<
Features

മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കൂ, ഗുണമേറെയാണ്

മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയർ, വൻപയർ, കടല  പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. മുളപ്പിക്കുന്നത് ധാന്യങ്ങളിലെയും പയർവർഗങ്ങളിലെയും ആരോഗ്യ ഗുണങ്ങൾ വർധിപ്പിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി-ന്യൂട്രിയന്റുകൾ ഇവയിലുണ്ട്. ഏറെ പ്രോട്ടീനും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മുളപ്പിക്കുന്നത് വഴി പയർ വർഗങ്ങളിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളും ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കും.  ഇവ സങ്കീര്‍ണ്ണമായ കൊഴുപ്പുകളെ വിഘടിപ്പിക്കുകയും, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും. 

ബദാം പോലുള്ളവ മുളപ്പിക്കുന്നത് വഴി അവയില്‍ ഒളിഞ്ഞിരിക്കുന്ന പോഷകങ്ങളെ പുറത്തെടുക്കാനാവും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ലൈപേസ് എന്ന ഘടകം മുളപ്പിച്ച ബദാമിലുണ്ട്. ആല്‍ഫാല്‍ഫ, മുള്ളങ്കി, കോളിഫ്ലവര്‍, സോയബീന്‍ തുടങ്ങിയവയിലൊക്കെ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ ചെറുക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഇവയിലടങ്ങിയിട്ടുണ്ട്.

ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് മുളപ്പിച്ച ധാന്യങ്ങളും, പയര്‍ വര്‍ഗ്ഗങ്ങളും കഴിക്കുന്നത്. ചെറുപയര്‍, കടല, വെള്ളക്കടല, വന്‍പയര്‍ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച് പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. മുളപ്പിച്ച അല്‍ഫാല്‍ഫയില്‍ മാംഗനീസ്, വിറ്റാമിന്‍ എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും.
sprouted green gram salad
വേവിക്കാത്ത പച്ചക്കറികളിലും, പഴങ്ങളിലും അടങ്ങിയതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ എന്‍സൈമുകള്‍ അടങ്ങിയവയാണ് മുളപ്പിച്ചവ.  പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍റെ അളവ് മുളപ്പിക്കുന്നതോടെ ഗണ്യമായി വര്‍ദ്ധിക്കും. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മുളപ്പിച്ച ധാന്യ, പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് സഹായിക്കും .  ദഹനത്തിനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന നാരുകള്‍ മുളകളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് ടോക്സിനുകളും, അനാവശ്യമായ കൊഴുപ്പും പുറന്തള്ളാന്‍ നാരുകള്‍ സഹായിക്കും. 

മുളപ്പിക്കുന്നത് വഴി പയർ വർഗങ്ങൾ ,ധാന്യങ്ങൾ എന്നിവയിലെ വിറ്റാമിൻ വര്‍ദ്ധിക്കും. വിറ്റാമിന്‍ എ, ബി കോംപ്ലക്സ്, സി, ഇ എന്നിവ ഇവയില്‍ പ്രധാനമാണ്. ശരിയായ ആഹാരരീതി ഇല്ലാത്തത് മൂലം ശരീരത്തിലെ അമിനോ ആസിഡിന്‍റെ അളവില്‍ കുറവ് അനുഭവപ്പെടാം.

ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന ഘടകമായ അമിനോ ആസിഡുകള്‍ ശരീരത്തിന് ലഭിക്കാന്‍ മുളപ്പിച്ച ഭക്ഷ്യധാന്യങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും സഹായിക്കും. ശരീരത്തിന് വേഗത്തില്‍ ഉപയോഗപ്പെടുത്താവുന്ന പലതരം ധാതുക്കള്‍ മുളകളില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ആല്‍ക്കലൈന്‍ മിനറലുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ദഹനസമയത്ത് പ്രോട്ടീനുകള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ഇവ സഹായിക്കും. 

gram salad




മുളപ്പിക്കേണ്ടതെങ്ങനെ?
വിത്തുകള്‍, ധാന്യങ്ങള്‍, പരിപ്പുകള്‍, പയര്‍ തുടങ്ങിയവ വീട്ടില്‍ തന്നെ എളുപ്പത്തില്‍ മുളപ്പിക്കാനാവുന്നവയാണ്.ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം.

മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്ക്കണം 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു കളയുക. രണ്ടു നേരവും ഈ പ്രക്രിയ ആവർത്തിക്കുക. ചെറുപയർ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയർവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും.

English Summary: Sprouted Green Gram - Health Benefits

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds