Features

എത്യോപ്യയിൽ നിന്നും ഇന്ത്യയിലേക്ക്; കൗതുകമൂറും കാപ്പിക്കഥ

എത്യോപ്യയിൽ നിന്നും ഇന്ത്യയിലേക്ക്; കൗതുകമൂറും കാപ്പിക്കഥ
എത്യോപ്യയിൽ നിന്നും ഇന്ത്യയിലേക്ക്; കൗതുകമൂറും കാപ്പിക്കഥ

ആഫ്രിക്കയിലെ എത്യോപ്യയിൽ പത്താം നൂറ്റാണ്ടോടെ ഉപയോഗത്തിലുണ്ടായിരുന്ന കാപ്പി എങ്ങനെയാണ് ഇന്ത്യയിലെത്തിയത്? കാപ്പിയുടെ ഉപയോഗം മറ്റ് രാജ്യങ്ങളിലേക്ക് പ്രചരിച്ചെങ്കിലും കൃഷി ചെയ്യാൻ സാധിച്ചിരുന്നില്ല. കാരണം എത്യോപ്യയിൽ നിന്നും കാപ്പിക്കുരുക്കൾ മുളശേഷി നശിപ്പിച്ച ശേഷമാണ് ഉപയോഗത്തിനായി കൈമാറിയിരുന്നത്. 16-ാം നൂറ്റാണ്ടിൽ ചില സഞ്ചാരികളാണ് യെമനിൽ കാപ്പി എത്തിച്ചത്. പിന്നീട് ലോകത്തിന്റെ നാനാഭാഗത്തേക്ക് കാപ്പികൃഷി വ്യാപിച്ചു. 1670ൽ ബാബാ ബുദാൻ എന്ന സൂഫി സഞ്ചാരി ഏഴ് കാപ്പിക്കുരുക്കൾ ഇന്ത്യയിലേക്ക് കൊണ്ടുവരികയുണ്ടായി. ഇത് മൈസൂരിൽ നട്ടുപിടിപ്പിച്ചതോടെയാണ് ഇന്ത്യയിലെ കാപ്പിക്കൃഷിയുടെ ചരിത്രം ആരംഭിക്കുന്നത്.

ഇന്ന് ആഗോളതലത്തിൽ കാപ്പി ഉദ്പാദനത്തതിന്റെ 3 ശതമാനം ഇന്ത്യയിൽ നിന്നാണ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒറീസ എന്നിവയാണ് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ. ഇങ്ങ് കേരളത്തിൽ വയനാട്, ഇടുക്കി, കോട്ടയം, നെല്ലിയാമ്പതി എന്നിവിടങ്ങളിലും നിരവധി കാപ്പിത്തോട്ടങ്ങൾ കാണാം. ഇതിൽ അറബിക്ക എന്ന ഇനം കാപ്പി സമുദ്ര നിരപ്പിൽ നിന്നും ഉയരം കൂടിയ പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്.

കൂടുതൽ വായിക്കാം: കാപ്പി കൃഷിയിൽ മികച്ച വിളവ് തരുന്ന റോബസ്റ്റ ഇനങ്ങൾ

ഇക്കഴിഞ്ഞ 2019ൽ ഇന്ത്യയിൽ നിന്നുള്ള 5 കാപ്പി ഇനങ്ങൾക്ക് ഭൗമസൂചികാ പദവി ലഭിച്ചു. കേരളത്തിൽ നിന്നുള്ള വയനാടൻ റോബസ്റ്റ, ആന്ധ്രയിൽ നിന്നുള്ള അരക്കുവാലി അറബിക്ക, ചിക്ക്മംഗളൂർ അറബിക്ക, ബാബാ ബുദാൻ ഗിരി അറബിക്ക, കർണാടകയിൽ നിന്നുള്ള കൂർഗ് അറബിക്ക എന്നിവയാണ് അവ.

കാപ്പിയുടെ ഇനം, വളരുന്ന ഭൂപ്രദേശം, കുരു ശേഖരിക്കുന്ന രീതി, പൊടിപ്പിക്കുന്ന രീതി, പുളിപ്പിക്കുന്ന രീതി, പാചകം ചെയ്യുന്ന രീതി എന്നിങ്ങനെ കാപ്പിയുടെ രുചി മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. കാപ്പിപ്പഴങ്ങൾ പഴുത്ത് കഴിഞ്ഞാൽ കുരു ശേഖരിക്കും. ഉണങ്ങിയ കാപ്പിക്കുരുവിന് പ്രത്യേക രുചിയോ മണമോ ഒന്നും ഉണ്ടാകണമെന്നില്ല. പക്ഷേ, ഈ കാപ്പിക്കുരു വറുത്ത് പൊടിച്ച് എടുക്കുന്ന നീണ്ട പ്രക്രിയയ്ക്ക് ശേഷം പ്രത്യേക മണവും രുചിയും ലഭിക്കുന്നു.

കാപ്പിയിലടങ്ങിയിരിക്കുന്ന കഫിയോൾ എന്ന രാസഘടകമാണ് കാപ്പിയുടെ സവിശേഷ മണത്തിന് കാരണം. എന്നാൽ ഇതിന്റെ അരുചിയ്ക്ക് കാരണം ക്ലോറോജനിക് ആസിഡ് ലാക്ടോൺ, ഫീനൈൽ ഇൻഡെയ്ൻസ് എന്നിവയാണ്. ഇതിന്റെ ഉത്തേജക ഗുണം നിശ്ചയിക്കുന്നത് അതിലുള്ള ആൽക്കലോയിഡ് ആയ കഫീനാണ്. അറബിക്ക കാപ്പിയിൽ 0.8 മുതൽ 1.7 ശതമാനം വരെ കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഔഷധ മൂല്യമുള്ള ഒരു ഘടകമാണ് ട്രൈഗോനെല്ലിൻ.

കുംഭകോണം ഫിൽറ്റർ കോഫി

കാപ്പിപൊടിയിൽ ചൂടുവെള്ളം ചേർത്ത് ഏറെനേരം വച്ചശേഷം അരിച്ചെടുത്ത് തയ്യാറാക്കുന്നതാണ് ഫിൽറ്റർ കോഫി. ഫിൽറ്റർ കോഫികളിൽ പ്രശസ്തമായ ബ്രാൻഡാണ് കുംഭകോണം ഫിൽറ്റർ കോഫി. ഇതിൽ 70-30 ശതമാനം കാപ്പിക്കുരുവും 20-30 ശതമാനം ചിക്കറിയും ചേർക്കുന്നുണ്ട്. ഒരിനം ഔഷധസസ്യമാണ് ചിക്കറി. കാപ്പിക്കുരുവും ചിക്കറിയും ചേർത്തുണ്ടാക്കിയ പൊടി ഫിൽട്ടറുകളിൽ നിറച്ച് ചൂടുവെള്ളമൊഴിച്ച് സാവകാശം കടുപ്പമുള്ള കാപ്പിയുടെ ഡിക്കോക്ഷൻ തയ്യാറാക്കും. ഇത് പാലുമായി ചേർത്ത് ചൂടോടെ കുടിയ്ക്കാം.

ഇൻസ്റ്റന്റ് കോഫി

കാപ്പിപൊടിയിൽ 90-1500 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളം ചേർത്ത് കാപ്പിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ വെള്ളത്തിൽ അലിയിച്ചെടുത്ത് അതിനെ സ്പ്രേ ഡ്രൈ ചെയ്തോ ഫ്രീസ് ഡ്രൈ ചെയ്തോ ഉണ്ടാക്കുന്ന രീതിയാണ് ഇൻസ്റ്റന്റ് കോഫി.

നെസ്കഫേ

1930ൽ ബ്രസീൽ കാപ്പി ഗവേഷണ കേന്ദ്രവും നെസ്ലേയും ചേർന്ന് നടത്തിയ നീണ്ട ഗവേഷണത്തിനൊടുവിൽ 1937ൽ നെസ്കഫേ എന്ന ബ്രാൻഡിൽ ഇൻസ്റ്റന്റ് കോഫി വിപണിയിൽ പ്രത്യക്ഷപ്പെട്ടു. നെസ്ലേ കമ്പനി ഇൻസ്റ്റന്റ് കോഫി ഉദ്പാദനം ഏറ്റെടുത്തതോടെ ഇൻസ്റ്റന്റ് കാപ്പി വിപണി കീഴടക്കി

എസ്പ്രെസോ കോഫി

ഇറ്റലിയാണ് എസ്പ്രെസോ കാപ്പിയുടെ ജന്മദേശം. ക്യാപുച്ചീനോ, കഫേലാറ്റെ, മൊച്ചീറ്റോ കോഫി എന്നിവ എസ്പ്രെസോയുടെ വകഭേദങ്ങളാണ്. നന്നായി പൊടിച്ചെടുത്ത കാപ്പിയിൽ ചൂട് കൂടിയ വെള്ളം ഉയർന്ന സമ്മർദത്തിൽ കടത്തിവിട്ടാണ് എസ്പ്രെസോ കോഫി തയ്യാറാക്കുന്നത്.

സിവെറ്റ് കോഫി/ കോഫി ലുവാക്

ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പിയാണ് ഇന്തൊനേഷ്യൻ ദ്വീപ സമൂഹങ്ങളിൽ പ്രചാരത്തിലുള്ള സിവെറ്റ് കോഫി അല്ലെങ്കിൽ കോഫി ലുവാക്. കാപ്പിയുടെ പഴങ്ങൾ വെരുകിന് തീറ്റയായി കൊടുത്ത് അതിന്റെ വിസർജ്യത്തിൽ നിന്നാണ് കാപ്പിക്കുരുക്കൾ ശേഖരിയ്ക്കുന്നത്. വെരുകിന്റെ ദഹനേന്ദ്രിയത്തിൽ കാപ്പി പഴങ്ങളുടെ സംസ്കരണം എൻസൈമുകളുടെ പ്രവർത്തനം മൂലം സംഭവിക്കുന്നു. പ്രകൃത്യായുള്ള സംസ്കരണമായത് കൊണ്ടാണ് ലുവാക് കോഫികളുടെ മണവും രുചിയും വ്യത്യാസപ്പെട്ടിരിക്കുന്നത്. മാത്രമല്ല, 1 കിലോ കാപ്പിയ്ക്ക് 1 ലക്ഷം രൂപയാണ് വില. 1 കപ്പ് കാപ്പിയ്ക്ക് 1000 രൂപയിൽ കൂടുതലും നൽകണം.


ബ്ലാക്ക് ഐവറി കോഫി

തായ്ലന്റിലെ മലമ്പ്രദേശങ്ങളിലെ കാപ്പിക്കാടുകളിൽ ആനകളെ വളർത്തുന്നതിന് കാരണമുണ്ട്. ആനയ്ക്ക് ഭക്ഷണമായി കാപ്പി പഴങ്ങൾ നൽകി അവയുടെ വിസർജ്യത്തിൽ നിന്നും കാപ്പിക്കുരു ശേഖരിച്ച് സംസ്കരിക്കുന്നു. വികസിത രാജ്യങ്ങളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ഈ കാപ്പി കിട്ടുക. ഇങ്ങനെയുള്ള കാപ്പി പൊടി കിലോയ്ക്ക് രണ്ടര ലക്ഷം രൂപയാണ് വില.


English Summary: The story of coffee coming to India from Ethiopia

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds