Features

സംഘമൈത്രി കര്‍ഷകരുടെ നല്ല അയല്‍ക്കാരന്‍ 

ആറായിരത്തി എണ്ണൂറ് കര്‍ഷകരുടെ സംഘബലം; എല്ലാവരും ഉത്തമ കര്‍ഷക ശ്രേഷ്ഠര്‍ ; പരസ്പ മത്സരബുദ്ധിയോടെയുള്ള കൃഷിമുറകളും ഓരോ പുതിയ വിളയും പുത്തന്‍ കൃഷി രീതികളും ചെയ്യുന്നതില്‍ നിതാന്ത ജാഗ്രത എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും വിളവില്‍ എള്ളിട പിഴയ്ക്കാന്‍ അനുവദിക്കില്ലായെന്ന ദൃഢനിശ്ചയം കൃഷിക്കും കാര്‍ഷികവൃത്തിക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ഈ മുഴുവന്‍ സമയ കര്‍ഷകരുടെ അജയ്യമായ സംഘശക്തിയാണ് പള്ളിച്ചല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമൈത്രിയുടെ വിജയ ഫോര്‍മുല. കര്‍ഷക പ്രതിഭകളെ ഒരേ ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ഇഴചേര്‍ത്ത് രമ്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിനു പിന്നില്‍ പ്രമുഖ കര്‍ഷകന്‍ കൂടിയായ ചെയര്‍മാന്‍ ആര്‍. ബാലചന്ദ്രന്‍ നായരുടെ നിസ്വാര്‍ത്ഥ മനോഭാവവും കര്‍മ്മകുശലതയും നേതൃപാടവവും എല്ലാം ചേരുംപടി ചേര്‍ന്നിട്ടുണ്ട് എന്ന് പറയുന്നതില്‍ തെല്ലും അതി ശയോക്തിയില്ല. 

കര്‍ഷക കുടുംബത്തില്‍ ജനിച്ച ബാലചന്ദ്രന്‍ ഇന്ന് നാടെങ്ങും അറിയപ്പെടുന്നത് സംഘമൈത്രി ബാലചന്ദ്രന്‍ എന്നാണ്. തിരുവനന്തപുരം ജില്ലയിലെ പച്ചക്കറി കൃഷിക്ക് പേരുകേട്ട പരിസരപ്രദേശങ്ങളില്‍ അസംഘടിതരായിരുന്ന കര്‍ഷകരെ സംഘമൈത്രിയെന്ന വലിയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന വലയതതിലേക്ക് കൊണ്ടുവന്നത് ബാലചന്ദ്രന്റെ നേതൃപാടവവും മുഴുവന്‍ സമയ കാര്‍ഷിക വൃത്തിയോടുള്ള പ്രതിബദ്ധതയുമായിരുന്നു എന്ന് നിസ്സംശയം പറയാം. പരമ്പരാഗതമായി കൈമാറിക്കിട്ടിയ കൃഷിയിടങ്ങള്‍ എല്ലാം മേല്‍ക്കുമേല്‍ അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനും ബാലചന്ദ്രന്‍ ഒരവസരത്തില്‍ കേരളാ പോലീസില്‍ ലഭിച്ച ജോലി പോലും വേണ്ട എന്നുവച്ചത് ഫ്‌ളാഷ് ബാക്ക്.
എളിയ തുടക്കം

സംഘടിക്കുവാനും കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുവാനും കര്‍ഷകരെ സജ്ജരാക്കി മുന്നേറുക എന്ന ലക്ഷ്യത്തോടെ കര്‍ഷകര്‍ക്കുവേണ്ടി കര്‍ഷകര്‍ തന്നെ നടത്തുന്ന സംഘമൈത്രി പ്രവര്‍ത്തനം തുടങ്ങിയത് 2003 ലാണ്. നാലുകോടി രൂപ പ്രവര്‍ത്തന മൂലധനനിക്ഷേപമായി സ്വരൂപിച്ചു. ആദ്യകാലത്ത് മുഴുവന്‍ സമയ കര്‍ഷകരായ 280 പേരാണ് ഇതില്‍ അംഗങ്ങളായി ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 6800 ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സംഘത്തില്‍ കര്‍ഷകര്‍ക്കുള്ള വിശ്വാസത്തിന്റെയും മതിപ്പിന്റെയും പ്രത്യക്ഷ സൂചകമാണ് അംഗങ്ങളുടെ എണ്ണത്തിലുണ്ടായ പ്രകടമായ ഈ വര്‍ദ്ധന.

Sanghamayitri

വിത്ത്, വളം, ജൈവകീട നാശിനികള്‍, വായ്പ തുടങ്ങിയ എല്ലാ സാഹയങ്ങളും യഥാസമയം നല്‍കുന്ന ഈ സ്ഥാപനം ആദ്യകാലത്ത് കര്‍ഷകര്‍ കൊണ്ടുവരുന്ന ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടുന്ന നേരിയ ലാഭത്തില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. അതും വാടകകെട്ടിടത്തില്‍. ഇരുപത് കര്‍ഷകരുമായുള്ള തുടക്കത്തിന്റെ പ്രഥമ കാല്‍വയ്പ്.
മികച്ചകര്‍ഷകര്‍ക്ക് മാത്രം അംഗത്വംസംഘമൈത്രിയിലെ അംഗത്വത്തിന് ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഒരു വര്‍ഷം രണ്ട് ടണ്‍ പച്ചക്കറികളെങ്കിലും ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കുമാത്രമെ സംഘത്തില്‍ അംഗത്വമുള്ളു. അംഗത്വം  സജീവമായി നിലനിര്‍ത്താനും ഇത് നിര്‍ബന്ധം. ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല. കാര്‍ഷികവൃത്തിയില്‍ കഴിവ് തെളിയിച്ചു വരുന്ന കര്‍ഷകര്‍ക്കുമാത്രമേ സംഘമൈത്രിയുടെ അംഗത്വം ലഭിക്കുകയുള്ളു. തിരുവനന്തപുരം ജില്ലയിലെ 50 പഞ്ചായത്തുകളും രണ്ടു മുന്‍സിപ്പാലിറ്റികളും തിരുവനന്തപുരം കോര്‍പ്പറേഷനും ഉള്‍പ്പെടുന്നതാണ് സംഘമൈത്രിയുടെ പ്രവര്‍ത്തനമേഖല.

ഭരണ നിര്‍വ്വഹണം പത്ത് കര്‍ഷകരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡിനാണ് സംഘമൈത്രിയുടെ ഭരണനിര്‍വ്വഹണച്ചുമതല. ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, ട്രഷറര്‍, സെക്രട്ടറി എന്നിവര്‍ നടത്തിപ്പുകാരും കൃഷിവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം. ജയിംസാണ് മാനേജിംഗ് ഡയറക്ടര്‍.

അംഗങ്ങള്‍
ശ്രീ.ബി.വില്‍സണ്‍
ശ്രീ. ബി. ബാബു
ശ്രീ.എം. ജോണ്‍സണ്‍
ശ്രീ. ആര്‍. സതീശന്‍ നായര്‍
ശ്രീ.ടി.സുകുമാരന്‍ നായര്‍
ശ്രീ.എം.ശിവന്‍
ശ്രീ.ഡി.ഷിബു
ശ്രീ.എം. വേണു

ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കാര്‍ക്കും വേതനമില്ല. സേവനവ്യവസ്ഥയിലുള്ള പ്രവര്‍ത്തനം എന്ന പ്രത്യേകതയും ഇവിടെയുണ്ട്. 
സംഭരണകേന്ദ്രങ്ങളുടെ ശൃംഖല തന്റെ ഉല്‍പന്നങ്ങള്‍ യഥാസമയം സംഭരിക്കാന്‍ സൗകര്യമില്ലാതാകുകയും അതിന് യഥാവിധി വില ലഭിക്കുകയും ചെയ്യാതെ വരുമ്പോഴാണല്ലോ പലപ്പോഴും കര്‍ഷകരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ കുറവ് മുന്നില്‍ക്കണ്ട് അത്തരമൊരു പ്രതിസന്ധി ഉണ്ടാകരുത് എന്ന ലക്ഷ്യബോധ ത്തോടെ സംഘമൈത്രി തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പച്ചക്കറി സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.

കല്ലിയൂര്‍, കോവില്‍നട, പാലപ്പൂര്, കാര്‍ഷിക കോളേജ്, നെടിഞ്ഞല്‍, കോട്ടുകാല്‍, തിരുപുറം, ചെങ്കല്‍, മാരായമുട്ടം, അമരവിള, പെരുമ്പഴുതൂര്‍, പടപ്പിത്തോട്ടം, കുറ്റിയാണിക്കാട്, കാട്ടാക്കട, മാനറനല്ലൂര്‍, വലിയറത്തല, മലയിന്‍കീഴ്, പൊറ്റയില്‍, പൂജപ്പുര, നേമം എന്നിവടങ്ങളിലാണ് പ്രധാന സംഭരണകേന്ദ്രങ്ങള്‍. 

വിപുലമായ വില്‍പ്പന ശൃംഖല

പഴങ്ങളും പച്ചക്കറികളും വളരെവേഗം കേടാകുന്ന കാര്‍ഷികോല്പന്നങ്ങളാകായാല്‍ പെരിഷബിള്‍ എന്ന പട്ടികയിലാണല്ലോ പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കയ്യെത്തും ദൂരത്തു തന്നെ ജൈവരീതിയില്‍ കൃഷി ചെയ്ത് ഉല്പാദിപ്പിച്ച ഫാം ഫ്രഷ് പച്ചക്കറികള്‍ വില്പന നടത്താന്‍ വിപുലമായ വിപണനശൃംഖലയും സംഘമൈത്രിക്കുണ്ട്.
പൂജപ്പുര, തിരുവനന്തപുരം, മോഡല്‍ സ്‌ക്കൂള്‍ ജംഗ്ഷന്‍, കാര്‍ഷിക കോളേജ്, കല്ലിയൂര്‍, പള്ളിച്ചല്‍ അമരവിള, മാറനല്ലൂര്‍, പൊറ്റയില്‍, കാട്ടാക്കട, മലയിന്‍കീഴ് എന്നിവടങ്ങളില്‍ ചില്ലറ വില്പന ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

ആറ്റുകാല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ്

സ്ത്രീകളുടെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രമായ ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് ശുദ്ധമായ കാര്‍ഷികോല്പന്നങ്ങള്‍ വില്‍ക്കാന്‍ ഒരു പുതിയ ചില്ലറ വില്‍പന ശാല ഇക്കഴിഞ്ഞ 2017 ആഗസ്റ്റ് മാസം 3-ാം തീയതി പ്രവര്‍ത്തനമാരംഭിച്ചു. വനിതകള്‍ വലിയതോതില്‍ എത്തുന്ന സ്ഥലമായതിനാലും അവരുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചുമാണ് ഈ പുതിയ വില്പനശാല ആരംഭിച്ചത് എന്ന് ചെയര്‍മാന്‍ ബാലചന്ദ്രന്‍ നായര്‍ പറയുന്നു. എല്ലാവിധ പച്ചക്കറികള്‍ക്കും പുറമെ തേങ്ങ, നീര, വിനാഗിരി, മുരിങ്ങയില ഉള്‍പ്പടെയുള്ള ഇലക്കറികള്‍, ചക്കച്ചുള, വാഴക്കൂമ്പ് തുടങ്ങിയ ഒട്ടുമിക്ക കാര്‍ഷികോല്പന്നങ്ങളും ഇവിടെ ലഭിക്കും. പുറത്തെ വിപണിയെക്കാള്‍ 10 രൂപ കുറച്ചാണ് ആറ്റുകാല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ കാര്‍ഷികവിഭങ്ങളുടെ വില്‍പന.

സഞ്ചരിക്കുന്ന വില്പനശാല

തലസ്ഥാന നഗരവാസികള്‍ക്ക് പരിചിതമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തിരുവനന്തപുരം വി.ജെ.ടി ഹാളിനു സമീപം പ്രവര്‍ത്തിക്കുന്ന സംഘമൈത്രിയുടെ മൊബൈല്‍ വെജിറ്റബിള്‍ സെയില്‍സ് കൗണ്ടര്‍. ആദ്യകാലത്ത് പ്രാദേശികമായി വ്യാപാരികളുടേയും മര്‌റും എതിര്‍പ്പ് ഈ സദ്‌സംരംഭത്തിന് നേരിടേണ്ടി വന്നെങ്കിലും വില്പനശാഖകളില്‍ നിന്ന് ന്യായവിലയ്ക്ക് നല്ല പച്ചക്കറികള്‍ വാങ്ങാനെത്തുന്ന അനന്തപുരി നിവാസികളായ വീട്ടമ്മമാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടേയും സാമൂഹികപ്രവര്‍കരുടേയുമെല്ലാം അകമഴിഞ്ഞ പിന്തുണ ഇതിനെ ഇന്ന് ഇവിടുത്തെ എന്നിവരെല്ലാമുള്ള ട്രെയിനിംഗ് സെന്റര്‍, കര്‍ഷകര്‍, സര്‍ക്കാരിതര സംഘടനകള്‍, റസിഡന്റസ് അസോസ്സിയേഷനുകള്‍, കൃഷി ബിരുദ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാ വശ്യമുള്ള പരിശീലനങ്ങള്‍ ഇവിടെ യഥാസമയം നല്‍കിവരുന്നു. പ്രധാന വീഥിയിലെ പ്രമുഖ കച്ചവട കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. സെക്രട്ടേറിയേറ്റ് അനക്‌സിനു സമീപവും മൊബൈല്‍ വെജിറ്റബിള്‍ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

വിഷഭിതിയില്ലാത്ത പഴങ്ങള്‍

മാമ്പഴം, വാഴപ്പഴം എന്നിവ പ്രകൃതിദത്തമായി പഴുപ്പിക്കാനുതകുന്ന ബനാന റൈപ്പനിംഗ് ചേമ്പര്‍ ആണ് സംഘമൈത്രിയുടെ മറ്റൊരു കൈമുതല്‍. 20 ടണ്‍ വരെ പഴങ്ങള്‍ നൈസര്‍ഗിക എഥിലിന്‍ വാതകം ഉപയോഗിച്ച് പഴുപ്പിക്കാന്‍ ഈ സംവിധാനത്തിന് കഴിവുണ്ട്. വെറും നാലു ദിവസത്തെ കാത്തിരിപ്പുമാതി ശരിയായ പഴുപ്പിന്. കൃത്രിമ വാതകങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്ന വാഴപ്പഴവും കാല്‍സ്യം കാര്‍ബൈഡ് പോലുള്ള വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴവും വാങ്ങാന്‍ കഴിയാതെ ആശങ്കയിലാകുന്ന നഗരവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാണ് സംഘമൈത്രിയുടെ റൈപ്പനിംഗ് ചേമ്പറില്‍ നിന്ന് പുറത്തുവരുന്ന സ്വാദിഷ്ടമായ പഴവര്‍ഗ്ഗങ്ങള്‍. എല്ലാ വര്‍ഷവും അനന്തപുരിയില്‍ അരങ്ങേറുന്ന മാമ്പഴമേളയില്‍ സംഘമൈത്രിയുടെ  സ്റ്റാളില്‍ നിന്നാണ് മാമ്പഴവില്‍പ്പന നടക്കുക.
 
എണ്ണ വേണ്ടാത്ത വറ്റല്‍

വറ്റല്‍ തയ്യാറാക്കാന്‍ എണ്ണ വേണ്ട എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സംഘമൈത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന ചിപ്‌സ് പ്രോസസിംഗ് യൂണിറ്റില്‍ വറ്റല്‍ തയ്യാറാക്കാന്‍ എണ്ണ വളരെ കുറച്ചു മാത്രം മതി. മദ്ധ്യപ്രദേശില്‍ നിന്നാണ് ഈ യന്ത്രം ഇവിടെ കൊണ്ടുവന്നത്. നേന്ത്രക്കായ് തൊലിപൊളിക്കാന്‍ മാത്രമേ ഇവിടെ തൊഴിലാളികളുടെ സഹായം വേണ്ടു; ബാക്കി അരിയലും വറുക്കലും പായ്ക്കിംഗുമെല്ലാം യന്ത്രം താനേ ചെയ്തുകൊള്ളും. എണ്ണയുടെ അംശം തീരെ കുറഞ്ഞ ഈ വറ്റലിന് വലിയ ഡിമാന്റാണ്. പലപ്പോഴും ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ കഴിയാത്ത വിഷമമേയുള്ളു. 

കര്‍ഷകപരിശീലനകേന്ദ്രം

ആധുമികസജ്ജീകരണങ്ങളുള്ള ഒരു കര്‍ഷക പരിശീലനകേന്ത്രമാണ് സംഘമൈത്രിയുടെ മറ്റൊരു കൈമുതല്‍. വിപുലമായ പുസ്തകശേഖരമുള്ള ഒരു ലൈബ്രറി, പ്രൊജക്ഷന്‍ സൗകര്യങ്ങള്‍ ഹൈടെക്ക് മട്ടുപ്പാവ് കൃഷിഎല്ലായിടവും കൃഷിയിടമാക്കുക എന്ന തത്വത്തിന്റെ പ്രായോഗികവശമാണ് ട്രെയിനിംഗ് സെന്ററിന്റെ ടെറസില്‍ വിവിധതരം പച്ചക്കറികള്‍ ഗ്രോബാഗുകളില്‍ വളര്‍ത്തുന്നത്. പാറപ്പൊടിയും സ്യൂഡോമോണസും ചാണകപ്പൊടിയും കലര്‍ത്തി തയ്യാറാക്കുന്ന പോട്ടിംങ് മിശ്രിതം നിറച്ച ഗ്രോബാഗുകളില്‍ തക്കാളി, പച്ചമുളക്, ചീര, വെണ്ട, ലെട്ടൂസ് തുടങ്ങി വിവിധതരം പച്ചക്കറികള്‍ മാറി മാറി കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തുവരുന്നു. ഹൈടെക്ക് റൂഫ് ടോപ്പ് ഗാര്‍ഡന്‍ ആയാണ് ഇത് വിഭാവന ചെയ്തിരിക്കുന്നത്.

റബറിന് വിട

പരമ്പരാഗതമായി കൈമാറിക്കിട്ടിയ മുന്നേക്കര്‍ റബ്ബര്‍തോട്ടവും പഴം-പച്ചക്കറികള്‍ക്കുവേണ്ടി ബാലചന്ദ്രന്‍ നായര്‍ തെല്ലും മനഃപ്രയാസമില്ലാതെ കൈവിട്ടു. കാട്ടാക്കടയ്ക്കടുത്ത് ഓണംകോട് എന്ന സ്ഥലത്തെ മൂന്നേക്കറിലും റബര്‍ മരങ്ങള്‍ മറിച്ചുമാറ്റി. വായ്പയെടുത്ത് മതില്‍ കെട്ടി. സുന്ദരമായ ഒരു പഴം-പച്ചക്കറിതോട്ടത്തിനാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. 150 ബഡ് വരിക്ക, 150 ഇതര വരിക്ക ഇനങ്ങള്‍, മൂവായിരം റെഡ് ലേഡി പപ്പായ, ആയിരം തൊണ്ടന്‍ മുളക്, ആയിരം വാഴ, കൂടാതെ മരച്ചീനി, മാലിമുളക്, വഴുതന, മുരിങ്ങ എന്നുവേണ്ട എല്ലാവിധ പഴം-പച്ചക്കറികളുടേയും ഒരു കേദാരമാണ് ഓണംകോട് ബാലചന്ദ്രന്റെ കൃഷിയിടം. നാണ്യവിളയായ റബറിനോടുള്ളതിനെക്കാള്‍ പ്രതിപത്തി ഭക്ഷ്യവിളകളോടാണ് എന്ന് എല്ലാ വേദികളിലും ഉച്ചത്തില്‍ വിളിച്ചുപറയുന്ന ബാലചന്ദ്രന്റെ കര്‍മ്മ മേഖലയുടെ ഒരു സാക്ഷ്യപത്രം കൂടെയാണ് ഈ കൃഷിയിടം. 

സന്ദര്‍ശനം, പരിശീലനം

ഇതരസംസ്ഥാനങ്ങളിലെ കര്‍ഷക രംഗത്തും കൃഷി ഗവേഷണരംഗങ്ങളിലും നിത്യേന ഉണ്ടാകുന്ന നൂതന മാറ്റങ്ങള്‍ നേരില്‍ കാണാനും അതില്‍ പരിശീലനം നേടാനും സംഘമൈത്രിയുടെ  കര്‍ഷകര്‍ നിരവധി പ്രമുഖ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക പതിവാണ്. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കിഴങ്ങുവിള ഗവേഷണ കേന്ദ്രം എന്നിവയ്ക്കു പുറമെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ബനാന, ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് തുടങ്ങി വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ സംഘമൈത്രിയുടെ കര്‍ഷക സംഘം സന്ദര്‍ശനം നടത്തുകയും കൃത്യമായ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. 

സംഘമൈത്രിയുടെ പിന്‍ബലത്തില്‍ സംഘമൈത്രി കാര്‍ഷികോല്പന്ന സംഭരണ വിപണന സംഘം അതിന്റെ പ്രവര്‍ത്തനം അഭംഗുരം തുടരുന്നു. കൃഷിവകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടുള്ള സംഘമൈത്രിയുടെ പ്രവര്‍ത്തനത്തെ നാട്ടിലും മറുനാട്ടിലുമുള്ള കൃഷി വിദഗ്ദരും ശാസ്ത്രജ്ഞരും പ്രതിഭകളും തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് നോക്കികാണുന്നത്.   
സുരേഷ് മുതുകുളം
എഡിറ്റര്‍, കൃഷി ജാഗരന്‍

Share your comments