Features

വെറുതെ വെള്ളത്തിലിട്ടാൽ വേവുന്ന അരിയോ! ഈ 'റെഡി ടു ഈറ്റ് റൈസി'നെ കുറിച്ച് അറിയാമോ?

rice
ഈ 'റെഡി ടു ഈറ്റ് റൈസി'നെ കുറിച്ച് അറിയാമോ?

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ചോറ് ഏറ്റവും കൂടുതലായും പ്രധാനമായും കഴിയ്ക്കുന്നവർ നമ്മൾ മലയാളികളാണ് എന്നത് തീർച്ച. കാരണം, ഉച്ചഭക്ഷണത്തിന് റൊട്ടിയും ചപ്പാത്തിയും കഴിച്ചുള്ള ശീലം മലയാളിക്കില്ല. കേരളത്തിന് പുറത്തേക്ക് പോയാലും മുത്താഴത്തിന് അരി ആഹാരം കിട്ടുമോ എന്നാണ് നമ്മൾ അന്വേഷിക്കാറുള്ളത്. പാകം ചെയ്യുന്നതിൽ ചപ്പാത്തിയേക്കാൾ ആയാസം കുറവുള്ളത് ചോറിനാണെന്ന് പറയാം. എന്നാൽ അത് വേവാനുള്ള സമയവും, അതിന് ആവശ്യമായി വരുന്ന പാചക വാതകവുമെല്ലാം അധികമാണ്.
ഏറ്റവും കൂടുതൽ വിറകും ഗ്യാസുമെല്ലാം വീടുകളിൽ ഉപയോഗിക്കുന്നതും അരി വേവിക്കാനാണ്. വിറക് പരിമിതമായ വീടുകളിൽ ഗ്യാസ് ഉപയോഗിച്ച് അരി വേവിക്കുന്നതാകട്ടെ വലിയ പണച്ചെലവിലേക്കും നയിക്കും. അരികളുടെ ഇനം അനുസരിച്ച് ഇവ പാകമാകാൻ എടുക്കുന്ന സമയത്തിലും വ്യത്യാസം വരുന്നു. അതായത്, വേഗത്തിൽ വേവുന്ന അരികൾക്ക് പോലും വിറക് അടുപ്പിൽ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ സമയം വേണ്ടിവരുന്നു.

എന്നാൽ, വെള്ളത്തിൽ വെറുതെ ഇട്ടാൽ മതി, വേവിക്കാതെ തന്നെ പാകമായി കിട്ടുന്ന അരിയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? അഘോനി ബോറ അരി എന്നാണ് ഇതിന്റെ പേര്. ഈ അരി വേവിയ്ക്കേണ്ട ആവശ്യമില്ല. സാധാരണ പച്ചവെള്ളത്തിൽ അര മണിക്കൂർ വച്ചാൽ അരി വെന്ത് ചോറാകും. ചൂടുവെള്ളത്തിലാണ് ഇടുന്നതെങ്കിൽ വെറും 15 മിനിറ്റിലും അരി ചോറായി തയ്യാറാകുന്നു.
കട്ടക്കിലെ Central Rice Research Institute (CRRI) പുറത്തിറക്കിയ പുതിയ നെല്ലിനമാണ് അഘോനി ബോറ അരി. 'റെഡി ടു ഈറ്റ് റൈസ്' എന്ന് അറിയപ്പെടുന്ന അഘോനി ബോറ അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. എന്നാൽ തെലങ്കാനയിലെയും കേരളത്തിലെയും കർഷകർ ഇത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്കും ഗ്യാസും സമയവും ലാഭിക്കുന്ന ഈ അരി അനുയോജ്യമെന്നാണ് ഇത് കൃഷി ചെയ്ത കർഷകർ അവകാശപ്പെടുന്നത്.

'റെഡി ടു ഈറ്റ് റൈസ്' അരിയെ കുറിച്ച് കൂടുതലറിയാം (More To Know About Ready To Eat Rice)

വേവിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് ഈ പ്രത്യേക അരിയ്ക്ക് ആവശ്യക്കാരും ഏറിവരികയാണ്. യാത്രകളിലും മറ്റും നിങ്ങൾക്ക് ചോറ് നിർബന്ധമാണെങ്കിൽ ഇനി രണ്ട് പിടി അഘോനി ബോറ അരിയെയും കൂടെ കൂട്ടാം. കാരണം നിലവിൽ ആശ്രയിക്കുന്ന കപ്പ് ന്യൂഡിൽസിനേക്കാൾ കപ്പ് റൈസ് വളരെ ഉത്തമമാണ്. 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും അടങ്ങിയിട്ടുള്ള അരിയ്ക്ക് ജൈവവളങ്ങളെയാണ് താൽപ്പര്യം. അതായത്, രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ ഈ അരി വളരില്ലെന്ന് പറയുന്നു.
അരി വെള്ളത്തിലിട്ട് കുതിർത്ത് ചോറാക്കി കഴിഞ്ഞാൽ, പാലോ തേനോ ശർക്കരയോ തേനോ യോഗർട്ടോ അങ്ങനെ ഏത് കോമ്പോയാക്കിയും കഴിയ്ക്കാം.

അഘോനി ബോറ അരി ശരിക്കും പറഞ്ഞാൽ പുതിയ ഒരിനം അരിയാണെന്ന് പറയാനാവില്ല. അസമിലെ ജനങ്ങൾ വിശേഷ ദിവസങ്ങളിൽ രുചിയേറിയ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ ഈ അരി ഉപയോഗിക്കുന്നു. കൂടാതെ, ഇവിടുത്തെ ജനപ്രിയ പ്രഭാത ഭക്ഷണമായ ജോൾ പാൻ ഉണ്ടാക്കാനും ഈ സവിശേഷ അരിയാണ് തെരഞ്ഞെടുക്കുന്നത്.

അഘോനി ബോറ ഇനത്തിലെ അരി പെട്ടെന്ന് വേവുന്നതിന് കാരണം ഇവയിലെ അമിലോസിന്റെ അളവാണ്. സാധാരണ അരികളിൽ അമിലോസ് 20 മുതൽ 25% വരെ ഉണ്ടാകാം. എന്നാൽ, ഈ പ്രത്യേക അരിയിൽ ഇത് 5%ത്തിലും കുറവായാണ് കാണപ്പെടുന്നത്. ഒരു ഹെക്ടറിൽ നാല് ടണ്ണിലധികം നെല്ല് തരുന്ന ഈ ഇനത്തിലെ അരി 140ലധികം ദിവസം മൂപ്പ് വരുന്നവയാണ്. ലഡാക് പോലുള്ള പ്രദേശങ്ങളിലും സൈനികർക്കും ഉപയോഗിക്കാനാവുന്ന ഒരു നെല്ലിനം കൂടിയാണിത്.

ബന്ധപ്പെട്ട വാർത്തകൾ: കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

എന്നാൽ അരി നന്നായി കഴുകി ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യത്തിന് പ്രശ്നമായി വന്നേക്കാം. കാരണം അരി വേവിക്കുമ്പോൾ അണുക്കൾ നശിക്കുന്ന പോലെ വെള്ളത്തിലിട്ട് വച്ച് കുതിർക്കുന്ന അരിയിൽ നിന്ന് മാലിന്യം പോകുന്നത് കുറവായിരിക്കും.

കടപ്പാട്: പ്രമോദ് മാധവൻ 

            കൃഷി ഓഫീസർ


English Summary: Spicial Rice Cooked In Normal Water Without Heating; More To Know About The Ready To Eat Variety

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds