Features

മുസ്തഫ- മനോധൈര്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

1994 മാര്‍ച്ച് 28....
മുസ്തഫയ്ക്ക് ഇന്നും ആ ദിവസം മറക്കാന്‍ കഴിയില്ല. തന്റെ ജീവിതത്തിന്റെ അലകും പിടിയും വിധി മാറ്റിമറിച്ച ദുര്‍ദിനം.... മുസ്തഫയുടെ 28-ാം പിറന്നാളിന്റെ അടുത്ത ദിവസമായിരുന്നു അത്. മുസ്തഫ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി അപ്രതീക്ഷിതമായി കൂട്ടിയിടിച്ചു. കാഴ്ചയ്ക്ക് താരതമ്യേന ചെറിയ അപകടം. ഒടിവു ചതവുകളോ രക്തച്ചൊരിച്ചിലുകളോ ഇല്ല. പക്ഷെ നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍? വയറിനു പിന്‍ഭാഗത്തുവച്ച് നട്ടെല്ലൊടിഞ്ഞു, സുഷുമ്‌ന നാഡിയറ്റു! നെഞ്ചിനു താഴെ ചലനമറ്റ ദുരവസ്ഥ!! ഇന്നും അതോര്‍ക്കുമ്പോള്‍ മുസ്തഫ ദു:സ്വപ്നം കണ്ടതുപോലെ ആകുലനാകും. തുടര്‍ന്ന് വിവിധയിടങ്ങളിലായി നിരവധി ചികില്‍സകളുടെ പെരുമഴക്കാലം. കോഴിക്കോട് മെഡിക്കല്‍ കോളേജും മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജുമായി നീണ്ട ആശുപത്രി വാസം, നിരവധി സര്‍ജറികള്‍. എല്ലാറ്റിനുമൊടുവില്‍ ഡോക്ടര്‍മാര്‍ മുസ്തഫയുടെ നിസ്സഹായതയ്ക്ക് സാക്ഷ്യപത്രം നല്‍കി.

95 ശതമാനം വൈകല്യം! പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല. മൂന്നു വയസ്സുകാരന്‍ മകന്‍ മുര്‍ഷിദ്, 21 കാരിയായ ഭാര്യ സഫിയ, വാര്‍ദ്ധക്യത്തിലെത്തിയ ഉമ്മയും ബാപ്പയും.... ഒരു കുടുംബത്തിന്റെ ചുമതല ചുമലിലേറ്റേണ്ട പ്രായത്തില്‍ മുസ്തഫ നിസ്സഹായകനായി പകച്ചിരുന്നു.

വര്‍ണ്ണഭംഗിയാര്‍ന്ന സ്വപ്നങ്ങള്‍ ചിറകുകരിഞ്ഞ പ്രതീതി. ഒന്നു ചരിഞ്ഞു കിടക്കാന്‍ പോലും കഴിയാത്ത മുസ്തഫയുടെ നിസ്സഹായത കണ്ട് എല്ലാവരും സഹതപിച്ചു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നുവെങ്കിലും തുടക്കത്തില്‍ ആശ്വാസവാക്കുകളുമായെത്തിയ സുഹൃത്തുക്കളുടെ എണ്ണവും പിന്നീട് കുറഞ്ഞു വന്നു. ചലനമറ്റ ശരീരവും നിറം മങ്ങിയ സ്വപ്നങ്ങളും ദു:ഖഭാരം പേറുന്ന മനസ്സുമായി മുസ്തഫ മാസങ്ങളോളം ശയ്യാവലംബനായി തുടര്‍ന്നു. 
Musthafa

ഒരന്വേഷണത്തിന്റെ തുടക്കം
അപകടത്തെ തുടര്‍ന്ന് മുസ്തഫയെ നിരന്തരം അലട്ടിയിരുന്ന ഒരു പ്രശ്‌നമായിരുന്നു മൂത്രത്തില്‍ പഴുപ്പ് കയറുക എന്നത്. നിരവധി ചികില്‍സകള്‍ നടത്തിയിട്ടും കാര്യമായ ഗുണമൊന്നും കണ്ടില്ല. ഒടുവില്‍ സ്വാമി നിര്‍മലാനന്ദഗിരിയെ കണ്ടപ്പോള്‍ അദ്ദേഹം കുറെ പച്ചമരുന്നുകള്‍ ഒരു ഓലയില്‍ കുറിച്ചു നല്‍കി. മുസ്തഫ ഈ കുറിപ്പുമായി ഔഷധസസ്യങ്ങള്‍ തേടിയിറങ്ങി. പക്ഷെ നിരാശയായിരുന്നു ഫലം. കുറിപ്പില്‍ പറഞ്ഞിരിക്കുന്ന അപൂര്‍വ്വമായ ഔഷധച്ചെടികളൊന്നും കണികാണാന്‍ പോലുമില്ല, അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ; ചെടികള്‍ കിട്ടിയേ തീരൂ. അല്ലാതെ രോഗശാന്തി കിട്ടില്ല. അങ്ങനെയാണ് മുസ്തഫ വിവിധതരം ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്. കുറുവ പഞ്ചായത്തില്‍ ചട്ടിപ്പറമ്പിലെ ഒന്നരയേക്കര്‍ തരിശുഭൂമി മുസ്തഫ ഇതിനായി വാങ്ങി. അപകടത്തില്‍ പെട്ടതിന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ തുകയാണ് മുസ്തഫ ഇതിനുവേണ്ടി എടുത്തത്. തന്റെ ജീവിതത്തിന് ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ച വില തികഞ്ഞ ഇച്ഛാശക്തിയോടെയാണ് മുസ്തഫ അവിടെ മുടക്കിയത്. ഇതില്‍ ഒരു പത്തു സെന്റ് സ്ഥലത്തെങ്കിലും പരമാവധി ഔഷധച്ചെടികള്‍ നട്ടുപിടിപ്പിക്കണം; മുസ്തഫ മനസ്സില്‍ ഉറപ്പിച്ചു. 

അപകടം പിണഞ്ഞപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ തുക കൊണ്ട് മുസ്തഫ തരിശു ഭൂമി വാങ്ങുന്നത് കണ്ട് പരിസരവാസികള്‍ ഒരിക്കല്‍ കൂടെ സഹതപിച്ചു. എന്നാല്‍, ഇത്തരം അഭിപ്രായപ്രകടനങ്ങളൊന്നും മുസ്തഫയെ ബാധിച്ചില്ല. വീല്‍ചെയറിലിരുന്നുകൊണ്ടുതന്നെ കയ്യെത്തുന്നിടത്തെല്ലാം മുസ്തഫ കരിനൊച്ചിയും ഇരുവേലിയും പനിക്കൂര്‍ക്കയും ചെറിയ ആടലോടകവും വാതംകൊല്ലിയും കീഴാര്‍നെല്ലിയും കറ്റാര്‍വാഴയും അശോകവും കൂവളവും തഴുതാമയും എന്നു വേണ്ട ഒട്ടു മിക്ക ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ചു. ഏത് നിത്യഹരിതവനവും തോറ്റുപോകുന്നു അതിമനോഹരമായ ഒരു മാതൃകാ ഔഷധഉദ്യാനമാണിന്ന് ഇവിടം. കൊടും കാടുകളില്‍ പോലും കിട്ടാത്ത ഔഷധച്ചെടികള്‍ വേണമെങ്കില്‍ മുസ്തഫയുടെ തോട്ടത്തിലേക്ക് വന്നാല്‍ മതി. അപൂര്‍വമായ ഏതാണ്ട് ഇരുന്നൂറോളം ഔഷധസസ്യങ്ങള്‍ ഇവിടെ സുലഭം. ഇതിനോടനുബന്ധിച്ചുളള കാവിലാകട്ടെ 360 ല്‍ പരം ഔഷധസസ്യങ്ങളും വളരുന്നു. 

ഇവിടുത്തെ ഔഷധസസ്യ നഴ്‌സറിയില്‍ നിന്ന് പരിസരപ്രദേശങ്ങളിലുളള വീടുകളിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും ആയിരക്കണക്കിന് ഔഷധത്തൈകള്‍ നിരന്തരം മുസ്തഫ നല്‍കുന്നു; ഒപ്പം വളര്‍ത്തേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും.

''ആയുര്‍വേദമേഖലയില്‍ ഇപ്പോള്‍തന്നെ 1250 രജിസ്റ്റേഡ് മരുന്നു കമ്പനികള്‍ നിലവിലുണ്ട്. ഇത്രയും കമ്പനികള്‍ ലോകത്ത് മറ്റെവിടെയുമില്ല.... പക്ഷെ ഇവര്‍ക്കെല്ലാം ആവശ്യമുളള പച്ചമരുന്നുകള്‍ എങ്ങനെ കിട്ടും....?'' മുസ്തഫ ചോദിക്കുന്നു. പ്രത്യേകിച്ച് പുതുതലമുറയ്ക്ക് ഇക്കാര്യത്തില്‍ വലിയ അറിവില്ല. ഈ കുറവ് നികത്താന്‍ വേണ്ടിയാണ് മുസ്തഫ സ്‌കൂളുകളിലേക്ക് സൗജന്യമായി ഔഷധസസ്യങ്ങള്‍ നല്‍കുന്നതും നിരന്തരം ക്ലാസ്സുകളെടുക്കാന്‍ പോകുന്നതും ഒരു വര്‍ഷം സ്‌കൂളിനു തന്നെ കുറഞ്ഞത് 5000 തൈകള്‍ എങ്കിലും സൗജന്യമായി നല്‍കും.

ഇപ്പോള്‍ മുസ്തഫ തോട്ടത്തിനു നടുവിലായി ഒരു ഔട്ട് ഹൗസ് നിര്‍മ്മിക്കുന്നു. രണ്ടു മുറിയുണ്ട്. ഔഷധസസ്യകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനും താല്‍പര്യമുളളവര്‍ക്ക് വരാനും തങ്ങാനും ഗവേഷണപഠനത്തിനും വേണ്ടി. ഇതിനു പുറമെ നിരവധി മരുന്നു കമ്പനികളും ഔഷധശാലക്കാരും യോഗമൊപ്പിച്ചുളള ഔഷധനിര്‍മ്മാണത്തിന് ഔഷധച്ചെടികള്‍ തേടി എത്തുന്നതും ഇവിടെത്തന്നെ. ഇടക്കാലത്ത് ഇത്തരം ആവശ്യക്കാര്‍ക്കു വേണ്ടി മൂന്നേക്കറില്‍ മഞ്ഞളും കൊടുവേലിയും ഒക്കെ വളര്‍ത്തിയത് ഏറെ ആദായകരമായി.

വേറിട്ട കൃഷിക്കാഴ്ചകള്‍
ഔഷധസസ്യകൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല മുസ്തഫയുടെ കൃഷിയോടുളള പ്രതിപത്തി. ആകെയുളള 14 ഏക്കര്‍ സ്ഥലത്തില്‍ അഞ്ചേക്കറില്‍ വിസ്തൃതവിശാലമായ മരച്ചീനിത്തോട്ടം; ദിവാന്‍, എം-4, ആനക്കൊമ്പന്‍, മൂത്തച്ചി തുടങ്ങിയ വിവിധതരം കപ്പ തഴച്ചുവളര്‍ന്ന് നില്‍ക്കുന്നു. കൂടാതെ ചേനയും വെളളരിയും കുമ്പളവും ചുരയ്ക്കയും മറ്റു പച്ചക്കറികളും വേറെ. ഇതിനെല്ലാം പുറമെയാണ് പതിനൊന്നു തരം വാഴയിനങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന വാഴത്തോട്ടം. പൂജാകദളി, ചെങ്കദളി, കുന്നന്‍, തട്ടയില്ലാക്കുന്നന്‍ തുടങ്ങി വ്യത്യസ്ഥ ഇനങ്ങള്‍. സര്‍വം ജൈവമയമായതിനാല്‍ ഒക്കെയും വാങ്ങാന്‍ ആവശ്യക്കാര്‍ തോട്ടത്തിലെത്തിക്കൊളളും. ഇതിനിടയ്ക്ക് പച്ചക്കറിക്കൃഷിയുമായി സഹകരിക്കുന്ന വിവിധ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുളിലും മുസ്തഫ അംഗമാണ്; വഴികാട്ടിയാണ്; ഉപദേഷ്ടാവാണ്.
Musthafa
ചലനം.......ചലനം
ആരോഗ്യമുളള ശരീരവും കരത്തേറിയ രണ്ടു കാലുകളുമുണ്ടായിട്ടും സാധാരണ മനുഷ്യര്‍ എത്താത്തിടത്തെല്ലാം മുസ്തഫ അനായാസം എത്തുന്നു. ഇതിന് മുസ്തഫയെ സഹായിക്കുന്നതാകട്ടെ സ്വയം മോഡിഫൈ ചെയ്ത കെ.എല്‍ 10 എ.എഫ് 876 എന്ന വെളുത്ത വാഗണര്‍ കാറും. ക്ലച്ചും ഗിയറും ആക്‌സിലേറ്ററും എല്ലാം കയ്യില്‍ തന്നെ. സ്വന്തം ജീവിതം ഇത്തരത്തില്‍ ചലനാത്മകമാകുമ്പോഴും തന്നെപ്പോലെ വിധി വൈപരീത്യത്താല്‍ ചലനശേഷി നഷ്ടമായി കിടക്കയില്‍ തളയ്ക്കപ്പെട്ടവര്‍ക്ക് മുസ്തഫ വഴികാട്ടിയും സഹായിയുമായി. ഇതിനായി കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നാഷണല്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ മുസ്തഫയെ ക്ഷണിച്ചു. ഇവിടം മുതല്‍ വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് നല്‍കുന്നതില്‍ മുസ്തഫ വിജയിച്ചു. മാരുതി മുതല്‍ ഇന്നോവയും ഹോണ്ട സിറ്റിയും വരെ ഏതാണ്ട് അഞ്ഞൂറോളം വാഹനങ്ങള്‍ ഇദ്ദേഹം ആവശ്യക്കാര്‍ക്ക് മോഡിഫൈ ചെയ്ത് നല്‍കിക്കഴിഞ്ഞു. ഒപ്പം വൈകല്യമനുസരിച്ച് വാഹനം ഓടിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ചട്ടിപ്പറമ്പില്‍ മുസ്തഫ 'പെര്‍ഫെക്ട് വെഹിക്കിള്‍ കെയര്‍ സെന്ററും' നടത്തുന്നു. മനുഷ്യന്റെ ചലനമോഹങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന വിധിവൈപരീത്യത്തെ തികഞ്ഞ ചങ്കുറപ്പോടെ നേരിടുന്ന മുസ്തഫയുടെ ഇച്ഛാശക്തിയുടെ നേര്‍സാക്ഷ്യമാണിത്.

അംഗീകാരങ്ങള്‍
വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച് തന്റെ വൈഷമ്യം മറികടക്കുന്ന മുസ്തഫയ്ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ആത്മയുടെ ഫാം സ്‌കൂളായും പഞ്ചായത്തിന്റെ പ്രദര്‍ശനത്തോട്ടമായും മുസ്തഫയുടെ ഔഷധ ഉദ്യാനം തെരെഞ്ഞെടുത്തിട്ടുണ്ട്. ഔഷധമിത്രം അവാര്‍ഡ്, മാതൃകകര്‍ഷകന്‍ അവാര്‍ഡ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്, നാഗാര്‍ജ്ജുന അവാര്‍ഡ് തുടങ്ങിയവ ഇവയില്‍ ഏതാനും ചിലതു മാത്രം. ചെട്ടിപ്പറമ്പ് അങ്ങാടിയില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഒരു ഏജന്‍സിയും മുസ്തഫ നടത്തുന്നു.

ശരീരത്തിന്റെ ചലന ശേഷി 95 ശതമാനവും നഷ്ടമായിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അവശേഷിക്കുന്ന 5 ശതമാനം കൊണ്ട് തന്റെയും തന്റെ ചുറ്റുമുളളവരുടെയും ജീവിതം വര്‍ണ്ണാഭമാക്കുകയാണ് തേരപ്പ മുസ്തഫ എന്ന ഈ 52 കാരന്‍. 

മുസ്തഫ - 9447137572

തയ്യാറാക്കിയത്
സുരേഷ് മുതുകുളം, എഡിറ്റര്‍, കൃഷിജാഗരണ്‍ മലയാളം

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox