Features

ഇലയും കറിയും : തഴുതാമ/പുനർന്നവ

മുമ്പ് നാട്ടിടവഴികളിൽ തളിർത്ത തഴുതാമ ഒരു മരുന്നു ചെടി മാത്രമായിരുന്നില്ല.ഒരു നേരത്തെ തോരനുണ്ടാക്കാനും തഴുതാമ തേടിയിറങ്ങുമായിരുന്നു. വീണ്ടും ജനിപ്പിക്കുന്നത്.കൊടും വേനൽ വരൾച്ചയിൽ

മാഞ്ഞു പോയെങ്കിലുംമഴയിൽ വീണ്ടും മുളച്ച് പടരുന്ന തഴുതാമയെ സംസ്കൃതത്തിൽ പുനർന്നവയെന്ന് വിളിക്കും. അതിന്റെ ശാസ്ത്രീയ നാമം Boerhavia diffusa എന്നാണ്  പൂക്കളുടെയും തണ്ടിന്റെയും നിറത്തിനനുസരിച്ച് വെള്ളയും ചുവപ്പുമെന്ന് രണ്ട് തരം. ചോരയില്ലാത്തോണ്ടാണ് നീര് വന്നതെന്നും
പറഞ്ഞ് തഴുതാമ യിലത്തോരൻ' വച്ച് കഴിച്ച് രക്തക്കുറവും കാഴ്ചക്കുറവും പരിഹരിച്ച വരാണ് പഴയ തലമുറ .
ഔഷധമെന്ന നിലയിൽ വൃക്ക മൂത്രാശയ കരൾ രോഗങ്ങളിൽ ആണ് പൊതുവെ സൂചിപ്പിക്കുന്നതെങ്കിലും , ശരീരത്തിലെ ഓരോ കോശത്തെയും പുനർജനി നൂഴ്ന്ന് കയറാൻ സഹായിക്കുന്നുണ്ട് തഴുതാമ. അതിനാൽ ത്തന്നെയാണ് ഇതിനെ പുനർന്നവ എന്നു വിളിക്കുന്നതും. പ്രമേഹത്തിലും ഗുണപ്രദമായ ഔഷധസസ്യമാണിത്.
ഇലയും തണ്ടും ആഹാരത്തിനുപയോഗിക്കാം.

ആറു അവശ്യ അമിനോ ആസിഡുൾപ്പടെ 15 അമിനോ ആസിഡ് ശേഖരമുണ്ട് തഴുതാമയിൽ. വേരുകളിൽ കാൽ സ്യവുമുണ്ട്. B2 B6 C എന്നീ വൈറ്റമിനുകളാണ് തഴുതാമ യിലുള്ളത്.പൊട്ടാസ്യം നൈട്രേറ്റ് കലവറയുമാണ് തഴുതാമ.തോരനുണ്ടാക്കാം ജ്യൂസുണ്ടാക്കാം കട്ലെറ്റുണ്ടാക്കാം കഞ്ഞിയിലിടാം
തഴുതാമയിലയിട്ട് തിളപ്പിച്ച വെള്ളം ദാഹശമിനിയാക്കാം. കർക്കിടക കഞ്ഞിയിൽ ചേർക്കാം. ഞവര കഞ്ഞിയിലും തഴുതാമ യിലയിട്ട് കഴിക്കാം.

*തഴുതാമ ഇല തോരൻ*‍

ചേരുവകൾ

തഴുതാമ ഇല (പൊടിയായി അരിഞ്ഞത്)... മൂന്ന് കപ്പ്തവരപ്പരിപ്പ്.... (വേവിച്ചത്) കാല്‍ കപ്പ്
തേങ്ങ (തിരുമ്മിയത്).. അര മുറി.
വറ്റല്‍ മുളക് ...രണ്ട്
ജീരകം.... മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില പാകത്തിന്
മഞ്ഞള്‍പ്പൊടി... അര ടീസ്പൂണ്‍
കടുക് അര... ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് ..ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേങ്ങ വറ്റല്‍മുളകും ജീരകവും ചേര്‍ത്ത് ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉഴുന്നുപരിപ്പും ഇട്ട് മൂക്കുമ്പോള്‍ അതില്‍ തേങ്ങ ഇട്ട് ഇളക്കിയെടുക്കുക. അതിനുശേഷം തഴുതാമ ഇല ഇട്ട് മഞ്ഞള്‍പ്പൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കുക. ശേഷം വേവിച്ച പരിപ്പ്, തേങ്ങ, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഉപയോഗിക്കുക.

*തഴുതാമയില കട്ലറ്റ്*

ചേരുവകൾ

തഴുതാമയില അരിഞ്ഞത് - 2 കപ്പ്
പച്ചമുളക് - 5 എണ്ണം
സവാള - 2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 4 അല്ലി
ഉരുളക്കിഴങ്ങ് - പുഴുങ്ങിയത് 2 വലുത്
ഗരംമസാലപ്പൊടി - ഒന്നര ടിസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മുട്ടയുടെ വെള്ള - 2
റൊട്ടിപ്പൊടി - ആവശ്യത്തിന്
വെളിച്ചെണ്ണ - അര ലിറ്റർ

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് 3 ടിസ്പൂൺ എണ്ണയൊഴിച്ച് സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഗരംമസാല പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേർക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പിൽനിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തിൽ എടുത്ത് ചെറുതായി അമർത്തിയശേഷം മുട്ടയുടെ വെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് തിളച്ച എണ്ണയിൽ ഇട്ട് വറുത്തുകോരാം.

തഴുതാമ ചേർത്തുണ്ടാകുന്ന മോര് കറിയും നല്ല സ്വാദുളളതാണ്.
വൃക്കയുടെ പ്രവർത്തന വൈകല്യം സംഭവിച്ചവരും ഡയാലിസിസ് ചെയ്യുന്നവരും തഴുതാമ ഉപയോഗിക്കുന്നത് ഡോക്ടറുടെ ഉപദേശം തേടിയ ശേഷമായിരിക്കണം. ഭക്ഷണ വിഭവങ്ങളിലൊന്നായി തഴുതാമയെ കൂടി ചേർക്കാമിനിയുള്ള നാളുകളിൽ .നാട്ടുപാതകളെല്ലാം കോൺക്രീറ്റ് കൈയ്യടക്കിയതോടെ വരും തലമുറകൾക്കായുള്ള പുനർജനനങ്ങൾക്കായി അതിജീവനത്തിന്റെ കഷ്ടപ്പാടിലുമാണ് തഴുതാമ വേരുകൾ.
നമുക്ക് കാത്തു സൂക്ഷിക്കാം . പ്രകൃതിയുടെ കരുത്തുള്ള വേരുകൾ

കെബി ബൈന്ദ
ആലപ്പുഴ
കടപ്പാട്..
Dr Anoopa Sivapal


Share your comments