<
Features

സുഗന്ധതേയിലകളുടെ രഹസ്യം

tea estate

ഭൂമിയില്‍ വെള്ളം കഴിഞ്ഞാല്‍ ഏറ്റവും പ്രധാന പാനീയമാണ് ചായ. പച്ചിലകളില്‍ നിന്ന് ഇത്ര വൈവിധ്യമാം വിധം നമുക്ക് മുന്നില്‍ എത്തുന്ന ചായക്ക് ഒരു നീണ്ട യാത്രയുടെ കഥയുണ്ട്. വിവിധ സംസ്‌കാരണതലങ്ങളിലൂടെയുളള യാത്ര. അടിസ്ഥാന സംസ്‌കരണം വഴി പല രൂപമാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ തേയിലയുടെ രുചിയും മേന്മയും കൂട്ടാന്‍ മറ്റു പല സംസ്‌കരണ മാര്‍ഗ്ഗങ്ങളുമുണ്ട്.തേയിലയുടെ സംസ്‌കരണത്തില്‍ പ്രധാനമാണ് തരം തിരിക്കല്‍. ശരിയായ വിപണനത്തിനും മൂല്യത്തിനും തരം തിരിക്കല്‍ അനിവാര്യം. ഉണക്കിയ ഇലകള്‍ ചൂടാറിയ ശേഷം തരം തിരിക്കലിന് മാറ്റാം. ദീര്‍ഘ നേരം ചൂടാറാന്‍ ഇട്ടാല്‍ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുത്തു ഗുണനിലവാരം കുറയും. വലിപ്പം, ആകൃതി, സാന്ദ്രത, മറ്റു സവിശേഷതകള്‍ അനുസരിച്ചു വിവിധ തരം തേയിലകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സംസ്‌കരണ രീതിയനുസരിച്ചു രണ്ടു തരം തേയില ഉണ്ട് - ഓര്‍ത്തഡോക്ള്‍സ് ടി, സി ടി സി.. ഇവ തന്നെ പല വലിപ്പമനുസരിച്ചു നാലായി തിരിക്കും.- മുഴുവന്‍ ഇലകള്‍, മുറിഞ്ഞ ഇലകള്‍, ഫാന്നിംഗ്‌സ്, പൊടികള്‍. ഇതിനായി ഇലകള്‍ പല വലിപ്പത്തിലുള്ള അരിപ്പകള്‍ വഴി കടത്തിവിടുന്നു (8,10,12,16,24,30). ഇവ വീണ്ടും നാലും അഞ്ചും തരത്തില്‍ വിഭജിക്കും.

പ്രധാന സംസ്‌കരണം കഴിഞ്ഞാല്‍ വിപണി ആകര്‍ഷകമാക്കാന്‍ ഓരോ ബ്രാന്‍ഡും അവരുടെ തനതായ ചേരുവകള്‍ ചേര്‍ക്കും. ഇതിനാണ് ബ്ലെന്‍ഡിങ് എന്ന് പറയുക. തേയിലയെ കുറിച്ച് ആധികാരികമായി പഠിച്ച കെയ്ത്ത് ഹ്യൂര്‍ജന്‍സ് അസം പ്രദേശത്തു താമസിച്ച കാലയളവില്‍ ഓരോ സമയത്തും ഓരോ പ്രദേശത്തു നിന്നും കുടിച്ച ചായക്ക് വ്യത്യസ്ത രുചിയായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്ഥലത്തെ മണ്ണ് , കാലാവസ്ഥ , വിളവെടുക്കുന്ന സമയം എന്നിവ മാത്രമല്ല , ചായയുണ്ടാകുന്ന വ്യക്തിയുടെ നൈപുണ്യവും ചേര്‍ക്കുന്ന ചേരുവകകളും ഒക്കെ തന്നെ ഈ വ്യത്യസ്തതയ്ക്ക് കാരണമാണ് എന്നും സൂചിപ്പിക്കുന്നു. പ്രകൃതിപരമായ വൈവിധ്യങ്ങള്‍ കൂടാതെ ചേരുവകളുടെ രുചി, മണം, രസം തുടങ്ങിയ ഗുണങ്ങളും ആഗീരണം ചെയ്യാന്‍ തേയിലയ്ക്ക് കഴിയും എന്ന സവിശേഷതയുമുണ്ട്.

തേയില കൊണ്ട് വെറുതേ ഉണ്ടാക്കുന്ന ചായയേക്കാള്‍ ആകര്‍ഷകമായ രുചിയും മണവും ലഭിക്കാന്‍ വിവിധ തരം തേയിലകള്‍ കൂട്ടിച്ചേര്‍ത്ത് പല കമ്പനികള്‍ അവരുടെ പേറ്റന്‍ഡഡ് ഉത്പന്നമായി തേയിലയെ വിപണിയില്‍ എത്തിക്കുന്നു. ഇതിന് സുഗന്ധവിളകളുടെയോ, പഴങ്ങളുടെയോ, പൂക്കളുടെയോ രസം അടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാം. ഗ്രീന്‍ ടീ, ഒലോങ് ടീയോടൊപ്പം മുല്ലപ്പൂ ചേര്‍ക്കാറുണ്ട്, ബ്ലാക്ക് ടീയോടൊപ്പം റോസാപ്പൂക്കള്‍ ചേര്‍ക്കുന്നു. ഓക്‌സ്‌കരണ സമയത്ത് ഇവ ചേര്‍ക്കുന്നതാണ് ഉത്തമം. ജമന്തി, മുല്ല, റോസ്, താമര, ഓര്‍ക്കിഡ് തുടങ്ങിയ പൂക്കളും ഇതിന് ഉപയോഗിച്ചുവരുന്നു. കൂടാതെ നാരങ്ങത്തൊലിയുടെ സുഗന്ധതൈലം ചേര്‍ത്ത ബ്ലാക്ക് ടീ, പൈന്‍ മുള്ളുകള്‍ കത്തിച്ചുണ്ടാകുന്ന പുക ഉപയോഗിച്ചു ഉണക്കിയെടുക്കുന്ന ബ്ലാക്ക് ടീ പ്രചാരത്തിലുണ്ട്. പുതിന, കൈത തുടങ്ങിയവയും ചേരുവകളാണ്.

ബ്ലെന്‍ഡ് ചെയ്യുമ്പോള്‍ അവയുടെ രൂപം, മണം, രസം, ഘടന എന്നിവ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനോടൊപ്പം വിലയിലും ശ്രദ്ധ കേന്ദ്രികരിക്കണം. എന്നാല്‍ ഉണ്ടാകുന്ന വ്യത്യാസം തേയിലയുടെ അടിസ്ഥാന രുചിയിലോ ഗുണത്തിലോ വലിയ മാറ്റം വരുത്താതെ അതോടൊപ്പം വേഗം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുമാകാന്‍ ശ്രദ്ധിക്കണം. കുറഞ്ഞ ഗുണമേന്മയുള്ള തേയില ഇനങ്ങള്‍ ഗുണമേന്മ കൂടിയ ഇനങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നത് അവയുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നതോടൊപ്പം വിലയിലും മിതത്വം പാലിക്കാന്‍ സഹായിക്കും. ഗുണമേന്മ കൂടിയ ഇനങ്ങള്‍ അവയുടെ വിളവെടുപ്പ് കാലത്തു ശേഖരിച്ച് കാറ്റുകയറാത്തവിധം സൂക്ഷിച്ചു. പിന്നീട് ഗുണമേന്മ കുറഞ്ഞ തേയിലയുമായി കുട്ടിച്ചേര്‍ത്ത് വില്‍ക്കുന്നത് വിലവ്യത്യാസം കൂടാതെ വര്‍ഷം മുഴുവനും സ്വികാര്യതയുള്ള തേയിലയായി വില്‍ക്കാന്‍ സഹായകമാകും.

കൃത്യമായ നിയമ വശങ്ങളൊന്നും ബ്ലെന്‍ഡിങ്‌ന് ഇല്ലെങ്കിലും വിവിധ ചേരുവകളിലൂടെ നല്ല ചായ ഉണ്ടാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
• വിപണനത്തിന് ഉദ്ദേശിക്കുന്ന പ്രദേശത്തെ ഉപഭോക്താക്കളുടെ രുചി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
• തേയിലക്കൂട്ടുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ചായയുടെ സ്വഭാവം മനസിലാക്കി, അവ ഓരോന്നും വരുത്തുന്ന മാറ്റങ്ങള്‍ തിരിച്ചറിയണം.
• തേയിലയുടെ സാന്ദ്രത അറിഞ്ഞിരിക്കണം. കുറഞ്ഞ സാന്ദ്രത ഉള്ളവയ്ക്കു കൂടുതല്‍ വലിപ്പം ഉള്ളതിനാല്‍ കൃത്യതയുള്ള പാക്കറ്റിന്റെ അളവില്‍ നിറയ്ക്കാന്‍ കഴിയാതെ വരും.
• ഉപഭോക്താക്കള്‍ ആദ്യം ശ്രദ്ധിക്കുന്നത് തേയിലയുടെ രൂപഘടനയാണ്. അതിനു ശേഷം ഗന്ധം/രസം, പിന്നീട് രുചി.
• ഓരോ ചേരുവകളുടെ കൃത്യമായ അളവും അവ തമ്മിലുള്ള കുടിച്ചേരലും തേയിലയുടെ സ്വഭാവത്തെ സ്വാധിനിക്കും. മാത്രമല്ല, ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിലവാരം വരെ തേയിലയുടെ സ്വഭാവത്തെ സ്വാധിനിക്കും എന്നറിയുക.
ബ്ലെന്‍ഡിങ് എന്നത് ശാസ്ത്രീയ വശങ്ങേളക്കാളേറെ ചേരുവകള്‍ സമര്‍ത്ഥമായി കുട്ടിച്ചേര്‍ക്കാനുള്ള കഴിവും നൈപുണ്യവും പരിചയവും അടിസ്ഥാനമാക്കിയ പ്രവൃത്തിയാണ്.
തേയിലയുടെ വിപണനമാണ് പിന്നീട് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇതിന് തോട്ടത്തില്‍ നിന്നു നേരിട്ടോ, ലേലം വഴിയോ വില്പന നടത്താം. ഇന്ത്യയില്‍ ഉടനീളം നടക്കുന്ന ലേലത്തിന് വ്യത്യാസമില്ല, എന്നാല്‍ നേരിട്ടുള്ള വിപണിയില്‍ വില്പനക്കാരുടെയും വാങ്ങുന്നവരുടെയും സൗകര്യപ്രകാരം ലേലം വ്യത്യാസപ്പെടാം. ഇന്ത്യയില്‍ ഉത്പാദകരുടെ താത്പര്യപ്രകാരം ഏതു മാര്‍ഗ്ഗവും തെരഞ്ഞെടുക്കാം. ഇന്ത്യയില്‍ തേയിലയുടെ പ്രധാന കച്ചവടവും വില നിയന്ത്രണവും ലേലം വഴിയാണ് നടക്കുന്നത്. ലേലം വിപണിയില്‍ കമ്പനികള്‍ അവരുടെ ഓഹരികള്‍ രേഖപ്പെടുത്താന്‍ പല ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു. ഇത് 'റ്റിക്കര്‍ സിംബോള്‍ബല്‍സ്' എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന്, The Grob Tea Company - 'GROBTEA', Davids tea - 'DTEA', Jayashree Tea and Industries Limited - ' JAYASREETEA'.
ലേലം പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത് :-

തേയില ലേലം
1 ) ലേല പൂര്‍വ ഘട്ടം
പല പാക്കറ്റുകളിലായി ഓരോരുത്തരുടെ ഓഹരികള്‍ ഉത്പാദകരോ ഇടനിലക്കാരോ ഗോഡൗണില്‍ കൊണ്ടുവന്ന് സൂക്ഷിക്കും. ഇവയ്ക്കോരോന്നിനും ഇന്‍വോയിസ് നമ്പര്‍, ഗ്രേഡ്, പാക്കേജിങ് രീതികള്‍, തൂക്കം തുടങ്ങിയ വിവരങ്ങളും ഗോഡൗണുകളില്‍ നിന്നുള്ള വിവരങ്ങളും ലേലം നടത്തിപ്പുകാര്‍ക്കും ഉത്പാദകര്‍ക്കും/ഇടനിലക്കാര്‍ക്കും നല്‍കും.
ഓരോ ഓഹരിക്കും അതിന്റെ വിവരപ്പട്ടിക നല്‍കും. പരിശോധന നടത്തിയ ശേഷം എല്ലാ ഓഹരികളില്‍ നിന്നും ചെറിയൊരു വിഹിതം വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്കു നല്‍കും. അവര്‍ അതിന്റെ രുചി നോക്കി ഗുണമേന്മ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ട് നല്‍കുന്നു.
2 ) ലേലം നടത്തിപ്പ്-
ഓരോ ഓഹരി പ്രകാരം ലേലം വിളി നടക്കുന്നു. ഏറ്റവും കൂടിയ വില ലേലത്തില്‍ വിളിക്കുന്നയാള്‍ക്കു ഓഹരി നല്‍കി ബാക്കിയുള്ളവ മാറ്റിയതായി രേഖപെടുത്തും.
3 ) ലേല അനന്തരഘട്ടം- ലേലം സ്ഥിരീകരിച്ച ആള്‍ എല്ലാ നികുതിയും ചേര്‍ത്ത് പണം കെട്ടിവച്ച് ഓഹരി വാങ്ങണം. അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതിക്കുള്ളില്‍ പണമടച്ച് ഓഹരി എടുക്കാം. ഇടനിലക്കാര്‍ ഗോഡൗണിനും ഉത്പാദകര്‍ക്കും ഉള്ള വിഹിതം നല്‍കണം.
എന്നാല്‍ സാധാരണയായി ലേലം കൈപ്പറ്റാന്‍ വലിയ കമ്പനികള്‍ക്കുംകച്ചവടക്കാര്‍ക്കും മാത്രമേ സാധിക്കാറുള്ളു എന്നതുകൊണ്ടാവാം, ഇന്ത്യയില്‍ ലേലം വിപണിതിരക്ക് കാണാത്തത്. ഇന്ന് സാങ്കേതിക വിദ്യയുപയോഗിച്ചു കൂടുതല്‍ സൗകര്യ പ്രദമായ രീതിയില്‍ ഇ-ഓക്ഷന്‍/ലേലം നടക്കുന്നത് അന്താരാഷ്ട്രത്തലത്തിലേക്ക് വിപണിവളര്‍ച്ചക്ക് സഹായിക്കും, എന്നാല്‍ ഇതിന്റെ നടത്തിപ്പിലുമുണ്ട് പല വെല്ലുവിളികള്‍.
എന്തെല്ലാം വെല്ലുവിളികള്‍ ഉണ്ടെങ്കിലും വൈവിധ്യമാര്‍ന്ന രുചിയിലും മണത്തിലും വിപണിയില്‍ എത്തുന്നതേയിലയ്ക്കു ആവശ്യക്കാര്‍ ഒരിക്കലും കുറയുന്നില്ല, അതുകൊണ്ടുതന്നെ തേയില ഉത്പാദനത്തിലും സംസ്‌കരണത്തിലും വിപണിയിലും കൂടുതല്‍ നൂതനമാര്‍ഗ്ഗങ്ങള്‍ സ്വികരിക്കേണ്ടത് ആവശ്യമാണ്; അനിവാര്യമാണ്;

 

ഗീതു എം,

പി.എച്.ഡി വിദ്യാര്‍ഥിനി,

ഡിപ്പാര്‍മെന്റ് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി,

കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍, വെള്ളാനിക്ക

 


English Summary: Secret of aromatic tea

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds