-  പുളിമരം

അടി മദ്ദളം, ഇല ചുക്കിരി, കായ കൊക്കിരി- പുളിമരം

ചുവടൊരു പര്‍വ്വതം, തടിയൊരു തൂണ്‍, ഇലയൊരു കിന്നരം, മക്കളൊക്കെ കാക്കിരി പീക്കിരി- പുളിമരം

നെല്ലിനെ കുറിച്ചുള്ള കടങ്കഥകൾ

അടിക്ക്‌വെട്ട്, നടുക്ക് കെട്ട്, തലയ്ക്ക് ചവിട്ട്- നെല്ല്

അവിടെ കുത്തി, ഇവിടെ കുത്തി, അമ്പലം കടത്തി കുത്തി– ഞാറ് നടുന്നത്

ആടിയാടി അഴകനെ പെറ്റു, അഴകനകത്തും, അമ്മ പുറത്തും- നെല്ലും വൈക്കോലും

ഇത്തിരിയുള്ളൊരു കിച്ചാണ്ടി, വയറു പിളര്‍ന്നു കിടപ്പാണ്ടി- പുഴുങ്ങിയ നെല്ല്

കട കത്തിച്ചു, തല കത്തിച്ചു- നെല്ല്

കൂനന്‍ കൊമ്പനൊരു തോടുണ്ടാക്കി, പല്ലന്‍ വന്നതു തട്ടിനിരത്തി- നിലം ഉഴുത് തട്ടി നിരത്തുക

തല പത്തായത്തില്‍, തടി തൊട്ടിയില്‍- നെല്ലു കൊയ്ത് മെതിക്കുക

പോകുമ്പോല്‍ പൊന്നു മണി, വരുമ്പോള്‍ വെള്ളിമണി- നെല്ല് വറുത്ത് മലരാക്കുക

മൂക്ക് മൂന്ന്, നാക്ക് നാല്, നടകാല് പത്ത്- കന്നുപൂട്ടുക

രണ്ടമ്മയ്ക്കും കൂടി ഒരു തലയിണ- വരമ്പ്

രസകരവും ചിന്തിപ്പിക്കുന്നതുമായ മറ്റു വിളകൾ

അടി പാറ,നടു വടി,തല കാട്- ചേന

എനിക്കു അമ്മ തന്ന ചേല നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല- ചേമ്പില

ഇരുമ്പു പെട്ടിയില്‍ വെള്ളിക്കട്ടി- മാങ്ങയണ്ടി

ഇല കത്തിപോലെ, കായ കളിക്കുടുക്കപോലെ- മാവ്

അടി ചെടി, നടു മദ്ദളം, തല നെല്‍ച്ചെടി- കൈതച്ചക്ക

ആറ്റു കന്യക കുങ്കുമത്തളികാഭരണമണിഞ്ഞു- താമരപ്പൂവ്

ഇട്ടിലിടുക്കിലിളുക്കാശി തെങ്ങിന്മേല്‍ പത്തു നൂറു കൊട്ടത്തേങ്ങ- ഈന്തപ്പന

അനേകം വേലി കെട്ടി, അതിനകത്തൊരു വെള്ളിക്കോല്‍- ഉണ്ണിപ്പിണ്ടി

അടയുടെയുളളിലൊരു പെരുമ്പട- തേനീച്ചക്കൂട്

ആദ്യം പൊന്തിപ്പൊന്തി, പിന്നെ തൂങ്ങിത്തൂങ്ങി-   വാഴ

കാട്ടിലമ്മയ്ക്കു തലയില്‍ ഗര്‍ഭം- പന

കുരുമുളക്

ഇപ്പോള്‍ പണിത പുത്തന്‍പുരയ്ക്ക് പത്തഞ്ഞൂറ് കിളിവാതില്‍- തേനീച്ചക്കൂട്

ഇരുട്ടു കോരി വെയിലത്തിട്ടു- എള്ള് ഉണക്കാന്‍ ഇടുക

ഇപ്പോള്‍ വെട്ടിയ പുത്തന്‍ കിണറ്റില്‍ തൂവെത്തൂവേ വെള്ളം- കരിക്ക്

ഉണ്ണാത്തമ്മയ്ക്കു ചട്ടിത്തൊപ്പി- വൈക്കോല്‍ത്തുറു

ഉച്ചാണ്ടി മരക്കൊമ്പില്‍ കരിം പൂച്ച കണ്ണുതുറിപ്പിച്ചിരിക്കുന്നു- ഞാവല്‍പ്പഴം

ഉച്ചിക്കുടുമ്മന്‍ ചന്തയ്ക്കു പോയി- കൈതച്ചക്ക

കാട്ടില്‍ പട്ടും ചുറ്റിയിരിക്കുന്നു- കൈതച്ചക്ക

ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം- കറപാല്‍

എന്റമ്മയ്ക്ക് തോളോളം വള- കവുങ്ങ്

എന്റെ നാക്കില്‍ നിനക്കു വിരുന്ന്- വാഴയില

ഒറ്റക്കാലന്‍ കിളി ഒരു പറ മുട്ടയിട്ടു- കവുങ്ങ്, അടയ്ക്ക

ഒരു കൊമ്പത്തൊരു കുടം ചോര- ചെമ്പരത്തിപ്പൂവ്

ഒരമ്മയുടെ മക്കളെല്ലാം ഒറ്റക്കണ്ണന്മാര്‍- അടയ്ക്ക

ഒരമ്മയുടെ മക്കളെല്ലാം നരയന്‍മാര്‍- കുമ്പളങ്ങ

ചാമ്പല്‍ കുള്ളന്‍ ചന്തയ്ക്കു പോയി- കുമ്പളങ്ങ

ഒരമ്മയുടെ മക്കളെല്ലാം പിച്ചാത്തി വീരപ്പന്മാർ- മാവില

ഒരമ്മയുടെ മക്കളെല്ലാം ചൊറിപ്പിടിച്ച്- പാവയ്ക്ക

ഒരു ഭരണിയില്‍ രണ്ടച്ചാര്‍- കോഴിമുട്ട

കട കിണ്ണം, നടു തൂണ്‍, തല കാട്- ചേന

കണ്ടാല്‍ സുന്ദരി തോലു കളഞ്ഞാല്‍ കഴമ്പില്ല- ഉള്ളി

കറിക്കു മുമ്പന്‍, ഇലയ്ക്ക് പിമ്പന്‍- കറിവേപ്പില

കറുത്തകാളയെ കുളിപ്പിച്ചപ്പോള്‍ വെള്ളക്കാളയായി- ഉഴുന്ന്

കണ്ടാല്‍ വടി, തിന്നാന്‍ മധുരം- കരിമ്പ്

കൈയില്‍ വടി, വായില്‍ മധുരം-കരിമ്പ്

കയ്ക്കും പുളിക്കും മധുരിക്കും മിഠായി- നെല്ലിക്ക

കുലുകുലു കൊമ്പത്തായിരം രസക്കുടുക്ക- നെല്ലിക്ക

കാ കച്ചക പിച്ചക, പൂ മഞ്ഞക്ക പിഞ്ഞക്ക, ഇല പച്ചക്ക, പിച്ചക്ക- കയ്പക്ക

കാട്ടില്‍ തേന്‍ക്കുടം തൂങ്ങിത്തൂങ്ങി- നാരങ്ങ

കുഞ്ഞിസഞ്ചിയില്‍ നിറയെ ചില്ലറ- വറ്റല്‍മുളക്

പച്ച പന്തലിട്ട്, പവിഴമാല ഞാത്തുമിട്ട്, ആയിരം കായും കായിച്ച്- മുളക്

ചെറുവിരലോളം പോന്ന തിരിയില്‍ പത്തുമുപ്പത് പവിഴമണി- പഴുത്ത കുരുമുളക്

കൈതച്ചക്ക

നൂല്‍ത്തിരി പോയൊരു മുത്തുമാലയായ്- കുരുമുളക് കുല

കൊയ്തു കൊയ്തു നെയ്ത്തിനു പോയി, കൊയ്ത കുറ്റി മേയാന്‍ പോയി- ചെമ്മരിയാട്

കൊച്ചിയില്‍ വിതച്ചതു കോവളത്തു കൊയ്തു- മത്തങ്ങ

കൈപ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല- പാവക്ക

കൈപ്പടം പോലെന്‍ ഇല, പെണ്ണുങ്ങളുടെ വിരല്‍ പോലെന്‍ കായ- വെണ്ട

ചട്ടിയില്‍ ചട്ടി പതിനെട്ടു ചട്ടി- തെങ്ങിന്‍പട്ട

ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി- തണ്ണിമത്തന്‍

ചുവന്നത് തിന്ന് കറുത്തത് തുപ്പി- തണ്ണിമത്തന്‍ തിന്ന് കുരു തുപ്പുക

ചത്തവന്റെ വയറ്റില്‍ ചുട്ടവനെ കയറ്റി- ചക്ക മുറിക്കുക

ചില്ലത്തുഞ്ചത്താടിത്തൂങ്ങി പഞ്ചാര പൈങ്കിളി മേവുന്നു- കശുമാങ്ങ

ചില്ലിക്കൊമ്പന്‍ ചുവന്നപക്ഷി ചാഞ്ചാടുന്നു- പറങ്കിമാങ്ങ

ചെറുപ്പത്തില്‍ കറുത്തിട്ട്, വലുപ്പത്തില്‍ ചുവന്നിട്ട്- മരോട്ടിക്കായ

തെക്കുതെക്കൊരാല്, ആലു നിറയെ പന്ത്, പന്തിനുള്ളില്‍ മുട്ട, മുട്ടയ്ക്കുള്ളില്‍ എണ്ണ- മരോട്ടിക്കായ

തേന്‍ കുടത്തില്‍ ഒറ്റക്കണ്ണന്‍- ചക്കച്ചുളയും കുരുവും

തൊപ്പിക്കാരന്‍ ചന്തയ്ക്ക് പോയി- അടയ്ക്ക

നാലു മണിക്ക് മിഴിതുറക്കും കുഞ്ഞോമന- നാലുമണിപ്പൂവ്

നിലം കീറി പൊട്ടെടുത്തു- മഞ്ഞള്‍

പച്ച കണ്ടു പച്ചകൊത്തി, പച്ചകൊത്തി പാറ കണ്ടു, പാറകൊത്തി വെള്ളി കണ്ടു, വെള്ളികൊത്തി വെള്ളം കണ്ടു- നാളികേരം

പിടിച്ചാല്‍ ഒരു പിടി, അരിഞ്ഞാല്‍ ഒരു മുറം- ചീര

പിരിയാത്ത പാല്‍- റബ്ബര്‍ പാല്‍

പുറം പച്ചക്കുഴല്‍, അകം വെള്ളത്തകിട്- മുള

പുറം മുഴുവന്‍ മുള്ളുണ്ട് ചക്കയല്ല, ഉടച്ചാല്‍ വെളുത്തിരിക്കും തേങ്ങയല്ല, ആട്ടിയാല്‍ എണ്ണ കിട്ടും എള്ളല്ല- ആവണക്ക

പുറം പൊന്തം പൊന്തം,തലയില്‍ ചട്ടിതൊപ്പി- വൈക്കോല്‍ത്തുറു

മണ്ണിനുള്ളില്‍ പൊന്നമ്മ- മഞ്ഞള്‍

മണ്ണിനുള്ളില്‍ വെള്ളിയെഴുത്താണി- ശതാവരിക്കിഴങ്ങ്

മലയരികെ പോകുന്ന കുട്ടിച്ചാത്തന്റെ അട്ടഹാസം കേട്ട് ഭൂമിദേവി ഗര്‍ഭിണിയായി- ഇടിവെട്ടി കൂണ്‍ മുളച്ചു

മാനം വളഞ്ഞ വളവിനകത്ത്, നേരം തെളിഞ്ഞ തെളിവിനകത്ത്, മേല്‍പോട്ടു കായ് തുടങ്ങി നില്‍ക്കുന്ന മരം- എള്ള്

മാനത്തെ അങ്കത്തിന് ഭൂമിദേവി പിടിച്ച പരിച- കൂണ്‍

മുക്കണ്ണന്‍ ചന്തയ്ക്കു പോയി- തേങ്ങ

രണ്ട് പറമ്പ് അടിക്കാനൊരു ചൂല്- മുളംകൂട്ടം

വട്ടം വട്ടം വളയിട്ട് നെട്ടം നെട്ടം വളരുന്നു- കവുങ്ങ്

വലിയൊരു വണ്ണന്‍ പുഴുവാണതിനുടെ വാലിന്മേലുണ്ടെല്ലാം മുള്ളും- വഴുതിന


English Summary: Riddles related to farming and crops malayalam

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine