വാസ്തുവിൽ നിന്ന് വസുധയിലേക്ക്: ഡോ: പ്രസൂൺ പൂതേരിയുടെ വിജയഗാഥ.
പഠനവും ഗവേഷണവും വാസ്തുകലയില്‍
നാലുകെട്ടിനെക്കുറിച്ച് ഗവേഷണം നടത്തി നേടിയ ഡോക്ടറേറ്റ് പോലെ വിശേഷണങ്ങള്‍ പലതുണ്ട് വയനാട് പനമരം അമ്പലക്കര ഡോ. പ്രസൂണ്‍ പൂതേരിയെക്കുറിച്ച് പറയാന്‍. എന്നാലിന്ന് പ്രസൂണ്‍ അറിയപ്പെടുന്നത് കാര്‍ഷിക മേഖലയിലെ പുതുനാമമായ അഗ്രിപ്രണര്‍ അല്ലെങ്കില്‍ കാര്‍ഷിക സംരംഭകന്‍ എന്ന പേരിലാണ്. ക്ഷീരമേഖലയേയും കൃഷിയേയും സമുന്നയിപ്പിച്ച് കൃഷിയധിഷ്ഠിതമായ സംരംഭത്തിലൂടെ വരുമാനവും ലാഭവും അതിലൂടെ നാടിന്‍റെ വികസനവുമെന്ന സ്വപ്നമാണ് ഇന്ന് പ്രസൂണിനുള്ളത്. പരമ്പരാഗത കാര്‍ഷിക കുടുംബമായ പനമരം മോഹനൻ പൂതേരിയുടെയും പ്രീതയുടെയും മകനായ പ്രസൂണിന് പഠനകാലത്തും കൃഷിയോടായിരുന്നു ഏറെ താല്‍പര്യം. എങ്കിലും പഠനം ഉപേക്ഷിച്ചില്ല. അങ്ങനെയാണ് കേരളത്തിലെ നാലുകെട്ടുകളെക്കുറിച്ച് പഠിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയത്.
സ്വന്തമായുള്ള അഞ്ചേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത പത്ത് ഏക്കര്‍ സ്ഥലത്തുമായി ഡയറി ഫാം നടത്തിവരികയാണ് ഡോ. പ്രസൂണ്‍. അച്ഛന്‍റെ കാലം മുതല്‍ പശുവളര്‍ത്തലും കൃഷിയുമൊക്കെയുണ്ടായിരുന്നെങ്കിലും താന്‍ ഈ മേഖലയിലേക്ക് കടന്നുവന്നിട്ട് ഏകദേശം ഒരു പതിറ്റാണ്ടോളമെ ആയിട്ടുള്ളു എന്ന് പ്രസൂണ്‍ പറയുന്നു. എച്ച്.എഫ്,ജേഴ്സി ഇനങ്ങളില്‍പെട്ട മുപ്പത്തിനാല് പശുക്കളാണ് ഫാമിലുള്ളത്. ഇതേ സ്ഥലത്ത് തന്നെ ഇവയ്ക്കാവശ്യമായ പുല്‍കൃഷിയും നടത്തിവരുന്നുണ്ട്. പ്രസവിച്ച് മൂന്ന് മാസം കഴിയുമ്പോള്‍ കിടാരികളെ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കും. ഏകദേശം ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവയെ വയനാട്ടിലെ ഫാമിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരും. നേപ്പാളി കുടുംബത്തില്‍ പെട്ട നാലു തൊഴിലാളികളും നാട്ടുകാരനായ ഒരു സൂപ്പര്‍വൈസറും സ്ഥിരമായി പശുപരിപാലന രംഗത്തുണ്ട്. തീറ്റ, പശുക്കളെ കുളിപ്പിക്കല്‍, കറവ, പാല്‍ സൊസൈറ്റിയിലെത്തിക്കല്‍ എന്നിവയെല്ലാം ഈ തൊഴിലാളികളെ ഉപയോഗിച്ചാണ് ചെയ്യുന്നത്. പ്രതിദിനം അഞ്ഞൂറ് ലിറ്റര്‍ പാല്‍ ഡോ. പ്രസൂണിന്‍റെ ഡയറിഫാമില്‍ ഉല്‍പാദിപ്പിക്കുന്നു.
സാധാരണ പശുക്കള്‍ക്ക് നല്‍കുന്ന പുല്ലും തീറ്റയും കൂടാതെ ചോളം മുളപ്പിച്ച് അഡീഷണല്‍ പോഷണമായി നല്‍കുന്നു. തൊഴിലാളികള്‍ക്കും വീട്ടിലേക്കും പാചകത്തിനാവശ്യമായ മുഴുവന്‍ പാചകവാതകവും ബയോഗ്യാസ് പ്ലാന്‍റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ചാണകവും ബയോഗ്യാസ് പ്ലാന്‍റില്‍ നിന്ന് പുറത്തുവരുന്ന സ്ലറിയും പുല്‍കൃഷിക്കും മറ്റ് കൃഷികള്‍ക്കും വളമായി ഉപയോഗിക്കുന്നു. ഭാവിയില്‍ സ്ലറിയും ചാണകവും വില്‍പ്പന നടത്താനും ഡയറിഫാമില്‍ പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഡോ. പ്രസൂണ്‍ പദ്ധതിയിടുന്നുണ്ട്.
വയനാട് ജില്ലയിലെ മികച്ച ഡയറി ഫാമുകളിലൊന്നാണ് ഡോ. പ്രസൂണിന്‍റേത്. ഗുണമേന്മയും ശുദ്ധിയുമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വസുധ (വയനാട് സൂപ്രീം ഡയറി കമ്പനി) എന്ന പേരില്‍ ഒരു സംരംഭം തന്നെ ക്ഷീര-കാര്‍ഷിക മേഖലയില്‍ ഡോ. പ്രസൂണ്‍ ആരംഭിച്ചിട്ടുണ്ട്.. സമാനമായ മറ്റ് അഗ്രിസംരംഭകരില്‍ നിന്നും ഡയറി ഫാമുകളില്‍ നിന്നും പാല്‍ ശേഖരിച്ച് വസുധയുടെ പേരില്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പാല്‍ കൂടാതെ തൈര്, നെയ്യ് എന്നിവയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡയറി ഡിപ്പാര്‍ട്ട്മെന്‍റിന്‍റേയും ക്ഷീരവികസന വകുപ്പിന്‍റെയും സാങ്കേതിക സഹായങ്ങളും വിദഗ്ധോപദേശവും ലഭിച്ചുവരുന്നുണ്ട്. ഇതിനായി പ്ലാന്‍റും സജ്ജീകരിച്ചുകഴിഞ്ഞു. പള്ളിക്കുന്നിൽ പ്രവര്‍ത്തിക്കുന്ന പാല്‍ സംസ്ക്കരണ കേന്ദ്രത്തില്‍ മണിക്കൂറില്‍ അഞ്ഞൂറ് ലിറ്റര്‍ പാല്‍ സംസ്‌കരിക്കാൻ പറ്റും. വയനാട്ടിലെ പാല്‍ വയനാട്ടില്‍ തന്നെ ആദ്യഘട്ടത്തില്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. വസുധയുടെ പ്രചരണത്തിനും മാര്‍ക്കറ്റിംഗിനും മറ്റുമായി ഇതിനോടകംതന്നെ ആറോളം ജീവനക്കാരെ നിയമിച്ചുകഴിഞ്ഞു. ഇവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കികഴിഞ്ഞു. പ്രതിദിനം 2,30,000 ലിറ്റർ പാൽ ഉല്പാദിപ്പിക്കുന്ന വയനാട്ടിൽ കാൽ ലക്ഷത്തോളം പേർ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവർക്ക് താങ്ങായി വയനാടിന്റെ സ്വന്തം കാർഷിക സംരംഭകനായി മാറാൻ ഒരുങ്ങുകയാണ് ഡോ. പ്രസൂൺ പൂതേരി.
സി.വി.ഷിബു.
English Summary: Success story of Dr. Prasoon pootheri
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments