Features

ഗോശാല ബിനുവിൻ്റെ  വിശേഷങ്ങള്‍

കൃഷി സംസ്‌കാരമാണ്. ജീവിതമാകണം - ഒപ്പം ജീവസന്ധാരണ മാര്‍ഗ്ഗവുമാകണം. കൃഷി പലവിളകളെ അടിസ്ഥാനമാക്കിയാകും അറിയപ്പെടുക. തെങ്ങധിഷ്ഠിത കൃഷി, നെല്ലധിഷ്ഠിത കൃഷി എന്നൊക്കെ. എന്നാല്‍, കറവപ്പശുക്കളെ പ്രധാന കൃഷിയിനമായി കണക്കാക്കി പുതുകൃഷി രീതികളെ വിജയകരമായി രചിക്കുന്നവരുമുണ്ട്. 

വാഴൂര്‍ കവുന്നിലം കളപ്പുരയിടം വീട്ടില്‍ ബിനുകുമാറിന് ഇന്ന് പ്രായം നാല്‍പ്പത്തിനാല് വയസ്സ്. ഓര്‍മ്മവെച്ച നാല്‍ മുതല്‍ പശു പരിപാലനവുമായി അച്ഛനമ്മമാരോടൊപ്പം കൂടിയതാണ്. അച്ഛന്റെ മരണശേഷം വീടിന്റെ നാഥനായി കൃഷിയില്‍ സജീവമായി. ആകെയുള്ളത് മൂന്നരയേക്കര്‍ കൃഷിഭൂമി. അതില്‍ ഒരേക്കറിലധികവും തന്റെ അരുമകളായ പശുക്കള്‍ക്കുള്ള തീറ്റപ്പുല്ലിനായി നീക്കിവെച്ചിരിക്കുന്നു. സി.ഒ.-3യാണ് തീറ്റപ്പുല്ലിലെ താരം. 500 ചുവട് മലബാര്‍ കപ്പ, 200 ചുവട് ചേന, 300 ചുവട് കാച്ചില്‍, ചേമ്പ്, ഇതര കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറിയിനങ്ങള്‍, ഇവയെല്ലാം പുരയിടത്തിന് ചാരുതയേകുന്നു. കായ്ഫലമുള്ളതും ഇല്ലാത്തതുമായ അറുപതോളം തെങ്ങുകള്‍, 300 റബര്‍ മരങ്ങള്‍. റബര്‍മരങ്ങളില്‍ ബിനുവിനിന്നും താല്‍പ്പര്യം 105 മരങ്ങളോട് തന്നെ. പരീക്ഷിച്ചറിഞ്ഞ് മികച്ചതെന്ന് തെളിയിക്കപ്പെട്ടതെന്നത് തന്നെയിതിനു കാരണം. 

ഗോശാലയിലേക്ക് വരുമ്പോഴാണ് കാഴ്ച വ്യത്യസ്തമാകുക. കറവയുള്ള 10 പശുക്കള്‍. എല്ലാം 20 ലിറ്ററിന് മുകളില്‍ പാല്‍ നല്‍കുന്നവ. 35 ലിറ്റര്‍ പാല്‍ നല്‍കുന്ന അമ്മുവെന്ന ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനത്തില്‍പ്പെട്ട പശുവാണിവരില്‍ റാണി. പത്തു കറവപ്പശുക്കളില്‍ എട്ടെണ്ണവും എച്ച്.എഫ്. ഇനത്തില്‍പ്പെട്ടവ. ഒരെണ്ണം ശുദ്ധ ജേഴ്‌സിയും ഒരെണ്ണം സിന്ധി-എച്ച്എഫ് സങ്കരയിനത്തില്‍പ്പെട്ടതും. ഓരോ പശുക്കളുടെയും വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ തൊഴുത്തിനോടു ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

cow shed

തൊഴുത്തിന്റെ രൂപഘടന, വൃത്തി എന്നിവ ശ്രദ്ധേയം. പശുക്കള്‍ക്ക് തണുപ്പ് പകരുന്നതിന് ഫാന്‍ പിടിപ്പിച്ചിട്ടുണ്ട്. ഒപ്പം, അത്യാവശ്യം പാട്ടു കേള്‍ക്കുന്നതിനുളഅള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജലത്തിന് ദൗര്‍ലഭ്യമില്ലാത്തതിനാല്‍ രണ്ടുനേരം പശുക്കള്‍ക്ക് കുളി നിര്‍ബന്ധം. കറവപ്പശുക്കള്‍ക്കു പുറമേ തൊഴുത്തിലുള്ള അഞ്ചു പശുക്കിടാക്കള്‍ക്കും കുളി ഉറപ്പാക്കും. 
ബിനുവിന്റെയും ഭാര്യ ശ്രീലജിയുടെയും സൂര്യന്‍ രാവിലെ 03 മണിക്ക് ഉദിക്കും. രാവിലെ മൂന്നര മണിക്ക് പശുക്കളെ കുളിപ്പിച്ച് കാലിത്തീറ്റ നല്‍കും. മില്‍മയുടെ 'ഗോമതി' തീറ്റയാണ് നല്‍കുക. ജീവസന്ധാരണത്തിന് പശുവൊന്നിന് രണ്ടുകിലോ തീറ്റക്കു പുറമേ പാല്‍ ലിറ്ററൊന്നിന് 400 ഗ്രാം തീറ്റ എന്ന കണക്കിനാണ് തീറ്റ നല്‍കുക. തീറ്റ നല്‍കിക്കഴിഞ്ഞാല്‍ കറവയന്ത്രം ഉപയോഗിച്ചാണ് കറവ. പരമ്പരാഗത കറവയെക്കാളും പശുക്കള്‍ ഇഷ്ടപ്പെടുന്നത് കറവയന്ത്രം ഉപയോഗിച്ചുള്ള രീതിയാണെന്ന് ബിനു പറയും. പശുക്കുട്ടി പാല്‍ കുടിക്കുന്ന തരത്തിലുള്ള അനുഭവം പശുവിന് ലഭിക്കുന്നതാണിതിനു കാരണം. കറവ കഴിഞ്ഞാല്‍ ആവശ്യത്തിന് തീറ്റപ്പുല്‍ നുറുക്കി നല്‍കും. പുല്ല് തിന്ന് കഴിഞ്ഞാല്‍ പശുക്കള്‍ക്ക് ഉച്ചയ്ക്ക് 01 മണി വരെ വിശ്രമമാണ്. 

രാവിലെ അഞ്ചര മണിക്കു മുമ്പ് തന്നെ പശുവിന്‍ പാല്‍ ആവശ്യക്കാരിലെത്തിക്കുകയെന്നത് ബിനുവിന്റെ പണിയാണ്. കോട്ടയം ജില്ലയിലെ തന്നെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കൊടുങ്ങൂര്‍ ക്ഷീരോത്പാദക സംഘമാണ് പ്രധാന വില്പന കേന്ദ്രം. സംഘത്തിന്റെ ചുമതലയില്‍ തന്നെ കുറേയധികം പാല്‍ ആവശ്യക്കാരില്‍ നേരിട്ടെത്തിക്കുന്നതും ബിനുവിന്റെ ഉത്തരവാദിത്വമാണ്. ഇതിന് കുറച്ച് കാശ് കൂടുതലായി ലഭിക്കും. ഇതിനിടയില്‍ വീട്ടിലുള്ള പാല്‍ ചില്ലറ വില്പന ഭാര്യ ശ്രീലജി നടത്തിയിരിക്കും. ശുദ്ധമായ ചൂടാറാത്ത പശുവിന്‍ പാല്‍ നാല്പതു രൂപയാണ് ലിറ്ററിന് നിരക്ക്. 

രാവിലെയുള്ള കുളിക്കു പുറമെ ഉച്ചയ്ക്ക് ഒരുമണിക്ക് പശുക്കള്‍ക്ക് തേച്ച് കുളിയാണ്. ഇതു കഴിഞ്ഞാലുടന്‍ തീറ്റ നല്‍കി കറവ തീര്‍ക്കും. തുടര്‍ന്ന് പശുക്കള്‍ക്ക് തീറ്റപ്പുല്‍ നല്‍കി വിശ്രമത്തിന് അവസരം നല്‍കും. തീറ്റ നല്‍കുന്നതിനും പാല്‍ കറക്കുന്നതിനും പരമാവധി ഇടവേള ഉറപ്പാക്കുന്നതുവഴി മികച്ച തീറ്റ പരിവര്‍ത്തനത്തിനും പാലിന്റെ അളവിലുള്ള അന്തരവും ഇത്തരത്തില്‍ കുറയ്ക്കാന്‍ കഴിയും. കൂടുതല്‍ തീറ്റ നല്‍കുകയല്ല, നല്‍കുന്ന തീറ്റ പരമാവധി ദഹനവിധേയമാക്കുന്നതിനുള്ള സമയം പശുക്കള്‍ക്ക് നല്‍കുക വളരെ പ്രധാനമെന്ന് ബിനു പറയും. പശുക്കള്‍ക്ക് വിശ്രമസമയം എത്രത്തോളം കൂടുതല്‍ നല്‍കുമോ അത്രത്തോളം പശുക്കളുടെ ആരോഗ്യവും പാല്‍ ഉത്പാദനക്ഷമതയും ഉണ്ടാകുമെന്ന് സാരം. 

duck farming

പശുക്കളുടെയും തൊഴുത്തിന്റെയും ശുചിത്വം പരമപ്രധാനമെന്ന് ഈ ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ഷീര സംഘത്തില്‍ നിന്നും ലഭിക്കുന്ന ലോഷന്‍ ഉപയോഗിച്ച് തൊഴുത്ത് നന്നായി കഴുകും. കൂടാതെ കറവ കഴിഞ്ഞാലുടന്‍ തന്നെ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ മുലക്കാമ്പുകള്‍ കഴുകിവിട്ടാല്‍ അകിടുവീക്ക ഭീഷണി പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. കറവ കഴിഞ്ഞാലുടന്‍ തന്നെ കിടക്കാന്‍ ഇഷ്ടപ്പെടുന്ന പശുക്കളുടെ തുറന്ന മുലക്കണ്ണുകളിലൂടെയുള്ള അണുക്കളുടെ വ്യാപനം ഫലപ്രദമായി ഇത്തരത്തില്‍ തടയപ്പെടുന്നതാണിതിനു കാരണം. 

ചാണകത്തിന്റെ ഒരുഭാഗം ബയോഗ്യാസ് പ്ലാന്റിലേക്ക് പോകും. ബാക്കി വരുന്നവ തീറ്റച്ചാക്കുകളില്‍ കെട്ടി നനയാതെ സൂക്ഷിക്കുകയാണ് പതിവ്. രണ്ടു മാസങ്ങള്‍ കഴിയുമ്പോള്‍ ഉണങ്ങിപ്പൊടിഞ്ഞ് പോഷക സമ്പുഷ്ടമായ ചാണകപ്പൊടി വില്പനയ്ക്ക് തയ്യാര്‍. കൈകാര്യം ചെയ്യുന്നതിലുള്ള സൗകര്യം ചാണകം വാങ്ങാനെത്തുന്നവരെ തൃപ്തിപ്പെടുത്താറുണ്ടെന്ന് ബിനു പറയുന്നു. ബയോഗ്യാസ് സ്ലറി പൂര്‍ണ്ണമായും തീറ്റപ്പുല്‍ച്ചെടികള്‍ക്കുള്ളവയാണ്. 

കറവപ്പശുക്കള്‍ക്കും കിടാക്കള്‍ക്കും പുറമെ മൂന്ന് പോത്തിന്‍ കിടാവുകളെയും ബിനു വളര്‍ത്തുന്നുണ്ട്. ഉടമയുമായി നന്നായി ഇണങ്ങുന്നവയാണ് പോത്തുകളും എരുമകളുമെന്ന് ബിനുവിന്റെ അഭിപ്രായം. ഇത്രയധികം യജമാന സ്‌നേഹം പ്രകടിപ്പിക്കുന്ന വേറെ വളര്‍ത്തുമൃഗങ്ങളില്ലെന്ന് ബിനു പറയും. മികച്ച തീറ്റ പരിവര്‍ത്തനശേഷി പോത്തിന്റെ പ്രത്യേകതയാണ്. യാതൊരു കൈത്തീറ്റയും നല്‍കാതെ കണ്ടത്തിലെ പുല്ല് മാത്രം തിന്ന് പ്രതിമാസം പന്ത്രണ്ട് കിലോയിലധികം തൂക്കം വെയ്ക്കാന്‍ പോത്തുകള്‍ക്കാകും. എന്നാല്‍, എല്ലാ മാസവും വിരമരുന്ന് നല്‍കണമെന്നു മാത്രം. പോത്തിന്‍കിടാവ് പരിചരണത്തിനുമുണ്ട് ബിനുവിന്റെ സ്വന്തം രീതി. രാവിലെ തന്നെ കണ്ടത്തില്‍ പുല്ല് തിന്നുന്നതിനായി അഴിച്ചുകെട്ടുന്ന കിടാവുകള്‍ക്ക് ഇടയ്ക്ക് കുടിക്കാനായി വെള്ളം നല്‍കും. വൈകുന്നേരം തൊഴുത്തില്‍ കെട്ടുമ്പോള്‍ മാത്രം കൈത്തീറ്റ എന്നതാണ് ശരിയായ രീതിയെന്ന് ബിനു പറയും. രാവിലെയോ ഇടയ്‌ക്കോ കൈത്തീറ്റ നല്‍കിയാല്‍ പുല്ല് മേയുന്നതിന് പോത്തിന്‍കിടാവുകള്‍ മടികാണിക്കുന്നതാണിതിനു കാരണം. 

grass fodder

പോത്തിന്‍ തൊഴുത്തിന് ചേര്‍ന്ന് 100 താറാവുകളെ ബിനു വളര്‍ത്തുന്നുണ്ട്. എല്ലാം കേരളത്തിന്റെ സ്വന്തം കുട്ടനാടന്‍ താറാവുകളായ ചാര, ചെമ്പല്ലി ഇനത്തില്‍ പെട്ടവ. ഇവയുടെ വളര്‍ത്തു ചുമതല ബിനുവിന്റെ അമ്മ സരസമ്മയുടേതാണ്. നൂറുതാറാവില്‍ നിന്നും പ്രതിദിനം എഴുപത് മുട്ട ഉറപ്പായി ലഭിക്കുമെന്ന് ബിനു പറഞ്ഞു. മുട്ടയൊന്നിന് എട്ടു രൂപാ നിരക്കിലാണ് വില്പന. നാടന്‍ താറാവു മുട്ടയായതിനാല്‍ വന്‍ഡിമാന്‍ഡാണുള്ളത്. മുട്ട വിറ്റുവരവ് പ്രതിദിനം അഞ്ഞൂറ് അറുനൂറ് രൂപയ്ക്ക് ഇടയ്ക്കുവരും. അത്യാവശ്യം ജലസൗകര്യമുണ്ടെങ്കില്‍ ഇത്രയും ലാഭമുള്ള വേറൊരു പണിയില്ലെന്ന് അമ്മ സരസമ്മയുടെ സാക്ഷ്യപത്രം.

താറാവിനു കൂട്ടായി 10 ഗിനിക്കോഴികളെയും വളര്‍ത്തുന്നുണ്ട്. കോഴികളിലെ പോലീസുകാരനാണ് ഗിനിയെന്ന് ബിനുവിന്റെ മക്കളായ എട്ടാംക്ലാസ്സുകാരന്‍ ഹരികൃഷ്ണനും എല്‍.കെ.ജി. ക്കാരന്‍ അര്‍ജ്ജുനും പറയും. പട്ടി, പൂച്ച, പാമ്പ്, ചേര തുടങ്ങിയവ വീടിന്റെ പരിസരത്ത് എത്തിയാല്‍ വാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ഗിനിയുടെ കഴിവാണിതിന് കാരണമായി പറയപ്പെടുന്നത്. മുപ്പതോളം ചെറുതേന്‍-വന്‍തേനീച്ചക്കോളനികളും ഈ ചെറുതോട്ടത്തിന് സമഗ്രതപകരാനുണ്ട്.
കൊടുങ്ങൂര്‍ ക്ഷീരോല്പാദകസംഘത്തിന്റെ സജീവപ്രവര്‍ത്തകനായ ബിനു പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമാണ്. വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് സ്വന്തം ഭൂമി ലഭ്യമാക്കി സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുമുണ്ട്.

വാഴൂര്‍ കൃഷിഭവന്റെ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം, ക്ഷീര വികസന വകുപ്പ്, മില്‍മ, 'ആത്മ' എന്നിവയുടെ അവാര്‍ഡുകള്‍ എന്നിവ ഈ യുവകര്‍ഷകനെ തേടി ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്.ബിനുവും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കര്‍ഷക കുടുംബത്തെ കൃഷിയിടത്തില്‍ സഹായിക്കാന്‍ അയല്‍വാസി സുരേഷുമുണ്ട്. ഈ ചെറുകുടുംബം എപ്പോഴും തിരക്കിലാണ്. കൃഷിയില്‍ മനഃസുഖം കണ്ടെത്തുന്ന ഈ ഉത്തമ കര്‍ഷക കുടുംബം നാട്ടുകാരുടെ സ്‌നേഹനിര്‍ഭരമായ പ്രോത്സാഹനങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഒപ്പം വാഴൂര്‍ ക്ഷീരവികസന ആഫീസര്‍ കെ.ബി. സുശീല, വാഴൂര്‍ ഗവ: മൃഗാശുപത്രിയിലെ ഡോ. കൃഷ്ണകിഷോര്‍, കൊടുങ്ങൂര്‍ ക്ഷീരോല്പാദകസംഘം സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായ വി.എന്‍. മനോജ്, സംഘം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ മണ്ണുങ്കല്‍, വാഴൂര്‍ കൃഷി ആഫീസര്‍ കെ.കെ. ബിന്ദു, അസിസ്റ്റന്റ് കൃഷി ആഫീസര്‍ എം.ജെ. തോമസ് എന്നിവരോടുള്ള നന്ദി മറച്ചുവയ്ക്കുന്നില്ല.

കുടുംബവുമൊത്ത് കൃഷിയിടത്തില്‍ സജീവമാകുന്ന ബിനു തീര്‍ച്ചയായും യുവ തലമുറയ്‌ക്കൊരു മാതൃകയാണ്. പ്രത്യേകിച്ചും വീടുകൃഷി വര്‍ഷത്തിന്റെ നന്മകള്‍ പ്രചരിക്കപ്പെടുന്ന ഇക്കാലത്ത്. കൃഷിയിട വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ബിനു ഒരുക്കമാണ്. ഫോണ്‍: 9495848756
തയ്യാറാക്കിയത്
എ.ജെ. അലക്‌സ് റോയ്
കൃഷിഭവന്‍, ചിറക്കടവ് 
ഫോണ്‍: 9446275112

Share your comments