Features

സാധാരണവിളയ്ക്ക് താരമൂല്യം നല്‍കിയ ഗവേഷകന്‍

spices

ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ വിളയാണ് മരച്ചീനി. വിശാഖം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിക്കുന്നത്. 1883 ജൂലൈയിലായിരുന്നു തിരുവനന്തപുരത്ത് ഒഴിഞ്ഞു കിടന്ന കുന്നുംപുറത്ത് മരച്ചീനിക്കമ്പ് നട്ടത്. കമ്പു നട്ട സ്ഥലം മരച്ചീനി വിളയായി മാറി. ഇപ്പോള്‍ പേര് ജവാഹര്‍ നഗര്‍. പിന്നീട് മരച്ചീനി വിവിധ ഭക്ഷ്യവിഭവങ്ങളായും ഉല്‍പന്നങ്ങളായും അവതരിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനു പട്ടികയില്‍ വരെ ഇടം നേടി. ഇപ്പോഴിതാ മരച്ചീനി ഇലയില്‍നിന്ന് ഒന്നാം തരം ജൈവ കീടനാശിനികള്‍ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ സ്ഥാപനത്തിലെ നിസ്വാര്‍ത്ഥ ഗവേഷകന്‍ ഡോ. സി.എ ജയപ്രകാശ് കണ്ടെത്തി. കൃഷിജാഗരണ്‍ മാസികയ്ക്ക് ഡോ. ജയപ്രകാശ് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

1. ചോദ്യം : നന്മ, മേന്മ, ശ്രേയ എന്നീ ജൈവകീടനാശിനികളുടെ കണ്ടെത്തലിലേക്ക് നയിച്ച സാഹചര്യം വിശദീകരിക്കാമോ? 

ലോകത്ത് ഏതാണ്ട് 3.91 ലക്ഷം സ്പീഷീസില്‍പ്പെട്ട സസ്യജാലങ്ങളാണുളളത്. ഇതില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം എണ്ണം ഭക്ഷ്യയോഗ്യമായവ. ഇതില്‍ തന്നെ 7000 സ്പീഷീസില്‍പെട്ട വിളകളാണ് കൃഷിചെയ്യാന്‍ സാധിക്കുന്നത്. ഇതില്‍ 30 സ്പീഷീസില്‍പെട്ട വിളകള്‍ മാത്രമാണ് മനുഷ്യര്‍ക്ക് 95 ശതമാനത്തോളം വരുന്ന ഊര്‍ജ്ജ ആവശ്യത്തിനായി കൃഷിചെയ്തുവരുന്നത്. ഈ വിളകളെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏതെങ്കിലും കീടങ്ങളുടെ ആക്രമണത്തിന് വിധേയമാണ്.

ഇന്ന് ആഗോളതലത്തില്‍ തന്നെ ജൈവകൃഷിയിലേക്കും ജൈവഉല്‍പന്നങ്ങളിലേക്കുമുളള പ്രകടമായ ചുവടുമാറ്റം ദൃശ്യമാണ്. വിളകളെ പ്രത്യേകിച്ച് ഭക്ഷ്യവിളകളെ ആക്രമിക്കുന്ന വിവിധ കീടങ്ങളെ നശിപ്പിക്കാന്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന രാസകീടനാശിനികള്‍ക്ക് പകരം നില്‍ക്കാന്‍ പ്രാപ്തമായ ജൈവകീടനാശിനികള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പ്രസക്തമായ ഈ തിരിച്ചറിവാണ് നന്മ, മേന്മ, ശ്രേയ എന്നീ ജൈവകീടനാശിനികളുടെ കണ്ടെത്തലിലേക്ക് നയിച്ചത്.

2. ചോദ്യം :ഫലപ്രദമായ ജൈവകീടനാശികളുടെ എണ്ണം ഇന്നും പരിമിതമാണ്. എന്താണ് ഇത്തരമൊരു പരിമിതിക്ക് കാരണമെന്നു തോന്നുന്നു? 

ജൈവ കീടനാശിനി ഏതായാലും അതിന്റെ പ്രചാരത്തിന് പ്രധാനമായും മൂന്നു അവശ്യ ഗുണങ്ങള്‍ നിര്‍ബന്ധമാണ്. ഒന്ന് അതിന്റെ ലഭ്യതയാണ് (Availability). ഒരു ജൈവകീടനാശിനിയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന സസ്യം സുലഭമായി ലഭിക്കുന്നതാവണം; അതും കൈയെത്തും ദൂരത്തു തന്നെ. ഉദാഹരണത്തിന് ഹിമാലയത്തില്‍ വളരുന്ന ഒരു ചെടിയില്‍ നിന്ന് ജൈവകീടനാശിനി ഉണ്ടാക്കാന്‍ കഴിവുണ്ട് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് വളരെ അടുത്ത് ലഭിക്കുന്നതാകണം. ചെടി വ്യാപകമായി വളരുന്നതുമാകണം. അടുത്ത ഗുണമാണ് Extractability. നിരവധി ചെടികളില്‍ ജൈവകീട നശീകരണത്തിന് സഹായിക്കുന്ന ജൈവ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എങ്കിലും ഈ ചെടികളെല്ലാം ഇത്തരം ഒരു തലത്തിലേക്ക് വരുന്നില്ല. ഇതിനു കാരണം, അവയിലടങ്ങിയിരിക്കുന്ന സജീവഘടകം (Active Principle) വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമല്ല എന്നതു തന്നെ. ഉദാഹരണത്തിന് ഒരു ടണ്‍ സസ്യഭാഗത്തു നിന്ന് ഒരു മില്ലി ഗ്രാം സജീവഘടകം വേര്‍തിരിക്കാന്‍ കഴിയുന്നു. എന്നു പറഞ്ഞാല്‍ അതിന്റെ Extractability വളരെ താഴ്ന്നതാണെന്നാണ് അര്‍ത്ഥം. ഇത് ഒരിക്കലും ഒരു ജൈവ കീടനാശിനി എന്ന തരത്തില്‍ വിജയിക്കില്ല. ഇവിടെയാണ് വേപ്പ് എന്ന ചെടിയുടെ പ്രസക്തി. ഒരു കിലോ വേപ്പിന്‍കുരുവില്‍ നിന്ന് 30-40 ശതമാനം വരെ സത്ത് നമുക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയും. വേപ്പിന്റെ ഉയര്‍ന്ന തോതിലുളള ഈ വേര്‍തിരിക്കല്‍ ശേഷിയാണ് ഒരു ജൈവകീടനശീകരണ സസ്യം എന്ന നിലയ്ക്ക് വേപ്പിന് കൈവന്ന പ്രചാരത്തിന് അടിസ്ഥാനം.
   
മൂന്നാമത്തെ കാര്യം Feasibiltiy ആണ്. അതായത് സസ്യഭാഗത്തില്‍ നിന്ന് സജീവഘടകം വേര്‍തിരിക്കുക എന്നത് സങ്കീര്‍ണവും ക്ലേശകരവുമാണെങ്കില്‍ ഒരിക്കലും അത് വിജയിക്കുകയില്ല. സജീവഘടകത്തിന്റെ വേര്‍തിരിക്കല്‍ എത്രത്തോളം അനായാസമാണോ അത്രത്തോളം ഫലപ്രദമാകും അത്. ഇതോടൊപ്പം അതിന്റെ സാമ്പത്തിക ബാധ്യത കൂടെ കണക്കിലെടുക്കണം. വന്നാല്‍ അതിന് വിജയസാദ്ധ്യത കുറയും. സാധാരണജനങ്ങള്‍ക്കിടയില്‍ പ്രചാരവും കിട്ടുകയില്ല. 

 വേപ്പിന്റെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് മരച്ചീനിയുടെ കാര്യവും. ഇതിന്റെ ഇലകളിലും കിഴങ്ങിന്റെ തൊലിയിലും ജൈവഘടകം സജീവസമൃദ്ധമായി ഇത് അടങ്ങിയിട്ടുണ്ട്. രാസപ്രവര്‍ത്തനം വഴി വേര്‍തിരിച്ചാല്‍ വേപ്പ് പോലെതന്നെ 30-35 ശതമാനം വരെ എണ്ണ വേര്‍തിരിഞ്ഞ് കിട്ടും. മരച്ചീനിയില്‍ നിന്നു ജൈവകീടനാശിനി തയ്യാറാക്കാനുമുണ്ടായ പ്രധാന പ്രചോദനം ഇതു തന്നെയാണ്.
 

3. ചോദ്യം:  ഇതര കീടനാശിനികളുമായി ഇവയ്ക്കുളള പ്രധാന വ്യത്യാസം എന്തൊക്കെയാണ്? 

ഇലസമൃദ്ധമായ ചെടിയാണല്ലോ മരച്ചീനി. തമിഴ്‌നാട്ടിലും മറ്റും ചൗവരി, സ്റ്റാര്‍ച്ച് എന്നിവയുടെ നിര്‍മാണത്തിന് ഏക്കറുകളോളം സ്ഥലത്ത് മരച്ചീനി കൃഷി ചെയ്യുന്നു. അവിടെയെല്ലാം കിഴങ്ങ് എടുത്തു കഴിഞ്ഞാല്‍ ഇലകള്‍ ഉള്‍പ്പെടെയുളള അതിന്റെ മുകള്‍ഭാഗവും കിഴങ്ങിന്റെ പുറം തോലും വെറുതെ കളയുകയാണ് പതിവ്. ഒരു ഹെക്ടറില്‍ മരച്ചീനി കൃഷി ചെയ്താല്‍ 4-7 ടണ്‍ വരെ ഇല കിട്ടും. ഇലകളിലാണ് സയനോജന്‍ (Cyanogen) എന്ന സംയുക്തം ധാരാളം അടങ്ങിയിരിക്കുന്നത്. ചെടിയുടെ മുകള്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ സയനോജന്‍ ഉളളത്.  ഇതാണ് കീടനാശിനി ഉല്‍പാദനത്തില്‍ നിര്‍ണ്ണായകമാകുന്ന ഘടകം. 

ഇതര കീടനാശിനികളുമായി സസ്യജന്യ കീടനാശിനികള്‍ക്ക് ഒരു പ്രധാന വ്യത്യാസമുണ്ട്. രാസകീടനാശിനികള്‍ പൊതുവെ ഏക തന്മാത്രാസ്വഭാവമുളളതാണ് (Single molecular nature) . അതുകൊണ്ടു തന്നെ ഇവ നിരന്തരം പ്രയോഗിക്കുമ്പോള്‍ കീടങ്ങള്‍ക്ക് ഒറ്റ തന്മാത്രയോട് പ്രതിരോധം ഉണ്ടാക്കുക എളുപ്പമാണ്. എന്നാല്‍ നന്മ, മേന്മ പോലുളള സസ്യജന്യകീടനാശിനികളുടെ കാര്യത്തില്‍ ഇവ ഒരിക്കലും ഒറ്റ തന്മാത്രാസ്വഭാവമുളളവയല്ല. വിവിധ തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയിലെ എല്ലാ തന്മാത്രകളോടും പ്രതിരോധം തീര്‍ക്കാന്‍ കീടങ്ങള്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. ഇതുതന്നെയാണ് രാസ-ജൈവ കീടനാശിനികള്‍ തമ്മിലുളള കാതലായ വ്യത്യാസവും. 

ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ രാസകീടനാശിനികള്‍ പോലെ ഒരു കീടത്തിനും ജൈവകീടനാശിനികളോട് പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ല. മറ്റൊന്ന് അവ പരിസ്ഥിതി സൗഹൃദമായിരിക്കുകയും ചെയ്യും. 

4. ചോദ്യം: എങ്ങനെയാണ് ഇവയുടെ നിര്‍മാണം ? 

മരച്ചീനിയിലയില്‍ സജീവഘടകമായ ലിനാമെരിന്‍, ലോട്ടോസ്ട്രാലിന്‍ എന്നിവയുണ്ട്. ഇതില്‍ ലിനാമെരിന്‍ ആണ് 95% അടങ്ങിയിരിക്കുന്നത്. ഇത് ഇലകളുടെ കോശങ്ങളില്‍ കാണാം. ഇലകള്‍ പ്രത്യേക രീതിയില്‍ മുറിച്ച് അരച്ച് അതിന്റെ കാതലായ സത്ത് വേര്‍തിരിച്ചെടുക്കും എന്നിട്ട് ഇത് പ്രത്യേക അനുപാതത്തില്‍ തയാറാക്കി അതിലെ എന്‍സൈമിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. ഇതാണ് കീടനാശിനിയുടെ നിര്‍മ്മിതിയില്‍ ഉപയോഗിക്കുന്നത്. ഇനത്തിന്റെ വ്യത്യാസമനുസരിച്ച് Active ingredient ന്റെ തോതിലും വ്യത്യാസം വരും എന്നു മാത്രം. 5. ചോദ്യം: എല്ലാ മരച്ചീനിയിനങ്ങളുടെ ഇലകളും ഈ കീടനാശിനി തയ്യാറാക്കാന്‍ അനുയോജ്യമാണോ?
 

എല്ലാ ഇനങ്ങളിലും ഈ കാതലായ സത്ത് ഉണ്ട്. എന്നാല്‍ ഇനത്തിന്റെ വ്യത്യാസമനുസരിച്ച് ഇതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും. മരച്ചീനിയിലയില്‍ മാത്രമല്ല റബ്ബറിലയിലും ഉണ്ട് ഹൈഡ്രോസയാനിക് ആസിഡ്. എന്നാല്‍ അത് വേര്‍തിരിക്കുക അത്ര എളുപ്പമല്ല എന്നു മാത്രം.

6. ചോദ്യം: ഇലയോടൊപ്പം കിഴങ്ങിന്റെ അംശം കീടനാശിനിയില്‍ ചേര്‍ക്കാറുണ്ടോ ? 

ഇവിടെ നടത്തിയ ഗവേഷണത്തില്‍ ഇലയോടൊപ്പം കിഴങ്ങിന്റെ അംശം ചേര്‍ത്തിട്ടില്ല. വേണമെങ്കില്‍ ചേര്‍ക്കാവുന്നതേയുളളൂ. കാരണം കിഴങ്ങില്‍ ഹൈഡ്രോസയാനിക് ആസിഡിന്റെ അളവ് കൂടുതലുളളതിനാല്‍ തീര്‍ച്ചയായും ജൈവകീടനാശിനിയുടെ ഗുണവും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വലിയ ഫാക്ടറികളോ യന്ത്രസംവിധാനങ്ങളോ ഇതിന് ആവശ്യമുണ്ട് എന്നു മാത്രം. മാത്രവുമല്ല, കട്ടിന്റെ അംശം മാറ്റിക്കഴിഞ്ഞാല്‍ കാലിത്തീറ്റയായി ഉപയോഗിക്കാനും സാധിക്കും. Waste to wealth എന്ന തത്വമാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കുന്നത്. കിഴങ്ങ് ഭക്ഷ്യാവശ്യത്തിനെടുത്തു കഴിഞ്ഞാല്‍ ഉപയോഗശൂന്യമായി പുറന്തളളുന്ന കിഴങ്ങിന്റെ തോലും ഇലയും ജൈവകീടനാശിനി നിര്‍മാണത്തിനുപയോഗപ്പെടുത്താം. 

7. ചോദ്യം: ഇത് ഏതെല്ലാം വിളകള്‍ക്ക് പ്രയോജനകരമാണ്? ഇതേക്കുറിച്ചെന്തെങ്കിലും ഫീല്‍ഡ് തല പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ?

വാഴയിലെ തടതുരപ്പന്‍ പുഴു, ഇലതീനിപ്പുഴു, മുഞ്ഞ, മാണപ്പുഴു, ഇലച്ചെളള് എന്നിവയെ നിയന്ത്രിക്കാന്‍ ഏറ്റവും ഉത്തമമായ കീടനാശിനികളാണിത്. കൂടാതെ മുളക്, പയര്‍, തക്കാളി, പാവല്‍, പടവലം, ചുരയ്ക്ക, കോവല്‍, കത്തിരി, വഴുതന, ചേന തുടങ്ങിയവയിലെ കീടങ്ങളെ അകറ്റാനും ഇതിന് കഴിവുണ്ട്. വെറും ഒരു മിനിട്ട് മതി ഇവയ്ക്ക് കീടങ്ങളെ നശിപ്പിക്കാന്‍. ഒരു കിലോ മരച്ചീനിയിലയില്‍ നിന്ന് 8 ലിറ്ററോളം ജൈവകീടനാശിനി തയ്യാറാക്കാം. 

 'മേന്മ' എന്ന കീടനാശിനി മരച്ചീനിയിലയുടെ ശുദ്ധമായ സത്ത് മാത്രമാണ്. ഇതില്‍ മറ്റൊന്നും ചേര്‍ക്കുന്നില്ല. ഇത് വാഴയിലും മറ്റും കുത്തിവയ്ക്കുകയാണ് വേണ്ടത്. സാധാരണ പോലെ തളിച്ചാല്‍ 'മേന്മ' ആവിയായി നഷ്ടപ്പെടും. എന്നാല്‍ നന്മ, ശ്രേയ, ശക്തി തുടങ്ങിയ കീടനാശിനികള്‍ ജൈവാംശം ചേര്‍ത്ത മിശ്രിതങ്ങളാണ്. അതുപോലെ തന്നെ ഇവ ഒരിക്കല്‍ ഉപയോഗിക്കാനെടുത്താല്‍ കുപ്പി ദീര്‍ഘനേരം തുറന്നു വയ്ക്കാനും പാടില്ല. ഇവയുടെ കാര്യക്ഷമതയെക്കുറിച്ചും മറ്റും ഫീല്‍ഡ് തലത്തില്‍ ധാരാളം പഠനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴും തുടരുന്നുണ്ട്. 

8. ചോദ്യം : ഇവ സാര്‍വത്രികമായി ലഭിക്കുന്നില്ല എന്നൊരു പരാതി കര്‍ഷകര്‍ക്കുണ്ട്. ഇതിലെന്തെങ്കിലും കഴമ്പുണ്ടോ? 

ആദ്യകാലത്ത് ഇതിന്റെ ലഭ്യത അത്ര സാര്‍വത്രികമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ കീടനാശിനികള്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, തൃശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കെ.വി.കെ ഇതിന്റെ സജീവഘടകം (Active Principle) വാങ്ങിക്കൊണ്ട് പോയി അത് കീടനാശിനിയാക്കി മാറ്റി കര്‍ഷകര്‍ക്ക് നല്‍കുന്നു. ഇതിനുളള സാങ്കേതിക വിദ്യ അവരെ അഭ്യസിപ്പിച്ചിട്ടുണ്ട്. 25,000 രൂപയാണ് ഇതിന് ഇവര്‍ അടയ്‌ക്കേണ്ടത്. സ്വകാര്യവ്യക്തികള്‍ക്കാകട്ടെ 2 ലക്ഷം രൂപയ്ക്കാണ് ഈ സജീവഘടകം ലഭ്യമാക്കുന്നത്. ഇത് സ്വായത്തമാക്കിയാല്‍ അവര്‍ക്കൊരു നല്ല വരുമാനമാര്‍ഗമാകുകയും ചെയ്യും.

9. ചോദ്യം: കര്‍ഷകര്‍ക്ക് ഇത് ആവശ്യാനുസരണം ലഭിക്കാന്‍ എന്തൊക്കെ നടപടികളാണ് ഇതേവരെ സ്വീകരിച്ചിട്ടുളളത് ? 

 VFPCK വഴി ഇത് കൂടുതല്‍ ഫലപ്രദമായി തയ്യാറാക്കി കേരളത്തിലുടനീളമുളള കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഈ ജൈവകീടനാശിനികളുടെ സാങ്കേതിക വിദ്യ സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. ഇനി ഇത് സര്‍ക്കാര്‍ തന്നെ ഉണ്ടാക്കി വില്‍ക്കും. ഇതിനുളള ഉടമ്പടി സി.റ്റി.സി.ആര്‍.ഐ കേരള സര്‍ക്കാരുമായി ഒപ്പുവച്ചു കഴിഞ്ഞു. 

മാത്രമല്ല മൂന്നു വിദേശരാജ്യങ്ങള്‍ തന്നെ ഇവയുടെ സാങ്കേതികവിദ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. നൈജീരിയ, ദക്ഷിണാഫ്രിക്ക, ദുബായ്. നൈജീരിയയില്‍ അവരുടെ പ്രധാന കയറ്റുമതി വിളയായ ആപ്പിളിന്റെ സസ്യസംരക്ഷണത്തിനാണ് ഇത് ആവശ്യപ്പെടുന്നത്. നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുകയുളളൂ.

10. ചോദ്യം:  ഈ കീടനാശിനികള്‍ പ്രചരിക്കുന്നതോടെ മരച്ചീനി എന്ന സാധാരണ വിളയുടെ ഭാവി അങ്ങ് എങ്ങനെയാണ് നോക്കിക്കാണുന്നത്? 

മരച്ചീനിയെ ഒരു മാന്ത്രിക വിള (Magic Crop) എന്നു വിളിക്കാനാണെനിക്കിഷ്ടം. കേരളത്തിന്റെ തനതായ ഭക്ഷ്യവിള ഇപ്പോഴിതാ പരിസ്ഥിതി സൗഹൃദപരമായ കീടനശീകരണസ്വഭാവം വെളിവാക്കിയിരിക്കുന്നു. ഇതിനെല്ലാം പുറമെ ഇതിന്റെ ഇലകളിലും കിഴങ്ങുകളിലും അടങ്ങിയിരിക്കുന്നു Linamerin (ലിനാമെറിന്‍) എന്ന ഘടകം അര്‍ബുദപ്രതിരോധശേഷിയുളളതാണ് എന്ന് പുറം ലോകം അറിയാനിരിക്കുന്നതേയുളളൂ. എന്റെ ഗവേഷണ പഠനങ്ങള്‍ക്കിടയില്‍ പത്തുവര്‍ഷം മുന്‍പു തന്നെഇക്കാര്യവും എനിക്ക് ബോധ്യപ്പെട്ടിട്ടുളളതാണ്. ചുരുക്കത്തില്‍ വരും നൂറ്റാണ്ടിലെ സൂപ്പര്‍ വിളയായി മരച്ചീനി മാറും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ ചിരകാല സുഹൃത്തും അര്‍പ്പണ മനോഭാവമുളള ഗവേഷകനുമായ ഡോ.ജയപ്രകാശിന്റെ മുഖത്ത് നിറഞ്ഞ ചാരിതാര്‍ത്ഥ്യം. 

മുഖാമുഖം
സാധാരണവിളയ്ക്ക് താരമൂല്യം നല്‍കിയ ഗവേഷകന്‍
ഡോ. സി.എ ജയപ്രകാശ്
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് & ഹെഡ്, സസ്യസംരക്ഷണവിഭാഗം, സി.ടി.സി.ആര്‍.ഐ. തിരുവനന്തപുരം
സുരേഷ് മുതുകുളം, എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം


English Summary: tapioca organic pesticides developed in Kerala

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox

Just in