Features

അശോകമരം (Saraca asoca ) വീട്ടിൽ വളർത്താമോ ? അറിയേണ്ടതും അറിയാതെപോയതും

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്‌ പുതിയ വീടുവെച്ചപ്പോൾ വീട്ടുമുറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ഒരു അശോകമരം(1) (Saraca asoca ) !അന്നത്തെ എൻറെ വലിയ ഒരു സ്വപ്‌നമായിരുന്നു .ആസ്വപ്നം തകർത്തെറിഞ്ഞതാകട്ടെ എന്റെ ഭാര്യയുടെ ചില  വിശ്വാസങ്ങൾ.അതോ അന്ധവിശ്വാസമോ ?അശോകമരം വീട്ടിൽ വളർത്തരുത് .അവിടം ശോകമൂകമായിമാറും .അവരുടെ ഉറച്ച വിശ്വാസത്തെ തകർക്കേണ്ടെന്നുംകരുതി ആ പരിപാടി ഉപേക്ഷിച്ചു . ഇലഞ്ഞിപ്പൂമണം അലിഞ്ഞിറങ്ങിയ വീട്ടുമുറ്റം സ്വപ്നം കണ്ടുകൊണ്ട് പകരം ഒരു  ഇലഞ്ഞിമരത്തിൻറെ തൈ വെക്കാമെന്നായി മനസ്സിലെ അടുത്ത മോഹം .

ഇലഞ്ഞിമരത്തിൽ പാമ്പുകൾവരും ,മാത്രവുമല്ല പ്രേതപിശാക്കളുടെ താവളമാണ് ഇലഞ്ഞി എന്നായി .അങ്ങിനെ ആ മോഹത്തിൻറെ കടയ്ക്കലും വിലക്കിന്റെ കോടാലി വീണു  .ഒടുവിൽ കിട്ടിയതും നട്ടതും ലക്ഷ്‌മിതരു അഥവാ Simaruba Glucca .(2)ഒപ്പം ഡിവിഡിവി  (Caesalpinia corriaria ) എന്ന മറ്റൊരു അലങ്കാരവൃക്ഷവും   .ഇപ്പോഴാകട്ടെ മുറ്റം മുഴുവൻ പന്തലിട്ടപോലെ ലക്ഷ്‌മിതരുവിൻറെ തണലും തണുപ്പും .ഒരർത്ഥത്തിൽ നന്നായെന്ന് ഇപ്പോൾ തോന്നുന്നു .മധ്യഅമേരിക്കൻ കാടുകളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും നിത്യഹരിതവൃക്ഷമായി വളരുന്ന ഒന്നാണ് SIMARUBA GLUCA എന്ന ഈ സ്വർഗ്ഗീയ വൃക്ഷം അഥവാ ലക്ഷ്‌മിതരു.ചുറ്റുപാടുമുഴുവൻ ഹൃദ്യമായ സുഗന്ധം വാരി തൂകി സ്വർണ്ണവർണ്ണാലംകൃതമായ പൂക്കളുമായി തലയെടുപ്പോടെ  ഒരു ഉശിരൻ ചെമ്പകമരം (Magnolia champaca ) (3)എന്റെ വീടിനോടുചേർന്ന തെക്കുഭാഗം പറമ്പിൽ എഴുന്നു വളരുന്നു . നട്ട് പിടിപ്പിച്ചതാകട്ടെ15  വർഷങ്ങൾക്ക്‌ മുമ്പ്.

ചെമ്പകം വീടിന് മുകളിലേക്ക് വളരാമോ ?

കഴിഞ്ഞ പുതുമഴക്കാലത്ത് വീട്ടിലെത്തിയ മാന്യസുഹൃത്ത് എൻറെ ചെമ്പകമരം കണ്ടതോടെ ഒന്ന് ഞെട്ടി .

'' അയ്യോ ,ദെന്താകഥ ? വീടിൻറെ ഉയരത്തിനുമപ്പുറം  ചെമ്പകമരം വളരാൻ പാടില്ല ,ആള് തട്ടിപ്പോവും .

വെച്ചിരിക്കരുത് ഉടനെ മുറിച്ചുകളയണം '' എന്തോ അനിഷ്‌ഠത വരാൻപോകുന്നപോലെയാണ് അയാളുടെ പറച്ചിൽ .

കേൾക്കേണ്ടതാമസം ഭാര്യക്കും കൂട്ടത്തിൽ മറ്റുചിലർക്കും നിർബ്ബന്ധം .വെച്ചിരിക്കരുത് .ശാസ്ത്രം ഒരുപാട് പുരോഗമിച്ചെങ്കിലും ശരിയും ശരികേടും തിരിച്ചറിയാൻ വയ്യാത്ത ചില പഴഞ്ചൻ  മാമൂലുകളുടെ കെട്ടുപാടുകളിൽ കുടുങ്ങി വളർന്ന് വലുതായതുകൊണ്ടാവാം ചില പ്രത്യേക സാഹചര്യങ്ങളിൽ വിവേകം നഷ്ട്ടപ്പെട്ടുപോകുന്നത് സ്വഭാവികം .അതുകൊണ്ടുതന്നെ ചെമ്പകമരത്തിൻറെ തടി പാതിയിൽ വെച്ച് മുറിച്ചുമാറ്റാൻ തോട്ടത്തിൽ ശ്രീനി എന്നൊരാളെ ഏർപ്പാടാക്കാൻ ഞാൻ തയ്യാറായി. വർഷം ഒന്നുകഴിഞ്ഞു . പുതുമഴവീണതോടെ പൂർവ്വാധികം ശക്തിയിൽ നിറയെ  ശിഖരങ്ങളും ഇടതൂർന്ന ഇലച്ചാർത്തിനുമിടയിൽ വാരിക്കുടഞ്ഞപോലെ സ്വർണ്ണ മഞ്ഞനിറം പകർന്ന ചെമ്പക പൂക്കളുമായി വീടിൻെറ  രണ്ടാം നിലയുടെ ഉയരവും കടന്ന് ആകാശം തൊടാനെന്നപോലെ  വളർന്നുയർന്നിരിക്കുന്നു സുഗന്ധവാഹിനിയായ ഈ പൂമരം  .

ഇല്ല , ഇനി മുറിക്കില്ല .നേരത്തെ ചെയ്‌തത് മഹാമണ്ടത്തരമായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു പണ്ടുകാലത്ത് വീടുകൾ ഓലമേഞ്ഞതും ഓടുമേഞ്ഞതുമായിരുന്നു .പ്ലാവ് ,തേക്ക് ,വീട്ടി പോലുള്ള മരങ്ങൾക്ക്  ഉള്ളിൽ കാതലുണ്ടെങ്കിലും ചെമ്പകമരം കാതലില്ലാത്ത പടു മരമാണെന്നതും എടുത്തുപറയാവുന്ന പ്രത്യേകത .കാതലില്ലാത്തതുകൊണ്ടുതന്നെ കാറ്റിൽ തടി പൊട്ടി വീടിനുമുകളിൽ വീണാൽ വീടിനും അതുവഴി വീട്ടിലുള്ളവർക്കും നാശം വരാനിടയുണ്ട് എന്ന അർത്ഥത്തിൽ പണ്ടേതോ കാരണവർ പറഞ്ഞതാവാം.  .കാലം മാറിയിട്ടും ആളുകൾ വെറുതെ ഇതേറ്റുപറയുകയാണ് .പ്രമുഖ വാസ്തുവിദഗ്ദ്ധനും സുഹൃത്തുമായ ഡോ.നിശാന്ത് തോപ്പിൽ  സുഹൃദ്‌സന്ദർശനത്തിനായി ഈയ്യിടെ എൻറെ വീട്ടിൽ  വരികയുണ്ടായി . ചെമ്പകമരം മുറിക്കേണ്ടകാര്യമില്ല .അർത്ഥശങ്കക്കിടയില്ലാതെ ദൃഢസ്വരത്തിൽ അദ്ദേഹം പറയുകയുണ്ടായി .ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്ന കൂട്ടിച്ചേർക്കൽ .ഒരുപക്ഷെ മുറിക്കാതെ രക്ഷപ്പെട്ട ചെമ്പക മരത്തിനും സന്തോഷമായിക്കാണും  .അദ്ദേഹത്തോടിഷ്ടം തോന്നിയിട്ടുമുണ്ടാകാം .

നാരകം നട്ടിടം നാരി മികച്ചിടം

ഇതുപോലെതന്നെ നാരകം വീട്ടിൽ വളർത്തുന്നതിനെ തടയിടാൻ '' നാരകം നട്ടിടം നാരി മികച്ചിടം '' എന്നൊരു ചൊല്ല് തന്നെയുണ്ട് .പുരോഗമന മഹിളാവേദിക്കാർക്ക് ഈ ചൊല്ല്  പൊറുക്കില്ലെന്നുമുറപ്പ് .വടകരക്കടുത്ത് വില്ല്യാപ്പള്ളിയിലെ ഒരു ക്ഷേത്രത്തിനടുത്തുകൂടെ കടന്നുപോകുമ്പോൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ  നിറയെ പൂത്തുലഞ്ഞുനിൽക്കുന്ന അശോകമരം കണ്ടു .കൗതുകക്കാഴ്ച്ചപോലെ നോക്കിക്കാണുമ്പോഴാണ് മറ്റൊരുകാര്യം കണ്ണിൽപെട്ടത് .അശോകമരത്തോട് ചേർന്ന ക്ഷേത്രമതിൽക്കെട്ടിൽ ചെറിയ ഇരുമ്പ് കാലിട്ട്  അതിൽ രണ്ടു മൂന്നുവരി മുള്ളുകമ്പി കെട്ടി മറച്ചിരിക്കുന്നു . ' പൂ പറിച്ചുകൊണ്ടുപോകാതിരിക്കാനാണോ മുള്ളുവേലി കെട്ടിയിരിക്കുന്നത്  .''-തൊട്ടടുത്തുകണ്ട തദ്ദേശവാസിയോട്  സൗമ്യമായി കാര്യം തിരക്കി "

 '' അല്ലേ  അല്ല - '' ഒരുരഹസ്യം പറയുന്ന മട്ടിലാണ് അദ്ദേഹം പീന്നീട് കാര്യങ്ങൾ പറഞ്ഞത് . അശോകമരത്തിൻറെ സമീപം കിടന്നുറങ്ങിയാൽ ലൈംഗീകമായ  ഉണർവ്വും പൗരുഷവും കൂടുമെന്നും, ഇതൊരു വാജീകരണ വിദ്യയാണെന്നും ,അശോകമരത്തിൽ തട്ടിയെത്തുന്ന കുളിർകാറ്റേറ്റാൽ സുഖനിദ്രയും ഒപ്പം മറ്റെന്തൊക്കെയോ കൂടി  ലഭിക്കുമെന്ന വിശ്വാസവും ശുഭപ്രതീക്ഷയുമായി പലരും ക്ഷേത്രം ചുറ്റുമതിലിൽ  കയറിക്കിടക്കുന്നത് തീരാശല്യമായി മാറിയതോടെയാണ് മുള്ളുവേലി കെട്ടിയതെന്നാണ് അപരിചിതനായ ആ നാട്ടുമ്പുറത്തുകാരനിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് .ഒരുപക്ഷെ ശരിയായിരിക്കാം .അല്ലെങ്കിൽ ഇതും ഒരന്ധവിശ്വാസത്തിൻറെ തുടർച്ചയാവാം . ശരിക്കും പറഞ്ഞാൽ അശോക മരത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എന്നെ പ്രേരിപ്പിച്ചതും ആ നാട്ടുമ്പുറത്തുകാരൻറെ വിശദീകരണമാണ്‌ .

ഔഷധവർഗ്ഗീകരണാടിസ്ഥാനത്തിൽ ശിംബി കുലത്തിൽപ്പെട്ട ഔഷധസസ്യമായ അശോകം എന്ന നിത്യഹരിതപൂമരം Caesalpiniaceae സസ്യകുടുംബത്തിൽ പെട്ട Saraca asoca എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നതാണ്. മധുപുഷ്പ ,അംഗനപ്രിയ ,ശുഭക തുടങ്ങിയ ചിലപേരുകളിലും അശോകം അറിയുന്നു .വളർച്ചയുടെ ഉയരം പരമാവധി ആറുമുതൽ  ഒമ്പത്  മീറ്റർ വരെ ,വിരിയുമ്പോൾ കടും ഓറഞ്ചും ക്രമേണ ചുവപ്പു വർണ്ണവുമായി മാറുന്ന അത്യന്തം മനോഹരമായ അശോകപൂക്കൾ വസന്തകാലത്താണ് കൂടുതൽ പുഷ്പ്പിച്ച് വിലസുന്നത് .

സീതയും അശോകവും

അശോകമരം എന്നോർക്കുമ്പോൾ മനസ്സിലാദ്യം ഓർമ്മയിലോടിയെത്തുന്നത് രാമായണത്തിലെ സീതാദേവിയെ .ശ്രീരാമൻറെ സഹധർമ്മണിയെ ....രാവണൻ സീതാദേവിയെ കൊണ്ടിരുത്തിയത് ശിംശിപ എന്നപേരിലുമറിയപ്പെടുന്ന അശോകമരച്ചുവട്ടിൽ .ലങ്കയിലെ അശോകവനിയിൽ .സീതാദേവിക്ക് ശ്രീരാമനെ വിട്ടുപിരിഞ്ഞ വിരഹവേദന സഹിക്കാൻ കഴിഞ്ഞത് ശോകമില്ലാത്ത എന്നർത്ഥം വരുന്ന അശോകമരച്ചുവട്ടിൽ ഇരുന്നതുകൊണ്ടാണെന്ന വിശ്വാസത്തിനും  വിശ്വാസികളുടെ പിൻബലമില്ലാതെയുമല്ല  .മഹാകവി കാളിദാസൻറെ മാളവികാഗ്നിമിത്രം എന്ന നാടകത്തിൽ അഗ്നിമിത്രൻറെ കാമുകി മാളവിക ഇതേവരെ പുഷ്പ്പിച്ചിട്ടില്ലാത്ത അശോകമരച്ചുവട്ടിൽ നൃത്തച്ചുവടുവകൾ വെക്കുകയും സ്ത്രീകൾ ചവുട്ടിയാൽ അശോകം പൂക്കുമല്ലോ എന്നു മൊഴിയുന്ന നാടകീയ മുഹൂർത്തങ്ങളും ഈ നാടകത്തിലുണ്ട്.

സ്ത്രീകളുടെ പാദസ്‌പർശമേറ്റാൽ അശോകം പുഷ്പ്പിക്കുമെന്ന് വൃക്ഷായുർവ്വേദത്തിലും  പറയുന്നതായറിയുന്നു .

പദ്‌മപുരാണത്തിലും മത്സ്യപുരാണത്തിലും അശോകമരം മനസ്സിന് ആനന്ദം തരുന്നതാണെന്നും     വിശേഷണമുണ്ട് .

''മല്ലികാബാണൻ തന്റെ വില്ലെടുത്തു''-- എന്ന വയലാർ വരികളിൽ മന്ദാരം എന്ന് കാണുന്നുണ്ടെങ്കിലും  പ്രണയദേവനായ കാമദേവൻറെ വില്ലിലെ പഞ്ചാസ്ത്രപുഷ്പ്പങ്ങളിൽ ഒന്ന് അശോക പൂവാണ് . താമര,നവമല്ലിക ,മാമ്പൂ ,കരിങ്കൂവളം തുടങ്ങിയവകളാണ് മറ്റുപൂക്കൾ .ദുർഗ്ഗാപൂജകളിൽ ഉപയോഗിക്കുന്ന ഒമ്പത് തരം ഇലകളിൽ ഒരെണ്ണം അശോകത്തിൻറെ ഇലയാണ് .

അശോകവും ആയുര്‍വ്വേദവും

കേരളത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്കനുയോജ്യമായി പ്രത്യേക പരിചരണങ്ങളൊന്നുമില്ലാതെ ജൈവാംശവും നീർവാർച്ചയുമുള്ള എതുമണ്ണിലും സമൃദ്ധിയായി വളരുന്ന അശോകമരത്തിന് ആരോഗ്യസംരക്ഷണത്തിനായി ആയുർവ്വേദത്തിൽ പരമപ്രധാനമായ ഒരു സ്ഥാനമാണ് നൽകിയിരിക്കുന്നത്  .ഗർഭാശയ വൈകല്യങ്ങൾ ,അത്യാർത്തവം ,ആർത്തവശൂല തുടങ്ങിയ സ്ത്രീകൾക്കുള്ള അസുഖങ്ങൾക്ക്‌ 20 വർഷമെങ്കിലും പ്രായമായ അശോക മരത്തിൻറെ തൊലിയിളക്കിയെടുത്ത് അതിൻറെ  എട്ടിരട്ടി പശുവിൻ പാലും പാലിൻറെ  നാലിരട്ടി വെള്ളവും ചേർത്ത് തിളപ്പിച്ച് കുറുക്കി പാലിൻറെ അളവിലാക്കിമാറ്റി  തൂണിയിലോ അരിപ്പയിലോ അരിച്ചെടുത്ത് ദിവസം രണ്ടു നേരം സേവിക്കാനാണ് പരമ്പരാഗത വൈദ്യന്മാരടക്കം നിർദ്ദേശിക്കാറുള്ളത് .പരമ്പരാഗത ആയുർവ്വേദ ചികിത്സയ്‌ക്ക് ആഗോളപ്രചാരമേറുന്ന ഈ കാലഘട്ടത്തിൽ അശോകത്തിൻറെ  തൊലിക്ക് സ്ത്രീ ഹോർമോണുകളുടെ പ്രവർത്തനക്ഷമതയെ ക്രമപ്പെടുത്താനുള്ള അത്യപൂർവ്വമായ കഴിവുണ്ടെന്നും ആധുനിക ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നതായുമറിയുന്നു .

അശോക പുഷ്‌പങ്ങളിൽ നിന്ന്  വേർതിരിച്ചെടുക്കുന്ന ഫ്ളേവനോയിഡ് ഘടകങ്ങൾക്ക് ത്വക്കിലുണ്ടാകുന്ന ക്യാൻസറിനെ തടയാനാകുമത്രെ  .

സൌന്ദര്യ വര്‍ദ്ധനവിന് അശോകം

അശോകത്തിന്റെ തൊലി ചെത്തിയെടുത്ത്  വൃത്തിയാക്കി ഉണക്കി ശീലപ്പൊടിയാക്കി ദിവസേന ഒരു ടീസ്പ്പൂൺ വീതം ചായ കാപ്പി പാൽ തുടങ്ങിയ പാനീയങ്ങളിൽ ചേർത്ത് കഴിക്കുന്നത് ശീലമാക്കിയാൽ ശരീര സൗന്ദര്യം വർദ്ധിക്കുമെന്നും രക്തശുദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥർ പറയുന്നു .അശോകത്തിൻറെ ഉണങ്ങിയപൂവ് തൈരിൽ ചേർത്ത് സേവിക്കുന്നത് രക്താർശസ്സിന് ഗുണം ചെയ്യുമ്പോൾ  കുരു പൊടിച്ച്  കരിക്കിൻ  വെള്ളത്തിൽ കഴിച്ചാൽ മൂത്രതടസ്സം ഒഴിവാകുമെന്നും അറിയുന്നു.ഇന്ത്യയിലെ ആയുർവ്വേദമരുന്നുനിർമ്മാണ കമ്പനികൾക്ക് മാത്രം ഒരു വർഷം രണ്ടായിരത്തി അഞ്ഞൂറോളം ടൺ അശോകമരത്തിൻറെ തൊലി ആവശ്യമായി വരുന്ന സാഹചര്യത്തിൽ  അശോകമരത്തിൻറെ  തൈകൾ വാണിജ്യാടിസ്ഥാനത്തിൽ  വ്യാപകമായി നട്ടുപിടിപ്പിക്കുവാനുള്ള കർമ്മപദ്ധതി കർഷകർക്ക്  ദീർഘകാലാടിസ്ഥാനത്തിൽ ഏറെ ലാഭം ലഭിക്കുന്ന ഒന്നായിരിക്കുമെന്നും പ്രമുഖ ഗവേഷണകേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞമാർ പ്രത്യാശ പ്രകടിപ്പിക്കുന്നതായും സമീപകാല വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു .അശോകത്തിൻറെ തൊലി കഷായം വെച്ച് ചെറുതേൻ ചേർത്ത് കഴിച്ചാൽ  ഒച്ചയടപ്പ് മാറി ശബ്ദഭംഗി കൂടുമെന്നും ഇതിന്റെതൊലി ചതച്ച് പിഴിഞ്ഞനീരെടുത്ത് പുരട്ടിയാൽ പഴുതാര കടിച്ച വേദനക്ക് ശമനമുണ്ടാകുമെന്നും വൈദ്യന്മാർ പറയുന്നു  .ഇതിൻറെ തൊലിയും ഒപ്പം പൂവും ആധുനിക ഔഷധനിർമ്മാണത്തിനും പ്രകൃതിദത്ത സ്റ്റീറോയിഡുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .ഇവയിൽ ടാനിൻ ,ഗ്ലൈകോസൈഡ് ,കാൽസ്യം ,അയേൺ ,കീറ്റോസ്റ്റിറോൾ തുടങ്ങിയ ഘടകങ്ങളുടെ ഒന്നാംതരം കലവറകൂടിയാണത്രെ അശോകം .പെട്ടെന്ന് ഗ്ളാമർ കൂട്ടാനും നിറം വർദ്ധിപ്പിക്കാനും അശോകപൂക്കുല ലേഹ്യം വളരെ വിശേഷപ്പെട്ടതാണെന്ന് സ്ത്രീരോഗചികിത്സകരും പ്രമുഖ ബ്യുട്ടീഷന്മാരും തയ്യാറിപ്പ് രീതി സഹിതം സാക്ഷ്യപ്പെടുത്തുന്നു ,ചേരുവകൾ 50 ഗ്രാം നന്നായി ഉണക്കിയെടുത്ത അശോകപൂക്കൾ ശീലപ്പൊടിയാക്കിയത് ഒരു  നാളികേരത്തിൻറെ മുഴുവൻ തേങ്ങാപാൽ തിളച്ചുവരുമ്പോൾ അതിൽ മിക്‌സ് ചെയ്തു അതിൽ ഇരുനൂറു ഗ്രാം കരിപ്പട്ടിയും അൽപ്പം പശുവിൻ നെയ്യും ചേർത്ത്  കുറുക്കി വറ്റിച്ച് ലേഹ്യരൂപത്തിലാക്കി അത്താഴത്തിനുശേഷം ദിവസേന ഒരു ടീസ്പൂൺ വീതം കഴിച്ചാൽ സൗന്ദര്യവർദ്ധനവുണ്ടാകുമെന്നും ഗ്ളാമർ കൂടുമെന്നും കേൾക്കുന്നു.ഉപയോഗത്തിന് മുമ്പ്‌ വിദഗ്ധരായ ആയുർ വൈദ്യന്മാരുടെ ഉപദേശം തേടുന്നത് ഉത്തമം .

(1)-The ashoka tree is considered sacred throughout the Indian subcontinent.This tree has many religious,folklorical and literary associations in the region. Highly valued as well for its handsome appearance and the color and abundance of its flowers, the ashoka tree is often found in royal palace compounds and gardens as well as close to temples throughout India.

(2)-Simarouba glauca is a species of flowering tree that is native to Florida and South America .Common names include paradise -tree,dysentery-bark,bitter wood and lakshmi taru.Its seeds produce an edible oil.The tree is well suited for warm, humid, tropical regions. It bears yellow flowers and oval elongated purple colored fleshy fruits.

(3)The flowers of Magnolia champaca are used in Southeast Asia for several purposes. Especially in India, they are primarily used for worship at temples, whether at home or out, and more generally worn in hair by girls and women as a means of beauty ornament as well as a natural perfume. Flowers are floated in bowls of water to scent the room, as a fragrant decoration for bridal beds, and for garlands.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഈറ്റയിലും മുളയിലും ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങൾ നിർമ്മിച്ചു ബാംബൂ കോര്‍പറേഷന്‍


English Summary: Saraca asoca

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds