Features

ചിരട്ടയില്‍ വളരുന്നു മരിയയുടെ ബിസിനസ് സ്വപ്‌നങ്ങള്‍

മരിയ കുര്യാക്കോസ്
മരിയ കുര്യാക്കോസ്

ജീവിതത്തില്‍ എല്ലാവര്‍ക്കുമുണ്ടാകും പലതരം സ്വപ്നങ്ങള്‍. ചിലര്‍ സ്വപ്നങ്ങളുടെ വഴിയേ പോകും. വേറെ ചിലരാകട്ടെ ഇടയ്ക്ക് വഴിമാറിപ്പോയേക്കും.

എന്നാല്‍ ചില സ്വപ്നങ്ങള്‍ നമ്മള്‍ മറന്നുപോയാലും നമ്മെ തേടിയെത്തും. കുഞ്ഞുന്നാളുമുതലേ മരിയയ്ക്കുമുണ്ടായിരുന്നു ഒരു സ്വപ്നം. സ്വന്തമായി എന്തെങ്കിലും ബിസിനസ് ഉണ്ടാകണം. സ്വന്തം നാട്ടിലെ ഏതെങ്കിലും കാര്‍ഷികോത്പന്നത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തണം.  വളര്‍ന്നപ്പോഴും മരിയ തന്റെ സ്വപ്നം കൈവിട്ടില്ല.

ഒരു കാര്‍ഷികോത്പ്പന്നത്തെ എങ്ങനെ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാമെന്നതിന്റെ ഉത്തമ മാതൃക കൂടിയാണിപ്പോള്‍ തൃശ്ശൂര്‍ സ്വദേശിനി മരിയ കുര്യാക്കോസ്. ചിരട്ട ഉപയോഗിച്ചുളള വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ ' തേങ്ങ ' എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണനം ചെയ്യുന്ന മരിയയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

പ്ലസ്ടു കഴിഞ്ഞശേഷമാണ് ഉപരിപഠനത്തിനായി മരിയ ബോംബെയിലേക്ക് ചേക്കേറിയത്. ഇക്കണോമിക്സും ബിസിനസ് അഡ്മിനിസ്ട്രേഷനുമെല്ലാം പൂര്‍ത്തിയാക്കി അവിടെ നല്ലൊരു ജോലിയും സ്വന്തമാക്കി. എങ്കിലും പഴയ സ്വപ്നം മരിയയുടെ മനസ്സില്‍ത്തന്നെയുണ്ടായിരുന്നു. നാട്ടിലെത്തി പഴയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം. പ്രകൃതിദത്ത ഉത്പ്പന്നങ്ങളോട് പണ്ട് മുതലേ ചെറിയൊരിഷ്ടം കൂടുതലുണ്ട്. തേങ്ങയും അതിന്റെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുമായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് കൂടുതല്‍ സാധ്യതകളെപ്പറ്റി അന്വേഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തതോടെ ചിരട്ടയിലെത്തിച്ചേര്‍ന്നു. തേങ്ങ എടുത്ത ശേഷം നമ്മള്‍ ഉപേക്ഷിക്കുന്ന ചിരട്ടയില്‍ നിന്ന് എങ്ങനെ മികച്ച ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാമെന്നതിനെപ്പറ്റിയായി പീന്നീടുളള ഗവേഷണങ്ങള്‍.

''പഴയകാലത്ത് നമ്മുടെ അടുക്കളകളില്‍ ചിരട്ടകൊണ്ടുളള തവിയും മറ്റും പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ അവയൊക്കെ നമ്മുടെ അടുക്കളയില്‍ നിന്ന് അപ്രത്യക്ഷമായി. ചിരട്ട കൊണ്ടുളള അടുക്കള ഉത്പ്പന്നങ്ങളില്‍ പുതുമകള്‍ അന്വേഷിച്ചതോടെയാണ് കൂടുതല്‍ വിപണനസാധ്യതകളും തെളിഞ്ഞത്.- മരിയ പറഞ്ഞു.  
ചിരട്ട മിനുസപ്പെടുത്തി അടുക്കള ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ മരിയയ്ക്ക് ആദ്യം പ്രോത്സാഹനമായത് എഞ്ചീനിയര്‍ കൂടിയായ അച്ഛന്‍ കുര്യാക്കോസാണ്. വീട്ടില്‍ത്തന്നെയായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. അതിനായുളള ഉപകരണം നിര്‍മ്മിച്ചുനല്‍കിയതും  അച്ഛന്‍ തന്നെയായിരുന്നു. സംഭവം വിജയമായതോടെ മരിയയ്ക്ക് പിന്നീട് സംശയിച്ചുനില്‍ക്കേണ്ടിവന്നില്ല. തന്റെ ബ്രാന്‍ഡിന് 'തേങ്ങ'യെന്ന പേരും നല്‍കി.

2019 ല്‍ തൃശ്ശൂരിലാണ് കമ്പനി തുടങ്ങിയതെങ്കിലും പിന്നീട് പാലക്കാട്ടേക്ക് മാറ്റി.
ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച തവികള്‍, ബൗളുകള്‍, കട്ലറികള്‍, ചായക്കപ്പുകള്‍, മെഴുകുതിരി ഹോള്‍ഡറുകള്‍ തുടങ്ങി വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെ തേങ്ങയെന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കിയിട്ടുണ്ട്.  ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയുമെല്ലാണ്  വില്പന നടത്തുന്നത്

ചിരട്ട കൊണ്ടുളള ഉത്പ്പന്നങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്നതിനെക്കാള്‍ മികച്ച പ്രതികരണമാണ് വിദേശത്തു നിന്നും ലഭിക്കുന്നതെന്ന് മരിയ പറയുന്നു. പ്രതിമാസം ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ വരുമാനം ഇതിലൂടെ ഉറപ്പിക്കാനാകുന്നുണ്ട്. ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി രാസപദാര്‍ത്ഥങ്ങളൊന്നും ഉപയോഗിക്കാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ചിരട്ട കൊണ്ട് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വിദഗ്ധര്‍ മരിയയ്ക്ക് സഹായവുമായി ഒപ്പമുണ്ട്. എണ്ണായിരത്തില്‍പ്പരം ഉത്പ്പന്നങ്ങള്‍ തേങ്ങയെന്ന ബ്രാന്‍ഡില്‍ ഇതിനകം വില്പനയും നടത്തിക്കഴിഞ്ഞു.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :
https://malayalam.krishijagran.com/features/success-story-of-selva-mari/


English Summary: success story of mariya kuriyakose who recycles coconut shells into kitchenware

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds